21 Jun 2012

ചിലന്തിവല



ദിവ്യ മോള്‍ ഒരു പേടിസ്വപ്നം കണ്ടു, 
താനൊരു ചിലന്തിവലയ്ക്കകത്തു പെട്ടിരിക്കുന്നു. 
മോന്തായത്തോട് ചേര്‍ന്ന് വിസ്താരമുള്ള ഒരു ചിലന്തിവല. 
ചിലന്തിയുടെ കാലനക്കങ്ങളും കാതോര്‍ത്ത് 
അവളനങ്ങാനാവാതെ കിടന്നു. 
താഴെ അച്ഛനും അമ്മയും എന്തോ പറയുന്നുണ്ട്. 
അച്ഛന്‍ ഓഫീസിലേയ്ക്കുള്ള പുറപ്പാടിലാണ്. 
അവള്‍ കാതോര്‍ത്തു. 
മോന്തായത്തിലാകെ ചിലന്തിവലയാ. 
നിനക്കതൊന്നടിച്ചു കൂടെ. 
ഒരു യക്ഷിപ്പുരപോലുണ്ട് ഈ വീട്. അച്ഛന്‍ പറഞ്ഞു. 
ഓ, നിങ്ങള്‍ക്കും ചെയ്യാവുന്നതേയുള്ളൂ അതൊക്കെ. 
എന്നെ വെറുതേ കുറ്റപ്പെടുത്താനല്ലാതെ 
മറ്റെന്തെങ്കിലും പണിയറിയാമോ നിങ്ങള്‍ക്ക്..
 പറഞ്ഞു പറഞ്ഞ് പതിവുപോലെ 
അതൊരു വാക്കേറ്റമായി. 
എന്നും ചെയ്യാറുള്ളപോലെ രണ്ടാളുടെയും ഇടയ്ക്കുചെന്ന് 
നിര്‍ത്തൂ എന്നലറിവളിക്കാന്‍ അവള്‍ക്കുതോന്നി. 
അവളുടെ ചുണ്ടുകള്‍ പക്ഷെ 
പശനൂലുകൊണ്ട് പൂട്ടിപ്പോയിരുന്നു.
അയല്‍പക്കത്തുനിന്ന് ജാനുച്ചേച്ചി വന്നതു കൊണ്ട് 
വഴക്ക് തല്‍ക്കാലം നിന്നു. 
ദിവ്യമോളെവിടെ? ജാനുച്ചേച്ചി ചോദിച്ചു. 
അവള്‍ സ്‌ക്കൂളില്‍ പോയി. അച്ഛന്‍ പറഞ്ഞു. 
ഇന്ന് ശനിയാഴ്ചയല്ലേ? അവള്‍ക്കിന്നും സ്‌ക്കൂളുണ്ടോ...
ജാനുച്ചേച്ചി ചോദിച്ചു... 
ഓ... ഞാനതോര്‍ത്തില്ല.. 
അച്ഛന്‍ ഷൂസണിയുന്നതിനിടയില്‍ പറഞ്ഞു. 
അവള്‍ മുറ്റത്തെവിടെയോ കാണുമെന്ന് അമ്മ 
അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു.


1 comment:

അനില്‍@ബ്ലോഗ് // anil said...

അതെ.. മുറ്റത്തെവിടേലും കാണും..