നിന്റെ പിറന്നാളിന്
കൂട്ടുകാരെയൊക്കെ ക്ഷണിച്ചോളൂ.
അനുവിന്റെ അമ്മ പറഞ്ഞു,
എല്ലാവരും വരട്ടെ,
അന്നിവിടെ കൂടീട്ട് പോവാന്ന് പറയണം..
അച്ഛന്‍ പറഞ്ഞു.
അനുവിന്റെ അച്ഛന്‍ വലിയ ബിസിനസ്സുകാരനാണ്.
അമ്മ ഒരോഫീസറും.
ധാരാളം പണമുണ്ട് രണ്ടാള്‍ക്കും.
കൊട്ടാരം പോലൊരു വീടാണവരുടേത്.
വൈകുന്നേരമായപ്പോഴേയ്ക്കും
കൂട്ടുകാരൊക്കെ വന്നു തുടങ്ങി.
ഒരു കാക്കക്കൂട്ടം.
ഒരണ്ണാന്‍.
നാലഞ്ചു തെരുവുപട്ടികള്‍.
കുറേ പൂച്ചകള്‍.
പുളി ആഞ്ഞിലിയിലഞ്ഞിയെന്നിങ്ങനെ
കുറേ വഴിയോരമരങ്ങള്‍
എണ്ണമില്ലാത്തത്ര കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും...
ഒരു കൈത്തോട്.
കുറേ നക്ഷത്രങ്ങള്‍.
ഒരാകാശം,
കടല്‍ത്തിരകള്‍....
എല്ലാവരും മുറ്റത്തു നിന്നു...
നമ്മുടെ വീട് എത്ര ചെറുതാണ് അല്ലേ അച്ഛാ,
അനു അച്ഛനോട് പറഞ്ഞു,
അയാള്‍ തലതാഴ്ത്തി നിന്നു.
1 comment:
എനിക്കിഷ്ടായി ഈ കുഞ്ഞു കഥ, അല്ല കാര്യം.
Post a Comment