വാക്കിനു ചുമക്കാനാവുന്നതിലുമെത്രയോ
വലിയ ഭാരങ്ങള്‍
ഇക്കരെ നിന്നക്കരെയെത്തിയ്ക്കും മൗനം.
വാക്കെപ്പോഴും തോളിലേറ്റുന്നത്
ഇത്ര ഗ്രാം, ഇത്ര കിലോഗ്രാം,
ഇത്ര ടണ്‍ എന്നെക്കെയളന്നു മുറിച്ച കനങ്ങള്‍,
മൗനമാരുതി പര്‍വ്വതങ്ങളെ,
കടലുകളെ,
സ്ഥലകാലങ്ങളെ കയ്യിലേന്തിപ്പറക്കും...
മൗനം ഉണ്ടാക്കിയതിനെക്കാള്‍
വലിയ വിപ്ലവങ്ങളുണ്ടാക്കി
ചരിത്രമുടനീളം മൗനം.
വാക്ക് ഭീഷ്മപ്രജാപതികള്‍ക്ക്
ശരശയ്യതീര്‍ത്തിരിക്കും,
ഭൂമി പിളര്‍ത്തി ജലം കൊണ്ടു വന്നത് മൗനം.
വാക്ക് അമ്പുകളയച്ചിരിക്കും
തേര്‍ത്തട്ടില്‍ നിന്ന് പാഞ്ചജന്യം മുഴക്കിയത,്
ഗീതബോധിപ്പിച്ചുലച്ചിലുകളെ
നേരെ നിര്‍ത്തിയത് മൗനം.
വാക്ക് രമിച്ചു;
മൗനം പ്രണയിച്ചു.
വാക്ക് വെട്ടിപ്പിടിച്ചു;
മൗനം ഉപേക്ഷിച്ചു,
വിട്ടു കൊടുത്തു..
വാക്ക് ശരം;
മൗനം മൂര്‍ച്ച, വേഗം.
വാക്ക് ശരീരി,
മൗനം അശരീരി....
No comments:
Post a Comment