7 Jul 2013

മരണവും ജീവിതവും


1
വാക്കുകള്‍ 
ശവക്കല്ലറകളും 
ആഖ്യാനം 
വലിയൊരു ചുടലപ്പറമ്പും. 

2
ഒരാള്‍ ശവപ്പെട്ടിയിലടക്കിയ ശേഷം
വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്നു. 
മഴ പെയ്തുതോര്‍ന്നപ്പോള്‍ 
അകത്ത് പലജാതിവിത്തുകളോ 
പുല്‍ക്കറ്റകളോ  ആണെന്നപോലെ 
മരപ്പലക വിടവുകളിലൂടെ 
പലതരം മുളകള്‍ 
ആരോഗ്യത്തോടെ തലയിട്ടു വളര്‍ന്നു...

3
മരിച്ച വയസ്സന്റെ 
മേലാകെ പറ്റിപ്പിടിച്ച 
ചോരയും ചളിയും 
പെരുമഴ വന്ന് ഉരച്ചു കഴുകി. 
കടല്‍ക്കാറ്റ് വന്ന് 
മേലാസകലം തുടച്ചു. 
രണ്ടു തെരുവുപട്ടികള്‍ 
കാല്‍ വിരലില്‍ക്കടിച്ച് 
ശ്മശാനത്തിനു നേരെ വലിച്ചു.
4
പക്ഷി 
ചിറകുകൊണ്ടെന്നതിനെക്കാളധികം ദൂരം 
പാട്ടുകൊണ്ട് പറന്നു.

No comments: