ജാനൂട്ടീന്ന്ള്ളത് ഓമനപ്പേരാ.
വേറേയും ഓമനപ്പേരുകളുണ്ട്.
മാളു, മാലു എന്ന് തുടങ്ങി
കുസൃതിച്ചെറിയച്ഛന്‍ വിളിക്കുന്ന വാല്‍മാക്രി എന്നു വരെ.
എന്നും സ്‌ക്കൂള്‍ വിട്ട് ബസ്സിറങ്ങി
വീട്ടിലേയ്ക്കുള്ള ഒറ്റവഴി നടത്തത്തില്‍
അരികിലെ ബദാമിന്റെ കൊമ്പില്‍
ഒരു പള്ളിക്കുയിലിരിക്കുന്നത് ജാനൂട്ടി.കാണാറുണ്ട്
എന്നും ഒരേയിരിപ്പ്.
ഉറങ്ങുകയല്ല. പക്ഷെ ഇളക്കമില്ല.
ഒന്നും കൊറിക്കുകയല്ല. പാട്ടുപാടുന്നുമില്ല,
കെട്ട്യോളെ വിചാരിച്ചിരിക്കയാവും.
ജാനൂട്ടി റോസിച്ചേച്ചിയെ അനുകരിച്ച് വിചാരിക്കും.
എന്നിട്ട് ഗൗരവത്തില്‍ പുള്ളിക്കുയിലിനോട് ചോദിക്കും.
പോരുന്നോ?
അതു കേള്‍ക്കലും ഞെട്ടിപ്പിടഞ്ഞുണര്‍ന്ന്
പുള്ളിക്കയിലെങ്ങോട്ടോ പറക്കും...
എന്നും അങ്ങനെത്തന്നെ ...
നോക്കിനില്‍പ്പ്, പോരുന്നോന്നുള്ള ചോദ്യം, കുയിലിന്റെ പറത്തം.
ഒരു ദിവസം ജാനൂട്ടിയുടെ നാവില്‍ നിന്നാ ചോദ്യം വീഴുംമുമ്പെ
പുള്ളിക്കുയില്‍ ജാനൂട്ടിയോട് ഈണത്തില്‍ ചോദിച്ചു.
പോരുന്നോ ...പോരുന്നോ.. പോരുന്നോ?
ജാനൂട്ടി പക്ഷെ പുള്ളിക്കുയിലിനെപ്പോലെ ഞെട്ടിയില്ല.
പേടിച്ചു പറന്നില്ല.
ങ്ഹാ... പോരുന്നു, ആദ്യം എങ്ങോട്ടാന്ന് പറ...
എങ്ങോട്ട്...? പുള്ളിക്കുയിലൊന്നു പിടഞ്ഞു.
അവന് വാക്കുമുട്ടി.
അവന്റെ കണ്ണു നിറഞ്ഞു.
എങ്ങോട്ടെന്നില്ലാതെ പറന്നു...
No comments:
Post a Comment