ഉറക്കത്തിലൊരാള്‍
സ്ഥലകാലങ്ങള്‍ വിസ്മരി-
ച്ചെഴുന്നേറ്റു നടക്കും പോലെ
ഒരു നാള്‍
മാധവന്‍ ഗോകുലത്തിലേയ്ക്കു മടങ്ങി.
ഓര്‍മ്മകളുടെ ഒറ്റപ്പെയ്ത്തില്‍കരകവിഞ്ഞു
പ്രണയയമുന.
കരിഞ്ഞ കുശപ്പുല്ല് പിടഞ്ഞുണര്‍ന്നു തഴച്ചു.
കടമ്പ് ഋതുമറന്നു പൂത്തു.
ഗോകുലം
രാപ്പക്ഷിയുടെ മുറിവേറ്റ ഒച്ചയില്‍
ഒഴുക്കുമുട്ടിയ ഒരോളത്തിന്റെ ഒച്ചയില്‍
പലയൊച്ചകള്‍കലങ്ങിച്ചേര്‍ന്ന
ഇടറുന്ന ഒരൊറ്റയൊച്ചയില്‍
ഇങ്ങനെ കരഞ്ഞു,
വേണ്ട മാധവാ, നമുക്കിനി
എത്ര വ്യാഖ്യാനിച്ചാലും
പിന്നെയും പിരിഞ്ഞുമുറുകുന്ന
പിടികിട്ടായ്കകളുടെ മഹാഭാരതം.
ഭൂതരാശികളുടെകണ്ണുവെട്ടിച്ചുള്ള പ്രണയം
മല്‍സ്യഗന്ധമഴിച്ചുമാറ്റിയുള്ള സംഗം.
ഇത്തിരികാട്ടുപൂമണം പോലുമില്ലാത്ത വനപര്‍വ്വം,
നോക്കൂ, പുഴത്തീരങ്ങളുടെ കണ്ണാ,
പുല്ലിന്റെയും പൈക്കളുടെയും
പീലിചൂടിയ രാജാവേ,
നമുക്കാഭക്തി ഭാഗവതകേളീ വിലാസങ്ങളുടെ,
ശൈശവ ലീലകളുടെ,
നാവിനു വഴങ്ങുന്ന
നീലിച്ചു നീലിച്ചുകറുത്ത
നമ്മുടെ പഴേ താളവൃത്തങ്ങള്‍ മതി.
നമുക്കെരിക്കേണ്ട
നഗരം കെട്ടാന്‍ കാട്.
പണിയിക്കേണ്ട
സ്ഥലജലവിഭ്രാന്തിയുടെ മായക്കൊട്ടാരം.
പറയേണ്ട,
പാട്ടിലൊതുങ്ങാത്ത ഗീതോപദേശം.
പാടൂ,
ഒച്ചവെയ്ക്കാത്ത ആ ഓടക്കുഴലില്‍.
ഒരു കാറ്റിനെക്കടഞ്ഞു പെയ്യിക്കുക
കാലത്തെക്കാള്‍വേഗത്തിലുരുളും
പല്‍ച്ചക്രത്തിരിച്ചില്‍ ഒറ്റച്ചവിട്ടിനുടയ്ക്കുക
അമ്മിഞ്ഞകുടിച്ചൊരുത്തിയെ അമ്മയാക്കുക
നുണയ്ക്കാനും നനയ്ക്കാനുമുള്ള
നമ്മുടെ സ്വന്തം നീരൊഴുക്കിനെ
വിഷം തീണ്ടാതെ നോക്കുക
എന്നൊക്കെ
ഏതു കുട്ടിയ്ക്കുമുറക്കു പാട്ടാക്കാവുന്ന
ചെറിയ മാജിക്കുകള്‍ മതി.
ഗോവര്‍ദ്ധനം കൊണ്ടുള്ള ഒറ്റക്കുട മതി.
ഞങ്ങള്‍ പാലുകടഞ്ഞു കൊണ്ടേയിരിക്കാം,
നീ വന്ന് വെണ്ണകക്ക്.
ഞങ്ങള്‍ തീരത്ത് തുണിയഴിച്ചിടാം
കട്ടോണ്ട് പോയി നാണിപ്പിക്ക്.,
മാധവാ,
നിന്റെ കൊച്ചു വായ്ക്കകത്തൊതുങ്ങിയിരിക്കട്ടെ
ഞങ്ങളുടെ പ്രപഞ്ചം.
ഇനിയീ മണല്‍ത്തീരത്തെ പച്ചത്തഴപ്പില്‍
നീയൊറ്റ ആണ്.
ബാക്കിയെല്ലാം പെണ്ണ്...
No comments:
Post a Comment