29 Jul 2013

മണ്ണില്‍ത്തൂവിയത്



നാരണേട്ടനെ പിടിക്കാന്‍ പോലീസു വണ്ടി 
പാടത്തിന്നക്കരെ വന്നു നിര്‍ത്തിയെന്ന് 
കാവലു നിര്‍ത്തിയ ചെക്കന്‍ 
വാണം വിട്ടപോലെത്തിയറിപ്പുതന്നപ്പം 
ഞങ്ങളു നാരണേട്ടനെ 
കാവിനും പൊട്ടക്കുളത്തിന്നുമപ്പുറത്തെ 
പൊന്തക്കാട്ടില്‍ കൊണ്ടോയൊളിപ്പിച്ചു. 
പോലീസേമാമ്മാര് 
നേരത്തോടു നേരം 
കൂറേനത്തെരയുന്ന സൂക്ഷ്മത്തില്‍ 
തീണ്ടാരിത്തുണിപോലും മുട്ടിത്തിരഞ്ഞിട്ടും
നാരാണേട്ടന്റെ മണം പോലും  കിട്ടില്ല. 
അശപിശറുവാശിക്ക് ള്ള ചട്ടീംകലോം മുട്ടീമൊടച്ചും 
പാളട്രൗസറുമാട്ടീള്ള തോറ്റുപോക്കു കണ്ട് 
മാങ്കൊമ്പത്ത് മറഞ്ഞിര്ന്ന് പിള്ളാര്‍
കുട്ടിച്ചാത്തമ്മാരെപ്പോലെ കൂക്കി വിളിച്ചു. 

മണ്ണില്‍ കപ്പയോ കാച്ചിലോ ചേനയോ ചേമ്പോ 
മാന്തിയെടുക്കും പോലെ 
ജീപ്പുപൂക പാതാറുകടന്നു മറഞ്ഞതും  
ഞങ്ങളോടിച്ചെന്ന്  നാറാണേട്ടനെ നോക്കി. 
നാരാണേട്ടന്‍ വിഷം തീണ്ടി നീലിച്ചു  കിടന്നു. 
ന്നാലും ഞങ്ങക്ക് തോറ്റതായി തോന്നീല്ല, 
മണ്ണില്‍ത്തൂവീതല്ലേ 
മഴേത്ത് മൊളച്ചോളുമെന്ന് ഞങ്ങളറിഞ്ഞു.

25 Jul 2013

ഊരുകാവല്‍



എനിക്കറിയാം
പരല്‍മീനകയാല്‍ 
ഉറവയ്ക്കു വേണ്ടി 
നീയുയിരു കൊടുക്കും. 
കുരുവിയാകയാല്‍ 
കാടുകത്തുമ്പോള്‍ 
ചോരതൂവിക്കെടുത്തും.


മദോന്മത്ത ഭരാണകൂടത്തിന്റെ 
ലാത്തിയടിയേറ്റു വീണ എന്റെ ധീരസുഹൃത്ത് ഓഷോവിന്, 
കാതികുടം സമരഭടന്മാര്‍ക്ക്....

24 Jul 2013

ഒറ്റക്കരയുള്ള പുഴ



സന്ധ്യയായിരുന്നു. 
വെളിച്ചം മങ്ങിയിരുന്നു 
പുഴത്തീരത്തു ചെന്നു നിന്നപ്പോള്‍ 
മുതുകുവളഞ്ഞ നടത്തവുമായി 
കോണകമുടുത്ത ഒരു വൃദ്ധന്‍ 
അടുത്തു വന്ന് 
അക്കരെ പോകണോ തോണി വേണോ 
എന്നു ചോദിച്ചു. 
വേണം എന്ന് ഞാന്‍ പറഞ്ഞു. 
അയാള്‍ തോണി കെട്ടില്‍ നിന്നഴിച്ചു. 
ഒരു കൊച്ചു പങ്കായവും തന്ന് 
ശ്രദ്ധിച്ചു തുഴയൂ, 
ധാരാളം ചുഴികളുള്ള പുഴയാണെന്നു പറഞ്ഞു. 
ഞാന്‍ പുഴയെ മറന്ന് 
സന്ധ്യയെ മറന്ന് 
അത് ഒറ്റക്കരയുള്ള 
ഒരു പുഴയാണെന്നറിയാതെ
ആഞ്ഞാഞ്ഞ് തുഴയാന്‍ തുടങ്ങി. 

22 Jul 2013

ആനന്ദന്‍




മരമായിരുന്നെങ്കില്‍ 
കാറ്റില്ലാതെ വിറയ്ക്കുന്നുണ്ടാവും 
ഇപ്പോഴെന്റെ  ഇല. 

കുയിലായിരുന്നെങ്കില്‍ 
കാലം മറന്നു 
പറക്കുന്നുന്നുണ്ടാവും 
എന്റെ കൂവല്‍.

21 Jul 2013

വിറകുപുര



സ്‌ക്കൂളിലെ വിറകുപുര 
ഇന്നലത്തെ ഉച്ചകഴിഞ്ഞുള്ള മഴച്ചൊരിച്ചിലില്‍ 
വലിയ ഒരൊച്ചയോടെ നിലം പൊത്തി. 
മുമ്പതായിരുന്നു അടുക്കള. 
ഊരകുനിച്ചുള്ള ഇപ്പമൊടിഞ്ഞു കുത്തും
എന്നു തോന്നിച്ചുള്ള ആ നില്‍പ് 
അന്നും അങ്ങനെത്തന്നെയുണ്ടായിരന്നു. 
എത്രയോ കര്‍ക്കിടച്ചൊരിച്ചിലുകളില്‍ 
ചോര്‍ന്നൊലിക്കുന്ന മോന്തായവും 
വിണ്ടു കീറിയ നിലവും 
പല്ലടര്‍ന്ന് വികൃതമായ കല്ലടുപ്പുകളും കൊണ്ട് 
ഇളിഞ്ഞും പുകഞ്ഞുമെങ്കിലും 
നേരം തെറ്റാതെ പിള്ളാര്‍ക്ക്
കഞ്ഞിയും പയറും വെച്ചു വിളമ്പി. 
പനിയന്‍മാര്‍ക്ക് കരിങ്ങാലി വെള്ളമോ 
ജീരകക്കാപ്പിയോ വെച്ചുകൊടുത്തു.
 ആ ചായ്പുപുരയുടെ ദരിദ്രമായ ഇറയത്ത് 
കാക്കയെപ്പോലെ ഒതുങ്ങിക്കൂടിയിരുന്ന് 
കഞ്ഞികുടിക്കുന്നതില്‍ 
വലിയ രസം കണ്ട കുഞ്ഞുങ്ങളുണ്ടായിരുന്നു.
പുതിയ അടുക്കള പണിതപ്പോള്‍ 
ഇവര്‍ വിറകുപുരയായി, 
വെണ്ണീര്‍പ്പുരയായി മൂലയ്ക്കലായി ...
ഒരോണമൂട്ടിനു കൂടി കാത്തുനില്‍ക്കാതെ 
കര്‍ക്കടകത്തില്‍ത്തന്നെ അവര്‍ കൂപ്പുകുത്തി..
മഴനനഞ്ഞ് പെറുക്കിക്കൂട്ടിയ അലകുകള്‍ക്കും 
കൈക്കോലുകള്‍ക്കും കേടൊന്നും പറ്റിയിരുന്നില്ല, 
നല്ല ഉറപ്പ് .
പഴയ മനുഷ്യരുടെ അസ്ഥിപഞ്ജരങ്ങള്‍ പോലെ.

20 Jul 2013

കര്‍ക്കടം



മഴയില്‍ത്തൂങ്ങിപ്പിടി-
ച്ചൊരാളറ്റത്തെത്തി. 
മഴയില്‍ക്കുതിര്‍ന്നൊരാ-
ളടിമുടി നിലം പൊത്തി

മഴയത്ത്



മിണ്ടരുത്  
മഴകേള്‍ക്കട്ടെ 
ഒച്ചയോങ്ങി-
പ്പറഞ്ഞവള്‍.


ബലിച്ചോറ്



ചുടലക്കണ്ടത്തിലെ
പ്ലാവിന്‍ കൊമ്പില്‍പ്പാതി
വേവാത്ത വറ്റും കാ-
ത്തരൂപിയൊരാളുടെ-
യനങ്ങാത്ത നിഴല്‍ പോലെ
ക്ഷമയോടിരിപ്പൂ കാക്ക.


19 Jul 2013

മുങ്ങിത്താഴല്‍



കടലോളമാഴം പോന്നോ-
രാളില്‍ ഞാന്‍ 
മുങ്ങിത്താണു.

17 Jul 2013

അങ്ങനെയിരിക്കെ



അങ്ങനെയിരിക്കെ 
എല്ലാം 
ഇങ്ങനെയൊക്കെയായി...

ഒച്ച



കിളി 
എത്രയുറക്കെ കൂവിയാലും 
ഒച്ചയാവില്ല.


16 Jul 2013

ആ കാലം കഴിഞ്ഞു





ട്രിക്കുകളുടേം സാമര്‍ഥ്യങ്ങളുടേം 
കാലംകഴിഞ്ഞു. 
മുന്നിലെത്തലിന്റെം 
ഒന്നാമനാവലിന്റേം കാലം കഴിഞ്ഞു. 
പിടിച്ചടക്കലിന്റെ, നേടിയെടുക്കലിന്റെ, 
സ്വന്തമാക്കലിന്റെ,
ഏറ്റവും ഉയരത്തില്‍ എന്റെ കൊടി എന്നതിന്റെ, 
വരി വരിയിട്ടു നടത്തത്തിന്റെ, 
ഏറ്റവും ഉറക്കെ എന്റെ ഒച്ച എന്നതിന്റെ, 
വേറിട്ടു കേട്ടുവോ എന്നെ എന്നതിന്റെ,
എന്റെ മാത്രം ഇടം, 
മൂല, മുറി എന്നതിന്റെ, 
എന്റെ കാലം എന്നതിന്റെ, 
എന്റെ രതി,  എന്റെയനുഭൂതി,
എന്റെ പ്രണയമേ എന്നതിന്റെ, 
എന്റെ പാതകള്‍, പാദമുദ്രകള്‍ എന്നതിന്റെ, 
എന്റെ ധ്യാനം, 
എന്റെ ബോധോദയം എന്നതിന്റെ 
കാലം കഴിഞ്ഞു....

ഇനി വിട്ടു കൊടുക്കലിന്റെ, 
തോറ്റു കൊടുക്കലിന്റെ, 
പിന്നിലാവുന്നതിന്റെ, 
ഇറങ്ങിപ്പോകലിന്റെ, 
ഊരിവെക്കലിന്റെ, 
ഒത്തുനില്‍ക്കലിന്റെ,
ഒറ്റയിലയില്‍ ഒരുമിച്ചുണ്ണലിന്റെ, 
ഒറ്റപ്പായില്‍ ഒരുമിച്ചുറങ്ങലിന്റെ, 
ഉടുക്കിന്റെ,
കൊട്ടിന്റെ, 
പുനംകൃഷീടേം മാറ്റകൃഷീടേം,
അമ്മ ദൈവങ്ങളുടെ, 
ഒത്തുനടലിന്റേം ഒത്തുപാടലിന്റെം കാലം. 

ഇനി ഏതിലയും എന്റെ കൊടി. 
ഏതു വാക്കിിലും  എന്റെ അര്‍ഥം . 
ഏതു മേഘവും എന്റെ ചിറക്. 
ഏതു പക്ഷിയും എന്റെ ആത്മാവ് ....
ഏതു പുരയിലും എന്നെക്കാത്തൊരു വിളക്കുകണ്ണ്. 
ഒരുരുള,
ആറടി നീളത്തിലൊരു തിണ്ണ, 
ഒരുക്കപ്പായ, 
ഒരുമ്മ, 
നെറ്റിയിലമര്‍ന്ന നനവിരല്‍..

Inner vision



The unseen soil 
Inside a deep rain forest
Has a subtle inner vision 
About  the light, 
The stars, 
The rainbow, 
The flow of clouds
And the moon lit..

മനുഷ്യജീവി




ഉറുമ്പുകളും ചിതലുകളും മണ്ണിരകളുമായി 
അനേകകാലം മനുഷ്യര്‍ മൂകരായി ജീവിച്ചിരുന്നു. 

ഏതു ജീവിയുടെ ജീവിതവും ജീവിക്കാനാകും 
ഒരു മനുഷ്യ ജീവിക്ക്. 
വെറും പായലായി 
വെള്ളപ്പരപ്പിലൂടൊലിച്ചു പടരാനാനോ 
ഒറ്റൊറ്റക്കോശമായ് പൊട്ടിപ്പൊട്ടി പിളരാനോ പറ്റും.

മരപ്പൊത്തുകളിലോ മണ്ണടരിലോ
പുഴുക്കളായി സമാധിയിലിരിക്കുന്ന 
എത്രയോ മനുഷ്യരുണ്ട്. 
മീനുകളായി ജലത്തില്‍ ജീവിക്കുന്നവര്‍. 
തവളയും ആമയുമായി വെള്ളത്തിലും 
കരയിലും കഴിയാവുന്നവര്‍. 
ഇഴയുന്നവര്‍, 
ഇഴയുന്നവരില്‍തന്നെ ചിലര്‍ വിഷം പേറുന്നവര്‍, 
ഒറ്റക്കൊത്തിനാല്‍ മരിപ്പിക്കാനാകുന്നവര്‍. 
ഒരുത്തനെയടിമുടി വിഴുങ്ങാനാവുന്നവര്‍. 
പറക്കുന്നവര്‍. 
തേന്‍ കൂടിയന്‍മാര്‍. 
ഒറ്റയ്ക്കിരുന്നിരുന്ന് പാടിപ്പാടിയവസാനിക്കുന്നവര്‍ 
ജീവിതമാട്ടമാക്കാനറിവുറ്റവര്‍.

പുല്ലുതിന്നുവര്‍, 
കുറുക്കനേയും ചെന്നായേയും പോലെ
അളിഞ്ഞതില്‍ മാത്രം ദഹനസുഖം കിട്ടുന്നവര്‍. 

ചിലരൊറ്റയ്ക്കു നില്‍ക്കും 
ചിലര്‍ക്കു താങ്ങു വേണം.
ചിലര്‍ക്ക് ചിലരെ വിട്ടുപിരിയാനാവില്ല,
വള്ളികള്‍ക്ക് വൃക്ഷങ്ങളെ എന്നപോലെ. 

പക്ഷികള്‍ പുഴുക്കളെ കൊത്തിത്തിന്നുന്നപോലെ 
സിംഹം മാനിനെക്കടിച്ചുകീറുന്നപോലെ 
മനുഷ്യര്‍ പരസ്പരം ഇരപിടിക്കുന്നതതുകൊണ്ടാണ്..
മനുഷ്യന് താനൊരു സ്ഥാവരമോ ജംഗമമോയെന്ന്, 
രാത്രി വിരിയണോ പകല്‍ വിരിയണോ എന്ന് 
ഇതുവരെ ബോധ്യമായിട്ടില്ലാത്തതുകൊണ്ട്..


15 Jul 2013

പൂവിരലുകള്‍



ആ മുത്ത്യേമ്മയെപ്പോലൊരധ്വാന ശീലയെ 
മറ്റെങ്ങും കണ്ടിട്ടില്ല. 
ആ കോലായ മിനുപ്പൊന്നു നോക്കിയാല്‍ മതി, 
ഇടനാഴി ഉള്‍മുടികള്‍ പടികള്‍ ജനാലയഴികള്‍ 
അലാമാറയടുക്കുകള്‍ 
അടുക്കള . കലം പാത്രം തട്ടുകള്‍ 
കക്കൂസ് കുളിമുറി, 
എല്ലായിടോമൊന്നു കയറിയിറങ്ങൂ, 
തെക്കിനിമുറ്റോം വടക്കിനിമുറ്റോം 
ഉമ്മററമുറ്റോമൊക്കെ യൊന്നു നോക്കൂ. 
ചേനത്തണ്ടിന്‍ കണംകാല്‍ വണ്ണമൊന്നുനോക്കൂ, 
ചേമ്പ് കപ്പ, കാച്ചില്‍ മെരടുകള്‍ 
വാഴത്തടങ്ങള്‍ ഒന്നു കാണൂ..
കുലപ്പടലകളൊന്നെണ്ണൂ...
ആലേല്‍ പയ്യിനേം കിടാവിനേം നോക്കൂ, 
വീട്ടിലെപ്പെണ്‍കിടാങ്ങളുടെ മുടിയഴക് 
ചിടുങ്ങന്‍മാര്‌ടെ പല്ലഴക് ഒന്നു നോക്ക്യാട്ടെ...
ഒക്കെയുമീ മുത്ത്യേമ്മയുടെയെന്നോ 
എന്നന്തം വിടും...

സന്ധ്യയ്ക്ക് കുളിച്ചു കുറിയും തൊ-
ട്ടുമ്മറക്കോലായിലിരിക്കുമ്പം 
കയ്യൊന്നു പിടിച്ചു നീര്‍ത്തണം. 
വെള്ളച്ചെമ്പകമൊട്ടു കണ്ടിട്ടുണ്ടോ? 
അതു തന്നെ വിരലുകള്‍, 
വെള്ളിലത്തളിര് തന്നെ കൈത്തലം.
.ഒറ്റത്തഴമ്പില്ലാണ്ട്... 
ദെന്തേ മുത്തയമ്മേ ങ്ങനെ 
കുട്ട്യോള്‍ടെ മാതിരിയെന്നു ചോദിച്ചാല്‍
മുത്ത്യേമ്മ സ്വകാര്യം പറയും 
എനിക്കും കുന്തീദേവ്യെപ്പോലെ  
ഒരിക്കലൊരു ദുര്‍വ്വാസാവിനെ 
പ്രീതിപ്പെടുത്തേണ്ടി വന്നു ചെറുപ്പത്തില്..
തിരിച്ചുപോകുമ്പോ. 
ഉരഞ്ഞു പൊട്ടിയ  കൈവെള്ളേല്‍ 
അങ്ങോര്‌ടെ അനുഗ്രഹകണ്ണീരിറ്റി 
മുഴുവന്‍ സ്ഥലകാലങ്ങളേം 
അടുപ്പിലിട്ട് പുഴുങ്ങേണ്ടിവന്നാലും 
ഈ വിരലുകളിനിയിങ്ങനെ
പൂവിരലേളായിരിക്കും ഉണ്ണ്യേ....


ഭരണം



കറുത്തേടമിരുന്നേടം 
വെളുത്തേടം ഭരിക്കുമ്പോള്‍ 
വെളുത്തേടമിരുന്നേടം 
കറുത്തേടം ഭരിക്കുന്നൂ...


മഴക്കോടി



മഴനാരുണക്കിച്ചിക്കി- 
ക്കോടിയായ് ക്കെട്ടിവെച്ചിട്ടു-
ണ്ടോമനേയോണത്തിന്നു 
നെയ്തു നെയ്തുടുപ്പിക്കാന്‍...

14 Jul 2013

ആണ്



ആയിത്തീര്‍ന്നത്- ആണ്.
എത്തിയത്, നിറഞ്ഞത്,  
ഇനിയൊന്നും സാധ്യമല്ലാത്തത്, 
എവിടേം പോകാനില്ലാത്തത,്
മടങ്ങിയെത്തിയത്,
ആണി തറച്ചെന്നപോലുറച്ചുപോയത്, 
മഞ്ഞു മലപോല്‍ മരവിച്ചത്,  
അങ്ങോട്ടോ ഇങ്ങോട്ടോ 
നീങ്ങുക സാധ്യമല്ലാത്തത,് 
അവസാനിച്ചത് 
എല്ലാ ആണ് കളും.

സെന്‍ കഥയിലെന്ന പോലെ 
ഇനിയൊഴിച്ചാല്‍ തുളുമ്പും.

ഒന്നും ആയിട്ടില്ലാത്തതു കൊണ്ട,് 
എവിടേം എത്തീട്ടില്ലാത്തതുകൊണ്ട,് 
ഇപ്പഴും അടുപ്പിമ്മേലിരുന്നു 
വേവുകയായതു കൊണ്ട് 
ഞാനാണല്ലേ...

13 Jul 2013

ഊട്ട്



എന്റെ കയ്യില്‍ 
കുറച്ച് കടലമണികളുണ്ട്. 
ഞാനതൊന്നൊന്നായി 
പുറത്തേയ്‌ക്കെറിയുന്നു. 
കുരുവികള്‍ ചിറകുപിടപ്പിച്ചും
ചെറിയ ഒച്ചയുണ്ടാക്കിയും 
കടലമണികള്‍ തിന്നു തീര്‍ക്കുന്നു...

ഉള്ളി



ഒരൊളിയിടത്തില്‍ കൊണ്ടു ചെന്ന് 
അവരൊത്തു ചേര്‍ന്ന് 
അവളെപ്പൊതിഞ്ഞ റേപ്പറുകള്‍ 
പെട്ടികള്‍ മൂടലുകള്‍ 
പുറം പൊളികള്‍ 
അകം പൊളികള്‍ 
ഇലകള്‍ ഇതളുകള്‍
അടര്‍ത്തിയടര്‍ത്തിമാറ്റി. 
അകത്തൊന്നും കാണാഞ്ഞ് 
ങ്ഹും....
വെറും കാലി, അല്ലേ, 
എന്നു വിഷണ്ണരായി ...

ചിറക്



അല്ലാ ഇന്നിതെന്തു പറ്റി? 
നിന്റെ ചിറകേടപ്പോയി, 
ക്ലാസിലെത്തിയ ഉടന്‍ 
അമ്മു ഉണ്ണിയോടു ചോദിച്ചു, 
അപ്പഴാണവന്‍ നോക്കുന്നത്...
പറയും പോലെ 
എന്റെ ചിറകെവിടെപ്പോയി...


12 Jul 2013

കോപ്പയിലെ വെള്ളം



കോപ്പയിലെ വെള്ളം 
വ്യാമോഹിക്കും 
ആരെങ്കിലുമൊന്നു 
തട്ടി മറിച്ചിട്ടിരുന്നെങ്കില്‍ 
വറ്റിയില്ലാതായേയ്ക്കുമെങ്കിലും 
നാലടിയൊഴുകാമായിരുന്നല്ലോ എന്ന്....

ഭയം



മഴ പെയ്യുന്നുണ്ടായിരുന്നു.
ഞാനകത്തേയ്ക്കു വരട്ടേ 
മുടി പറച്ചിട്ട് 
മേലാകെ കരിപുരണ്ട ഒരു കാറ്റ് 
പാതയില്‍ നിന്ന് വിളിച്ചു ചോദിച്ചു. 
ജാനെന്റെ ജാലകപ്പോള 
പേടിയോടെ വലിച്ചടച്ചു.

എങ്കൈയിരുന്താലെന്നാ



എങ്കൈയിരുന്താലെന്നാ കണ്ണാ 
നീയെന്‍കരളിന്നുള്ളുയിരല്ലവാ..
എങ്കൈമറന്താലെന്നാ കണ്ണാ
നീയെന്നിരുളുന്നുള്ളിമയല്ലവാ... 

മധുരൈയ്ക്ക് പോയാലെന്നാ 
കണ്ണാനീയെന്‍ 
ജമുനൈതന്നലയല്ലവാ
മായത്തില്‍ മറയ്ന്താലെന്നാ കണ്ണാ
നീയെന്‍ കടമ്പിന്റ്രൈ മലരല്ലവാ.

പുലരുന്റ്രൈ വെയിലല്ലവാ കണ്ണാ
പെരുമാരിയിരൈപ്പല്ലവാ നീ
നിലൈവുറും പതൈയല്ലവാ കണ്ണാ 
നീ നിശൈപാടും സ്വരമല്ലവാ.





പ്രിയ കൂട്ടുകാരേ, ആരാ ഇതിലെ പൊട്ടത്തമിഴൊന്ന് മുഴുത്തമിഴാക്കുക?
പിന്നെയിതൊരു പാട്ടായിട്ടാന്ന് തോന്നുന്നു പിറന്നത്...ആരാ ഇതൊന്ന് പാട്വാ...


11 Jul 2013

അവകാശി



ആരുടെയാണീ ആകാശം? 
ആരുടെയീവാര്‍മഴവില്ല്? 
ആരുടെയീ നിറമേഘങ്ങള്‍?
ആരുടെയീ വെയില്‍ നാളങ്ങള്‍? 
അന്തിവിളക്കുകള്‍ താരങ്ങള്‍
പൊട്ടിച്ചുട്ടുകളീയലുകള്‍...?

പാലു തിളച്ചു തുളുമ്പുന്നു-
ണ്ടാരുടെയാണീയോട്ടുരുളി...?

ആകാശത്തിനു നേരെയൊരാള്‍ 
ജാലക വാതില്‍ തുറന്നെങ്കില്‍, 
തുറസ്സില്‍ നിന്നും തലപൊക്കി 
മോലോട്ടൊന്നിമ നീട്ടുമ്പോള്‍
അങ്ങോര്‍ക്കാണീയതിരില്ലാ-
നിശ്ശൂന്യതയുടെയവകാശം....

10 Jul 2013

വാക്കും മൗനവും


വാക്കിനു ചുമക്കാനാവുന്നതിലുമെത്രയോ 
വലിയ ഭാരങ്ങള്‍ 
ഇക്കരെ നിന്നക്കരെയെത്തിയ്ക്കും മൗനം. 
വാക്കെപ്പോഴും തോളിലേറ്റുന്നത് 
ഇത്ര ഗ്രാം, ഇത്ര കിലോഗ്രാം, 
ഇത്ര ടണ്‍ എന്നെക്കെയളന്നു മുറിച്ച കനങ്ങള്‍, 
മൗനമാരുതി പര്‍വ്വതങ്ങളെ, 
കടലുകളെ, 
സ്ഥലകാലങ്ങളെ കയ്യിലേന്തിപ്പറക്കും...

മൗനം ഉണ്ടാക്കിയതിനെക്കാള്‍ 
വലിയ വിപ്ലവങ്ങളുണ്ടാക്കി 
ചരിത്രമുടനീളം മൗനം. 
വാക്ക് ഭീഷ്മപ്രജാപതികള്‍ക്ക് 
ശരശയ്യതീര്‍ത്തിരിക്കും, 
ഭൂമി പിളര്‍ത്തി ജലം കൊണ്ടു വന്നത് മൗനം. 
വാക്ക് അമ്പുകളയച്ചിരിക്കും 
തേര്‍ത്തട്ടില്‍ നിന്ന് പാഞ്ചജന്യം മുഴക്കിയത,് 
ഗീതബോധിപ്പിച്ചുലച്ചിലുകളെ 
നേരെ നിര്‍ത്തിയത് മൗനം.

വാക്ക് രമിച്ചു; 
മൗനം പ്രണയിച്ചു. 
വാക്ക് വെട്ടിപ്പിടിച്ചു; 
മൗനം ഉപേക്ഷിച്ചു, 
വിട്ടു കൊടുത്തു..
വാക്ക് ശരം; 
മൗനം മൂര്‍ച്ച, വേഗം. 
വാക്ക് ശരീരി, 
മൗനം അശരീരി....


9 Jul 2013

നേര്‍പാതി



1
പകുതി നേരുകള്‍ 
നിഴലെഴുതുന്നൂ,
വെയിലെഴുതുന്നൂ 
പകുതി നേരുകള്‍.

2
നടക്കുന്നോ
രെത്തുന്നേട-
ത്തെത്തൂന്നു 
നില്‍ക്കുന്നോരും....

3
പഴേ വഴി 
പഴേ വഴിയോരം
പഴയ കാല്‍വെപ്പുകള്‍...

4
എച്ചിലായൊന്നുമില്ലാതെ
യുണ്ണുവാന്‍ പഠിച്ചുവോ, 
മുദ്രകള്‍ ബാക്കിയാക്കാതെ 
നടക്കാനറിയാമോ? 
ഒച്ചയേ വരുത്താതെ-
പ്പറയാന്‍ ശീലിച്ചുവോ....?

8 Jul 2013

ഒഴുക്കിന്റെ ആത്മഗതങ്ങള്‍

ഒഴുക്കിന്റെ ആത്മഗതങ്ങള്‍

1
ചായ കുടിച്ചശേഷം 
കപ്പ,് 
ഭാഷണത്തിനു ശേഷം മനസ്സ്,
കഴുകിക്കമിഴ്ത്തി വെയ്ക്കുക.

2
കാലടിയിലെ മണ്‍ തരികള്‍ 
പാതയില്‍ത്തന്നെ തിരികെ വെയ്ക്കുക

3
ഉറങ്ങാന്‍ കിടക്കുമ്പോള്‍ 
കിടക്കവിരിയില്‍ എത്ര ചുളിവുകളുണ്ടെന്നും 
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ 
എത്ര ചുളിവുകളുണ്ടെന്നും നോക്കുക.

4
മഴയെ മണ്ണുപോലെ, 
കാറ്റിനെ ഉങ്ങുവിത്തുപോലെ,
പായക്കപ്പല്‍ പോലെ,
വെയിലിനെ ഇലപോലെ സ്വീകരിക്കുക.

5
മുഷിഞ്ഞവ 
ഉടന്‍ അലക്കുക.

6
കേള്‍ക്കാനാവശ്യമായ 
ഒച്ചയില്‍ മാത്രം മിണ്ടുക.

7
വിദൂരതയെ നോക്കുക.
വിദൂര വൃക്ഷങ്ങളെ. 
ചില്ലയിലെ പുതിയ തളിര്‍പ്പുകളെ.
 ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ വന്നിരിക്കുന്ന 
ഒരു പരുന്തിനെ. 
ദൂരസഞ്ചാരികളായ വെണ്‍മേഘങ്ങളെ. 
ആകാശത്തെ....

8
സ്വയം കരണാപൂര്‍വ്വം തലോടുക. 
കാല്‍, കൈ വിരലുകള്‍ 
നെഞ്ച് ,വയറ് ,അരക്കെട്ട്...
മേലാസകലം....
9
മനസ്സിന്റെ നിര്‍ദ്ദേശങ്ങളെക്കാള്‍ 
ഹൃദയത്തിന്റെ ചോദനകള്‍ക്ക് 
കാതുകൊടുക്കുക. 
മനസ്സ് ഒരാളെ വിദ്വേഷിക്കാന്‍ തുടങ്ങിയാല്‍ 
ഉടന്‍ തന്നെ അയാളെ നോക്കി ചിരിക്കുക. 
അയാളോടെന്തെങ്കിലും മിണ്ടുക...
10
സ്വന്തം സാമര്‍ഥ്യങ്ങള്‍ 
അന്യര്‍ക്കു നേരെ പ്രയോഗിക്കാതിരിക്കണം.
ഒരാളോടു യുദ്ധം ചെയ്യുകയാണെങ്കില്‍ പോലും 
അയാളെ പരിരക്ഷിച്ചു കൊണ്ടിരിക്കണം. 
അയാളുടെ തേര്‍ച്ചക്രം 
ചെളിയില്‍ പൂണ്ടുപോയ ആ ക്ഷണം 
യുദ്ധം അവസാനിപ്പിക്കണം. 

11
ഒരാളെ ജയിക്കുന്നതിനെക്കാള്‍ 
എത്രയോ മഹത്വമാര്‍ന്നത് 
ഒരാളെ തോല്‍പിക്കാതിരിക്കുക എന്നത്.
 12

കാമം പോലുള്ള വികാരങ്ങള്‍ 
ഉപ്പും പുളിപ്പും പോലെ
ജീവിതത്തിന്റെ രസങ്ങളാണെന്നും 
അതുമാത്രമെടുത്താഹരിക്കുമ്പോള്‍ 
വിഷമായിരിക്കുമെന്നും ഓര്‍മ്മിക്കുക. 

13
സ്‌നേഹം പൂവ്. 
കാമന അതിന്റെ സുഗന്ധം. 
സ്‌നേഹം കനി. കാമന അതിന്റെ മധുരം. 
പൂവും കനിയുമില്ലാതെ സുഗന്ധവും മധുരവുമില്ല... 
മധുരമോ സുഗന്ധമോ ആഗ്രഹിച്ച് 
ചിലര്‍ അങ്ങാടിപ്പൂക്കള്‍ പണം കൊടുത്തു വാങ്ങും. 
ചിലര്‍ ഏതെങ്കിലും പൂന്തോട്ടത്തില്‍ നിന്ന് കവര്‍ന്നെടുക്കും. 
വിവേകികള്‍ സ്വന്തം മണ്ണ് പരുവപ്പെടുത്തുകയും 
അതില്‍ ഒരു വിത്തു നടുകയും
 അതില്‍ ഒരു പൂവോ നിയോ വരും വരെ 
കാത്തിരിക്കുകയും ചെയ്യും...


7 Jul 2013

മരണവും ജീവിതവും


1
വാക്കുകള്‍ 
ശവക്കല്ലറകളും 
ആഖ്യാനം 
വലിയൊരു ചുടലപ്പറമ്പും. 

2
ഒരാള്‍ ശവപ്പെട്ടിയിലടക്കിയ ശേഷം
വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്നു. 
മഴ പെയ്തുതോര്‍ന്നപ്പോള്‍ 
അകത്ത് പലജാതിവിത്തുകളോ 
പുല്‍ക്കറ്റകളോ  ആണെന്നപോലെ 
മരപ്പലക വിടവുകളിലൂടെ 
പലതരം മുളകള്‍ 
ആരോഗ്യത്തോടെ തലയിട്ടു വളര്‍ന്നു...

3
മരിച്ച വയസ്സന്റെ 
മേലാകെ പറ്റിപ്പിടിച്ച 
ചോരയും ചളിയും 
പെരുമഴ വന്ന് ഉരച്ചു കഴുകി. 
കടല്‍ക്കാറ്റ് വന്ന് 
മേലാസകലം തുടച്ചു. 
രണ്ടു തെരുവുപട്ടികള്‍ 
കാല്‍ വിരലില്‍ക്കടിച്ച് 
ശ്മശാനത്തിനു നേരെ വലിച്ചു.
4
പക്ഷി 
ചിറകുകൊണ്ടെന്നതിനെക്കാളധികം ദൂരം 
പാട്ടുകൊണ്ട് പറന്നു.

4 Jul 2013

ദൈവത്തിന്റെ ദുഖം



മനുഷ്യന്നു നല്‍കിയ ദുഖങ്ങളുടെ പേരില്‍ 
ദൈവം പലപ്പോഴും വ്യസനപ്പെട്ടിരിക്കും. 
ദൈവം പക്ഷെ 
അതിലുമെത്രയോ കൂടുതല്‍ 
കുറ്റബോധപ്പെട്ടിരിക്കും
നിരാശിതനായിരുന്നിരിക്കും
മനുഷ്യനു നല്‍കിയ സുഖങ്ങളുടെ പേരില്‍, 
സമ്പന്നതയുടെ പേരില്‍....
അതവനെ അന്തസ്സാരശൂന്യനും 
ആഴമറ്റവനും 
പൊങ്ങുപോലെ കനമറ്റവനുമാക്കിയല്ലോ 
എന്നോര്‍ത്ത്...


2 Jul 2013

പശ



കണ്ണാടിച്ചില്ലുമേലാണ്ടൊ-
രിരുപത്തഞ്ചപ്പുറത്തവള്‍
മുഖം നോക്കും നേരമൊട്ടിച്ച 
വട്ടപ്പൊട്ടങ്ങനെത്തന്നെ.

മേപ്പടിപ്പലകപ്പെട്ടീല്‍
ത്തപ്പിയാലിപ്പഴും കാണാം 
ഒടൂലെയുറവെള്ളമെ-
ന്നവള്‍ സൂക്ഷിച്ച നാണയം.

അടുക്കളക്കായ്ക്കറിത്തോട്ട
പുറ്റു മണ്ണൊന്നുലര്‍ത്തിയാ-
ലവള്‍ നേദിച്ച വേര്‍പ്പിന്റെ- 
യടിച്ചൂരിപ്പഴും തോന്നും.