24 Mar 2010

നിറവ്‌

പതുക്കെ മേഘങ്ങള്‍
തുടച്ചെടുത്തു നീ
കൊളുത്തി വെച്ചൊരു
കുരുന്നു താരകം.

പുലരിയില്‍ മഴ
കഴുകി വെച്ചല്ലോ
പടര്‍പ്പു പുല്ലിന്റെ
തളിരിലകളും.

പുതിയ കുപ്പായ-
മുടുപ്പിച്ചേനിളം
തണുത്ത വെയിലിന്റെ
നനുത്ത ചേലയാല്‍.

കരിയിലക്കിളി-
പ്പിറുപിറുപ്പിലൂ-
ടുറഞ്ഞിടുന്നതോ
പ്രപഞ്ച ഗീതകം.

ഇനിയൊഴിക്കല്ലേ
തുളുമ്പിപ്പോകും ഞാ-
നിനി മുറുക്കിയാ-
ലുടഞ്ഞു പോകുമേ..


11 Mar 2010

അത്താഴം

അവള്‍ഫോണില്‍...
ഓഫീസുവിട്ടു വരുമ്പോള്‍
കുറച്ച്‌ ഉരുളക്കിഴങ്ങു വാങ്ങിക്കൂ,
നമുക്കിന്ന്‌ ഒരുമിച്ച്‌
ആ പ്രണയകാലത്തിന്റെ
വാടകകോലായിലാണെന്ന്‌ ഭാവിച്ച്‌
മാവുകുഴച്ച്‌..
പരത്തി ..
വേവിച്ച്‌...
ആലുപ്പൊറാട്ടയുണ്ടാക്കണം.

നിലാവു നോക്കിക്കിടന്ന്‌
ഈ കോണ്‍ക്രീറ്റും വീടിനും
വഴുക്കുന്ന മൂകതയ്‌ക്കുമൊക്കെ
മുമ്പാണെന്നപോലെ
നിങ്ങളൊരുദ്യാഗസ്ഥനും
ഞാനുദ്യാഗസ്ഥയും
ആയിക്കഴിഞ്ഞിട്ടില്ലെന്നതുപോലെ
നമ്മുടെ കുഞ്ഞുങ്ങള്‍
പിറന്നിട്ടേയില്ലെന്നപോലെ
അവര്‍ വീടുവിട്ടുപോയിട്ടില്ലെന്നപോലെ
ഒറ്റമുറിയുള്ള ഒരുവീടും
ചെറിയൊരാമ്പല്‍ക്കുളവും
അതിന്റെ കരയ്‌ക്കലെ
വെള്ളരിവള്ളികളും
സ്വപ്‌നം കാണണം.


4 Mar 2010

കൃഷ്‌ണഗാഥ

പോയതില്‍പ്പിന്നെ
ആ പുഴത്തീരത്തേയ്‌ക്കു
മടങ്ങിയതേയില്ല അയാള്‍.
മഥുരയില്‍
വലിയ വരായകളുണ്ടത്രെ.
ദാനവും ധര്‍മ്മവുമുണ്ടെന്ന്‌.
ഏതോ ഒരു കുചേലനെ
തൊട്ടു കൂട്ടി
കുബേരനാക്കിയെന്നും.
മഹായുദ്ധങ്ങളുടെ
ചരടുവലിക്കാരനാണെന്നും കേട്ടു.

വറ്റിയ നദികളുടേയും
അടിവേരുണങ്ങിയ
കദംബവൃക്ഷങ്ങളുടേയും
ആ കരിഞ്ഞ നാട്ടുമ്പുറത്ത്‌
പ്രണയം
അടുക്കളയ്‌ക്കൊറ്റു കൊടുത്ത
രാധിക
ഇപ്പോഴും പുകമുട്ടിയ സ്വരത്തില്‍
കൃഷ്‌ണാ ...കൃഷ്‌ണാ...
എന്നടുപ്പില്‍ തീയൂതുന്നു.

കഴുകിക്കമിഴ്‌ത്തിയ ഓട്ടുപാത്രങ്ങള്‍ക്ക്‌
ചാരംതൊടാതെയും കണ്ണാടിമിനുപ്പ്‌.
ചുട്ടെടുത്ത കാരയപ്പത്തിന്‌
ശര്‍ക്കരയരയ്‌ക്കാതെ മധുരം.