വേഗക്കുറവു പഠിക്കുന്നു ഞാന്‍,
എണ്ണപ്പുഴുവുമൊരൊച്ചും
അന്തിക്കാറ്റും
ഏറെ നിറഞ്ഞു ശമിച്ച സമുദ്ര-
ത്തിരമാലകളും വെച്ചപദത്തിന്‍
മുദ്രകളെണ്ണി നടന്നു പഠിപ്പൂ
വീണ്ടും പിത്തനെ പിത്തനെ.
ഒച്ചക്കുറവു പഠിപ്പൂ
ഇടനാഴിയിലൊരു
പ്രണയാതുരമാം വരവിന്‍
കാല്‍പ്പെരുമാറ്റം
കാലപ്പുഴയുടെയക്കരെയെന്നോ
കത്തി ദഹിച്ചു മറഞ്ഞവനത്തി-
ന്നുള്ളിലിരുട്ടിന്‍
ചോട്ടിലുണര്‍ന്നു ഭജിക്കും
കരിമണ്‍ പുറ്റിന്‍ രാമംരാമം,
പച്ചിലവിരലിന്നറ്റം പെയ്യുമൊ-
രൊറ്റത്തുള്ളികള്‍,
ശാന്തസമാധിമിടിക്കും
താളക്കൊട്ടിന്‍ താണവിതാനം
ചൊല്ലുമിടര്‍ച്ചകള്‍
മെല്ലെനെ മെല്ലെനെ മൂളി.
നേടിയെടുത്തു നിറഞ്ഞു തുളുമ്പുവ-
തെങ്ങനെയെന്നു പഠിച്ചില്ലേയിനി-
യൊക്കെയുപേക്ഷിച്ചുയിരുവിടര്‍ത്തുവ-
തെങ്ങനെയെങ്ങനെയെന്നു പഠിക്കാം.
No comments:
Post a Comment