22 Jun 2012

പുറത്തേയ്ക്കുള്ളവാതില്‍




മറ്റവന്‍ നരകമല്ല, 
സ്വര്‍ഗ്ഗവുമല്ല 
ഒരുവാതില്‍ 
പാതകളിലേയ്ക്കു തുറക്കുന്നത്. 
കടല്‍ത്തീരത്തേയ്‌ക്കോ 
കുന്നിന്‍മോളിലേയ്‌ക്കോ 
അമ്മവീട്ടിലേയ്‌ക്കോ 
പാടത്തേയ്‌ക്കോ 
പള്ളിക്കൂടത്തിലേയ്‌ക്കോ 
രാജകൊട്ടാരത്തിലേയ്‌ക്കോ 
ധര്‍മ്മാശുപത്രിയേയ്‌ക്കോ 
ശ്മശാനത്തിലേയ്‌ക്കോ .
അല്ലെങ്കില്‍ പലതരംസുഖങ്ങളിലേയ്‌ക്കോ 
വിരക്തിയിലേയ്‌ക്കോ.


പ്രണയത്തിലേയ്ക്ക് 
അപാരമായ വന്യതയിലേയ്ക്ക്
ഏകാന്തതയിലേയ്ക്ക്. 


യശോധര സിദ്ധാര്‍ത്ഥന് 
ബോധിയിലേക്കുള്ളവാതില്‍ 
സീത രാമന് 
ജലസമാധിലേയ്ക്കുള്ളവാതില്‍.


മറ്റവനെ തടവിലാക്കുമ്പോള്‍
നിശ്ശബ്ദനാക്കുമ്പോള്‍ 
കൊല്ലുമ്പോള്‍ 
അടച്ചുകളയുമ്പോള്‍ 
ഓര്‍ക്കുക,
പുറത്തുകടക്കാനുള്ള 
അവസാനത്തെ വാതില്‍ 
എന്നന്നേയ്ക്കുമായി 
അടയ്ക്കപ്പെടുകയാണ്. 

No comments: