31 May 2012

പ്രേതം




പണ്ടീയതിരില്‍ക്കൂടെപ്പോകും 
ബസ്സിടനിന്നു കിതച്ചാലാരോ
കണ്ണു മുറുക്കി വിളിച്ചതുപോലി
ങ്ങാര്‍ക്കുമിറങ്ങിനടക്കാന്‍ തോന്നും.
ചുണ്ടില്‍ വെറ്റച്ചോപ്പ്.
ജമന്തിപ്പൂമണ,-
മുലയുന്നുണ്ട് നടത്തത്താലി-
ങ്ങീരേഴുലകം.
കൂന്തലഴിച്ചിട്ടുള്ളിലൊളിക്കാ-
മിരവും പകലും.
മൂളിമയക്കുമുണര്‍ന്നാല്‍ത്തീരും
ജന്മാന്തങ്ങളലഞ്ഞു നടന്ന കടച്ചില്‍.
പച്ചില പീഞ്ഞ മരുന്നില്‍ മാറും 
പത്തി ചതഞ്ഞ പിടച്ചില്‍.
പോറ്റിക്കളയാമെന്നുകൊതിച്ചാ
ക്കോപ്പയ്ക്കുള്ളിലടച്ചുപിടിച്ചാ
ലൊരുഞൊടികൊണ്ടവളാറ്റിലടങ്ങാ
താഴിയൊതുങ്ങാതത്ഭുതമത്സ്യം.
പ്രണയിച്ചിട്ടുണ്ടേറെ.
വേലിപൊളിച്ചു പുറത്തുകടന്നിട്ടുണ്ട്.
അന്തി മുറിച്ചു പുറപ്പെട്ടെങ്ങോ പോയിട്ടുണ്ട്.
വടക്കിനി വാതില്‍ സാക്ഷ തുറന്നി-
ട്ടന്യരെയാത്തു കടത്തീട്ടുണ്ട്.
ചത്തു മലച്ചുകിടക്കെപ്പോലും
പച്ചപ്പാലെ മദിപ്പിച്ചിവളൊരു 
മോഹിനി,യത്രയ്ക്കുന്മാദിനി-
യെന്‍ പഴയ സ്വദേശം.




അവളെച്ചുട്ടുകരിച്ചതിന്നസ്ഥി
പൊടിച്ചു മിനുക്കിയ പുതിയൊരു ദേശ
ത്തെന്നുടെ വാസം.
കാലം പുതിയത്. 
ദൂരമളന്നു മുറിച്ചത്.
കെട്ടുകളുണ്ട,് പേറുകളുണ്ട്, 
നേരാനേരം ദീനം, മരണം
കൃത്യത പാലിച്ചെത്താറുണ്ട.്
പ്രണയം പോലും പൂക്കാറുണ്ടി-
ങ്ങോണംപോല്‍ 
പുതുമോടിയിലിന്നും്.

എങ്കിലുമെങ്ങടെ കോണ്‍ക്രീറ്റുകളില്‍
കിളികള്‍ തൂറിയ വിത്തില്‍ പൊട്ടി
മുളയ്ക്കാറുണ്ടപ്പീലിക്കണ്ണുകള്‍. 
എങ്കിലുമിരവിന്നുള്ളടരുകളില്‍ 
ലാവു നനഞ്ഞുകുതിര്‍ന്നഴിയുമ്പോ-
ളാരോ മാടി വിളിച്ചതുപോലെ 
ക്കണ്ണുംചിമ്മിനടക്കാറുണ്ട.്‌

No comments: