3 Jun 2012

ഉച്ച



ഉച്ചയാകെക്കരിയുന്ന നേരം. 
ഉള്ളില്‍നിന്നാവി പൊന്താന്‍ തുടങ്ങും.
തീയില്‍ നിന്നു തപം ചെയ്ത വൃക്ഷ-
ത്താപസന്മാര്‍ക്കുമോളില്‍, മൂര്‍ദ്ദാവില്‍
അഗ്നിപുഷ്പസ്ഫടിക ഗോളങ്ങള്‍
സംഘ നൃത്തം തിമര്‍ക്കുന്ന നേരം.. 


പണ്ടൊരുച്ചയ്ക്കു സ്‌ക്കൂളു തെറ്റിച്ചു 
വീട്ടിലേയ്ക്കു തിരക്കിട്ടു പോന്നു.
നാട്ടിടപ്പാത,
ആയാദ്യമായൊറ്റയായതിന്‍ പേടി. 
മുന്നേയൊട്ടുമേ കാണാത്തപോലെ 
ദുര്‍മുഖം കാട്ടി പാതയോരത്തെ 
പച്ച വള്ളിപ്പടര്‍പ്പു പെണ്ണുങ്ങള്‍,
ഒക്കത്തേറ്റിയ പൂക്കളെന്‍ കുഞ്ഞു
കൂട്ടുകാരുച്ച വെയ്‌ലിന്നുറക്കം. 


കൂട്ടടുക്കളച്ചായ്പ്പിലിരുന്നെന്‍
തൊട്ടയലത്തെയമ്മൂമ്മയെന്നും 
നേരെ കണ്ണാലെ കണ്ടെന്ന മട്ടി-
ലോതിയോതിത്തിടം വെച്ച ഭൂത
പ്രേത സഞ്ചാരരംഗത്തിനെല്ലാ
ലക്ഷണങ്ങളും മുന്നില്‍ത്തെളികെ
ഉച്ചയൂതുന്ന കാറ്റിന്റെയൊച്ചയില്‍ 
പ്രേതഗഗന്ധവും ചോരച്ച പാട്ടും. 


കൊയ്‌തെടുത്ത വയല്‍ത്തുറസ്സാര്‍ന്ന
ഞാങ്ങണപ്പുല്‍ പറമ്പിന്‍ നടുക്കാ-
യിന്നിയൊട്ടടി മുന്നോട്ടു വെയ്ക്കാ-
നാവതില്ലാതെ യേങ്ങിക്കരഞ്ഞു ഞാ-
നമ്മേയമ്മേയെന്നപ്പോളൊരമ്മ-
യല്ലയമ്മൂമ്മ പ്രായത്തിലെന്റെ 
മുത്തിയോളം വരും, പയ്യിനെക്കെട്ടാന്‍ 
പെട്ടെന്നെങ്ങുനിന്നില്ലാതെ വന്നു. 
കന്നിനെക്കുറ്റി നാട്ടി ബന്ധിച്ചെന്‍ 
കൊച്ചു കയ്യും പിടിച്ചവര്‍ തന്റെ 
യോലവീട്ടിന്റെയുമ്മറത്തെത്തി.
മണ്‍മുരുടയില്‍ സംഭാരവും കുറേ
നാട്ടുതേന്‍പഴമാങ്ങയും തന്നു.
ലോഗ്യമോരോരോന്നു ചൊല്ലിയെന്‍ പിന്നില്‍
വീട്ടുകോണിക്കലോളവും വന്നു. 


അമ്മയാരുടെ കൂടെ നീവന്നെ
ന്നെത്രചോദിച്ചൊരക്ഷരമെന്റെ 
നാവില്‍വന്നതില്ലോര്‍മ്മയോവെട്ടം 
മങ്ങിയൊക്കെക്കിനാവെന്നപോലെ.


No comments: