27 May 2012

ഒറ്റകള്‍




ഒരുമിച്ചാവാന്‍ ശുണ്ഠിപിടിച്ചു
കിതയ്ക്കുന്നൂ നീ,
മുക്കിനു മുക്കിനു നടയും നിര്‍ത്തി
കാക്കുന്നൂ ഞാ-
നോര്‍മ്മിക്കുന്നോ അന്നീ വഴിയില്‍ 
തമ്മില്‍വേഗമലിഞ്ഞു നടന്നൂ 
നമ്മളൊരൊറ്റയൊഴുക്കില്‍
പെട്ടതുപോലെ. 
വഴിയിതുമാറീട്ടില്ലെന്നാലും 
യാത്രികര്‍ നമ്മള്‍ മാറിയതാവാം
നിന്നുടെ ചുവടിനു നിന്നുടെവേഗം
എന്റെ നടപ്പിന്നെന്‍ ശരവേഗം.


തമ്മില്‍ ചേര്‍ത്തു തെളിച്ചാലും സഖി, 
നമ്മുടെ കാലുകളോരോന്നിന്നും 
ഉണ്ടു നടപ്പാനോരോ വഴികള്‍. 
എത്രയടുക്കി വരച്ചെന്നാലും 
എത്ര പിണച്ചു പിടിച്ചെന്നാലു      ം 
ഒന്നു വിടുമ്പോളോരോന്നായവ-
യൊറ്റയ്ക്കാവും വേറെപ്പോവും.


ഒന്നിച്ചിത്തിരിനേരം മണ്ണില്‍
കൊത്തോ കിളയോ ചെയ്തു രമിക്കാം.
ഒറ്റയടുപ്പില്‍ വേവാമുണ്ണാം. 
ഒരുമിച്ചിത്തിരി സന്തോഷങ്ങള്‍ ചൊല്ലാം. 
എന്നിട്ടൊടുവിലൊരൊറ്റപ്പായി-
ലുറക്കവുമാവാം. 
പിന്നെയിരുട്ടിന്നാഴക്കടലില്‍ 
തുഴയില്ലാച്ചെറു തോണികള്‍ നമ്മള്‍. 
നിന്നെയൊഴുക്കും തിരകള്‍ വേറെ
യെന്റെയൊഴുക്കിന്‍ ദിശകള്‍ വേറെ. 
നമ്മുടെ സ്വപ്നക്ഷീരപഥങ്ങളി
ലൊറ്റയ്ക്കലയുമനാഥര്‍, താരകള്‍ 
നീയും ഞാനുമിടയ്‌ക്കോ 
കല്പാന്തങ്ങളനേകം.

No comments: