ഉറുമ്പുകളും ചിതലുകളും മണ്ണിരകളുമായി
അനേകകാലം മനുഷ്യര്‍ മൂകരായി ജീവിച്ചിരുന്നു.
ഏതു ജീവിയുടെ ജീവിതവും ജീവിക്കാനാകും
ഒരു മനുഷ്യ ജീവിക്ക്.
വെറും പായലായി
വെള്ളപ്പരപ്പിലൂടൊലിച്ചു പടരാനാനോ
ഒറ്റൊറ്റക്കോശമായ് പൊട്ടിപ്പൊട്ടി പിളരാനോ പറ്റും.
മരപ്പൊത്തുകളിലോ മണ്ണടരിലോ
പുഴുക്കളായി സമാധിയിലിരിക്കുന്ന
എത്രയോ മനുഷ്യരുണ്ട്.
മീനുകളായി ജലത്തില്‍ ജീവിക്കുന്നവര്‍.
തവളയും ആമയുമായി വെള്ളത്തിലും
കരയിലും കഴിയാവുന്നവര്‍.
ഇഴയുന്നവര്‍,
ഇഴയുന്നവരില്‍തന്നെ ചിലര്‍ വിഷം പേറുന്നവര്‍,
ഒറ്റക്കൊത്തിനാല്‍ മരിപ്പിക്കാനാകുന്നവര്‍.
ഒരുത്തനെയടിമുടി വിഴുങ്ങാനാവുന്നവര്‍.
പറക്കുന്നവര്‍.
തേന്‍ കൂടിയന്‍മാര്‍.
ഒറ്റയ്ക്കിരുന്നിരുന്ന് പാടിപ്പാടിയവസാനിക്കുന്നവര്‍
ജീവിതമാട്ടമാക്കാനറിവുറ്റവര്‍.
പുല്ലുതിന്നുവര്‍,
കുറുക്കനേയും ചെന്നായേയും പോലെ
അളിഞ്ഞതില്‍ മാത്രം ദഹനസുഖം കിട്ടുന്നവര്‍.
ചിലരൊറ്റയ്ക്കു നില്‍ക്കും
ചിലര്‍ക്കു താങ്ങു വേണം.
ചിലര്‍ക്ക് ചിലരെ വിട്ടുപിരിയാനാവില്ല,
വള്ളികള്‍ക്ക് വൃക്ഷങ്ങളെ എന്നപോലെ.
പക്ഷികള്‍ പുഴുക്കളെ കൊത്തിത്തിന്നുന്നപോലെ
സിംഹം മാനിനെക്കടിച്ചുകീറുന്നപോലെ
മനുഷ്യര്‍ പരസ്പരം ഇരപിടിക്കുന്നതതുകൊണ്ടാണ്..
മനുഷ്യന് താനൊരു സ്ഥാവരമോ ജംഗമമോയെന്ന്,
രാത്രി വിരിയണോ പകല്‍ വിരിയണോ എന്ന്
ഇതുവരെ ബോധ്യമായിട്ടില്ലാത്തതുകൊണ്ട്..
No comments:
Post a Comment