1 Jun 2012

തുടക്കവും മടക്കവും





ജാഗരം


ഉണ്ണികളമ്മയെവിട്ടു നടന്നകലുന്നു 
ഉറവകളാറുകളായ്
പലപിരിവകളൊന്നി
ച്ചൊരുപുഴയായൊരുകടലായ്.
ഇരുളിന്‍വാതില്‍പ്പോളക
ളൊരുകൈകൊണ്ടു തുറന്നും
മറുകൈകൊണ്ടുതുടച്ചുമിനക്കിയൊ
രെഴുതിരിവെള്ളിവെളിച്ചവുമേന്തി
പ്പുലരിവരുന്നൂ.
മൊട്ടുകള്‍ പിഞ്ഞിയ മഴവില്‍പ്പൊടിയായ് 
കണ്ണുമിഴിച്ചുചിരിച്ചൂ.
്മുട്ടയുടച്ചവിമോചനദാഹം
മിന്നല്‍ക്കൊടിയായ്
ചിറകുമുളച്ചു പറന്നു.


സ്വപ്‌നം


തലയുംതൂക്കി നടന്നു വരുന്നു
ണ്ടുണ്ണികളമ്മയുറങ്ങും
കൊന്നത്തണല
ത്തിത്തിരിനേരമിരിക്കാന്‍. 
ഉറവകളോരോന്നോരോനീല
പ്പാമ്പുകളായ് മണല്‍വഴികള്‍ താണ്ടി
ക്കുന്നും മേടും താണ്ടി
ത്തിരികെ വരുന്നുണ്ടുച്ചിയിലോരോ 
തീക്കല്ലുകളുംപേറി.
അടിതിരികത്തുംമുന്നെ
യണച്ചുവിളക്കുമെടുത്തു
തിരിഞ്ഞുനടന്നാ
വാതില്‍പോളയടച്ചുമറഞ്ഞെന്‍
പെണ്‍മയമമായ വികാരം.
പൂവുകള്‍മൊട്ടായ്ത്തിരികെ-
യനന്തതോളംചിറകുകടഞ്ഞവ-
നൊടുവിലുറങ്ങാനിത്തിരിയിരുളില്‍
മുട്ടത്തോടും തേടി.


No comments: