24 Jul 2013

ഒറ്റക്കരയുള്ള പുഴ



സന്ധ്യയായിരുന്നു. 
വെളിച്ചം മങ്ങിയിരുന്നു 
പുഴത്തീരത്തു ചെന്നു നിന്നപ്പോള്‍ 
മുതുകുവളഞ്ഞ നടത്തവുമായി 
കോണകമുടുത്ത ഒരു വൃദ്ധന്‍ 
അടുത്തു വന്ന് 
അക്കരെ പോകണോ തോണി വേണോ 
എന്നു ചോദിച്ചു. 
വേണം എന്ന് ഞാന്‍ പറഞ്ഞു. 
അയാള്‍ തോണി കെട്ടില്‍ നിന്നഴിച്ചു. 
ഒരു കൊച്ചു പങ്കായവും തന്ന് 
ശ്രദ്ധിച്ചു തുഴയൂ, 
ധാരാളം ചുഴികളുള്ള പുഴയാണെന്നു പറഞ്ഞു. 
ഞാന്‍ പുഴയെ മറന്ന് 
സന്ധ്യയെ മറന്ന് 
അത് ഒറ്റക്കരയുള്ള 
ഒരു പുഴയാണെന്നറിയാതെ
ആഞ്ഞാഞ്ഞ് തുഴയാന്‍ തുടങ്ങി. 

No comments: