8 Sept 2012

പ്രണയഭൈരവി




1
ക്ലാസ്ട്ടീച്ചര്‍ അവധിയായിരുന്നതിന്റെ ഉത്സാഹത്തില്‍ മതിമറന്നുചെയ്തുപോയ എന്തോവികൃതിത്തരത്തിന് അടുത്തക്ലാസിലെ മാഷിന്റെ കയ്യിലെ ചൂരല്‍ വടിയില്‍ നിന്നു കിട്ടിയ പൊള്ളുന്ന നേര്‍രേഖയില്‍ പിന്നെയും പിന്നെയും തൊട്ടുതൊട്ടുഴിഞ്ഞ് വയല്‍ വരമ്പെത്തിയപ്പോള്‍ ഹേമച്ചേച്ചിയോടുപറഞ്ഞു, ദുഷ്ടന്‍, ഓന്റച്ഛന്‍ ഇന്നുതന്നെ ചത്തുകെട്ടുപോട്ടെ. യ്യോ ന്റെ കുട്ടാ, ഹേമച്ചേച്ചി അവരുടെ സ്വതേ വലിയകണ്ണുകള്‍ ഒരമ്പിളിമാമന്റെയത്രയും വലിപ്പത്തില്‍ വിടര്‍ത്തിപ്പറഞ്ഞു.
കുട്ടന്‍ വേറെയേത് മാഷമ്മാരെ വേണേ ശപിച്ചോളൂട്ടോ, സൗമിനിട്ടീച്ചറയോ ലീലാമ്മ മിസ്ട്രസ്സിനെയോ ഒക്കെ ശപിച്ചോളൂ. വിശ്വനാഥന്‍ മാഷെ മാത്രം ശപിക്കല്ലേ. പീന്നെയും ഇത്തിരികൂടി ഒച്ചതാഴ്ത്തി അവര്‍ പറഞ്ഞു. ഞാനും വിശ്വനാഥമ്മാഷും തമ്മിലേ വല്യ പ്രേമത്തിലാ. ഞാനിത്തിരീം കൂടെ വലുതാവുമ്പോ മാഷ് നളിനിട്ടീച്ചറെ ഉപേക്ഷിക്കും.ന്നിട്ട് ന്നെ കെട്ടും. അപ്പം കുട്ടന് കളര്‍പ്പെന്‍സിലൊക്കെ വാങ്ങിച്ചുതരണ്ടേം സിനിമയ്ക്ക് കൊണ്ടോവണ്ടേം ആളാ.  
വയല്‍ വരമ്പില്‍ ഞാനന്തം വിട്ടുനിന്നു. ഹേമച്ചേച്ചി അന്ന് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഹേമച്ചേച്ചിയുടെ ക്ലാസ്മാഷായിരുന്നു വിശ്വനാഥന്‍മാഷ്.

2
ഏഴാം തരത്തിലെത്തിലെക്കിയപ്പോള്‍ മുറുക്കന്‍ രാഘവനെന്ന് വിളിപ്പോരുള്ള വിചിത്ര സ്വഭാവമുള്ള ഒരുത്തനോടായി ഹേമച്ചേച്ചിയുടെ പ്രണയം. എനിക്കപ്പോള്‍ ഇത്തിരിയിത്തിരി കാര്യങ്ങളൊക്കെയറിയാനുള്ള മനസ്സായിക്കഴിഞ്ഞിരുന്നു. ഇതെന്തു പ്രാന്താ ചേച്ചിയിപ്പറയുന്നേ? ഇലഞ്ഞിച്ചോട്ടില്‍ വെച്ച് 
ക്രോധം സഹിക്കാനാവാതെ ഞാനവരോട് തട്ടിക്കയറി. അയാളൊരു മനുഷ്യനാ? കുടിയന്‍, അടിപിടിക്കാരന്‍, പെണ്ണു പിടിയന്‍, മുറുക്കന്‍ രാഘവന്‍...
ഒക്കെ നൊണയാ കുട്ടാ. 
ഹേമച്ചേച്ചി പറഞ്ഞു. അയാള്‍ടെ കെട്ട ജീവിതൊക്കെ ഞാന്‍ മാറ്റിയെടുക്കും. നല്ലോണമൊന്നുകുളിപ്പിച്ച് ഓണക്കോടി മുണ്ടൊക്കെ ഉടുപ്പിച്ചാത്തന്നെ അയാളൊരു സുന്ദരനായി മാറും.ന്ന്ട്ട് കുറ്റം പറഞ്ഞോര്‌ക്കൊക്കെ അസൂയ തോന്നിപ്പിച്ച് ഞങ്ങള് ഈ വഴീലൂടെയൊക്കെ നടക്കും...

3
തീണ്ടാരി പ്രായെത്തിയ പെണ്‍കുട്ടികള്‍ വഴി നടക്കുന്നതുപോലും കണ്ടുകൂടാത്ത ആ നാട്ടുഭൈരവമൂര്‍ത്തി തന്റെ പിന്നാലെ പ്രേമാഭ്യര്‍ത്ഥനയുമായിനടക്കുകയാണെന്നും ആദ്യത്തെ പേടിയും അകല്‍ച്ചയുമൊക്കെ മാറി തനിക്കുമിപ്പോള്‍ പ്രേമം തോന്നി വരുന്നുണ്ടെന്നും ഒരുദിവസം ഹേമച്ചേച്ചി എന്നോടു പറഞ്ഞു. അഞ്ചാം തരത്തിലോ ആറാം തരത്തിലോപഠിച്ചിരുന്ന ഞാനന്ന് സ്‌ക്കൂളിലെ കഥാമത്സരത്തിനയച്ചു കൊടുക്കാന്‍ ഒരു കഥതേടിയുഴറുന്ന കാലമായിരുന്നു. ഹേമേച്ചിയുടെ പ്രേമം കഥയ്‌ക്കൊക്കെ പറ്റുന്ന ഒരൊന്നാംതരം നൊസ്സാണെന്നെനിക്കു തോന്നി. വലിയതാല്‍പര്യം കാട്ടിക്കൊണ്ട് ഞാനവരുടെ പിന്നാലെ കൂടി. പക്ഷെ ഒരിത്തിരി ദൂരമേ എനിക്കവരെ പിന്‍തുടരുവാനായുള്ളു. വെളിച്ചത്തെക്കാള്‍ ഇരുട്ടു നിറഞ്ഞ ആ വഴിയില്‍ നിന്നും പേടിസ്വപ്നത്തില്‍ നിന്നെന്നപോലെ ഞാന്‍ കുതറിയോടി...

4
ഭൈരവമൂര്‍ത്തിയുമായുള്ള പ്രണയം കലഹിച്ചൊഴിഞ്ഞതില്‍ പിന്നെയാവണം ഹേമച്ചേച്ചി ആളാകെ മാറിയെന്നു തോന്നി. അവളൊരിരുത്തം വന്ന പെണ്ണായതുപോലെ. പ്രണയത്തിന്റെ കുട്ടിത്തം അവളില്‍ അപ്പോഴും അങ്ങനെ തന്നെ നിന്നു. ഇക്കുറി തന്നെക്കാള്‍ അഞ്ചാറുവയസ്സെങ്കിലും പ്രായക്കുറവുള്ള ഒരു സ്‌ക്കൂള്‍ക്കുട്ടിയായിരുന്നു അവരുടെ പ്രണയിതാവ്. അവന്റെ പൊളിഞ്ഞ സ്‌ക്കൂള്‍ ബാഗില്‍ കുറെ ചായപ്പെന്‍സിലുകളും കടലാസുചുരുളുകളും മാത്രമായിരുന്നു. അക്ഷരങ്ങളില്‍ നിന്നും അക്കത്തില്‍ നിന്നുമൊക്കെ എത്രയോ ദൂരെയായിരുന്നു ആ കുട്ടി. 
അവനാകട്ടെ ആരോടും ഒന്നും പറയാനില്ലെന്നതുപോലെ എപ്പോഴും ആകാശം നോക്കി നടന്നു. 
കാവിലുത്സവത്തിന്റെയന്ന് ബന്ധുക്കളൊക്കെയും വെടിക്കെട്ടുകാണാന്‍പോയ തക്കത്തിന് അവരവനെ കളപ്പുരയിലേയ്ക്കു വിളിച്ചുകൊണ്ടുവന്നു. കാവിതേച്ച തണുത്ത നിലത്ത് അവരവനെ പൊത്തിപ്പിടിച്ചു കിടക്കുന്നത് കിളിവാതിലൂടെ ഞാനൊനൊളിച്ചു നോക്കിക്കണ്ടു.
അതിന്റെയടുത്തകുറി ഹേമച്ചേച്ചിയുടെ കല്ല്യാണനിശ്ചയത്തിന്റെയന്ന് വികാരലോലനായ ആ കുട്ടി കയ്യിലെ ഞരമ്പുമുറിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമം നടത്തി. അങ്ങനെ അവിചാരിതമായി തകര്‍ത്തുപെയ്ത ആ വേനല്‍ മഴപ്പാതിരായ്ക്ക് , ഏതുനവദമ്പതികളെ സംബന്ധിച്ചും അനുഗ്രഹീതമെന്നുപറയാവുന്ന ആ കുളിര്‍ത്തരാത്രിയില്‍ ധര്‍മ്മാശുപത്രിയുടെ തണുത്ത വരാന്തയില്‍ 
അവന്‍ ബോധമറ്റു കിടന്നു...

5
കല്ല്യാണത്തിനു പിന്നെയും കുടുംബക്കാരുടെ കല്ല്യാണപ്പന്തലുകളിലോ വീട്ടുകൂടലിനോ ചാവടിയന്തിരത്തിനോ സിനിമാശാലയിലെ തിരക്കിലോ ഓണച്ചന്തയിലോ ഒക്കെവെച്ച് ഇടയ്ക്കിടെ ഞാനെന്റെ ഹേമച്ചേച്ചിയെ കണ്ടിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ അവരെന്റെയടുത്തേയ്ക്ക് എടാ ഒരുസ്വകാര്യം കേള്‍ക്കണോ എന്നാകെ പൂത്തുലഞ്ഞോടിവന്നു.
അപ്പോഴൊക്കെ അവര്‍ മുത്തശ്ശിയുടെ കോന്തലയിലെ മുറുക്കാന്‍ പൊതിപോലെ ഒരു പ്രണയവിശേഷം സൂക്ഷിച്ചു വെച്ചിരുന്നു.പുതിയ തപാല്‍ ശിപായിയോട്, റിട്ടയര്‍ ഹെഡ്‌ക്കോണ്‍സ്റ്റബിള്‍ കേശവമേനോനോട്, ഗാന്ധിയന്‍ അച്ചുതന്‍ നായരോട്, മീന്‍കാരന്‍ അഷറഫിനോട്....

6
ഒടുവിലത്തെത്തവണ കാണുമ്പോള്‍ നാട്ടുപോതി കുടിയിരിപ്പുണ്ടെന്ന വിശ്വാസത്തിന്റെ മാത്രം പിന്‍ബലത്താന്‍ മുറിക്കപ്പെടാതെ കാത്തു പോന്ന നിരത്തരികിലെ അരയാല്‍ത്തണലില്‍ ബസ്സു കാത്തുനില്‍ക്കുകയായിരുന്നു അവര്‍. അവരാകെ പരവശായായിട്ടുണ്ടെന്നു തോന്നി. ഗാഢമായൊരുരുട്ടിന്റെ കാളിമ അവരിലാകെ ഉള്ളില്‍ നിന്നും പടര്‍ന്നു കയറിക്കഴിഞ്ഞതുപോലെ. പെട്ടെന്നു ബസ്സുവന്നെത്തുകയാല്‍ പുതിയ പ്രണയത്തിന്റെ ആഹാര്യ ശോഭകളൊന്നും വര്‍ണ്ണിക്കുവാന്‍ നേരം കിട്ടിയില്ലെങ്കിലും കഫക്കാറലെന്നോണം അടഞ്ഞപോല ഒരൊച്ചയില്‍ അവര്‍ പറഞ്ഞു. 
എടാ, ഇക്കുറി സംഗതി സീരിയസ്സാ. ഒന്നുകില്‍ ഞാന്‍ കൂടെപ്പോകും. അല്ലെങ്കില്‍ കൂടെക്കൊണ്ട് താമസിപ്പിക്കും...
നോക്ക് ഇതെന്റെയൊടുവിലത്തെ പ്രണയാ...


No comments: