16 Jul 2013

ആ കാലം കഴിഞ്ഞു





ട്രിക്കുകളുടേം സാമര്‍ഥ്യങ്ങളുടേം 
കാലംകഴിഞ്ഞു. 
മുന്നിലെത്തലിന്റെം 
ഒന്നാമനാവലിന്റേം കാലം കഴിഞ്ഞു. 
പിടിച്ചടക്കലിന്റെ, നേടിയെടുക്കലിന്റെ, 
സ്വന്തമാക്കലിന്റെ,
ഏറ്റവും ഉയരത്തില്‍ എന്റെ കൊടി എന്നതിന്റെ, 
വരി വരിയിട്ടു നടത്തത്തിന്റെ, 
ഏറ്റവും ഉറക്കെ എന്റെ ഒച്ച എന്നതിന്റെ, 
വേറിട്ടു കേട്ടുവോ എന്നെ എന്നതിന്റെ,
എന്റെ മാത്രം ഇടം, 
മൂല, മുറി എന്നതിന്റെ, 
എന്റെ കാലം എന്നതിന്റെ, 
എന്റെ രതി,  എന്റെയനുഭൂതി,
എന്റെ പ്രണയമേ എന്നതിന്റെ, 
എന്റെ പാതകള്‍, പാദമുദ്രകള്‍ എന്നതിന്റെ, 
എന്റെ ധ്യാനം, 
എന്റെ ബോധോദയം എന്നതിന്റെ 
കാലം കഴിഞ്ഞു....

ഇനി വിട്ടു കൊടുക്കലിന്റെ, 
തോറ്റു കൊടുക്കലിന്റെ, 
പിന്നിലാവുന്നതിന്റെ, 
ഇറങ്ങിപ്പോകലിന്റെ, 
ഊരിവെക്കലിന്റെ, 
ഒത്തുനില്‍ക്കലിന്റെ,
ഒറ്റയിലയില്‍ ഒരുമിച്ചുണ്ണലിന്റെ, 
ഒറ്റപ്പായില്‍ ഒരുമിച്ചുറങ്ങലിന്റെ, 
ഉടുക്കിന്റെ,
കൊട്ടിന്റെ, 
പുനംകൃഷീടേം മാറ്റകൃഷീടേം,
അമ്മ ദൈവങ്ങളുടെ, 
ഒത്തുനടലിന്റേം ഒത്തുപാടലിന്റെം കാലം. 

ഇനി ഏതിലയും എന്റെ കൊടി. 
ഏതു വാക്കിിലും  എന്റെ അര്‍ഥം . 
ഏതു മേഘവും എന്റെ ചിറക്. 
ഏതു പക്ഷിയും എന്റെ ആത്മാവ് ....
ഏതു പുരയിലും എന്നെക്കാത്തൊരു വിളക്കുകണ്ണ്. 
ഒരുരുള,
ആറടി നീളത്തിലൊരു തിണ്ണ, 
ഒരുക്കപ്പായ, 
ഒരുമ്മ, 
നെറ്റിയിലമര്‍ന്ന നനവിരല്‍..

No comments: