30-Mar-2013

മുഹമ്മദ് പറഞ്ഞു
ഉമൈബാന്‍, ഇങ്ങടുത്തു വരൂ, 
എന്റെ സമീപത്തായിരിക്കൂ, 
ധൈര്യവതിയായിരിക്കൂ. 
സന്തോഷത്തോടെ മുഖമുയര്‍ത്തൂ, 
നീയിനി ഉപേക്ഷിക്കപ്പെട്ടവളല്ല ഉമൈബാന്‍. 
നീ ഇനി അക്ഷരാഭ്യാസമില്ലാത്തവളോ 
അറിവില്ലാത്തവളോ അല്ല. 
നീ പെറ്റിട്ട കുരുന്നുമക്കളെയോര്‍ത്ത്, 
അവരുടെ സംരക്ഷണമോര്‍ത്ത് 
നീയിനി വേവലാതിപ്പെടേണ്ട. 

ഇനി നീ പാടാന്‍ തുടങ്ങുമ്പോള്‍ വായടയ്ക്കു 
എന്നാരും പറയില്ല. 
നീ നൃത്തമാടിത്തുടങ്ങുമ്പോള്‍ 
ഇനി ഒരിക്കല്‍പ്പോലും നിന്റെ കാല്‍ച്ചുവടുകള്‍ 
ചങ്ങലയാല്‍ കുരുക്കപ്പെടില്ല, 
മറിച്ച് നിന്റെ പാട്ടിനൊത്ത് താളം പിടിക്കാനും 
നിന്റെ ചലനങ്ങള്‍ക്കൊത്താടാനും 
ഇതാ, ഒരു ജനത മുഴുവനും, 
അല്ല, 
ഈ ഭൂമിയിലെ മുഴുവന്‍ ജനതയും 
സസ്യങ്ങളും 
പുഴു പ്രാണി പക്ഷിമൃഗാദികളും.
നിന്റെയാരാധിക്കുന്നവര്‍, സ്‌നേഹിക്കുന്നവര്‍. 
ഇനി നീ എന്നേയ്ക്കുമീയാച്ഛാദനം 
മാറ്റിക്കോളൂ ഉമൈബാന്‍....

സമയം എന്ന സ്ഥലം.

എവിടെ നിന്നാലും നില്‍ക്കുന്നത് 
ഇരിക്കുന്നത് കിടക്കുന്നത് 
സമയം എന്ന സ്ഥലത്ത്.


ചിലര്‍ക്ക് സമയം ഒരു ജയിലറയായിരിക്കും. 
കൂറ്റന്‍ ചുവരുകളും മതിലുകളും 
കൊണ്ടുണ്ടാക്കിയ കുടുസ്സ്. 
ചിലര്‍ക്ക് സമയം ഒരൊഴുക്കായിരിക്കും,
ചിലര്‍ക്ക് ആകാശത്തേയ്ക്കാള്‍ 
വിശാലമായ ശൂന്യത.

എവിടെനിന്നാലും നില്‍ക്കുന്നത് 
സമയം എന്ന ഓരത്ത,് 
സമയം എന്ന ഒരദൃശ്യവൃക്ഷത്തണലില്‍.
ഏതു പാത താണ്ടിയാലും താണ്ടുന്നത് 
സമയം എന്ന ആദ്യന്തങ്ങളില്ലാത്ത മഹാവീഥി. 
എവിടെ വീണു മണ്ണടിഞ്ഞാലും 
ശകലങ്ങളളിഞ്ഞോ ഭസ്മമായോ 
അലിഞ്ഞു ചേരുന്നത് 
സമയത്തിന്റെ ജലത്തില്‍, ജലധിയില്‍..

29-Mar-2013

അലക്ക്ഒറ്റയാഴ്ചത്തെ വിയര്‍പ്പും വിഴുപ്പു-
മലക്കി വെളുപ്പിക്കുമ്പോഴേയ്ക്ക് 
കൈ കുഴയുന്നു. 
നടുവൊടിയുന്നു. 

ഹൊ, സമ്മതിക്കണം,  കാലപുരുഷനെ- 
അതോ കാലസ്ത്രീയോ, 
സ്ത്രീയാവാനാണിട, 
നാണിമണ്ണാത്തിയെപ്പോലെ-
നിത്യേന എത്ര ജീവിതങ്ങളുടെ ചോര. ചലം, 
നീര്‍ക്കെട്ടിന്‍ കറ, 
മൂത്രം, മലം, പാപം, ദുഖം, 
ആര്‍ത്തി, ആസക്തി 
കുത്തിപ്പിഴിഞ്ഞലക്കിയുണക്കി,
ഒന്നു നടുനീര്‍ത്തുക പോലും ചെയ്യാതെ...

24-Mar-2013

ഉദ്ബുദ്ധത
നെല്‍വയലില്‍ 
കതിിര്‍മണികൊത്തിത്തിന്നുന്ന 
തത്തെയെയോ പ്രാവിനെയോ നോക്കുക, 
അതിന്റെ ദ്രുതം ദ്രുതം പിടയുന്ന ചിറക,് 
ഒരു വിരല്‍ഞൊടിപ്പുകേട്ടാ-
ലൊറ്റപ്പറത്തം പറക്കാന്‍ പാകത്തിലുള്ള ജാഗ്രത, 
കൂട്ടില്‍ക്കിടക്കുന്ന ഒരു പറവയ്ക്ക്, 
സുരക്ഷിതമായ ഒരിടത്ത് 
ജീവിച്ചു വളര്‍ന്ന ഒരാള്‍ക്ക് അസാധ്യം. 

ജാഗ്രത, കൃത്രിമമായി ഉണ്ടാകുന്നതല്ല, 
നൈസര്‍ഗ്ഗികമായ ഉള്ളുണര്‍വ്വാണത്. 
ബുദ്ധിപരമായ ജാഗ്രതയുടെ, 
മനോജാഗ്രതയുടെ, 
ശരീരജാഗ്രതയുടെ 
ഏകോപനത്തില്‍നിന്നുല്‍ഭൂതമാകുന്ന 
ആന്തരികമായ ഉണര്‍വ്വാകുന്നു ഉത്ബുദ്ധത....


22-Mar-2013

നാട്ടമ്പലത്തിലേയ്‌ക്കൊരു സാന്ധ്യസവാരി


~ഇന്ന് എന്റെ നാട്ടമ്പലത്തിലെ ഉത്സവമായിരുന്നു. പേരില്ലാത്തോന്‍ എന്നാണ് അവിടുത്തെ ദൈവത്തിന്റെ പേര്...പണ്ടൊരു തറവാട്ടിന്റെ മണ്‍പുരയില്‍ ഏകാന്തയായിക്കഴിഞ്ഞ ഒരമ്മൂമ്മയ്ക്ക് പനിച്ചു പൊള്ളുന്ന ഒരു പാതിരയ്ക്ക് ഇത്തിരി കരിങ്ങാലിവെള്ളമനത്താനാരോ ഒരു കനല്‍ക്കട്ടയെറിഞ്ഞു കൊടുത്തു, ആരിത് തന്നൂ എന്ന് ഏറെച്ചോദിച്ചിട്ടും ഉത്തരം ഉണ്ടായില്ല, അങ്ങനെയാ കാരണ സ്വരൂപത്തെ അമ്മൂമ്മ പേരില്ലാത്തോനെന്നു പേരിട്ട് തിരിവെച്ച് പൊലിപ്പിക്കാന്‍ തുടങ്ങി.

സ്‌ക്കൂളിന്നു വന്ന് നനയും കുളിയും കഴിഞ്ഞു പുറപ്പെടുമ്പോഴേയ്ക്ക് ആഘോഷ വരവിന്റെ കൊട്ട് നട കേറാന്‍ നേരമായിരുന്നു. തീനാളങ്ങള്‍ അഗ്നിശലഭങ്ങളെയെന്നപോലെ ചെണ്ടക്കൊട്ടിന്റെ  ഒച്ച അതിലേയ്ക്കു വലിച്ചടുപ്പിക്കുന്ന ഒരു മാന്ത്രിയൊച്ചയാണ്. ഏറെ നേരം അതു കേട്ട് വീട്ടിനുള്ളിലടച്ചിരിക്കാന്‍ ഒരാള്‍ക്കും പറ്റില്ല. 

അയല്‍ വീട്ടിന്റെ മുന്നിലൂടെ വേണം എനിക്കമ്പലത്തില്‍ പോകാന്‍. ആ വീടിന്റെ കേലായില്‍ അവിടുത്തെ മുത്തച്ഛനുണ്ട് പൊട്ടക്കിണറ്റില്‍ വീണുപോയ കാക്കക്കുട്ടിയെപ്പോലെ കിടന്നു പിടയ്ക്കുന്നു. കണ്ണില്‍ നിന്ന് കണ്ണീര്‍ ധാരധാരയായൊലിക്കുന്നുമുണ്ട്. അമ്പലത്തീ പോകാന്‍ പറ്റാത്തതിന്റെ പ്രാളമാണെന്ന് മൂത്തമ്മ പറഞ്ഞു. എന്റെയൊപ്പം പോരുന്നോന്ന് ചോദിച്ചപ്പം മൂപ്പന്‍ വലിയ സന്തോഷത്തോടെ, ലജ്ജയോടെ എന്നെയും കൂട്ടണേ എന്ന യാചനയോടെ തുറിച്ചു നോക്കി. ഉടന്‍ ഞാനും മൂത്തമ്മയും കൂടി ആ നാട്ടുജീവിതപ്രമാണിയെ പുറപ്പെടീച്ചൊരുക്കി. പുതിയ കുപ്പായമൊക്കെയിട്ടപ്പം മൂപ്പരൊരു മണവാളന്റെയത്രേം ഉത്സാഹവാനായി. എഴുന്നേറ്റു നിന്ന് തുളുമ്പിച്ചിരിച്ചോണ്ട് കുഞ്ഞുങ്ങളെപ്പോലെ കയ്യടിച്ചു. 

മൂത്തമ്മയോടും ഒരുങ്ങാന്‍ പറഞ്ഞു. ആദ്യമിത്തിരി ഒഴിഞ്ഞു മാറാന്‍ നോക്കി. ഒരുതള്ളു കൊടുത്തപ്പോള്‍ വേഗം ഉടുത്തതു മാറ്റി വന്നു. നല്ല രസമുള്ള നടത്തം. എന്റെയൊരുകയ്യില്‍ മൂത്തമ്മേം മറുകയ്യില്‍ മുത്തച്ഛനും തൂങ്ങിപ്പിടിച്ചു നടന്നു. നടത്തമല്ല പിച്ച വെപ്പ്. പാതയില്‍ ഓരോ ആളെക്കാണുമ്പോഴും ചെറിയ കുട്ടികളുടെ മാതിരി മുത്തച്ഛന്‍ അവരോടെന്തെന്തെങ്കിലും ചോദിച്ചു. വലിയ സന്തോഷത്തോടെ ചിരിച്ചു. ബഹുമാനപുരസ്സരം കൈകൂപ്പി. മൂത്തമ്മ കുറേ അഭിമാനിനിയായിരുന്നു. ഇങ്ങനെ എല്ലാരോടും കുശലം പറയുന്നതൊന്നും അത്ര നല്ലതല്ലെന്ന് അവര്‍ എന്നോടു പിറുപിറുത്തു. എനിക്കെന്തെങ്കിലും മാനക്കേടു സംഭവിക്കുന്നുണ്ടോ എന്ന് അവര്‍ ഇടയ്ക്കിടെ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. 

പാതയില്‍ കണ്ടുമുട്ടിയവരെല്ലാം മുത്തച്ഛനും മൂത്തമ്മയ്ക്കും വലിയ പ്രാധാന്യമാണ് കൊടുത്തത്. പയ്യെപ്പയ്യെ പുറത്തേയ്ക്കിറങ്ങിയ ഒരാദ്യനടത്തക്കാരനെ കണ്ടാല്‍ കാണിക്കുന്ന അതേ ഉത്സാഹത്തോടെ എല്ലാവരും അവരുടെ വൈകുന്നേര സവാരിയെ പ്രശംസിച്ചു. ഒരു വാഹനമെന്തെങ്കിലും വിളിക്കാമായിരുന്നു എന്നൊരാള്‍ അനുതപിച്ചു. ശ്രദ്ധിച്ചു പിടിച്ചോളണേ എന്ന് ഒരാള്‍ ഓര്‍മ്മിപ്പിച്ചു. പതുക്കെപ്പതുക്കെ ഞങ്ങള്‍ അമ്പലനടയിലെത്തി. ഒരു തിറ ആടിത്തീരുകയായിരുന്നു. കൊട്ടുതാളത്തിന്റെ ഉള്‍പ്പിരിമുറുക്കത്തില്‍ ആളുകള്‍ സ്തബ്ദരായി നിന്നു. ഓളങ്ങളെ വകഞ്ഞു പോകുന്നപോലെ ഞങ്ങള്‍ ആള്‍ക്കൂട്ടത്തെ വകഞ്ഞു വകഞ്ഞ് മുന്നേറി. ഒരു പാട് പേര്‍ മുത്തച്ഛനേം മൂത്തമ്മയേയും ഉറ്റു നോക്കുന്നത് സ്വകാര്യമായി എനിക്കു കാണാന്‍ പറ്റിയിരുന്നു. 

നേരായ ദൈവത്തിന്റെ മുന്നില്‍, എത്തിയതുപോലെ രണ്ടുപേരും ദീപനാളങ്ങള്‍ക്കു മുന്നില്‍ കുമ്പിട്ടു. വിറയ്ക്കുന്ന വിരലുകൊണ്ട് കീശയില്‍ നിന്നൊരു നോട്ട് തപ്പിയെടുത്ത് ഭണ്ഡാരത്തിലിട്ടു. തറവാട്ടുമേലധികാരി ഒരു പീഢത്തിലിരിക്കുന്നതു കണ്ട് മുത്തച്ഛന്‍ അടുത്തു ചെന്ന് കൈകൂപ്പി. 
മൂപ്പര്‍ക്ക് ആ  സ്ഥലത്തു നിന്നും തിരികെപ്പോരാന്‍ വൈമനസ്യമുള്ള പോലെ തോന്നി. മൂത്തമ്മ പോകാം പോകാമെന്ന് ധൃതി കൃട്ടിക്കൊണ്ടിരുന്നു. 

തിരികെയെത്തിയപ്പോള്‍ വലിയ തീര്‍ഥയാത്രകഴിഞ്ഞെത്തിയവരെപ്പോലെ രണ്ടാളും ക്ഷീണവിശ്രാന്തരായി വീട്ടു വരാന്തയില്‍ ഇരുന്നു. 

ഇനിയെത്തെ ഉത്സവത്തിന്, ഇനി എല്ലാ ഉത്സവത്തിനും നമുക്കിതുപോലെ പോണം.  ഞാന്‍ മുത്തച്ഛന്റെ കാതില്‍ പറഞ്ഞു.. നിഷ്‌കളങ്കമായ ഒരു പൊട്ടിച്ചിരിയോടെ മൂപ്പര്‍ എന്റെ കൈകളില്‍ മുറുകെപ്പിടിച്ചു...     

21-Mar-2013

ഇതരന്റെ ദുഖംരണ്ടു സ്‌നേഹിതന്മാരുണ്ടായിരുന്നു, 
പരമ ദരിദ്രന്മാര്‍.
കഷ്ടപ്പാടുകളുടെ വലിയ ഭാണ്ഡം ചുമക്കുന്നവര്‍. 
പക്ഷെ അവരൊരിക്കലും 
ദുഖികളായിരുന്നില്ല, 
അവരൊരിക്കലും തളര്‍ന്നിരുന്നുമില്ല, 
ദൈവത്തെക്കുറിച്ചോ 
വിധിയെക്കുറിച്ചോ പരാതി പറഞ്ഞിരുന്നില്ല,
അവരുടെ പ്രാര്‍ഥന കണ്ണീരില്‍ കുതിര്‍ന്ന്
വിഴുപ്പൂ മണമുയര്‍ത്തിയില്ല, 
അത് നനവറ്റ ചിറകുമായി 
വെള്ളക്കൊറ്റികള്‍പോലെ ആകാശത്തേയ്ക്കുയര്‍ന്നു, 
കാരണം അവരിരുവരും ചുമന്നത്, 
ഇതരന്റെ പ്രശ്‌നങ്ങളായിരുന്നു, 
ഇതരന്റെ ദുഖമായിരുന്നു.....


18-Mar-2013

കവിതയുടെ സത്യംഎല്ലാ നിലവിളികളും 
എല്ലാ വിതുമ്പലുകളും 
എല്ലാ ചിരിയും 
രോഷവും പ്രണയവും 
വിരഹവും  വിയോഗവും 
കവിതയാകുന്നു....
വികാരഭരിതമായ ഓരോ മാത്രയും
കവിതയാകുന്നു..
.ഒഴിഞ്ഞ നിമിഷങ്ങള്‍ 
നിശ്ശൂന്യതയുടെ കവിതകളും.


17-Mar-2013

വന്നതും പോകുന്നതും

മഴ, മഞ്ഞ്, വേനല്‍, 
വസന്തം, പൂക്കള്‍ പലേ 
പക്ഷികള്‍, ശലഭങ്ങള്‍, 
കാറ്റുകള്‍, 
നാനാ ദിക്കില്‍ നിന്നും 
വരുന്നു 
പാറിയും പറന്നും പിന്നെ
യോതോ നിയോഗപോല്‍
കര്‍മ്മങ്ങള്‍, കടമകള്‍ തീര്‍ത്ത് 
മറ്റേതോ ദിക്കും നോക്കി
വന്ന പോല്‍ യാത്രയാകുന്നു.  

പാതയോരത്തെ മര-
മൊക്കെയും കയ്യേല്‍ക്കുന്നു 
പ്രശാന്തം, നിസ്തബ്ദമാ-
യൊക്കെയും വിട്ടു നല്‍കുന്നു...

16-Mar-2013

വേരുകള്‍
മരങളുടേയും പടര്‍പ്പുകളുടേയും
പുല്ലുവള്ളികുറ്റിച്ചെടികളുടേമെന്നപോലെ 
പക്ഷികള്‍ടേം ഉരഗങ്ങള്‍ടേം 
മീനുകള്‍ടേം ശലഭങ്ങള്‍ടേം 
മേഘങ്ങള്‍ടേം മഴവില്ലുകള്‍ടേം 
എല്ലാ മരുഷ്യരുടേം
എല്ലാ വിചാരങ്ങള്‍ടേം 
എല്ലാ സ്വപ്നങ്ങള്‍ടേം 
വേരുകളും മണ്ണിലാണ് 
ഒറ്റയൊറ്റത്തരികളുടെ നനവില്‍, 
ലവണത്തില്‍...

13-Mar-2013

നാട്ടു മാങ്ങാക്കൊതിഇന്ന് രാവിലെ സ്‌കൂളിലെത്തിയ ഉടന്‍രണ്ടു പഴുത്തമാങ്ങകള്‍ സമ്മാനമായി കിട്ടി. രണ്ടും നാട്ടുമാങ്ങകള്‍. രണ്ടു വിധത്തിലുള്ളവ. രണ്ടിനും രണ്ടുമണം. നാട്ടുമാഴയുടെ ഓരോ മധുരങ്ങള്‍ പോലെ ഓരോമണങ്ങളും..  

ഒന്നിന് നല്ല മഞ്ഞ നിറമായ്ടുണ്ട്. ഒന്നിന്റെയത് ഇത്തിരി പച്ചകലര്‍ന്ന മഞ്ഞനിറം. രണ്ടുമാങ്ങകളും വേഗം ബാഗില്‍ ഒളിപ്പിച്ചു. ഒന്നു രണ്ടു മിനിട്ടു കൂടി കഴിഞ്ഞാല്‍ കൊതിപിടിച്ച അവകാശികള്‍ ചുറ്റും കലമ്പിക്കൂടും..

.സാധാരണ കിട്ടുന്ന മാങ്ങകളിലേറെയും, ഒരുണ്ണിമാങ്ങയായാല്‍പ്പോലും ഞങ്ങള്‍ നൂറ്റൊന്നിച്ചിപ്പോന്ന കഷണങ്ങളായി വീതിച്ച് വരിവരി നിന്ന് പങ്കുവെച്ച് തിന്നു തീര്‍ക്കലാണ് പതിവ്. പഴുത്തതാണെങ്കില്‍ മാറിമാറി ഈമ്പിയീമ്പി....
പക്ഷെ, ആ രണ്ടുമാങ്ങകളും ഞാനാരും കാണാതെ ഒളിപ്പിച്ചു... 

വൈകുന്നേരം എല്ലാരും പോയ്ക്കഴിഞ്ഞപ്പോള്‍ ക്ലാസുപൂട്ടാന്‍ നേരത്ത് ഫാത്തിമ ഓടിയടുത്തു വന്നു. അവളേറ്റവും ചെറിയ കൂട്ടുകാരി. 
രാവിലത്തെ മാങ്ങേലൊന്നു തര്വോ? 
അവള്‍സ്വകാര്യം പറയുന്ന  ചെറിയ ഒച്ചേല്‍ ചോദിച്ചു. അത്രം നേരം എഴുതുന്നതിന്റേം ചിത്രം വരയ്ക്കുന്നതിന്റെം കളിക്കുന്നതിന്റേം പാടുന്നതിന്റേമൊക്കെയിടയ്ക്ക്, ഓട്ടങ്ങള്‍ക്കും ചാട്ടങ്ങള്‍ക്കുമിടയ്ക്ക് ഒരുകുഞ്ഞിപ്പെനസിലിനെ പാവാടക്കീശേല്‍ ഒളിപ്പിക്കുന്ന സൂക്ഷ്മതയോടെ അവളൊളിപ്പിച്ചു വെച്ചിരുന്നു ആ മാങ്ങാക്കൊതി.!...

ഞാന്‍ പക്ഷെ, ഓരോന്നും പറഞ്ഞ്, രണ്ടും ഇത്തിരി ചീഞ്ഞതാണെന്നു കള്ളം പറഞ്ഞ്, നാളെ ആദ്യം കിട്ടുന്ന ഒന്ന് മുഴുവനായും തരാമെന്ന് മോഹിപ്പിച്ച് എങ്ങനെയോ അവളെ മടക്കിയയച്ചു...അവളോടിപ്പോകുമ്പോള്‍ അവളെ തിരിച്ചു വിളിക്കാന്‍ തോന്നിയിട്ടും ഞാനതു ചെയ്തില്ല. അവളുടെ കാല്‍ച്ചുവടുകള്‍ സങ്കടമുള്ള ഒരോട്ടത്തിന്റെതായിരുന്നുവെന്ന് എനിക്കു പിന്നേം പിന്നേം തോന്നി...
പലപ്രാവശ്യം മറക്കാന്‍ ശ്രമിച്ചിട്ടും ഫാത്തിമേടെ പാവം മാങ്ങാക്കൊതി എന്നെ പിന്‍തുടര്‍ന്നു. 
ഉണ്ണിക്കുട്ടനും ഞാനും കൂടെ രണ്ടു മാങ്ങകളും ഈമ്പിയീമ്പിക്കുടിച്ചു. ഒന്നിരിത്തിരി പുളിയുണ്ടായിരുന്നു. രണ്ടാമത്തേത് ശരിക്കും തേനായിരുന്നു. മാങ്ങയണ്ടി മുളപ്പിക്കാന്‍ വേണ്ടി ചാണകവെള്ളത്തില്‍ മുക്കിവെച്ചു. 

ഫാത്തിമയുടെ കൊതിയെപ്പറ്റിയും അവള്‍ ചോദിച്ചതിനെപ്പറ്റിയും പറഞ്ഞപ്പോള്‍ ഉണ്ണി രണ്ടെണ്ണമില്ലായിരുന്നോ, ഒന്നവള്‍ക്ക് കൊടുക്കാഞ്ഞത് തെറ്റായിപ്പോയെന്നു പറഞ്ഞു.. 
ഹൊ, എനിക്കത്രേം ഇഷ്ടായിരുന്നു, കൊതിയായിരുന്നു...

ഇഷ്ടമുള്ളതാണ്, നമുക്ക് വെണം എന്നു തോന്നുന്നതാണ് വിട്ടുകൊടുക്കേണ്ടത്.. അതാണ് സ്‌നേഹം.. 
എവിടെയോ വായിച്ച ഒരു വരിയുടെ മുന കൊണ്ട് അവനെന്റെ മുറിവിലൊന്നുരച്ചു........

ഫാത്തിമേ, നീയെന്നേടുക്ഷമിക്കണേ....
നാളെ നാട്ടുമാങ്ങ കിട്ടുമ്പോള്‍...
ദൈവമേ, എനിക്കറിഞ്ഞു കൂട, ഞാനതു പിന്നെയും ഒളിപ്പിക്കുമോയെന്ന്..

12-Mar-2013

അഞ്ചര വയസ്സുള്ള കുട്ടിഅഞ്ചരവയസ്സുള്ള കുട്ടി 
നേരത്തെ ഉറക്കമുണര്‍ന്ന് 
കുളിയും പല്ലുതേപ്പുമൊക്കെ കഴിഞ്ഞ് 
സ്‌ക്കൂള്‍ ബാഗില്‍ 
രണ്ടു സെറ്റ് ഉടുപ്പ്, 
ഒരു തോര്‍ത്തുമുണ്ട്, 
മ്‌മ്മേം പപ്പേം താനും കൂടി നില്‍ക്കുന്ന 
നിറയെ സന്തോഷത്തിന്റേം ചിരിയുടേം 
കാലത്തെടുത്ത ഒരു ഫോട്ടോ, 
കഴിഞ്ഞ പിറന്നാളിന് 
കൂട്ടുകാരി കൊടുത്ത കഥാ പുസ്തകം,
മേരിയ എന്ന വിളിപ്പേരുള്ള പാവക്കുട്ടി, 
ഇവയെടുത്തു വെച്ച്, 
ആരെയും ഉണര്‍ത്താത്ത വിധം 
പതിഞ്ഞ ശബ്ദത്തില്‍ നടന്ന്, 
വാതില്‍ തുറന്ന്, ഗെയിറ്റ് തുറന്ന്, 
റയില്‍വേ ക്രോസും 
പ്രധാന നിരത്തും മുറിച്ചു കടന്ന്, 
ഇറങ്ങിയിറങ്ങിപ്പോകുന്ന 
ഒരൂടുവഴിയിലൂടെ തെറ്റി നടന്ന,് 
പിന്നെയാര്‍ക്കും 
തിരഞ്ഞു കണ്ടെത്താനാവാഞ്ഞ വിധം
മയഞ്ഞു മയഞ്ഞു പോയി....


കവിതയുടെ പേരിന് പഴയൊരു മുകുന്ദന്‍കഥയോട് കടപ്പാട്‌


11-Mar-2013

ദുഖവിശ്രാന്തി
കയ്യിലെ കോപ്പയില്‍ക്കാല-
മേറെപ്പക്കം വന്ന 
ദുഖത്തിന്‍ മുന്തിരിച്ചാറ്, 

ഇറ്റിറ്റായതും മുത്തി
യന്തിമങ്ങൂഴം നോക്കി - 
യിരിപ്പൂ വരാന്തയില്‍...


10-Mar-2013

എന്തു മധുരം...
അപ്പൂട്ടന് കറമൂസപ്പഴം വല്യഷ്ടാട്ടോ.. 
നല്ലരസല്ലേ കറമൂസപ്പഴം.. തിന്നാല്‍ കൊതിതീരില്ല്യ.. 
അപ്പൂട്ടന്റെ വീട്ടന്റെ മുറ്റത്ത് ഒരു കറമൂസമരണ്ട്. 
അതിന്റെ മേലെ കറമൂയുണ്ടാവുന്നോ ഉണ്ടാവുന്നോന്നും നോക്കി അപ്പൂട്ടന്‍ കൊതിയോടെ കാത്തിരുന്നു. മഴക്കാലം കഴിഞ്ഞപ്പം കറമൂസേടെ മേലെ നിറയെ പൂവിട്ടു... പിന്നെയാ പൂക്കളൊക്കെ കുഞ്ഞിക്കായ്കളായ്. 
പിന്നേം കഴിഞ്ഞപ്പോ ആ കുഞ്ഞിക്കായകള് വലുതായി വലുതായി വല്യ ഒന്നാം തരം കറമൂസകളായി... കറമൂസേള് പറയ്ക്കാന്ന് പറഞ്ഞപ്പം, അപ്പൂട്ടന്റമ്മ പറഞ്ഞു, ആയിട്ടില്ല അപ്പൂട്ടാ, നീ ക്ഷമിക്ക്, 
കുറച്ചു ദിവസോം കൂടിക്കഴിഞ്ഞാല്‍ കറമൂസ പഴുക്കും.  
പഴുത്തോന്ന് അമ്മയ്‌ക്കെങ്ങന്യാ മനസ്സിലാവ്വാ.. 
അപ്പൂട്ടന്‍ ചോദിച്ചു. അതോ, അപ്പൂട്ടന്റമ്മ പറഞ്ഞു. കറമൂസകള് പഴുത്താലേ ഇ പച്ചനെറം മാറി നല്ല മഞ്ഞ നെറാവും...പ
ിന്നെയെന്നും മഞ്ഞയാവുന്നോ മഞ്ഞയാവുന്നോന്ന് നോക്കിനോക്കിക്കോണ്ടിരിരുന്നു, അപ്പൂട്ടന്‍. ഒരീസം അമ്മമ്മേടങ്ങ് കൂടാന്‍ പോയി വന്നു നോക്കുമ്പഴുണ്ട്, ഹായ്, ഏറ്റവും മോളിലെ കറമൂസയാകെ മഞ്ഞനിറം. അപ്പൂപ്പന്‍ ഓടിച്ചെന്ന് അമ്മയോടു പറഞ്ഞു, അമ്മേ, അമ്മേ, കറമൂസ പഴുത്തല്ലോ... 
അപ്പം അമ്മ മുറ്റത്തു കറമൂസമരത്തിന്റെ അടുത്തു ചെന്നു നോക്കി. 
ശരിയാ അമ്മ പറഞ്ഞു, കറമൂസ പഴുത്തല്ലോ, നമുക്കു നാളെരാവിലെ അതു പറിച്ചു തരാന്‍ അച്ഛനോടു പറയാം. 
പിറ്റേന്ന് അപ്പൂട്ടന്‍ നേരത്തെയെഴുന്നേറ്റു, അച്ഛനേം അമ്മയേം വിളിച്ച് മുറ്റത്തേയ്ക്ക് ചെന്നു... അപ്പഴെന്താ കാണുന്നതെന്നോ, പഴുത്ത കറമൂസപ്പഴത്തിന്റെ മോളിലിരുന്നുണ്ടാരണ്ണാന്‍ കുഞ്ഞ് നൊട്ടി നൊട്ടി നുണഞ്ഞു കറമൂസതിന്നുന്നു...
അച്ഛാ, അണ്ണാന്‍ കറമൂസതിന്നുന്നു, 
ഓടിക്ക് അച്ഛാ, അമ്മേ, അണ്ണാന്‍ കറമൂസ തിന്നുന്നു, 
ഓടിക്ക് അമ്മേ... 
അച്ഛന്‍ അണ്ണാന്‍ കുഞ്ഞിനെ ഓടിക്കാന്‍ നോക്കിയപ്പം അമ്മ പറഞ്ഞു, 
പാവല്ലേ അപ്പൂട്ടാ, അപ്പൂട്ടന് വെശക്കുമ്പം തിന്നാന്‍ പത്തിം ചോറും ബിസ്‌ക്കറ്റുമൊക്കെയുണ്ട്.. ഈ പാവം അണ്ണാന്‍ കുഞ്ഞിന് ആരാ, ചോറും ബിസ്‌ക്കറ്റുമൊക്കെ കൊടുക്കുക... ഓടിച്ചാല്‍ അണ്ണാന്‍ കുഞ്ഞിന് വിശക്ക്‌ല്ലേ...
ഓ, അത് ശര്യാട്ടോന്ന് തോന്നി അപ്പൂട്ടന്.. 
വേണ്ടച്ഛാ, അപ്പൂട്ടന്‍ പറഞ്ഞു...അണ്ണാന്‍ കുഞ്ഞിനെ ഓടിക്കണ്ടാ...
അപ്പം വിശപ്പു മാറിയ അണ്ണാന്‍ കുഞ്ഞ് ചില്‍ചില്‍ന്ന് ചിരിച്ചോണ്ടോടിപ്പോയി. കറമൂസപ്പഴം താഴവീണു. അണ്ണാനിത്തിരിയേ തിന്നിട്ടുള്ളു... ബാക്കി മുഴുവനും കഴുകിച്ചെത്തി അമ്മേം അച്ഛനും അപ്പൂട്ടനും കൂടി തിന്നു..ഹായ് എന്തു മധുരം...


09-Mar-2013

നടക്കാതെത്തുന്ന ദൂരങ്ങള്‍


നടക്കാതെത്തുന്നൂ നാം 
എത്രയോ ദൂരങ്ങളില്‍. 
ഉലയാതെ, 
ചിറകനക്കാതെ 
അനന്ത വിഹായസ്സില്‍, 
ആനന്ദവിഹായസ്സില്‍.08-Mar-2013

ഒറ്റക്ഷണം കൊണ്ട്
ഒരൊറ്റക്ഷണം കൊണ്ട് 
ജീവിതം മുഴുവനായും മാറുന്നു. 
തെക്കോട്ടു വെച്ച ഒരു ചുവട് 
വടക്കോട്ട് തിരിക്കുമ്പോഴേയ്ക്ക്, 
പറയണം പറയണം എന്നു തോന്നിയത്, 
വേണ്ട പറയേണ്ട എന്ന് 
സമാധാനപ്പെടുമ്പോഴേയ്ക്ക്, 
ഒന്നു ചിരിക്കുമ്പോഴേയ്ക്ക്, 
ഒക്കെയും ഒന്നടുക്കുപ്പെറുക്കി 
വെയ്ക്കുമ്പോഴേയ്ക്ക്...

ഒറ്റ മഴകൊണ്ട് ഒരു ഋതു 
വേറൊരു ഋതുവായി മാറുന്നു, 
ഒരു തരിശ് ഒരു വനമാകുന്നു. 
വറ്റിപ്പോയ ഉറവ പുനര്‍ജ്ജനിക്കുന്നു.

06-Mar-2013

പരിശീലനംഎന്തെങ്കിലും ഒന്നും ചെയ്യുമ്പോള്‍ 
ആ കാര്യം ഏറ്റവും ലളിതമായി, 
ഏറ്റവും കൃത്യമായി 
ഏറ്റവും സുന്ദരമായി എങ്ങനെ  ചെയ്യും 
എന്നു പഠിക്കുക മാത്രമാണ്, അല്ലേ... 

ചിതരുതേയി വെല്യമ്മ ജീവിതാന്ത്യം വരെ 
ഓലമടയല്‍, പുല്ലരിയല്‍, 
പയ്യിനെ നോക്കല്‍, കറക്കല്‍, 
ഉണ്ണിയപ്പം ഉണ്ടാക്കല്‍ പഠിച്ചോണ്ടിരുന്നു. 
കണാരച്ചന്‍ ഒടുക്കം വരെ പുര കെട്ടും 
തെങ്ങിന് തടമെടുക്കലും മതിലു കെളയും 
പച്ചോലത്തത്തയെ മെടയലും. 
ഡ്രൈവറു ശിവരാമേട്ടന്‍ എപ്പഴും പറയും 
ഇപ്പഴും ചക്രം പിടിക്കാന്‍ പഠിക്കുന്നൂന്ന്.

നോക്കൂ, 
നീയെന്നെ പ്രണയിക്കാന്‍ 
പഠിപ്പിച്ചോണ്ടിരിക്കുന്നു. 
എങ്ങനെ മൃദുവാകണമെന്ന്, 
നനവുള്ളവനാകണമെന്ന്,
എങ്ങനെ നുണഞ്ഞാലിറ്റുപ്പെങ്കിലുമാകണമെന്ന്.
ഓളങ്ങളിലിട്ടൊഴുക്കിയൊഴുക്കിയും 
ഉരച്ചും നനച്ചും ഉണക്കിയും....

04-Mar-2013

വര

പുലരിയെ വരയ്‌ക്കേണ്ട-
തിത്തിരി വെയില്‍ നാമ്പുകള്‍ 
പൊടി മഞ്ഞില്‍ക്കുതിര്‍പ്പിച്ച്.  
ആകാശക്കീറുപോലുള്ളോ-
രിളം നീലക്കടലാസില്‍.

ഇരുട്ടിന്‍ ജലശ്ശീലയില്‍ 
വൈദ്യതസ്ഫൂലിംഗത്തില്‍
തീയും ചാരവും ചേര്‍ത്തു
വരയ്ക്കണം കാലങ്ങളെ.

ദൈവത്തെ വരയ്ക്കുമ്പോള്‍, 
പ്രണയം വരയ്ക്കുമ്പോള്‍ 
ഒഴുക്കു വരയ്ക്കുമ്പോലെ 
ബ്രഷുകള്‍ കൊണ്ടല്ലാതെ, 
രേഖകളൊന്നുമില്ലാതെ, 
നിറങ്ങള്‍ ചാലിക്കാതെ.


03-Mar-2013

നിശ്ശബ്ദതപുലര്‍കാലത്തിന്റെ 
നനുത്ത നിശ്ശബ്ദതയിലൂടെ 
ഒരു കുരുവിപ്പാട്ട് 
ചിറകടിച്ചു പറക്കുന്നു. 
മൗനത്തിന്റെ ജലവിതാനത്തില്‍ 
പക്ഷെ അത് അലകളുണ്ടാക്കുന്നില്ല...


02-Mar-2013

നിശ്ശൂന്യത


ജീവിതം തീരുംമുമ്പ് 
മരണം വിഴുങ്ങുംമുമ്പ് 
ഒരൊറ്റ സൂക്ഷ്മമാത്രതന്‍ 
മഹാ നിശ്ശൂന്യത.


01-Mar-2013

അനല്പംദാഹത്തിനെനിക്കൊരു
കൈക്കുമ്പിള്‍ വെള്ളമേ വേണ്ടൂ.
പക്ഷെയതാറ്റൊഴുക്കിലെ, 
തോരാത്ത വര്‍ഷത്തിലെ,
വെള്ളത്തിന്നതിരിരറ്റ 
പ്രളയാന്തപ്പരപ്പിന്റെ...
കോപ്പയില്‍ കുടിച്ചാലൊന്നും 
തീരില്ലാ ജലാസക്തി.  

തനിച്ചു പാര്‍ക്കാനൊരു 
കരിയിലക്കൂടേ വേണ്ടൂ, 
പക്ഷെയക്കൂടെനിക്കൊരു 
വിസ്തൃത വനത്തിന്റെ,
മഹാ മാമരത്തിന്റെ-
യങ്ങേച്ചില്ലയില്‍ വേണം...

വേരാഴ്ത്താനെനിക്കൊറ്റ 
മണ്‍തരി മാത്രം മതി
എങ്കിലുമാ മണ്‍തരി
യനാദി കാലത്തിന്റെ-
യനന്തസ്ഥലത്തിന്റെ
ഉറവാര്‍ന്നൊരൊറ്റത്തരി...