പൂട്ടിയ പള്ളിക്കൂടമേയല്ല തുറന്നപ്പം.
മാങ്ങാക്കനംകൊണ്ട്
ചില്ല പൊട്ടി വീണതക്കത്തിന്
ഓഫീസ ്മുറിയുടെ
മൂലയ്ക്കു ചാരിവെച്ചിരുന്ന മഴു
കുഞ്ഞിത്തൊള്ളയ്ക്കുമാത്രം മധുരിച്ചപോന്ന
പുളിച്ചിക്കണ്ണിമാവിനെ കടവെച്ചു മുറിച്ചിട്ടു.
മുറ്റത്തവിടിവിടെ
ചില്ലകള്‍ വിറകാക്കി കൂട്ടിയിട്ടത്.
പറമ്പില്‍ മണ്ണുതിന്നോണ്ടിരുന്നു
കുഞ്ഞുകുട്ട്യേളും കൊമ്പന്മാരുമടക്കം
മരയാനക്കൂട്ടം.
തണലായിരുന്നിടത്ത് വെള്ളവെയില്‍.
ചിന്നമ്മൂന്ന് മറ്റാര്‍ക്കുമറിഞ്ഞുകൂടാത്ത
ഷീബ.ടിനായര്‍ അച്ഛന് സ്ഥലംമാറ്റം കിട്ടിയിട്ട്
ടി.സി. വാങ്ങിപ്പോയി.
വെപ്പുകാരി പാറുവമ്മൂമ്മ
മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചു മരിച്ചു.
രണ്ടാംക്ലാസിലെ വാസന്തിടീച്ചര്‍ സ്‌ക്കൂളുമാറി.
ഇനി മരംകേറിക്കളിക്കും
കുറ്റിപിടിച്ചുകളിക്കും പകരം വേറെക്കളികള്‍.
പാഠപ്പടിപ്പിന്റെ കണ്ണുവെട്ടിച്ചുരുമ്മാന്‍
വാസനപ്പൗഡറിന്റെ മണത്തിനുപകരം
മറ്റേതോ മണം.
കഞ്ഞിവെള്ളം മുക്കിത്തരാന്‍
വേറൊരു കയ്യും കയ്യിലും.
ഇനി വേറെക്കൈകൊണ്ടുള്ള അക്ഷരങ്ങള്‍.
വേറെയൊച്ചകൊണ്ടുള്ള ഗുണകോഷ്ഠം.
വേഗം കണ്ടെത്തണം
പുതിയ വാസസ്ഥാനത്ത്
പുതിയൊരൊളിയിടം.
No comments:
Post a Comment