9 Dec 2009

പാകം

അറികയാണു ഞാ-
നിതള്‍ കൊഴിവതും
നിറമെരിവതും
സുഗന്ധമുള്ളില്‍നി-
ന്നകന്നുപോവതും.
നിറങ്ങള്‍ പീലിക
ളടര്‍ന്നു മുണ്‌ഡിതം.
പുറത്തു ദീപങ്ങള്‍
മിഴിയടച്ചതും.
കളിമ്പശീലങ്ങ
ളുറക്കമായതും
ഒഴുക്കുകള്‍ വറ്റി
യമര്‍ന്നുപോയതും.
അകത്തൊരുവിത്തി
ലമര്‍ന്ന സത്തയാ-
യടരുകള്‍ക്കുള്ളി
ലുറക്കമാകുവേന്‍.

29 Aug 2009

ചരിത്രം

ചരിത്രം പഠിക്കാന്‍
തുറന്നപ്പോള്‍
ഹിറ്റ്‌ലര്‍ക്കും ഗാന്ധിക്കും
ഒരേ കനം.
മുക്കാല്‍പ്പേജ്‌ വിവരണവും
രൗദ്രമോ ഹാസ്യമോ
എന്നു നിജപ്പെടുത്താനാവാത്തൊരു
ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ചിത്രവും
കൂട്ടിയൊട്ടിച്ച്‌
ഇരുവരേയും
ഒരേ ഭാഷാസാമര്‍ഥ്യത്തില്‍ ഒതുക്കി
പാഠപുസ്‌തകം.

എത്രയോര്‍മ്മിച്ചിട്ടും
വഴുതിപ്പോവുകയാല്‍
ഒരേ ശത്രുതയില്‍ വെറുത്തു
മംഗല്‍പാണ്‌ഡയേയും വെല്ലസ്ലിപ്രഭുവിനെയും.
കിന്നരിത്തൊപ്പിവെച്ചൊരു
രാജകുമാരനെ രാപ്പകലാവാഹിച്ച്‌
പരീക്ഷകള്‍ക്കും
പരീക്‌ഷണങ്ങള്‍ക്കുമപ്പുറത്ത്‌
വാപൊളിച്ചിരുന്നു പോന്ന
ചക്കാട്ടുവീട്ടില്‍ മാളു
അറംഗസീബിനേയും ശിവാജിയേയും
ഒരേ തീവ്രതയില്‍ പ്രേമിച്ചു.
പത്താംക്ലാസ്‌ പരീക്ഷ
കഴിഞ്ഞ അന്ന്‌
ക്ലാസിലെ മുഴുവന്‍
മിടുക്കന്‍മാര്‍ക്കും
മിടുക്കികള്‍ക്കും
ചരിത്രമവസാനിച്ചു.

17 Apr 2009

പെണ്ണടയാളം

എത്രയടിച്ചു തൂത്താലും
എവിടെയോ
ഒരിത്തിരി കണ്‍മഷിക്കറ.
ചാന്തുപൊട്ടോ ചന്ദനക്കുറിയോ
വീണതിന്റെ ചോപ്പ്‌.
ഭൂമിക്കടിയിലെ ഒഴുക്കുപോലെ
ശബ്‌ദമേ ഉയര്‍ത്താത്ത
ഒരു മൂളിപ്പാട്ട്‌.
പെറുക്കാന്‍ചെന്ന വിരലുകള്‍ക്ക്‌
പിടികൊടുക്കാതെ
വാതിലിടുക്കിലോ
കണ്ണാടിമറയത്തോ ഒളിച്ചുനിന്ന
പൊട്ടിയ മാലയിലെ മണിമുത്ത്‌.
ഒരു വളപ്പൊട്ട്‌.
ഒരു പ്രാര്‍ഥന
പ്രാവിന്‍ നെഞ്ചിന്റെ മിടിപ്പുപോലെ
അകാരണമായ വിഹ്വലത.
അത്രയെളുപ്പത്തില്‍ മാഞ്ഞുപോവില്ല
ഒരു പെണ്ണിരുന്നതിന്റെ
അടയാളങ്ങള്‍.

3 Feb 2009

കുറ്റവാളി

എനിക്കെതിരെയുള്ള കേസ്‌
കോടതിയില്‍ വരുമ്പോള്‍
ആദ്യം കൂറുമാറുന്ന സാക്ഷി
ഞാന്‍ തന്നെയായിരിക്കും.
നോക്കൂ,
എനിക്കറിയാവുന്നത്ര വ്യക്തമായി
വെളിപ്പെടുത്താനാവില്ല
ഒരു വിചാരണയ്‌ക്കും.
ഏതുകുറ്റവാളിയുടെ
കുപ്പായമാണെനിക്കു
പാകമാവാത്തത്‌.
മോഷണം?
വ്യഭിചാരം?
തട്ടിപ്പറി ?
കൊലപാതകം?
ഇതുവരെ
പുറത്തേയക്കിറങ്കുമ്പോ-
ളണിഞ്ഞിട്ടില്ലെന്നുവെച്ച്‌
വീട്ടില്‍ നിന്നിടാറുള്ള കുപ്പായങ്ങള്‍
എന്റെതല്ലെന്നുവരുമോ?
ഏതുകോടിയുടുപ്പിനെക്കാളും
എനിക്കവയോടിണിക്കമാണെന്നിരിക്കെ,
എനിക്കവ പാകമാകാറുണ്ടെന്നിരിക്കെ...