8 Jul 2013

ഒഴുക്കിന്റെ ആത്മഗതങ്ങള്‍

ഒഴുക്കിന്റെ ആത്മഗതങ്ങള്‍

1
ചായ കുടിച്ചശേഷം 
കപ്പ,് 
ഭാഷണത്തിനു ശേഷം മനസ്സ്,
കഴുകിക്കമിഴ്ത്തി വെയ്ക്കുക.

2
കാലടിയിലെ മണ്‍ തരികള്‍ 
പാതയില്‍ത്തന്നെ തിരികെ വെയ്ക്കുക

3
ഉറങ്ങാന്‍ കിടക്കുമ്പോള്‍ 
കിടക്കവിരിയില്‍ എത്ര ചുളിവുകളുണ്ടെന്നും 
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ 
എത്ര ചുളിവുകളുണ്ടെന്നും നോക്കുക.

4
മഴയെ മണ്ണുപോലെ, 
കാറ്റിനെ ഉങ്ങുവിത്തുപോലെ,
പായക്കപ്പല്‍ പോലെ,
വെയിലിനെ ഇലപോലെ സ്വീകരിക്കുക.

5
മുഷിഞ്ഞവ 
ഉടന്‍ അലക്കുക.

6
കേള്‍ക്കാനാവശ്യമായ 
ഒച്ചയില്‍ മാത്രം മിണ്ടുക.

7
വിദൂരതയെ നോക്കുക.
വിദൂര വൃക്ഷങ്ങളെ. 
ചില്ലയിലെ പുതിയ തളിര്‍പ്പുകളെ.
 ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ വന്നിരിക്കുന്ന 
ഒരു പരുന്തിനെ. 
ദൂരസഞ്ചാരികളായ വെണ്‍മേഘങ്ങളെ. 
ആകാശത്തെ....

8
സ്വയം കരണാപൂര്‍വ്വം തലോടുക. 
കാല്‍, കൈ വിരലുകള്‍ 
നെഞ്ച് ,വയറ് ,അരക്കെട്ട്...
മേലാസകലം....
9
മനസ്സിന്റെ നിര്‍ദ്ദേശങ്ങളെക്കാള്‍ 
ഹൃദയത്തിന്റെ ചോദനകള്‍ക്ക് 
കാതുകൊടുക്കുക. 
മനസ്സ് ഒരാളെ വിദ്വേഷിക്കാന്‍ തുടങ്ങിയാല്‍ 
ഉടന്‍ തന്നെ അയാളെ നോക്കി ചിരിക്കുക. 
അയാളോടെന്തെങ്കിലും മിണ്ടുക...
10
സ്വന്തം സാമര്‍ഥ്യങ്ങള്‍ 
അന്യര്‍ക്കു നേരെ പ്രയോഗിക്കാതിരിക്കണം.
ഒരാളോടു യുദ്ധം ചെയ്യുകയാണെങ്കില്‍ പോലും 
അയാളെ പരിരക്ഷിച്ചു കൊണ്ടിരിക്കണം. 
അയാളുടെ തേര്‍ച്ചക്രം 
ചെളിയില്‍ പൂണ്ടുപോയ ആ ക്ഷണം 
യുദ്ധം അവസാനിപ്പിക്കണം. 

11
ഒരാളെ ജയിക്കുന്നതിനെക്കാള്‍ 
എത്രയോ മഹത്വമാര്‍ന്നത് 
ഒരാളെ തോല്‍പിക്കാതിരിക്കുക എന്നത്.
 12

കാമം പോലുള്ള വികാരങ്ങള്‍ 
ഉപ്പും പുളിപ്പും പോലെ
ജീവിതത്തിന്റെ രസങ്ങളാണെന്നും 
അതുമാത്രമെടുത്താഹരിക്കുമ്പോള്‍ 
വിഷമായിരിക്കുമെന്നും ഓര്‍മ്മിക്കുക. 

13
സ്‌നേഹം പൂവ്. 
കാമന അതിന്റെ സുഗന്ധം. 
സ്‌നേഹം കനി. കാമന അതിന്റെ മധുരം. 
പൂവും കനിയുമില്ലാതെ സുഗന്ധവും മധുരവുമില്ല... 
മധുരമോ സുഗന്ധമോ ആഗ്രഹിച്ച് 
ചിലര്‍ അങ്ങാടിപ്പൂക്കള്‍ പണം കൊടുത്തു വാങ്ങും. 
ചിലര്‍ ഏതെങ്കിലും പൂന്തോട്ടത്തില്‍ നിന്ന് കവര്‍ന്നെടുക്കും. 
വിവേകികള്‍ സ്വന്തം മണ്ണ് പരുവപ്പെടുത്തുകയും 
അതില്‍ ഒരു വിത്തു നടുകയും
 അതില്‍ ഒരു പൂവോ നിയോ വരും വരെ 
കാത്തിരിക്കുകയും ചെയ്യും...


No comments: