29 Aug 2013

ദൈവത്തിന്റെ കളി



ഞാനുറക്കെയൊരു വിസിലു വിളിക്കും 
അതു കേക്കുമ്പം, 
മരുഭൂമലൂള്ളോരൊക്കെ കടലുടന്ന് 
പച്ചക്കാടുകള്‍ നില്‍ക്കുന്നേടത്തേയ്ക്കു പറക്കണം. 
മരക്കൊമ്പത്തും തണലത്തും നില്‍ക്കുന്നോര് 
മരുഭമീലേയ്ക്കും. 

വിസിലുകേക്കുമ്പം ഉറങ്ങുന്നോരൊക്കെ 
ഛ്ടപെടാന്നെഴുന്നേറ്റ് 
പണിചെയ്യാന്തൊടങ്ങണം, 
കൊത്തലോ മാന്തലോ വിത്ത് നടലോ 
പെയ്ന്റടിക്കലോ അങ്ങനെ എന്തേലുമൊക്കെ..

പറഞ്ഞോണ്ടിരുന്നോര് വായ മൂടണം. 
മൂകന്മാര് ഉറക്കെ മിണ്ടാന്‍ തൊടങ്ങണം.
കരയുന്നോരൊക്കെ 
പൊട്ടിച്ചിരിക്കണം, 
അതേ പോലെ ചിരിക്കുന്നോര് 
ഉറക്കെ കരയാനും തൊടങ്ങണം, 
ദൈവം എല്ലാരും കേള്‍ക്കുന്നത്ര ഉച്ചത്തില്‍ 
വിളിച്ചു പറഞ്ഞു.

നോട്ടം



നോട്ടമുറപ്പിക്കാന്‍ 
ഒരു കണ്ണു കിട്ടിയാല്‍ മതി. 
പിന്നെ സ്ഥലകാലങ്ങളില്ല..

പെയ്യുക



പ്രളയസംഹാര
രുദ്രനീയെങ്കിലും 
പ്രണയ വര്‍ഷമേ 
പെയ്യുക പെയ്യുക

28 Aug 2013

സന്തോഷത്തിന്റെ പൂക്കള്‍



1
നയാപ്പൈസ കയ്യിലില്ലാത്തവര്‍ 
വലിയ പണക്കാര്‍ക്കൊന്നും പറ്റാത്ത തരത്തില്‍, 
ഏകാന്തര്‍, ഒറ്റപ്പെട്ടവര്‍ 
സനാഥരേയും സുരക്ഷിതരേയുംപോലെ, 
രോഗത്തിലും വേദനയിലും പെട്ട് 
ശരീരം അളിയാന്‍ തുടങ്ങിയവര്‍
ചുറുചുറുക്കുള്ള യുവാക്കളപ്പോലെ 
സന്തോഷിക്കുന്നത് കണ്ടിട്ടുണ്ട്.

2
സന്തോഷം ഞാങ്ങണപ്പുല്ലുമാതിരി 
ഒരുപ്രത്യേക തരം പുല്ലാണെന്നും 
സെന്റ് പ്രാന്‍സിസിനേയും
ഗാന്ധിജിയെപ്പോലെയൊക്കെപ്പോലെ
നടത്തവേഗം കൂടിയ ഒരു കാറ്റ് 
അതിന്റെ വിത്തുകള്‍ വഴിയോരം നീളെ, 
പാടങ്ങള്‍ നീളെ, നാടുനാടാന്തരം 
വിതച്ചോണ്ടു നടക്കുന്നുവെന്നും 
മഴപെയ്ത് വെയിലുലുദിച്ച ഒരു രാവിലെ 
നോക്കിന്നിടത്തൊത്തെ 
സന്തോഷത്തിന്റെ 
മഞ്ഞയില്‍ നീലവരച്ച പൂക്കള്‍ 
വിരിഞ്ഞു നില്‍ക്കുന്നെന്നും 
ഞാനെപ്പഴും പകല്‍ക്കിനാവു കാണാറുണ്ട്.

3
നിനക്കു സന്തോഷമായെന്നറിഞ്ഞപ്പോഴേ 
എന്റെ ചേട്ടായീ,
എനിക്കും സന്തോഷമായി...


26 Aug 2013

ഒറ്റുകാരന്‍



.ക്രിസ്തുവിനു കുരിശാരോഹണമുണ്ടായപോലെ 
എനിക്കുമൊരു കുരിശാരോഹണവും 
കുരിശുമരണവുമുണ്ടായി. 
മരത്തിനേക്കാള്‍ക്കടുത്ത ഒരു പ്രതലത്തില്‍,
എന്റെ ശരീരം എന്നകുരിശില്‍
 എന്റെ മനസ്സാക്ഷി ഏറ്റക്കുത്തനെ 
കെട്ടിത്തൂക്കപ്പെടുകയും അഞ്ചാണികള്‍ 
അതില്‍ തറഞ്ഞുകേറുകേം ചെയ്തു. 

എനിക്കു കാവല്‍നില്‍ക്കാന്‍ , 
ഇരുട്ടില്‍ നക്ഷത്രം കൊളുത്തി 
വെളിച്ചം കാണിച്ചുതരാന്‍, 
വേദനയില്‍നിന്ന്
മോഹാലസ്യത്തിലേയ്ക്ക് വാതില്‍തുറന്നു തരാന്‍
വിശ്വാസത്തിന്റെ 
ആകാശമേല്‍ക്കൂരയൊന്നുല്ലായിരുന്നിട്ടും 
എനിക്കും പുനരുത്ഥാനമുണ്ടായി. 

കീശയിലെ വെള്ളിക്കാശിന്റെ കലമ്പല്‍ 
അലോസരമായപ്പോള്‍ ഞാനതൊരു 
തുണിക്കഷണത്തില്‍ക്കെട്ടി അരയില്‍ തൂക്കിയിട്ടു. 
നിരന്തരം അളിഞ്ഞോണ്ടിരുന്ന ഒരു ശവവും 
പേറി്‌യെന്ന പോലെ 
ഞാനെന്നെയും പേറി 
ഒരു കുന്നിന്‍ ചെരിവിലെ ഒറ്റ വീട്ടില്‍ എത്തി. 
അവിടെ നുറുവയസ്സിനപ്പുറം 
പ്രായമുള്ള ഒരമ്മൂമ്മയും കണ്ണുപൊട്ടത്തിയായ 
ഒരു പെണ്ണും ഉണ്ടായിരുന്നു. 
പെണ്ണുമെലിഞ്ഞിട്ടായിരുന്നു. 
മുപ്പതുവെള്ളിക്കാശ് 
അമ്മൂമ്മയ്ക്കു വെച്ചു നീട്ടിയിട്ട് 
ഈ പെണ്‍കിടാത്തിയെ എനിക്കു വില്‍ക്കുമോ 
എന്നു ഞാന്‍ ചോദിച്ചു.

ആ ചോദ്യം ഒരഭ്യര്‍ഥയായിരുന്നെങ്കിലും 
പട്ടാളക്കാരന്റെ പരുഷ ശബ്ദം കൊണ്ട്
അതൊരു കല്പനയായി മാറി. 
അമ്മൂമ്മ അതുകൈനിട്ടി വാങ്ങാനൊരുങ്ങിയപ്പോള്‍ 
കണ്ണുപൊട്ടത്തി പെണ്‍കിടാത്തി ചീറ്റപ്പുലിപോലെ ചാടിവീണ് 
പണപ്പൊതി തട്ടിപ്പറിച്ച് എന്റെ മുഖത്തേയ്‌ക്കെറിഞ്ഞു..
പിശാചിന്റെ പണം എന്നു പറഞ്ഞോണ്ട്...


25 Aug 2013

.തന്നാലായത്




ഓപ്പറേഷന്‍ തീയതിയുറപ്പിച്ച 
ഡോക്ടര്‍യോഹന്നാന്‍ 
അഡ്മിറ്റാവാന്‍ പറഞ്ഞതു നാളെ. 
കമ്മറ്റിക്കാരാരേലും ഒപ്പം വരും. 
രാമചന്ദ്രന്‍, അല്ലെങ്കില്‍ സദാശിവന്‍ 
ഭാഗ്യമുണ്ടേല്‍ സദാശിവന്‍, രസികന്‍, 
ഇല്ലെങ്കില്‍ രാമചന്ദന്‍ ദുഖി, 
പരലോകവാസി. 

വെയില്‍ പതിറ്റടിയിറങ്ങുമ്പം, 
താടിനീട്ടി കൂനിക്കൂനിയൊരു 
സന്യാസിമട്ടുകാരന്‍ പടികേറിവന്നു. 
ഭിക്ഷാപാത്രമില്ല, ജഢയില്ല 
മുടി വൃത്തിയില്‍ കോതിപ്പകുത്ത്, 
പ്രായം പിടിതരാത്ത ഒരാള്‍

തങ്കമണീടെ മോന്‍ കുഞ്ചുണ്ണിയല്ലേ? 
കഴിഞ്ഞ തവണ ഞാനിവിടെ വര്മ്പം 
യ്യ് കോണകുടുത്തു തൊടങ്ങീട്ടില്ല, 
മിറ്റത്തും കോലായ്മ്പലും 
ചറപറാനാനോടി നടക്കും. 
ന്നെക്കണ്ട് പേടിച്ച് യ്യമ്മേന്റൊക്കത്തോടിക്കേറി, 
ഇച്ചിരിനേരം കൊണ്ട് പക്ഷെ
ന്നെ ഞാനന്നു വശത്താക്കി
വല്യകൂട്ടായി. 
ഇനി വര്മ്പം ന്താ കൊണ്ടരണ്ടതെന്ന് 
ചോയിച്ചപ്പം യ്യിപറഞ്ഞു ഒരണ്ണാക്കൊട്ടനേന്ന്, 

അതും പറഞ്ഞയാള്‍ 
കളസത്തീന്നൊരു 
ചട്ടപ്പെട്ടിയെടിത്തുമൂടി തൊറന്നു 
എന്നോട് കൈനീട്ടിപ്പിടിയ്ക്കാമ്പറഞ്ഞു. 
കൈനീട്ടിയപ്പം പയ്യപ്പയ്യെ 
വെരലിലൂടെ കൈപ്പടത്തിലൂടെ 
മോലോട്ടു കേറിക്കേറി വന്നു 
മടിച്ചുുമടിച്ചിച്ചിരിപ്പോന്നൊരണ്ണാന്‍ കുഞ്ഞ്...

അതിരില്ലാ ഭൂമി



ഓഫീസ് മുറി 
വൃത്തിയാക്കുന്നതിനിടയില്‍ 
ഒരു പഴേ ഗ്ലോബു കിട്ടി. 
തൂപ്പുകാരന്‍ മാമന്‍ 
ദയാപൂര്‍വ്വം അതു ഞങ്ങള്‍ക്കു തന്നു. . 
പെട്ടെന്ന് മാഷ് എടേല്‍ ചാടിവീണ് 
ഗ്ലോബിന്റെ മേലെ വരകളൊക്കെ മായ്ച്ചാല്‍ 
ഇത് നിങ്ങക്കു കളിക്കാന്‍ തരാന്നു പറഞ്ഞു.
കളവര മായ്ക്കുന്ന റബ്ബര്‍ക്കഷണം കൊണ്ട് 
ഞങ്ങളതിലെ അതിര്‍ത്തികള്‍ 
ഉരച്ചു മായ്ക്കാന്‍ തുടങ്ങി. 
ഉച്ചയൂണിനു ബെല്ലടിയ്ക്കും മുമ്പേ 
ഞങ്ങളൊരതിരില്ലാ ഭൂമിയുണ്ടാക്കി. 
ഉരച്ചുരച്ച് മണ്ണിന്റെ നെറം വന്ന ഒരുഭൂമി,

ഒരിക്കല്‍



ഒരിക്കല്‍
ഞാനൊരു പുഴയായിരുന്നു, 
ഒരിക്കല്‍ 
ഞാനൊരു മരമായിരുന്നു, 
ഒരു പുല്ലിന്‍ തണ്ടായിരുന്നു 
പൂവായിരുന്നു 
ഒരിക്കല്‍ പൂമ്പാറ്റയും...
അതുകൊണ്ടിപ്പോള്‍ 
ഞാനൊരു പുഴയും
മരവും പുല്ലും 
പൂവും പൂമ്പാറ്റയുമാണ്...


തീര്‍ഥാടകന്റെ ചിരി



പാതയില്‍വെച്ച് അതിവൃദ്ധനായ 
ഒരു തീര്‍ഥാടകനെക്കണ്ടു. 
വേച്ചുവേച്ചാണയാള്‍ നടന്നത്. 
ആ പ്രായത്തില്‍ 
അത്തരം സ്ഥിതിയില്‍ 
ഒരു മനുഷ്യന്‍ എഴുന്നേറ്റു നില്‍ക്കുമെന്നുപോലും 
നാം പ്രതീക്ഷിക്കില്ല. 
എന്നിട്ടും  അയാള്‍ നടക്കുകയാണ്, 
പതുക്കെപ്പതുക്കെ, തിരക്കുകൂട്ടാതെ, 
ഞാനൊരിടത്തും യാത്രയവസാനിപ്പിക്കില്ല 
എന്നു നിശ്ചയിച്ചുറപ്പിച്ച മട്ടില്‍ , 
കുറച്ചു നേരം ഒപ്പം നടന്നപ്പോള്‍ 
ഗൗതമബുദ്ധന്‍  എല്ലാവര്‍ക്കും 
ദര്‍ശനം കൊടുക്കുന്നില്ലെന്നു കേള്‍ക്കുന്നല്ലോ 
ഇത്രയൊക്കെ കഷ്ടപ്പെട്ടങ്ങു ചെന്നിട്ട് 
ഒന്നു കാണാന്‍ പറ്റാതിരുന്നാല്‍ എന്തുചെയ്യുമെന്ന് 
ഞാന്‍ അങ്ങേരോടു ചോദിച്ചു. 
അതുകേട്ടപ്പോഴുള്ള ഒരു ചിരി ~~
ഒന്നു കാണണമായിരുന്നു..

അതിജീവനം



കാരണം 
ജീവിതത്തിനേ വേണ്ടു, 
അതി ജീവനത്തിന് 
അതുവേണ്ട, 
അത് 
സ്വയം ഒരു കാരണമല്ലേ, 
കാര്യവും അതു തന്നെ 
എന്നേയുള്ളൂ...

അതിജീവനത്തിന്റെ വിപ്ലവത്തില്‍
വിപ്ലവകാരി 
ആത്മഹത്യ ചെയ്യുകയോ 
സന്യാസം വരിക്കുകയോ ചെയ്യില്ല. 
അതിജീവനത്തിന് ഇടവേളകളുമില്ല,
തിരിഞ്ഞോട്ടമില്ല.

അതിജീവനം ഒരാശയല്ലാത്തതു കൊണ്ട് 
നിരാശയുമില്ല. 
തുടക്കത്തെയവലംഭിച്ചല്ലാത്തതു കൊണ്ട് 
അതിനവസാനിക്കാനും പറ്റില്ല.

12 Aug 2013

ഒടുക്കത്തെ ആലയം



പ്രണയമാത്മാവിന്റെ 
സുരക്ഷിത ഗര്‍ഭാലയം. 

വെള്ളവുമന്നവുംനല്‍കി-
യഗ്നിയും കാറ്റുംപകര്‍
ന്നകവും പുറവുംവേവി
ച്ചൊടുക്കംപൊട്ടിപിപളര്‍
ന്നകലേയ്ക്കാകാശത്തേ
യ്ക്കുയര്‍ത്തിപ്പറത്തുന്നത്. 

പ്രണയമാത്മാവിന്റെ- 
യൊടുക്കത്തെ വാസസ്ഥാനം.

അനാഥതയുടെ അവസാനം



പാതിയുറക്കത്തില്‍, 
അര്‍ദ്ധ ബോധത്തില്‍ 
ഞാനീ കടവത്തു വന്നു നില്‍ക്കുന്നു. 
പുഴ ഉറങ്ങുന്നില്ല. 
കാറ്റിനും ഓളങ്ങള്‍ക്കും തമ്മിലുള്ള 
പ്രണയ ലീലകള്‍ക്കും ഉറക്കമില്ല. 
തീരത്തോടു മുഖം ചേര്‍ന്നുരുമ്മി 
പകല്‍മുഴുവനങ്ങോട്ടുമിങ്ങോട്ടു-
മോടിത്തളര്‍ന്ന 
കടത്തു തോണിയുറങ്ങുന്നു. 
മഹാഗണിമരങ്ങളും 
ഓരത്തെ വേപ്പുമരങ്ങളും 
അതിന്റെ ചില്ലയിലെ 
പലജാതിപ്പറവകളും ഉറങ്ങുന്നു. 
പുലരാന്‍ ഇനിയെത്രയുണ്ടെന്നാര്‍ക്കറിയാം. 

എന്നെ ഉണര്‍ത്തി 
കടവത്തേയ്ക്കു വിളിച്ചയാളുടെ 
മൂകമായ കാലടി പാതയുടെ അറ്റത്ത്. 
ജന്മാന്തരങ്ങളായുള്ള ജീവന്റെ ഏകാന്തത എന്നേയ്ക്കുമായവസാനിക്കുകയാണ്....
ഞാനിനി ഏകനോ അനാഥനോ അല്ല.....

11 Aug 2013

കണ്ണീരും മന്ദഹാസവും



മരണാഭിഷിക്തമായ 
ജീവിതത്തെപ്രതി 
ബോധിസത്വന്റെ കണ്ണീരും 
സെന്‍ ബുദ്ധന്റെ മന്ദഹാസവും.

കണ്ടുമോഹിച്ചവള്‍



കിനാവില്‍
ക്കണ്ടു മോഹിച്ച
മുക്കുത്തി
പ്പെണ്‍കിടാവെന്റ 
മുറ്റത്ത് 
മുക്കുറ്റിപ്പൂ
ച്ചിരിയില്‍
വന്നുനില്‍ക്കുന്നു...


9 Aug 2013

ആഴവും മുങ്ങല്‍ക്കാരനും



ആഴവും മുങ്ങല്‍ക്കാരനും 
തമ്മിലുള്ള ബന്ധം 
വിചിത്രവും സങ്കീര്‍ണവുമാണ്..
ആഴത്തിന് 
മുങ്ങല്‍ക്കാരനു മുന്നില്‍ 
അവസാനിച്ചു കൂട, 
അതേ സമയം 
പിന്‍മടങ്ങാനാവാത്ത വിധം 
അയാളെ പ്രലോഭിപ്പിക്കുകയും 
അയാള്‍ക്ക് അതിജീവനശേഷി 
നല്‍കുകയും വേണം. 
കടലും കപ്പലോട്ടക്കാരനും തമ്മില്‍ 
പര്‍വ്വതവും ആരോഹകനും രമ്മില്‍ 
കവിതയും അതിന്റെ വായനക്കാരനും തമ്മില്‍ 
ഉണ്ട് 
പലസ്പരം വെല്ലുവിളി ഉയര്‍ത്തുകയും 
എന്നാന്‍ അസ്ഥിത്വത്തിന്റെ 
നിയാമകമായിത്തീരുകയും ചെയ്യുന്ന 
ഈ വിരുദ്ധ ബന്ധം.


8 Aug 2013

തീവ്രവാദം



ഒരു പൂവിനെക്കാളു-
മെത്രയോ മൃദുവും 
നിശ്ശബ്ദതയെക്കാള്‍ 
സൂക്ഷ്മവും 
നനവുപേലാവിയാകുന്നതും 
കുമിളയിലെ മഴവില്ലുപോലെ 
തൊട്ടാലുടയുന്നതുമാകയാല്‍
ദൈവത്തെപ്പറ്റി ആര്‍ക്കും 
തീവ്രമായി 
വാദിക്കാനാവില്ല.


7 Aug 2013

ബലിപുത്രന്‍



എന്റെ മുഖത്തേയ്ക്ക് നോക്കാതിരിപ്പാന്‍ 
എന്നെ കമിഴ്ത്തിക്കിടത്തൂ ഉപ്പാ, 
എന്റെ കാലുകള്‍ മുറുക്കിക്കെട്ടണം. 
അത് പിടഞ്ഞു കൊണ്ടിരുന്നാല്‍ 
ഉപ്പയ്ക്ക് വിഷമമാവില്ലേ? 
പിന്നെ കുറച്ച് ശ്രദ്ധിക്കണേ, 
വെട്ടുകത്തി കഴുത്തിലമര്‍ത്തുമ്പോള്‍ 
എന്റെ ഉടുപ്പുകളില്‍ ചോരയൊന്നും പുരളരുത്. 
അവ മടക്കിയെടുത്ത് 
പാതയുടെ അറ്റം വരെ 
നാമൊരുമിച്ചായിരുന്നു എന്നതിനുള്ള തെളിവായി 
ഉമ്മയ്ക്കു കൊടുക്കണം.
ഉമ്മയോട് ഞാന്‍ തരിശ്ശുനിലത്തെ മണലില്‍ 
മുട്ടുകുത്തി പ്രാര്‍ഥിക്കുകയായിരുന്നെന്നും 
പെട്ടെന്ന് ആകാശത്ത് 
രണ്ട് ദൈവദൂതികമാര്‍ പ്രത്യക്ഷപ്പെട്ടെന്നും 
എന്നോട് ഉടുപുടവകളഴിച്ച് 
ആകാശത്തേയ്ക്കുയര്‍ന്നു ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും 
നുണ പറയണം...
എന്റെ ചോര 
ഉമ്മ ഒരിക്കലും കാണാനിടവരരുതേ ഉപ്പാ.....


4 Aug 2013

രണ്ടാമത്തെ ഉടുപ്പ്



ബുദ്ധന് ഒറ്റയുടുപ്പാണുണ്ടായിരുന്നത്. 
മൂകയായ ആട്ടിടയപ്പണ്‍കുട്ടിയ്ക്ക് 
അതില്‍ ദുഖം തോന്നുകയും 
അവള്‍ ഇടയക്കൂട്ടത്തില്‍നിന്ന് 
പുറപ്പെട്ടു പോവുകയും 
നെയ്ത്തുകാരുടെ ദേശത്തെത്തി 
അവിടെയൊരു നെയ്ത്തുകാരന്റെ 
അടിമത്തൊഴിലാളിയായി ജീവിക്കുകയും 
നെയ്ത്തുവേല പഠിക്കുകയും 
ഏറെക്കാലം കൊണ്ട് 
സ്വന്തമായി ഒരുടുപ്പ് നെയ്തുണ്ടാക്കുകയും 
അതുമായി ബുദ്ധനെത്തേടിയെത്തുകയും ചെയ്തു...
അപ്പോള്‍ മുതല്‍ ബുദ്ധന് രണ്ടുടുപ്പുകള്‍ ആയി.

2 Aug 2013

സൂക്ഷിപ്പ്



മോള്‍ക്ക് 
കൈനീട്ടിയാ
ലെത്തുന്നിടത്തൊന്നും 
മറന്നുവെക്കരുതേ 
നീ നിന്റെ സങ്കടങ്ങള്‍....