പൂ പറിച്ചെടുത്തതു മുതല്‍
എന്തെന്നില്ലാത്ത സങ്കടം തോന്നി കുട്ടിക്ക്.
അമ്മയും അച്ഛനും വീട്ടില്ലാത്ത നേരം നോക്കി
ഒളിച്ചു കടന്നെത്തിയ ഒരുത്തന്‍
തന്നെ വന്നെടുത്ത്
വായപൊത്തിപ്പിടിച്ചോടിയതു പോലെ.
അടര്‍ത്തിയ പൂവിന്റെ ഞെട്ടില്‍ നിന്ന്
അതിന്റെ ചോര ഇപ്പോഴും
തന്റെ കയ്യിലേയ്ക്കു തൂവുന്നുണ്ട്..
കൊഴുത്ത നീര് കൊണ്ട് കൈയ്യാകെ നനയുന്നുണ്ട്.
മോളേ..
എന്റെ പൊന്നുമോളേയെന്ന നിലവിളി
തന്റെ കാതിനു ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട്.
കുട്ടി പൂവിന്റെ മുഖത്തേയ്ക്കു നോക്കി.
കണ്ണു തുറന്നു കൊണ്ടു മരിച്ച
ഒരു കുഞ്ഞിന്റെ ശവശരീരമാണ്
തന്റെ കയ്യിലെന്ന് അവന് ബോധ്യമായി...
No comments:
Post a Comment