2 Sept 2012

കറമൂസപ്പഴം




വടക്കിനിക്കണ്ടത്തില്‍ നിന്ന് ബഹളം കേട്ട് 
ഷബാന പുസ്തകം പൂട്ടിവെച്ചു. 
ചായപ്പെന്‍സില്‍ പെട്ടിയിലിട്ട് 
അവളൊരു വീടു വരയ്ക്കുകയായിരുന്നു. 
ചെറിയ വീട്. 
ഓടുമേഞ്ഞത്. 
വരയ്ക്കുമ്പോഴെങ്കിലും അവളുടെ 
ഉദ്യോഗസ്ഥനായ അച്ഛനും 
സ്‌ക്കൂള്‍ടീച്ചറായ അമ്മയും ചേര്‍ന്നുണ്ടാക്കിയ 
കോണ്‍ക്രീറ്റ് വീടിന് ഒരു ഭംഗീല്ല. 

വടക്കെ പറമ്പില്‍ നിന്നാണ് ഒച്ചേം പടേം. 
അവിടെ അടുക്കളയോട് ചേര്‍ന്ന് കുറച്ച് ഒഴിഞ്ഞ ഇടമുണ്ട്. 
അവിടെ എങ്ങനെയോ 
വിത്തു വീണു പൊടിച്ചൊരു 
പപ്പായ മരം പൊത്തക്കാനായി വളര്‍ന്നു. 
ചക്കവലിപ്പത്തില്‍ കായ തൂക്കി 
ആ പാവം കറമൂസപ്പെണ്ണ് നില്‍ക്കുന്ന 
നില്‍പ്പുകണ്ടാല്‍ സങ്കടം തോന്നും. 

കറമൂസയോടു ചേര്‍ന്നുള്ള 
ചാമ്പയ്ക്കക്കൊമ്പില്‍ നിന്നാണ് ശബ്ദം. 
അണ്ണാന്‍, കാവതിക്കാക്ക, പുള്ളിക്കുയില്‍, കുറച്ചു പുള്ളുകള്‍...
ഓ, എല്ലാവരുമുണ്ട്...
അവള്‍ കാതോര്‍ത്തു, 
അണ്ണാന്റെ രോഷപ്രഭാഷണമാണ്.. 

ദുഷ്ടന്മാര്‍. പഴുത്തുവരുന്നേ ഉണ്ടായിരുന്നുള്ളു. 
രണ്ടെണ്ണോം പറിച്ചോണ്ടു പോയി... 
ഹോ, എത്ര പൂതിച്ചതായിരുന്നു, 
എന്റെ കുഞ്ഞിമ്മോള് ഇന്നലെക്കൂടി ഉറങ്ങാന്‍ കെടക്കുമ്പം ചോദിച്ചതാ, 
അമ്മേ എപ്പഴാ കറമൂസപ്പഴം തിന്ന്വാന്ന്..
തിന്നാ മോളേ, തിന്നാ മോളേന്ന് പറഞ്ഞ് സമാധാനിപ്പിച്ചൊറക്കിയതാ. 
ഓര്‍ക്കുമ്പം നെഞ്ച് കത്തുന്നു...
 എന്താ ഞാനിനി എന്റെ കുഞ്ഞിനോട് പറയ്യാ...
അവള്‍ക്കെന്നെങ്കിലും ഒരു കറമൂസപ്പഴത്തിന്റെ മധുരം 
അറിയാന്ള്ള ഭാഗ്യം ണ്ടോ.?
ആരും ഒന്നും ഒന്നും മിണ്ടിയില്ല. 
എന്തു മിണ്ടാനാണ്...
ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല.

അച്ഛന്‍ അന്നു രാവിലെ, പഴുത്തു വരുന്നേയുള്ളൂ 
ഇനീം വെച്ചാല്‍ വല്ല അണ്ണാനോ കാക്കയോ തിന്നും എന്നും പറഞ്ഞ് 
മൂത്തു പാകമായ കറമൂസകള്‍ അടുക്കളയില്‍ പറിച്ചു കൊണ്ടവെച്ചത് അവള്‍ കണ്ടിട്ടുണ്ട്
എന്താടീ? മുഖക്കനപ്പുകണ്ട് അമ്മ ചോദിച്ചു.
.ഉം...ഉം...അവള്‍ തലയാട്ടി... 
പുസ്തകം നീര്‍ത്തി 
അടുത്ത പേജില്‍ അവള്‍ വരയ്ക്കാന്‍ തുടങ്ങി...
ഒരു പൊത്തക്കന്‍ കറമൂസമരം.
നിറയെ കറമൂസപ്പഴങ്ങള്‍.
പഴുത്തുമഞ്ഞച്ച കറമൂസപ്പഴത്തില്‍ ഒട്ടിപ്പിടിച്ചിരുന്ന് 
മധുരം നുണയ്ക്കുന്ന ഒരമ്മയണ്ണാനും മോളും....


No comments: