20 Jun 2012

കിളിക്കുഞ്ഞുങ്ങള്‍




മൂത്രബെല്ലടിച്ച നേരം. 
സുനീത പുറത്തേയ്‌ക്കോടാതെ 
തൂങ്ങിപ്പിടിച്ചിരിക്കുന്നതു കണ്ട് 
ടീച്ചര്‍ അടുത്തു ചെന്നു.  
സുനീത ക്ലാസിലെ ഏറ്റവും ചെറിയ കുട്ടിയാണ്. 
ഒരു ചെറുവിരലോളം വലിപ്പം.  
പച്ചക്കുപ്പായമിട്ടു നടക്കന്നതുകണ്ടാല്‍ 
ഒരു തളിരില നടക്കാനിറങ്ങിയപോലെ തോന്നും.
 സൗമിനി ടീച്ചറും ചെറുതാണ്. 
ഒന്നാംതരത്തിലായിരുന്നപ്പോള്‍ 
അവരും സുനീതയെപ്പോലെ 
ഒരു ചെറുവിരലോളമുള്ള 
ക്ലാസിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. 
എന്താ സുനി മോളേ? ടീച്ചര്‍ ചോദിച്ചു.
അവള്‍ തളര്‍ന്നപോലെ മുഖം കുനിച്ചിട്ടു. 
ടീച്ചര്‍ അവളെയെടുത്ത് മടിയിലിരുത്തി. 
നെഞ്ചോടു ചായ്ചു പിടിച്ചു. 
അവിടെചേര്‍ന്നു കിടന്ന് അവള്‍ വേഗം ഉറക്കമായി. 
ബെല്ലടികേട്ട് കുട്ടികള്‍ ആര്‍പ്പും വിളിയുമായി
 ക്ലാസിലേയ്ക്കു മടങ്ങി.  
മിണ്ടരുത്. 
ടീച്ചര്‍ കൈവിരല്‍ ചുണ്ടില്‍ ചേര്‍ത്തു പിടിച്ചു. 
ഇവിടെയൊരാളുറങ്ങുന്നതു കണ്ടില്ലേ... 
കുട്ടികള്‍ക്കതൊരു തമാശയായി. 
ഒച്ചയും കൂക്കും തുടങ്ങി. 
ആകെ ബഹളം. 
എല്ലാവരും പുറത്തേയ്ക്കു പോയ്‌ക്കോളൂ. ടീച്ചര്‍ പറഞ്ഞു, 
ഈ പിരീഡ് പഠിത്തമൊന്നുമില്ല. 
കുട്ടികള്‍ കൂടു തുറന്നു കിട്ടിയ ആവേശത്തില്‍ 
പുറത്തേയ്ക്കു പറന്നു. 
ക്ലാസ് അടയിരിക്കുന്ന പക്ഷിക്കൂടു പോലെ നിശ്ശബ്ദമായി.

1 comment:

adhee said...

nalla varikal eshtamay...arkum vayikavuna varikal....avalk enthu pati..?