18 May 2012

വ്യയം




മുന്നിലുണ്ടപാരമാം കടല്‍ 
തീരത്തു തിരമാലകള്‍
പലേ ശ്രുതിയില്‍ക്കൊട്ടും 
താളത്തിന്‍ പടവുകള്‍.
വിദൂരസന്ധ്യാംബരം 
കൊളുത്തും നെയ്‌വിളക്കിന്റെ-
യിമചിമ്മും കുഞ്ഞുക്കണ്ണും
കത്തുന്ന മേഘങ്ങളും.
തീരത്തെച്ചന്തപ്പുര-
ക്കച്ചോടക്കലമ്പലില്‍ 
കുടുസ്സു പാത്രത്തിലെ
വെള്ളത്തില്‍പ്പിടയ്ക്കുന്ന
മീനുപോല്‍  പുളയുന്ന
കൗതുക സഞ്ചാരികള്‍.
ശബ്ദത്തിന്‍ തീര്‍ഥാടന
മാര്‍ഗ്ഗങ്ങള്‍ക്കേറെയപ്പുറം
ഇതളിട്ടു വിടരുന്ന
ഗാഢമാമാത്മവിശ്രാന്തി,
ഉലയാത്ത വിമൂകത...


കൗതുകക്കോപ്പുകള്‍ വാങ്ങി 
വെറുതേ തീര്‍ന്നു പോയല്ലോ
ജന്മങ്ങള്‍ തപം ചെയ്തു
നേടിയ സമയത്തിന്റെ 
ഇത്തിരി വെള്ളിനാണയം.

No comments: