17 May 2012

പിറവി




കവിതയിലിപ്പോള്‍ 
രാവിലെയില്‍പ്പോല്‍ 
പല പല ശബ്ദം.
പൂച്ചക്കുഞ്ഞതിനമ്മേയെന്നു 
വിശന്നു വിളിപ്പത്.
പെയ്തതിനൊടുവിലെ-
യിലമഴ വേറെയൊ-
രിലയില്‍ വീഴ്‌വത്.
കൊട്ടയില്‍ മീനും 
കൂക്കും വിളിയും
പാതയിലൂടെ കറങ്ങി വരുന്നത്.
ഉച്ചക്കാറ്റാച്ചാരായക്കട
മോന്തി വരുന്നത്.
പല പല ചിറകടി.
കരിയില മീതേയിഴച്ചില്‍.
എന്റെ കുടുംബിനി
ചട്ടി കലത്തെച്ചീത്ത വിളിപ്പത്,
ഒച്ചകള്‍ ചെറു ചെറു
നാരുകളവയാല്‍
നെയ്തു പടുക്കും പക്ഷികൂടി-
ന്നമ്മച്ചൂടിലുറഞ്ഞു വരുന്നൂ
കാലം മന്ദഹസിക്കും മൗനം.

No comments: