നാല്‍ക്കവലയില്‍
മഹാനായ ഒരാളുടെ പ്രതിമയുണ്ട്.
അയാള്‍ മഹാനാണെന്നു മാത്രമേ എനിക്കുറപ്പുള്ളൂ,
അല്ലെങ്കില്‍ ആരനുവദിക്കും
ഇത്രേം തിരക്കുള്ള ഒരിടത്ത്
എന്നേയ്ക്കുമായിങ്ങനെ വന്നുനില്‍ക്കാന്‍.
മണ്ണടിഞ്ഞ ഒരു രാഷ്ട്രീയ നേതാവോ
പഴയകാലത്തെ ഒരു വിപ്ലവാകാരിയോ.
(ഓ, വിപ്ലവകാരി എന്നത്
കാലഹരണം സംഭവിച്ച ജീവികളില്‍ ഒന്നിന്റെ പേരായി മാറി,
സ്വാതന്ത്ര്യസമരസോനാനി എന്നപോലെ...!)
നാല്‍ക്കലപ്രതിമയെ സൃഷ്ടിച്ച ശില്‍പി
വലിയ ഒരബദ്ധം ചെയ്തു.
ഈ മഹാന്റെ പ്രതിമ
വിസ്തരിച്ചു ചിരിക്കുന്ന പാകത്തില്‍ ഉണ്ടാക്കി.
ഇപ്പോള്‍ മഴയെനോക്കി, വെയിലു നോക്കി ,
മൂടല്‍ മഞ്ഞും അന്തിക്കനപ്പും നോക്കി,
പുലര്‍ച്ചയ്ക്ക് കൊച്ചുപിള്ളാരെ കുത്തിനിറച്ച
സ്‌ക്കൂള്‍വാനുകള്‍ നോക്കി,
മരുന്നു വാങ്ങാന്‍ വിറച്ചു വിറച്ചു നീങ്ങുന്ന
വൃദ്ധനെയോ വൃദ്ധയെയോ നോക്കി
റോഡുനടുവില്‍ ഇടിച്ചു വീഴ്ത്തുന്ന
കാറിനെയോ ബസ്സിനെയോ നോക്കി
രാഷ്ട്രീയ ജാഥകള്‍ നോക്കി
പോലീസുതല്ലുകള്‍ നോക്കി
നിരത്തിലെ ചോര നോക്കി
മന്ത്രിമാരുടെയും നേതാക്കന്മാരുടേം
തെണ്ടിത്തരങ്ങള്‍ നോക്കി
പാവം പ്രതിമ ദുഖിക്കാനാവാതെ
നിലവിളിക്കാനാവാതെ
ലജ്ജിച്ചു മുഖം താഴ്താന്‍ പോലുമാവാതെ
പടു വിഡ്ഢിയെപ്പോലെ കിളിച്ചു നില്‍ക്കുന്നു.
No comments:
Post a Comment