മോനുറങ്ങുന്നു,
അവനെപ്പിടിച്ചൂട്ടിയമ്മയും.
അവന്റെ പാവക്കുഞ്ഞും.
കട്ടിലും കിടക്കയും
കാടിന്‍ചിത്രം വരച്ചിട്ട വിരിയും
പതുക്കെക്കറങ്ങിക്കൊ
ണ്ടുറങ്ങാന്‍ ശീലിച്ച ഫാനും
കണ്‍തുറന്നും കൊ-
ണ്ടുറക്കറ വിളക്കും.
ഉറങ്ങീ വരാന്ത, പടികള്‍,
ചൂടാറാതടുക്കള.
ജാലകം തുറന്നാല്‍ കാണാം
തൊടിയില്‍ മരങ്ങളുറങ്ങുന്നത്.
ഇരുട്ടുറങ്ങുന്നതും
നക്ഷത്ര വെളിച്ചങ്ങളുറങ്ങുന്നതും.
മണ്ഡലക്കാലമല്ലയോ
നേരത്തെയുണരേണ്ടേയെ-
ന്നുറങ്ങുന്നു നാട്ടുപാതകള്‍.
എല്ലാരു മുറങ്ങിയാല്‍
കാവും കുളവും ദൈവങ്ങളും.
പ്രണയങ്ങള്‍ പിണക്കങ്ങളെ
ഉരുമ്മിച്ചേര്‍ന്നുറങ്ങുന്നു..
പേടികളിമപൂട്ടി-
യാഴത്തിലുറങ്ങുന്നു,
നോവുകള്‍, പിടപ്പുകള്‍, കരച്ചില്‍,
തീമൊട്ടുകള്‍, കനലുകള്‍...
എല്ലാരും പയ്യെപ്പയ്യെ
കണ്‍പോളയടയ്ക്കുന്നു.
ഉറക്കങ്ങള്‍ നോക്കിനോക്കി ഞാ-
നുറങ്ങാനേ മറക്കുന്നു...
1 comment:
`
Post a Comment