സ്‌ക്കൂളിലെ വിറകുപുര
ഇന്നലത്തെ ഉച്ചകഴിഞ്ഞുള്ള മഴച്ചൊരിച്ചിലില്‍
വലിയ ഒരൊച്ചയോടെ നിലം പൊത്തി.
മുമ്പതായിരുന്നു അടുക്കള.
ഊരകുനിച്ചുള്ള ഇപ്പമൊടിഞ്ഞു കുത്തും
എന്നു തോന്നിച്ചുള്ള ആ നില്‍പ്
അന്നും അങ്ങനെത്തന്നെയുണ്ടായിരന്നു.
എത്രയോ കര്‍ക്കിടച്ചൊരിച്ചിലുകളില്‍
ചോര്‍ന്നൊലിക്കുന്ന മോന്തായവും
വിണ്ടു കീറിയ നിലവും
പല്ലടര്‍ന്ന് വികൃതമായ കല്ലടുപ്പുകളും കൊണ്ട്
ഇളിഞ്ഞും പുകഞ്ഞുമെങ്കിലും
നേരം തെറ്റാതെ പിള്ളാര്‍ക്ക്
കഞ്ഞിയും പയറും വെച്ചു വിളമ്പി.
പനിയന്‍മാര്‍ക്ക് കരിങ്ങാലി വെള്ളമോ
ജീരകക്കാപ്പിയോ വെച്ചുകൊടുത്തു.
ആ ചായ്പുപുരയുടെ ദരിദ്രമായ ഇറയത്ത്
കാക്കയെപ്പോലെ ഒതുങ്ങിക്കൂടിയിരുന്ന്
കഞ്ഞികുടിക്കുന്നതില്‍
വലിയ രസം കണ്ട കുഞ്ഞുങ്ങളുണ്ടായിരുന്നു.
പുതിയ അടുക്കള പണിതപ്പോള്‍
ഇവര്‍ വിറകുപുരയായി,
വെണ്ണീര്‍പ്പുരയായി മൂലയ്ക്കലായി ...
ഒരോണമൂട്ടിനു കൂടി കാത്തുനില്‍ക്കാതെ
കര്‍ക്കടകത്തില്‍ത്തന്നെ അവര്‍ കൂപ്പുകുത്തി..
മഴനനഞ്ഞ് പെറുക്കിക്കൂട്ടിയ അലകുകള്‍ക്കും
കൈക്കോലുകള്‍ക്കും കേടൊന്നും പറ്റിയിരുന്നില്ല,
നല്ല ഉറപ്പ് .
പഴയ മനുഷ്യരുടെ അസ്ഥിപഞ്ജരങ്ങള്‍ പോലെ.
No comments:
Post a Comment