24 Jun 2012

ചിത്രമെഴുത്ത്




സച്ചു ഒരു ചിത്രകാരനാണ്. 
ചിത്രം വരയ്ക്കലിലല്ലാതെ സത്യം പറഞ്ഞാല്‍ 
അവനൊന്നിലും താല്‍പര്യവുമില്ല. 
അനുഭവക്കുറിപ്പെഴുതാന്‍ പറഞ്ഞാല്‍ 
ശഠേന്നെഴുന്നേറ്റു ചോദിക്കും 
ടീച്ചറേ ടീച്ചറേ ഞാനതിന്റെ ചിത്രം വരയ്ക്കട്ടേ...
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി ഉണ്ട് ഒരു ചിത്രം. 
കൂട്ടലിന്റേം കുറയ്ക്കലിന്റേം 
പെരുക്കലിന്റേം ഹരിക്കലിന്റേം ചിത്രങ്ങള്‍...
ഭൂമി സൂര്യനെ ചുറ്റുന്നതിന്റെ ചിത്രം. 
കാക്ക... പൂച്ച... കണ്ടാമൃഗം..
കാറ്റ്... ഫോക്‌സ്... എലിഫെന്റ്.... 
ഇന്തീം ഇംഗ്ലീഷുമൊക്കെയടങ്ങും 
ഒറ്റച്ചിത്രപൂസ്തകത്തില്‍.
എന്തിന്റെ ഉത്തരമാണ് ചിത്രത്തിലെഴുതാന്‍ പറ്റാത്തത്..
ടീച്ചര്‍ക്കു പക്ഷെ പറഞ്ഞാല്‍ മനസ്സിലാവില്ല.
ഓ..ഒരു ചിത്രം വരക്കാരന്‍...
സ്‌ക്കൂള്‍ ഗയിറ്റിനടുത്തുനിന്ന് തീരിഞ്ഞു നോക്കിയപ്പോള്‍ 
സച്ചുന് തോന്നി  
ആ സ്‌ക്കൂള്‍ തന്നെ ആകെയൊരു ചിത്രം മാത്രമാണെന്ന്....
പൂഴിമണ്ണിന്റെ വെള്ളയില്‍ നിറങ്ങളെപ്പറ്റിയൊന്നും
 അത്രയറിഞ്ഞു കൂടാത്ത ആരോ വരച്ച ഒരേങ്കോണന്‍ ചിത്രം... 
അവന് ബാഗില്‍ റബ്ബര്‍ തപ്പാന്‍ തോന്നി...
ചിലരെയൊക്കെ് എന്നെന്നേയ്ക്കുമായി 
മയച്ചുകളയേണ്ടതുണ്ട്...

No comments: