26 May 2012

അറിയ്യോ? അറിയില്ലേ?




അറിയാമോയെന്നൊരുവള്‍, 
കാലം വീണുപൊടിഞ്ഞതിണര്‍പ്പി
ന്നടരുകളൊറ്റക്കൊത്തി
നുടഞ്ഞുതകര്‍ന്നോ!, 
പെട്ടെന്നേതോ മാന്ത്രിവിദ്യ
പ്രവര്‍ത്തിച്ചതുപോല്‍ മുന്നില്‍. 
കത്തിയതീവെയിലാറി
നനുത്ത നിലാവില്‍ നില്‍പതുപോലായ്. 
പലവിധമുള്ളൊരെടുപ്പുകളോരോ 
കാട്ടു മരങ്ങള്‍, പല തളിരിലകള്‍
മൂടി നനുത്ത വസന്തം പോലെ.
പുകപടലങ്ങള്‍ കരിമേഘഛവി
പൂണ്ട വിഹായസ്സിന്‍ പ്രണ-
യാതുരഹൃത്തിന്‍ പലപലചിത്രം 
കോറിവരയ്ക്കും ബ്രഷുകള്‍പോലായ്. 
മാനുകള്‍ മുയലുകള്‍ 
കൂറ്റന്‍ പോത്തുക-
ളാനകളോട്ടംചാട്ടം...


അറിയില്ലെന്നോ 
തെല്ലുവിഷാദം പൂണ്ടവളാര്‍ത്തിക്കെ
അറിയാമറിയാമെന്നൊരു
ഭ്രാന്തന്‍കാറ്റു കണക്കെ
പ്പാളും മിന്നല്‍പ്പിണറുകണക്കെ 
അട്ടഹസിച്ചു ചിരിക്കാന്‍തോന്നി. 


പിന്നെയുറക്കനെയൊരുപെരുമഴപോ-
ലറിയില്ലറിയില്ലെന്നു 
കലമ്പിക്കരയാന്‍ തോന്നി.

1 comment:

adhee said...

mashea nanay vayikan patunud...