20 May 2012

പിശാചിന്റെ മക്കള്‍



എത്ര വായിച്ചോര്‍ നമ്മള്‍ 
പഠിച്ചോര്‍, വിജ്ഞാനികള്‍!
എത്രപേരെക്കേട്ടെത്ര 
പേര്‍ക്കൊപ്പം യാനം ചെയ്തു.
എത്ര ദൈവങ്ങളെ-
ക്കണ്ടെത്തി, പ്രതിഷ്ഠിച്ചു!
കാലമെത്രയായ് പലേ 
വിധത്തില്‍ പ്രാര്‍ഥിക്കുന്നു.
എത്രപേര്‍ നമുക്കായി 
ജീവനെത്തന്നെഹോമിച്ചു.
എത്ര ബുദ്ധന്മാരെത്ര
വാക്കുകള്‍, വെളിച്ചങ്ങ-
ളൊന്നും മറന്നിട്ടില്ലാ നമ്മ-
ളെന്നിട്ടും നാമിപ്പോഴു-
മന്നത്തെയതേ നമ്മള്‍, 
പിശാച സ്വരൂപന്മാര്‍. 
മറിയയെക്കൊല്ലാന്‍ കയ്യില്‍-
ക്കല്ലോങ്ങി നില്‍ക്കുന്നവര്‍! 
ആബേലിന്‍ ചുടുചോര 
കുടിക്കാന്‍ ദാഹിക്കുന്നോര്‍.





No comments: