15 May 2012

കടല്‍ത്തീരത്ത്




തീരത്തു വെയിലാറുമ്പോള്‍ 
ജലനൃത്തമയയുമ്പോള്‍ 
കാഴ്ക്കാരൊന്നൊന്നായി 
തീരം വിട്ടുപോകുമ്പോള്‍ 
കടലിന്‍മീതെ റാഞ്ചി
പ്പറക്കും കാക്കക്കൂട്ടം 
അജ്ഞാതവാസസ്ഥാന
ത്തടക്കം പിടിക്കുമ്പോള്‍ 
എല്ലാരുമുറങ്ങീട്ടും 
നിശ്ശബ്ദമെന്തൊക്കെയോ 
ചെയ്യും വീട്ടമ്മപോല്‍ 
ഒരു തിരമെല്ലെ വന്നു 
കോലായ വൃത്തിയാക്കുമ്പോള്‍ 
പകല്‍, ആകെത്തളര്‍ന്നെത്തും 
പഴകിയ കൃഷിക്കാരന്‍ 
പായയില്‍ ചായുന്നതും 
നിദ്രയിലാണ്ടുമുങ്ങുമ്പോള്‍ 
ഇരുട്ടിന്‍ പടര്‍പ്പാകെ- 
ത്തീമുല്ല വിരിയുമ്പോള്‍ 
ഞാനീ തീരത്തൊരു 
പ്രാര്‍ഥന വിരിച്ചെന്നെ 
പതുക്കെ കിടത്തുന്നു. 
കടലിന്‍ കാറ്റേ വന്നീ 
തിരിയൂതിക്കെടുത്തുക.

No comments: