10 Jun 2012

പരല്‍മീനിന്റെ കൊത്ത്




ഐസ്‌ക്രീം പാര്‍ലറിന്റെ മൂലയ്ക്കലിരുന്ന് 
അയാള്‍ ഒച്ചതാഴ്ത്തിപ്പറഞ്ഞു,
നമ്മളൊരുപോലെയായിരുന്നു, 
വെറും നാട്ടുമ്പുറത്തുകാര്‍. 
എപ്പഴും പാതി തോല്‍ക്കുകേം 
പാതി ജയിക്കുകേം ചെയ്യുന്നോര്‍, 
ശരികളെപ്പോലെ ശ്ലെയിറ്റില്‍ ടീച്ചറുവരച്ച 
നീലച്ചോക്കിന്‍തെറ്റുകളേം 
മായാതെവെച്ചോമനിച്ചു. 
എല്ലാ ഞാറ്റു വേലയ്ക്കും കാടുപിടിച്ചു, 
ഓണം വരുമ്പോഴേയ്ക്ക് പൂത്തു. 
ഓര്‍മ്മയുണ്ടോ, 
പാടത്തുനിന്ന് ആമ്പലു പറച്ചുതന്നതിന് 
മറുകുറിയായി ആദ്യത്തെ ഉമ്മതന്നത്? 
പുഴയില്‍ കഴുത്തറ്റം മുങ്ങിനിന്നായിരുന്നു. 
അസൂയമൂത്ത കൂരിമീനുകള്‍ 
വളഞ്ഞുനിന്നെന്നെ കൊത്തുന്നുണ്ടായിരുന്നു. 
ചുണ്ടിന്‍ ചൂരാറിപ്പോവാതിരിക്കാന്‍ 
ഞാനന്നുപിന്നെ മുഖം പുഴേല്‍ മുക്കിയേയില്ല. 


അടുത്തൊന്നും നീ 
മുത്തശ്ശിനാട്ടില്‍ പോയില്ലേ എന്നവള്‍.
മുത്തശ്ശി എപ്പഴേ മരിച്ചു, എന്നയാള്‍.
ആ പുഴയും, അവള്‍ പറഞ്ഞു, 
പാടവും ആമ്പല്‍പ്പൂക്കളും..
നിന്റെ ചുംബനത്തിന്റെ നനഞ്ഞചൂട് 
അങ്ങനെതന്നെയുണ്ട്, 
അയാള്‍ പറഞ്ഞു, 
വട്ടം കൂടിനിന്ന് കൊത്തുന്ന പരല്‍മീനുകളും..

1 comment:

adhee said...

mashea...oru sathyam parayatea eth enik onum manasilayila ketoo...