26 Sept 2012

മുത്തശ്ശിയുടെ മരണം



മുറ്റത്തു വരിയിട്ടുപോവുകയായിരുന്ന 
ഉറുമ്പിന്‍ നിരയെപ്പോലും 
ഒന്നലോസരപ്പെടുത്താതെയാണ് 
മരണം മുത്തശ്ശിയെകൊണ്ടു പോകാന്‍ 
പടികേറിവന്നത്. 
മരണത്തിന്റെ കാലില്‍ 
ഇത്തിരിചെളിയോ അഴുക്കോ 
ഉണ്ടായിരുന്നില്ലെന്ന് തീര്‍ച്ച. 
അടിച്ചു തുടച്ചുമിനുക്കിയിട്ടിരുന്ന നിലത്ത് 
പൊടിനടപ്പാടുപോലും കണ്ടില്ല. 

മുത്തശ്ശിയോട് 
വലിയ ബഹുമാനംതന്നെ കാണിച്ചു മരണം. 
മരണ ദിവസം ഒരാഘോഷവീട്ടിലേതുപോലെ 
തറവാട്ടുമുറ്റം അലങ്കരിക്കപ്പെട്ടിരുന്നു. 
അശോകവും പാരിജാതവും ഇലഞ്ഞിയും 
നിറയെപൂത്തുനിന്നു. 
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര പൊടിപ്പായിരുന്നു 
മുത്തശ്ശിക്കേറെയോമനപ്പെട്ട ചക്കരക്കുഞ്ഞുമാവിലക്കുറി. 
ആകാശം മുത്തശ്ശീടെ 
ചൂലുപാഞ്ഞ മണല്‍ മുറ്റംപോലെ, 
മുത്തശ്ശന്റെ ഖദര്‍മുണ്ട് കഞ്ഞിമുക്കിയാറിയിട്ടപോലെ 
അഴുക്കറ്റു കിടന്നു.  

ജീവന്‍ ഇറുത്തെടുക്കുന്ന ഇത്തിരിവേദനയറിയാതിരിക്കാന്‍ 
മരണം മുത്തശ്ശിയോട് തമാശയെന്തോ പറഞ്ഞിരുന്നു. 
കോടിപുതച്ചു കിടപ്പിലും ഉണ്ടായിരുന്നു
അതിന്റെ നാണം പുരണ്ട ചിരി. 

No comments: