10-Nov-2011

കാവല്‍നായ

ചിലവേദനകള്‍
വളര്‍ത്തുനായെപ്പോലാണ്‌.
വിചിത്രസ്വഭാവക്കാരന്‍.
ഒരു നിമിഷം വിട്ടൊഴിയില്ല,
വാലാട്ടിവാലാട്ടി പിന്നാലെ നടക്കും.
പ്രണയിയോ തപാല്‍ക്കാരനോ
രസികനായ ആ പരിചയക്കാരനോ
എതിരേ വന്നാല്‍
മുള്ളുകയോ തൂറ്റുകയോ ചെയ്യുന്ന മട്ടില്‍
ഇത്തിരി ദൂരെ മാറിനില്‍ക്കും.
ഓഫീസില്‍ ഫയലുകള്‍ നോക്കിത്തീരും വരെ
മറ്റാരും കാണാത്ത ഒരിടത്ത്‌
മേശച്ചോടുപോലെ
അടുത്തും അജ്ഞാതവുമായ ഒരിടത്ത്‌
കാവലിരിക്കും.
ഇടക്കിടെ നക്കും
പല്ലുകോറും. മോങ്ങും.
സുഖാന്വേഷണങ്ങള്‍ക്ക്‌
ആദര്‍ശവാനായ സ്‌ക്കൂള്‍ മാസ്റ്ററെപ്പോലെ
പ്രതികാരം വീട്ടുന്നു അവന്‍.
നിര്‍ദ്ദാക്ഷിണ്യം
അടിപ്പള്ളയില്‍ത്തന്നെ കടിച്ചു കുടയുന്നു.
രാത്രിയില്‍
അവന്റെ കണ്ണടഞ്ഞു കിട്ടാന്‍ ഇയാളും
ഇങ്ങോരൊന്നുറങ്ങിക്കിട്ടാന്‍ അവനും
യാമങ്ങളോളം കാത്തിരിക്കുന്നു.
ഏകാന്തതയുടെ
ചോരയുറയുന്ന തണുപ്പില്‍
ഇരുവരും
കെട്ടിപ്പിടിച്ചുറങ്ങുന്നു...

10-Aug-2011

രാവണന്റെ പ്രാര്‍ഥന


ഒരിക്കല്‍
ഒരു രാമന്റെ സീതയെക്കട്ടെടുത്ത്‌
ഞാനെന്റെയശോക-
സുഗന്ധത്തിനു ചോട്ടില്‍ പാര്‍പ്പിച്ചു,
വിങ്ങി വിങ്ങിക്കരഞ്ഞപ്പോള്‍
ഇരുട്ട,്‌ നരി,പുലി, മരണം, മാരണം, ചോര
എന്നൊക്കെ പേടിപ്പിച്ചു.
താലി,പീലി,പൊന്ന,്‌ തേന്‌,
മഞ്ചാടി , പാളമഷി,
പ്രേംനസീറിന്റെ ചിത്രം
എന്നൊക്കെ മോഹിപ്പിച്ചു.

കോപിക്കാന്‍ നോക്കിയപ്പോ-
ളെന്റെ കണ്ണിലെ
ഭയത്തിന്റെ ചുണ്ടെലിയെക്കണ്ട്‌
ചിരിക്കാന്‍ ശ്രമിച്ചപ്പോളെന്റെ
രാക്ഷസജന്മത്തിന്റെയെകിറു കണ്ട്‌
രാമ...രാമ...
എന്നവളുലയാതെയോടിപ്പോയി.

ഒടുവില്‍
കുട്ടിക്കളിമ്പങ്ങളുടെ ആഴക്കടലു ഭേദിച്ച്‌
രാമന്‍,ലക്ഷ്‌മണന്‍,
പോലീസ,്‌ പട്ടാളം, നിയമം,കോടതി ...
വാനരന്മാര്‍ ഒന്നിച്ചുവന്ന്‌
നീതിന്യായവിചാരണചെയ്‌തെന്റെ
പത്തുതലകളും ചെത്തി ശരിപ്പെടുത്തി-
യൊരാകാശമാര്‍ഗ്ഗത്തിലേയ്‌ക്കു
മോക്ഷപ്പെടുത്തി.

കാമമോഹങ്ങള്‍ക്കിക്കരെ
സുഖായിട്ടു കഴിയുമ്പഴും
ഇടയ്‌ക്കവളെക്കുറിച്ചോര്‍ക്കും,
കുഞ്ഞുകുട്ടികളും കണവനുമൊത്തു
സംതൃപ്‌തരാജജന്മം പുലരട്ടെ
എന്നു പ്രാര്‍ഥിക്കും.

01-Jun-2011

മുഖാമുഖം

ഗത്യന്തരമില്ലാത്ത
താണുവീണപേയ്‌ക്ഷയ്‌ക്കു മുന്നില്‍
ഇപ്പോള്‍ പറക്കും എന്നമട്ടില്‍
ജീവചരിത്ര വിസ്‌താരങ്ങള്‍ക്കിരുന്നു തന്നു
ആ മുഖ്യകാര്യവാഹകന്‍.
പേരു മുഴുവന്‍ ചോദിച്ചപ്പോള്‍
ഒരൊന്നാം തരക്കാരനുള്ളിലുണര്‍ന്ന്‌
ഒന്നയഞ്ഞെന്നു തോന്നി.
ചോദ്യം ജന്മനാട,്‌ വീട്‌ എന്നായപ്പോള്‍
ഒരു പാണ്ടി ലോറി നിറച്ചും ഓര്‍മ്മകള്‍
ചെങ്കോട്ട കടന്നു വന്നു.
അച്ഛന്‍ അമ്മ എന്നെത്തിയതും
ഒരോര്‍മ്മയുടെ ചൂരല്‍ പതര്‍ച്ചയില്‍ പുളഞ്ഞു.
ഓരോര്‍മ്മയുടെ മെലിഞ്ഞവിരല്‍
മുലപ്പാലുപോലെ നനച്ചു.
ഭാര്യ എന്നുചോദ്യത്തിന്‌
നനഞ്ഞമേഘത്തെ തുളുമ്പാതെ നിര്‍ത്തുന്ന
വേനലാകാശത്തിന്റെ
കുറുമ്പുവിടാത്ത പരുഷതയോടെ ,
ഇല്ല വിഭാര്യനാണ്‌.
അത്രയുമായപ്പോള്‍
എവിടെയും പോകാനില്ലാത്ത
ഒരൊഴിഞ്ഞ മനുഷ്യന്‍
അയാളുടെ പിടയുന്ന കണ്ണിന്റെ ജനാല തുറന്ന്‌
എന്നെ അകത്തേയ്‌ക്കു വിളിച്ചു.
ചൂടുചായ മൊത്തിക്കുടിച്ച്‌ പോകാനെഴുന്നേറ്റപ്പോള്‍
ഇരുപതുകൊല്ലം മുമ്പ്‌ തീവണ്ടിതട്ടി മരിച്ച
മുന്‍കോപിയായ മകന്‍ തിരിച്ചുവന്നിരുന്നെങ്കില്‍
അവനെ തൊടുമായിരുന്ന
അതേപൊള്ളുന്ന വാല്‍സല്യത്തോടെ
അറുപതോളം വര്‍ഷം പഴക്കമുള്ള ആ വിരലുകള്‍
എന്നെ തൊട്ടു.