30-Sep-2012

അയലോക്കംജനലോരത്തെ ശതാവരി വള്ളിയില്‍ വന്നിരുന്ന് 
ഈ പച്ചില മറവില്‍ 
കുറച്ചുകാലത്തേയ്‌ക്കൊരു 
പുരകെട്ടിയ്‌ക്കോട്ടേയെന്നു ചോദിച്ചു, 
ഒരു ചെറുപ്പക്കാരന്‍ കുരുവി. 
ഇത്തിരിമാറി തെച്ചിക്കൊമ്പില്‍ 
അകത്തേയ്ക്കു സാകൂതം നോക്കിയിരിപ്പുണ്ട് 
മൂപ്പരുടെ പൊണ്ടാട്ടി. 
മാരീഡാനോ? 
ഞാനൊരു പതിവിന്‍പടി വീട്ടുടമയായി. 
കുരുവിച്ചെറുക്കന്‍ ഒന്നു പുരുങ്ങി, 
പെണ്ണൊന്നു ചിരിച്ചെന്നു തോന്നി. 
വീടുവെച്ചതിന്റെ രണ്ടാംനാള്‍മുതല്‍ 
കലഹം തുടങ്ങിയേക്കരുത്. 
ഞാന്‍ പറഞ്ഞു, 
എന്റെ ഏകാന്തതയ്ക്ക് ഭംഗം വരുത്തരുത്...
അനാവശ്യവിചാരങ്ങളും 
പുറത്തേയ്ക്ക് പുകയുന്ന ആകുലതകളും കൊണ്ട്
ദയവായി ഞങ്ങളുടേയും..
തെച്ചിക്കൊമ്പില്‍ നിന്നിരുന്നവള്‍ ഓര്‍മ്മിപ്പിച്ചു.

26-Sep-2012

മുത്തശ്ശിയുടെ മരണംമുറ്റത്തു വരിയിട്ടുപോവുകയായിരുന്ന 
ഉറുമ്പിന്‍ നിരയെപ്പോലും 
ഒന്നലോസരപ്പെടുത്താതെയാണ് 
മരണം മുത്തശ്ശിയെകൊണ്ടു പോകാന്‍ 
പടികേറിവന്നത്. 
മരണത്തിന്റെ കാലില്‍ 
ഇത്തിരിചെളിയോ അഴുക്കോ 
ഉണ്ടായിരുന്നില്ലെന്ന് തീര്‍ച്ച. 
അടിച്ചു തുടച്ചുമിനുക്കിയിട്ടിരുന്ന നിലത്ത് 
പൊടിനടപ്പാടുപോലും കണ്ടില്ല. 

മുത്തശ്ശിയോട് 
വലിയ ബഹുമാനംതന്നെ കാണിച്ചു മരണം. 
മരണ ദിവസം ഒരാഘോഷവീട്ടിലേതുപോലെ 
തറവാട്ടുമുറ്റം അലങ്കരിക്കപ്പെട്ടിരുന്നു. 
അശോകവും പാരിജാതവും ഇലഞ്ഞിയും 
നിറയെപൂത്തുനിന്നു. 
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര പൊടിപ്പായിരുന്നു 
മുത്തശ്ശിക്കേറെയോമനപ്പെട്ട ചക്കരക്കുഞ്ഞുമാവിലക്കുറി. 
ആകാശം മുത്തശ്ശീടെ 
ചൂലുപാഞ്ഞ മണല്‍ മുറ്റംപോലെ, 
മുത്തശ്ശന്റെ ഖദര്‍മുണ്ട് കഞ്ഞിമുക്കിയാറിയിട്ടപോലെ 
അഴുക്കറ്റു കിടന്നു.  

ജീവന്‍ ഇറുത്തെടുക്കുന്ന ഇത്തിരിവേദനയറിയാതിരിക്കാന്‍ 
മരണം മുത്തശ്ശിയോട് തമാശയെന്തോ പറഞ്ഞിരുന്നു. 
കോടിപുതച്ചു കിടപ്പിലും ഉണ്ടായിരുന്നു
അതിന്റെ നാണം പുരണ്ട ചിരി. 

25-Sep-2012

കാലാന്തരംഒരിക്കല്‍ തപം ചെയ്ത 
മരത്തിന്‍ മണമുണ്ടാകും 
ഒരിക്കല്‍ നിന്റെ പൂക്കള്‍ക്ക് 
ഇലയ്ക്ക് ആത്മാവിന്ന്. 
ഒരിക്കലേതു വൃക്ഷത്തിന്‍ 
പോടില്‍ നീ കൂടു കൂട്ടിയോ 
പിന്നൊരിക്കലതിന്‍വേരു 
കുടിക്കും നിന്നാന്തരം ജലം. 
ഒരിക്കല്‍ നായാടാനാ
യയച്ച വാക്കിന്‍മുന 
കാലദൂരങ്ങള്‍ചുറ്റി
ക്കറങ്ങിത്തിരിച്ചെത്തി
ത്തറയ്ക്കും നിന്‍ നെറ്റിക്കണ്ണില്‍. 
ഒരിക്കലുരഞ്ഞുരഞ്ഞു-
യിര്‍പ്പിച്ച തീത്തുള്ളിയാ-
ണൊരിക്കല്‍വിഹായസ്സില്‍ 
നീയെന്ന വാല്‍നക്ഷത്രം.

21-Sep-2012

പേടി


പിന്നെയും പിന്നെയുമെന്റെ മുന്നില്‍ 
വെയിലിന്റെ ചെത്തം വിരിച്ചു കാട്ടി 
നിഴലിന്‍ പദംവെച്ചു നൃത്തമാടി 
കാറ്റിന്റെ കൈകളാലൂയലാട്ടി 
എന്നിട്ടുമെന്നിട്ടുമെന്തിനേ ഞാ- 
നോരോ പകലും വിളിച്ചുണര്‍ത്താന്‍ 
ജാലകം മെല്ലെത്തുറന്നിടുമ്പോള്‍ 
ആദ്യമായ് കാണ്‍കയാണെന്നമട്ടില്‍
ഭീതിയോടെന്‍ പുറം തോടിനുള്ളില്‍ 
കണ്ണുകള്‍ പൂട്ടിയൊളിച്ചിരിപ്പൂ...


20-Sep-2012

അല്പം


ഗാഢ നിദ്രയില്‍ 
നിന്നുണരാനൊരു 
ശുഷ്‌ക പത്ര-
മടര്‍ന്ന ശബ്ദം മതി. 

ഭൂവിലാകെ-
ത്തെളിച്ചം നിറയ്ക്കുവാന്‍ 
നിന്റെ കണ്ണിലെ-
പ്പൂവിടര്‍ന്നാല്‍ മതി.19-Sep-2012

മഞ്ഞുതുള്ളി


പുല്‍പ്പടര്‍പ്പിനുള്ളില്‍ നിന്നൊ-
രിത്തിരിക്കിനാവു പോല്‍
വാനിലേയ്ക്കു കണ്‍തുറന്ന
ശ്യാമ സൗമ്യ പുഷ്പമേ,
നിന്നിലേയ്ക്കടര്‍ന്നു വീണ
മഞ്ഞു തുള്ളിയാണു ഞാന്‍
വെയിലു വന്നു മെല്ലെയൊന്നു
മുത്തുകില്‍ മറഞ്ഞുപോം.


17-Sep-2012

പഠിപ്പു കഴിഞ്ഞുള്ള പാഠങ്ങള്‍വേഗക്കുറവു പഠിക്കുന്നു ഞാന്‍, 
എണ്ണപ്പുഴുവുമൊരൊച്ചും
അന്തിക്കാറ്റും 
ഏറെ നിറഞ്ഞു ശമിച്ച സമുദ്ര-
ത്തിരമാലകളും വെച്ചപദത്തിന്‍
മുദ്രകളെണ്ണി നടന്നു പഠിപ്പൂ
വീണ്ടും പിത്തനെ പിത്തനെ. 

ഒച്ചക്കുറവു പഠിപ്പൂ 
ഇടനാഴിയിലൊരു 
പ്രണയാതുരമാം വരവിന്‍
കാല്‍പ്പെരുമാറ്റം 
കാലപ്പുഴയുടെയക്കരെയെന്നോ
കത്തി ദഹിച്ചു മറഞ്ഞവനത്തി-
ന്നുള്ളിലിരുട്ടിന്‍
ചോട്ടിലുണര്‍ന്നു ഭജിക്കും
കരിമണ്‍ പുറ്റിന്‍ രാമംരാമം,
പച്ചിലവിരലിന്നറ്റം പെയ്യുമൊ- 
രൊറ്റത്തുള്ളികള്‍,
ശാന്തസമാധിമിടിക്കും 
താളക്കൊട്ടിന്‍ താണവിതാനം 
ചൊല്ലുമിടര്‍ച്ചകള്‍ 
മെല്ലെനെ മെല്ലെനെ മൂളി.

നേടിയെടുത്തു നിറഞ്ഞു തുളുമ്പുവ-
തെങ്ങനെയെന്നു പഠിച്ചില്ലേയിനി-
യൊക്കെയുപേക്ഷിച്ചുയിരുവിടര്‍ത്തുവ-
തെങ്ങനെയെങ്ങനെയെന്നു പഠിക്കാം.

16-Sep-2012

വിനിമയം


ആരെയോ തിരയുന്നൂഞാ
നജ്ഞാതനൊരാളെങ്ങോ 
ആരെയെന്നറിയാതെ
എന്നെയും തിരയുന്നുണ്ടാം.

ജീവിതത്തിരക്കില്‍ ഞാ-
നൊരാളെത്തട്ടിവീഴ്ത്തുന്നു.
വാക്കിനാല്‍, വിചാരത്താല്‍,
സ്വപ്നത്താല്‍ നോവിക്കുന്നു. 

അശ്രദ്ധമൊരാളെയ്‌തോ-
രമ്പെന്റെയുറക്കത്തിന്റെ
അടഞ്ഞ കണ്‍പോളയില്‍ 
തുളഞ്ഞു കയറുന്നു. 

ആര്‍ക്കുമായല്ലാതൊരു 
വേലിപ്പൂ വിടരുന്നു, 
ആരോടുമാവാമൊരു 
പൈതല്‍ പുഞ്ചിരിക്കുന്നൂ


15-Sep-2012

ഒഴുക്ക്


വെയിലു വിളിച്ചിനി
യുണരാം ഞാനെന്‍ 
കണ്ണു തുറക്കുന്നു. 
കാറ്റു വിളിച്ചു 
നടക്കാം മെല്ലെ 
യിറങ്ങിനടക്കുന്നു.
സന്ധ്യ പറഞ്ഞിനി
മതിയീയാനം 
ചേക്കയടങ്ങുന്നു. 
ഇരുളു കിടക്കാന്‍ 
പായ വിരിക്കെ 
കണ്ണു കെടുത്തുന്നൂ.


13-Sep-2012

കാട്ടുപൂവിന്റെ ചിരിനീരൊലിപ്പിന്റെ പാട്ടുകേ-
ട്ടയലത്തെപ്പച്ചിലപ്പൊന്ത
താളത്തില്‍ തലയാട്ടുന്നു.
ഉച്ചക്കിടാത്തന്മാര്‍
മരച്ചോട്ടിലൊളിപ്പിച്ച
വെയിലിന്‍ വെള്ളമുത്തുകള്‍ 
അന്തിക്കാറ്റൊളിച്ചെത്തി 
കട്ടെടുത്തോടിപ്പോയി.
പാതയോരപ്പടര്‍പ്പിലെ 
കാട്ടുപൂവിന്റെ കണ്ണുകള്‍
ജീവിത കഥായന
രസത്താല്‍ച്ചിരി തൂകുന്നു.

12-Sep-2012

പാഠങ്ങള്‍
ദൈവത്തിന്നൊന്നാം പാഠ-
മുള്ളഴിഞ്ഞുള്ള നിലവിളി.
കൈനീട്ടല്‍, 
മെല്ലെത്തൊടല്‍,
കേള്‍ക്കലും 
നോക്കിനില്‍ക്കലും.
പുഞ്ചിരിക്കാന്‍ പഠിക്കുമ്പോള്‍
പാഠങ്ങളവസാനിക്കും.


11-Sep-2012

എന്തൊരെളുപ്പംമരിക്കാനെ-
ന്തെളുപ്പമീ 
മിഴിയൊന്നു 
ചിമ്മിയാല്‍ മതി.

ഉയിര്‍ക്കാനോ 
വെളിച്ചത്തിന്‍ 
നേര്‍ക്കൊന്നു 
നോക്കിയാല്‍ മതി.

08-Sep-2012

പ്രണയഭൈരവി
1
ക്ലാസ്ട്ടീച്ചര്‍ അവധിയായിരുന്നതിന്റെ ഉത്സാഹത്തില്‍ മതിമറന്നുചെയ്തുപോയ എന്തോവികൃതിത്തരത്തിന് അടുത്തക്ലാസിലെ മാഷിന്റെ കയ്യിലെ ചൂരല്‍ വടിയില്‍ നിന്നു കിട്ടിയ പൊള്ളുന്ന നേര്‍രേഖയില്‍ പിന്നെയും പിന്നെയും തൊട്ടുതൊട്ടുഴിഞ്ഞ് വയല്‍ വരമ്പെത്തിയപ്പോള്‍ ഹേമച്ചേച്ചിയോടുപറഞ്ഞു, ദുഷ്ടന്‍, ഓന്റച്ഛന്‍ ഇന്നുതന്നെ ചത്തുകെട്ടുപോട്ടെ. യ്യോ ന്റെ കുട്ടാ, ഹേമച്ചേച്ചി അവരുടെ സ്വതേ വലിയകണ്ണുകള്‍ ഒരമ്പിളിമാമന്റെയത്രയും വലിപ്പത്തില്‍ വിടര്‍ത്തിപ്പറഞ്ഞു.
കുട്ടന്‍ വേറെയേത് മാഷമ്മാരെ വേണേ ശപിച്ചോളൂട്ടോ, സൗമിനിട്ടീച്ചറയോ ലീലാമ്മ മിസ്ട്രസ്സിനെയോ ഒക്കെ ശപിച്ചോളൂ. വിശ്വനാഥന്‍ മാഷെ മാത്രം ശപിക്കല്ലേ. പീന്നെയും ഇത്തിരികൂടി ഒച്ചതാഴ്ത്തി അവര്‍ പറഞ്ഞു. ഞാനും വിശ്വനാഥമ്മാഷും തമ്മിലേ വല്യ പ്രേമത്തിലാ. ഞാനിത്തിരീം കൂടെ വലുതാവുമ്പോ മാഷ് നളിനിട്ടീച്ചറെ ഉപേക്ഷിക്കും.ന്നിട്ട് ന്നെ കെട്ടും. അപ്പം കുട്ടന് കളര്‍പ്പെന്‍സിലൊക്കെ വാങ്ങിച്ചുതരണ്ടേം സിനിമയ്ക്ക് കൊണ്ടോവണ്ടേം ആളാ.  
വയല്‍ വരമ്പില്‍ ഞാനന്തം വിട്ടുനിന്നു. ഹേമച്ചേച്ചി അന്ന് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഹേമച്ചേച്ചിയുടെ ക്ലാസ്മാഷായിരുന്നു വിശ്വനാഥന്‍മാഷ്.

2
ഏഴാം തരത്തിലെത്തിലെക്കിയപ്പോള്‍ മുറുക്കന്‍ രാഘവനെന്ന് വിളിപ്പോരുള്ള വിചിത്ര സ്വഭാവമുള്ള ഒരുത്തനോടായി ഹേമച്ചേച്ചിയുടെ പ്രണയം. എനിക്കപ്പോള്‍ ഇത്തിരിയിത്തിരി കാര്യങ്ങളൊക്കെയറിയാനുള്ള മനസ്സായിക്കഴിഞ്ഞിരുന്നു. ഇതെന്തു പ്രാന്താ ചേച്ചിയിപ്പറയുന്നേ? ഇലഞ്ഞിച്ചോട്ടില്‍ വെച്ച് 
ക്രോധം സഹിക്കാനാവാതെ ഞാനവരോട് തട്ടിക്കയറി. അയാളൊരു മനുഷ്യനാ? കുടിയന്‍, അടിപിടിക്കാരന്‍, പെണ്ണു പിടിയന്‍, മുറുക്കന്‍ രാഘവന്‍...
ഒക്കെ നൊണയാ കുട്ടാ. 
ഹേമച്ചേച്ചി പറഞ്ഞു. അയാള്‍ടെ കെട്ട ജീവിതൊക്കെ ഞാന്‍ മാറ്റിയെടുക്കും. നല്ലോണമൊന്നുകുളിപ്പിച്ച് ഓണക്കോടി മുണ്ടൊക്കെ ഉടുപ്പിച്ചാത്തന്നെ അയാളൊരു സുന്ദരനായി മാറും.ന്ന്ട്ട് കുറ്റം പറഞ്ഞോര്‌ക്കൊക്കെ അസൂയ തോന്നിപ്പിച്ച് ഞങ്ങള് ഈ വഴീലൂടെയൊക്കെ നടക്കും...

3
തീണ്ടാരി പ്രായെത്തിയ പെണ്‍കുട്ടികള്‍ വഴി നടക്കുന്നതുപോലും കണ്ടുകൂടാത്ത ആ നാട്ടുഭൈരവമൂര്‍ത്തി തന്റെ പിന്നാലെ പ്രേമാഭ്യര്‍ത്ഥനയുമായിനടക്കുകയാണെന്നും ആദ്യത്തെ പേടിയും അകല്‍ച്ചയുമൊക്കെ മാറി തനിക്കുമിപ്പോള്‍ പ്രേമം തോന്നി വരുന്നുണ്ടെന്നും ഒരുദിവസം ഹേമച്ചേച്ചി എന്നോടു പറഞ്ഞു. അഞ്ചാം തരത്തിലോ ആറാം തരത്തിലോപഠിച്ചിരുന്ന ഞാനന്ന് സ്‌ക്കൂളിലെ കഥാമത്സരത്തിനയച്ചു കൊടുക്കാന്‍ ഒരു കഥതേടിയുഴറുന്ന കാലമായിരുന്നു. ഹേമേച്ചിയുടെ പ്രേമം കഥയ്‌ക്കൊക്കെ പറ്റുന്ന ഒരൊന്നാംതരം നൊസ്സാണെന്നെനിക്കു തോന്നി. വലിയതാല്‍പര്യം കാട്ടിക്കൊണ്ട് ഞാനവരുടെ പിന്നാലെ കൂടി. പക്ഷെ ഒരിത്തിരി ദൂരമേ എനിക്കവരെ പിന്‍തുടരുവാനായുള്ളു. വെളിച്ചത്തെക്കാള്‍ ഇരുട്ടു നിറഞ്ഞ ആ വഴിയില്‍ നിന്നും പേടിസ്വപ്നത്തില്‍ നിന്നെന്നപോലെ ഞാന്‍ കുതറിയോടി...

4
ഭൈരവമൂര്‍ത്തിയുമായുള്ള പ്രണയം കലഹിച്ചൊഴിഞ്ഞതില്‍ പിന്നെയാവണം ഹേമച്ചേച്ചി ആളാകെ മാറിയെന്നു തോന്നി. അവളൊരിരുത്തം വന്ന പെണ്ണായതുപോലെ. പ്രണയത്തിന്റെ കുട്ടിത്തം അവളില്‍ അപ്പോഴും അങ്ങനെ തന്നെ നിന്നു. ഇക്കുറി തന്നെക്കാള്‍ അഞ്ചാറുവയസ്സെങ്കിലും പ്രായക്കുറവുള്ള ഒരു സ്‌ക്കൂള്‍ക്കുട്ടിയായിരുന്നു അവരുടെ പ്രണയിതാവ്. അവന്റെ പൊളിഞ്ഞ സ്‌ക്കൂള്‍ ബാഗില്‍ കുറെ ചായപ്പെന്‍സിലുകളും കടലാസുചുരുളുകളും മാത്രമായിരുന്നു. അക്ഷരങ്ങളില്‍ നിന്നും അക്കത്തില്‍ നിന്നുമൊക്കെ എത്രയോ ദൂരെയായിരുന്നു ആ കുട്ടി. 
അവനാകട്ടെ ആരോടും ഒന്നും പറയാനില്ലെന്നതുപോലെ എപ്പോഴും ആകാശം നോക്കി നടന്നു. 
കാവിലുത്സവത്തിന്റെയന്ന് ബന്ധുക്കളൊക്കെയും വെടിക്കെട്ടുകാണാന്‍പോയ തക്കത്തിന് അവരവനെ കളപ്പുരയിലേയ്ക്കു വിളിച്ചുകൊണ്ടുവന്നു. കാവിതേച്ച തണുത്ത നിലത്ത് അവരവനെ പൊത്തിപ്പിടിച്ചു കിടക്കുന്നത് കിളിവാതിലൂടെ ഞാനൊനൊളിച്ചു നോക്കിക്കണ്ടു.
അതിന്റെയടുത്തകുറി ഹേമച്ചേച്ചിയുടെ കല്ല്യാണനിശ്ചയത്തിന്റെയന്ന് വികാരലോലനായ ആ കുട്ടി കയ്യിലെ ഞരമ്പുമുറിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമം നടത്തി. അങ്ങനെ അവിചാരിതമായി തകര്‍ത്തുപെയ്ത ആ വേനല്‍ മഴപ്പാതിരായ്ക്ക് , ഏതുനവദമ്പതികളെ സംബന്ധിച്ചും അനുഗ്രഹീതമെന്നുപറയാവുന്ന ആ കുളിര്‍ത്തരാത്രിയില്‍ ധര്‍മ്മാശുപത്രിയുടെ തണുത്ത വരാന്തയില്‍ 
അവന്‍ ബോധമറ്റു കിടന്നു...

5
കല്ല്യാണത്തിനു പിന്നെയും കുടുംബക്കാരുടെ കല്ല്യാണപ്പന്തലുകളിലോ വീട്ടുകൂടലിനോ ചാവടിയന്തിരത്തിനോ സിനിമാശാലയിലെ തിരക്കിലോ ഓണച്ചന്തയിലോ ഒക്കെവെച്ച് ഇടയ്ക്കിടെ ഞാനെന്റെ ഹേമച്ചേച്ചിയെ കണ്ടിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ അവരെന്റെയടുത്തേയ്ക്ക് എടാ ഒരുസ്വകാര്യം കേള്‍ക്കണോ എന്നാകെ പൂത്തുലഞ്ഞോടിവന്നു.
അപ്പോഴൊക്കെ അവര്‍ മുത്തശ്ശിയുടെ കോന്തലയിലെ മുറുക്കാന്‍ പൊതിപോലെ ഒരു പ്രണയവിശേഷം സൂക്ഷിച്ചു വെച്ചിരുന്നു.പുതിയ തപാല്‍ ശിപായിയോട്, റിട്ടയര്‍ ഹെഡ്‌ക്കോണ്‍സ്റ്റബിള്‍ കേശവമേനോനോട്, ഗാന്ധിയന്‍ അച്ചുതന്‍ നായരോട്, മീന്‍കാരന്‍ അഷറഫിനോട്....

6
ഒടുവിലത്തെത്തവണ കാണുമ്പോള്‍ നാട്ടുപോതി കുടിയിരിപ്പുണ്ടെന്ന വിശ്വാസത്തിന്റെ മാത്രം പിന്‍ബലത്താന്‍ മുറിക്കപ്പെടാതെ കാത്തു പോന്ന നിരത്തരികിലെ അരയാല്‍ത്തണലില്‍ ബസ്സു കാത്തുനില്‍ക്കുകയായിരുന്നു അവര്‍. അവരാകെ പരവശായായിട്ടുണ്ടെന്നു തോന്നി. ഗാഢമായൊരുരുട്ടിന്റെ കാളിമ അവരിലാകെ ഉള്ളില്‍ നിന്നും പടര്‍ന്നു കയറിക്കഴിഞ്ഞതുപോലെ. പെട്ടെന്നു ബസ്സുവന്നെത്തുകയാല്‍ പുതിയ പ്രണയത്തിന്റെ ആഹാര്യ ശോഭകളൊന്നും വര്‍ണ്ണിക്കുവാന്‍ നേരം കിട്ടിയില്ലെങ്കിലും കഫക്കാറലെന്നോണം അടഞ്ഞപോല ഒരൊച്ചയില്‍ അവര്‍ പറഞ്ഞു. 
എടാ, ഇക്കുറി സംഗതി സീരിയസ്സാ. ഒന്നുകില്‍ ഞാന്‍ കൂടെപ്പോകും. അല്ലെങ്കില്‍ കൂടെക്കൊണ്ട് താമസിപ്പിക്കും...
നോക്ക് ഇതെന്റെയൊടുവിലത്തെ പ്രണയാ...


07-Sep-2012

ആദ്യത്തെ ടീച്ചര്‍


അമ്മേടെ ഏറ്റവുമടുത്തകൂട്ടുകാരി 
സുമിമോളാട്ടോ എന്ന് 
അമ്മയെപ്പഴും പറയും. 
സുമിമോളുടെത് സംശയമേയില്ല, അമ്മയും. 
അവള്‍ക്ക് പല പണികളും അറിയാം 
അമ്മ അവളെ എല്ലാ പണികള്‍ക്കും ഒപ്പം കൂട്ടും. 
വലിയതവിയും ചെറിയസ്പൂണും 
ഒരിക്കലും തമ്മില്‍തെറ്റിപ്പോവില്ല അവള്‍ക്ക്. 
കത്തി അമ്മയ്ക്കു കൊടുക്കമ്പോള്‍ 
മരപ്പിടി അമ്മയുടെ നേരെ നീട്ടിപ്പിടിക്കണമെന്നു പോലും 
അവള്‍ പഠിച്ചു വെച്ചിട്ടുണ്ട്.  
ഒമ്പതു ഗ്ലാസ്. ആറ് പ്ലെയ്റ്റ,് പതിനൊന്ന് കപ്പ്.
എല്ലാവരും സ്ഥലത്തില്ലേയെന്ന് 
പതിവായി എണ്ണം പിടിക്കും. 
ചീരയരിയുമ്പോള്‍ 
അമ്മയും അവളും ചേര്‍ന്ന് ചീരപ്പാട്ട് പാടും....
കല്യാണം കഴിഞ്ഞ് ചെക്കന്റെ കൂടെ 
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ 
അവള്‍ അവളുടെ ചെക്കനോടു പറയും 
അമ്മയാ എന്റെ ആദ്യത്തെ ടീച്ചര്‍, 
അവസാനത്തേയും. 
അപ്പോള്‍ അമ്മ ഓടിയകത്തു ചെന്ന് 
ഒരു പൊതി എടുത്തുവരും.
നിനക്ക് അവളുടെ പേരില്‍ എന്റെയൊരു സമ്മാനം. 
അമ്മ മോളുടെ ചെറുക്കനോടു പറയും.
അവളുടെ ആദ്യത്തെ എഴുത്തുകള്‍,
വരച്ച ചിത്രങ്ങള്‍....
അവളുടെ കുട്ടിക്കാലം മുഴുവനും...


06-Sep-2012

കെട്ടുംമുറുക്കും


1
പോകുമ്പോ
ളോടിയോടി 
വരുമ്പോ-
ഴിഞ്ഞിഴഞ്ഞ്, 

2
മിണ്ടാന്‍
പഠിച്ചതിനേക്കാള്‍ 
മെനക്കെടണം 
മിണ്ടാതിരിക്കാനുള്ള 
പഠിത്തത്തിന്. 

3
നടപ്പുപാഠത്തെക്കാള്‍ കഠിനം 
ഇരിപ്പു പാഠം 

4
കെട്ടിയതിനേക്കാ-
ളേറെമുറുകിയിരുന്നു 
അഴിക്കാന്‍
നോക്കിയപ്പോള്‍.


04-Sep-2012

നാല്‍ക്കവലയിലെ പ്രതിമനാല്‍ക്കവലയില്‍ 
മഹാനായ ഒരാളുടെ പ്രതിമയുണ്ട്. 
അയാള്‍ മഹാനാണെന്നു മാത്രമേ എനിക്കുറപ്പുള്ളൂ, 
അല്ലെങ്കില്‍ ആരനുവദിക്കും 
ഇത്രേം തിരക്കുള്ള ഒരിടത്ത് 
എന്നേയ്ക്കുമായിങ്ങനെ വന്നുനില്‍ക്കാന്‍. 
മണ്ണടിഞ്ഞ ഒരു രാഷ്ട്രീയ നേതാവോ 
പഴയകാലത്തെ ഒരു വിപ്ലവാകാരിയോ.
(ഓ, വിപ്ലവകാരി എന്നത് 
കാലഹരണം സംഭവിച്ച ജീവികളില്‍ ഒന്നിന്റെ പേരായി മാറി, 
സ്വാതന്ത്ര്യസമരസോനാനി എന്നപോലെ...!)

നാല്‍ക്കലപ്രതിമയെ സൃഷ്ടിച്ച ശില്‍പി 
വലിയ ഒരബദ്ധം ചെയ്തു. 
ഈ മഹാന്റെ പ്രതിമ 
വിസ്തരിച്ചു ചിരിക്കുന്ന പാകത്തില്‍ ഉണ്ടാക്കി. 
ഇപ്പോള്‍ മഴയെനോക്കി, വെയിലു നോക്കി ,
മൂടല്‍ മഞ്ഞും അന്തിക്കനപ്പും നോക്കി,
പുലര്‍ച്ചയ്ക്ക് കൊച്ചുപിള്ളാരെ കുത്തിനിറച്ച 
സ്‌ക്കൂള്‍വാനുകള്‍ നോക്കി, 
മരുന്നു വാങ്ങാന്‍ വിറച്ചു വിറച്ചു നീങ്ങുന്ന 
വൃദ്ധനെയോ വൃദ്ധയെയോ നോക്കി 
റോഡുനടുവില്‍ ഇടിച്ചു വീഴ്ത്തുന്ന 
കാറിനെയോ ബസ്സിനെയോ നോക്കി 
രാഷ്ട്രീയ ജാഥകള്‍ നോക്കി 
പോലീസുതല്ലുകള്‍ നോക്കി 
നിരത്തിലെ ചോര നോക്കി 
മന്ത്രിമാരുടെയും നേതാക്കന്മാരുടേം 
തെണ്ടിത്തരങ്ങള്‍ നോക്കി 
പാവം പ്രതിമ ദുഖിക്കാനാവാതെ 
നിലവിളിക്കാനാവാതെ 
ലജ്ജിച്ചു മുഖം താഴ്താന്‍ പോലുമാവാതെ
പടു വിഡ്ഢിയെപ്പോലെ കിളിച്ചു നില്‍ക്കുന്നു.

02-Sep-2012

കറമൂസപ്പഴം
വടക്കിനിക്കണ്ടത്തില്‍ നിന്ന് ബഹളം കേട്ട് 
ഷബാന പുസ്തകം പൂട്ടിവെച്ചു. 
ചായപ്പെന്‍സില്‍ പെട്ടിയിലിട്ട് 
അവളൊരു വീടു വരയ്ക്കുകയായിരുന്നു. 
ചെറിയ വീട്. 
ഓടുമേഞ്ഞത്. 
വരയ്ക്കുമ്പോഴെങ്കിലും അവളുടെ 
ഉദ്യോഗസ്ഥനായ അച്ഛനും 
സ്‌ക്കൂള്‍ടീച്ചറായ അമ്മയും ചേര്‍ന്നുണ്ടാക്കിയ 
കോണ്‍ക്രീറ്റ് വീടിന് ഒരു ഭംഗീല്ല. 

വടക്കെ പറമ്പില്‍ നിന്നാണ് ഒച്ചേം പടേം. 
അവിടെ അടുക്കളയോട് ചേര്‍ന്ന് കുറച്ച് ഒഴിഞ്ഞ ഇടമുണ്ട്. 
അവിടെ എങ്ങനെയോ 
വിത്തു വീണു പൊടിച്ചൊരു 
പപ്പായ മരം പൊത്തക്കാനായി വളര്‍ന്നു. 
ചക്കവലിപ്പത്തില്‍ കായ തൂക്കി 
ആ പാവം കറമൂസപ്പെണ്ണ് നില്‍ക്കുന്ന 
നില്‍പ്പുകണ്ടാല്‍ സങ്കടം തോന്നും. 

കറമൂസയോടു ചേര്‍ന്നുള്ള 
ചാമ്പയ്ക്കക്കൊമ്പില്‍ നിന്നാണ് ശബ്ദം. 
അണ്ണാന്‍, കാവതിക്കാക്ക, പുള്ളിക്കുയില്‍, കുറച്ചു പുള്ളുകള്‍...
ഓ, എല്ലാവരുമുണ്ട്...
അവള്‍ കാതോര്‍ത്തു, 
അണ്ണാന്റെ രോഷപ്രഭാഷണമാണ്.. 

ദുഷ്ടന്മാര്‍. പഴുത്തുവരുന്നേ ഉണ്ടായിരുന്നുള്ളു. 
രണ്ടെണ്ണോം പറിച്ചോണ്ടു പോയി... 
ഹോ, എത്ര പൂതിച്ചതായിരുന്നു, 
എന്റെ കുഞ്ഞിമ്മോള് ഇന്നലെക്കൂടി ഉറങ്ങാന്‍ കെടക്കുമ്പം ചോദിച്ചതാ, 
അമ്മേ എപ്പഴാ കറമൂസപ്പഴം തിന്ന്വാന്ന്..
തിന്നാ മോളേ, തിന്നാ മോളേന്ന് പറഞ്ഞ് സമാധാനിപ്പിച്ചൊറക്കിയതാ. 
ഓര്‍ക്കുമ്പം നെഞ്ച് കത്തുന്നു...
 എന്താ ഞാനിനി എന്റെ കുഞ്ഞിനോട് പറയ്യാ...
അവള്‍ക്കെന്നെങ്കിലും ഒരു കറമൂസപ്പഴത്തിന്റെ മധുരം 
അറിയാന്ള്ള ഭാഗ്യം ണ്ടോ.?
ആരും ഒന്നും ഒന്നും മിണ്ടിയില്ല. 
എന്തു മിണ്ടാനാണ്...
ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല.

അച്ഛന്‍ അന്നു രാവിലെ, പഴുത്തു വരുന്നേയുള്ളൂ 
ഇനീം വെച്ചാല്‍ വല്ല അണ്ണാനോ കാക്കയോ തിന്നും എന്നും പറഞ്ഞ് 
മൂത്തു പാകമായ കറമൂസകള്‍ അടുക്കളയില്‍ പറിച്ചു കൊണ്ടവെച്ചത് അവള്‍ കണ്ടിട്ടുണ്ട്
എന്താടീ? മുഖക്കനപ്പുകണ്ട് അമ്മ ചോദിച്ചു.
.ഉം...ഉം...അവള്‍ തലയാട്ടി... 
പുസ്തകം നീര്‍ത്തി 
അടുത്ത പേജില്‍ അവള്‍ വരയ്ക്കാന്‍ തുടങ്ങി...
ഒരു പൊത്തക്കന്‍ കറമൂസമരം.
നിറയെ കറമൂസപ്പഴങ്ങള്‍.
പഴുത്തുമഞ്ഞച്ച കറമൂസപ്പഴത്തില്‍ ഒട്ടിപ്പിടിച്ചിരുന്ന് 
മധുരം നുണയ്ക്കുന്ന ഒരമ്മയണ്ണാനും മോളും....


01-Sep-2012

ഉറക്കുത്ത്


പെണ്‍ചിതല്‍-
പ്പുറ്റുകൈവിരല്‍ 
നീട്ടിനിന്‍ പനിച്ചൂടില്‍ 
തൊടാനീ മണ്ണുമോഹിച്ചാ-
ലപ്പടിക്കോണ്‍ക്രീറ്റല്ലേ,
എങ്ങനെ സാധിക്കുവാന്‍!

മഴയായ് പൂനിലാവായി 
വെയില്‍മുത്തുമണിയായി 
ദൈവത്തിന്നൂര്‍ന്നു വീഴാനീ 
മേല്‍ക്കൂരയെങ്ങെങ്കിലു- 
മിത്തിരിയുറക്കുത്തേണ്ടേ?