ആ മുത്ത്യേമ്മയെപ്പോലൊരധ്വാന ശീലയെ
മറ്റെങ്ങും കണ്ടിട്ടില്ല.
ആ കോലായ മിനുപ്പൊന്നു നോക്കിയാല്‍ മതി,
ഇടനാഴി ഉള്‍മുടികള്‍ പടികള്‍ ജനാലയഴികള്‍
അലാമാറയടുക്കുകള്‍
അടുക്കള . കലം പാത്രം തട്ടുകള്‍
കക്കൂസ് കുളിമുറി,
എല്ലായിടോമൊന്നു കയറിയിറങ്ങൂ,
തെക്കിനിമുറ്റോം വടക്കിനിമുറ്റോം
ഉമ്മററമുറ്റോമൊക്കെ യൊന്നു നോക്കൂ.
ചേനത്തണ്ടിന്‍ കണംകാല്‍ വണ്ണമൊന്നുനോക്കൂ,
ചേമ്പ് കപ്പ, കാച്ചില്‍ മെരടുകള്‍
വാഴത്തടങ്ങള്‍ ഒന്നു കാണൂ..
കുലപ്പടലകളൊന്നെണ്ണൂ...
ആലേല്‍ പയ്യിനേം കിടാവിനേം നോക്കൂ,
വീട്ടിലെപ്പെണ്‍കിടാങ്ങളുടെ മുടിയഴക്
ചിടുങ്ങന്‍മാര്‌ടെ പല്ലഴക് ഒന്നു നോക്ക്യാട്ടെ...
ഒക്കെയുമീ മുത്ത്യേമ്മയുടെയെന്നോ
എന്നന്തം വിടും...
സന്ധ്യയ്ക്ക് കുളിച്ചു കുറിയും തൊ-
ട്ടുമ്മറക്കോലായിലിരിക്കുമ്പം
കയ്യൊന്നു പിടിച്ചു നീര്‍ത്തണം.
വെള്ളച്ചെമ്പകമൊട്ടു കണ്ടിട്ടുണ്ടോ?
അതു തന്നെ വിരലുകള്‍,
വെള്ളിലത്തളിര് തന്നെ കൈത്തലം.
.ഒറ്റത്തഴമ്പില്ലാണ്ട്...
ദെന്തേ മുത്തയമ്മേ ങ്ങനെ
കുട്ട്യോള്‍ടെ മാതിരിയെന്നു ചോദിച്ചാല്‍
മുത്ത്യേമ്മ സ്വകാര്യം പറയും
എനിക്കും കുന്തീദേവ്യെപ്പോലെ
ഒരിക്കലൊരു ദുര്‍വ്വാസാവിനെ
പ്രീതിപ്പെടുത്തേണ്ടി വന്നു ചെറുപ്പത്തില്..
തിരിച്ചുപോകുമ്പോ.
ഉരഞ്ഞു പൊട്ടിയ കൈവെള്ളേല്‍
അങ്ങോര്‌ടെ അനുഗ്രഹകണ്ണീരിറ്റി
മുഴുവന്‍ സ്ഥലകാലങ്ങളേം
അടുപ്പിലിട്ട് പുഴുങ്ങേണ്ടിവന്നാലും
ഈ വിരലുകളിനിയിങ്ങനെ
പൂവിരലേളായിരിക്കും ഉണ്ണ്യേ....
No comments:
Post a Comment