8 Oct 2010

വീട്ടുകാരി.

മഞ്ഞച്ചേലചുറ്റിനീ-
യുണരുമ്പോള്‍
മുന്നിലുണ്ടെന്നാ-
ലണഞ്ഞൂ
വിഷുവെന്നപോ-
ലുള്ളില്‍-
പ്പൂത്തിരികത്തിഞാന്‍.

ഉമ്മറക്കോലായിലെ-
ക്കത്തിച്ചവിളക്കേനീ-
യുള്ളിലെത്തീക്കണ്ണുപോ-
ലെനിക്കു വഴികാണിച്ചു.

അമ്പിളിപ്പൂവേനിന്റെ
വിരിഞ്ഞ
ചിരികാണുമ്പോ-
ളെങ്ങോപോയ്‌
മറഞ്ഞെന്റെ-
യുള്ളിലെ-
യിരുളൊക്കെയും

പെയ്യേണ്ട
ചാറ്റിയാല്‍മതി
ആകവേ
പച്ചയ്‌ക്കുവാന്‍
നിന്റെ പാവം
വരള്‍ച്ചകള്‍.

മഞ്ഞുപോല്‍
തൊട്ടെടുക്കട്ടെ
നിന്റെയിറ്റു
വിഷാദങ്ങള്‍
തൊട്ടുതൊട്ടു
പൊട്ടിപ്പേന്‍
കുമിളക്കുട്ടി-
ക്കുറുമ്പുകള്‍.



ചേലചുറ്റിയ
തിരക്കാല്‍ നീ
കളിവീടാക്കി
ജീവിതം.
മണ്‍കലത്തി-
ലെടുത്തുനീയെന്നെ
വേവിച്ചു
പാകമാക്കിയോ?
നിനക്കു
രുചിയായെങ്കില്‍
തൃപ്‌തമാണെന്റെ
പൂരുഷം.


13 Aug 2010

പൈതൃകം

നടപ്പുയാത്രികരറിവതില്ലയീ
വഴിയിതെങ്ങുപോമിതെന്തിനീക്കടു-
മുനകളില്‍ക്കൊണ്ടു മുറിഞ്ഞുനീറ്റലും
വഴുക്കവേയള്ളിപ്പിടിച്ചു നില്‍ക്കലും
തിരക്കുകൂട്ടലിന്‍ കുഴമറിച്ചിലു-
മിരച്ചുകേറലിന്‍ സമരഘോഷവു-
മിടറിവീഴലിന്‍നിലവിളികളും,

അവരെച്ചേര്‍ത്തരച്ചളിഞ്ഞ മാംസത്തില്‍
പ്പുരണ്ട ചോരയില്‍പ്പുതഞ്ഞ കാലുകള്‍
തിരക്കുകൂട്ടിക്കൊണ്ടിതെന്തുനേടുവാ-
നറിവനറിവതില്ലവരൊരരുവനെങ്കിലു-
മൊഴുക്കില്‍ പാഴിലയടടര്‍ന്നുവീണപോ-
ലഴുക്കു ചാലിതില്‍ പിറന്നു വീണവര്‍.

പുളച്ചു നീന്തുകീ മലമിതൊക്കെയു -
മനര്‍ഗ്ഗ സുന്ദരമമൃതധാരയെ-
ന്നുറക്കവേമന്ത്രമുയര്‍ത്തിനീന്തുക-
യതാണു നമ്മുടെ മനുഷ്യപൈതൃകം.

2 Apr 2010

ജലം


കിണര്‍പ്പടവുകള്‍-
ക്കടിയിരുട്ടിലെ
ക്കുടുസ്സു വട്ടത്തില്‍,
കുടിയിരുത്തിയാ
സ്‌ഫടിക-
ക്കോപ്പയില്‍,
കലത്തില്‍,ക്കുക്കറില്‍.

ഇരുത്തിയിത്രമേല്‍
മെരുക്കി,യെന്നിട്ടു
മിണങ്ങി മാഞ്ഞില്ലേ
കടലടിക്കൊതി?

മറിഞ്ഞ ചട്ടിയി,-
ലുടഞ്ഞ ഗ്ലാസില്‍ നി-
ന്നവളിതാ വേഗ
മിറങ്ങിയോടുന്നു...

24 Mar 2010

നിറവ്‌

പതുക്കെ മേഘങ്ങള്‍
തുടച്ചെടുത്തു നീ
കൊളുത്തി വെച്ചൊരു
കുരുന്നു താരകം.

പുലരിയില്‍ മഴ
കഴുകി വെച്ചല്ലോ
പടര്‍പ്പു പുല്ലിന്റെ
തളിരിലകളും.

പുതിയ കുപ്പായ-
മുടുപ്പിച്ചേനിളം
തണുത്ത വെയിലിന്റെ
നനുത്ത ചേലയാല്‍.

കരിയിലക്കിളി-
പ്പിറുപിറുപ്പിലൂ-
ടുറഞ്ഞിടുന്നതോ
പ്രപഞ്ച ഗീതകം.

ഇനിയൊഴിക്കല്ലേ
തുളുമ്പിപ്പോകും ഞാ-
നിനി മുറുക്കിയാ-
ലുടഞ്ഞു പോകുമേ..


11 Mar 2010

അത്താഴം

അവള്‍ഫോണില്‍...
ഓഫീസുവിട്ടു വരുമ്പോള്‍
കുറച്ച്‌ ഉരുളക്കിഴങ്ങു വാങ്ങിക്കൂ,
നമുക്കിന്ന്‌ ഒരുമിച്ച്‌
ആ പ്രണയകാലത്തിന്റെ
വാടകകോലായിലാണെന്ന്‌ ഭാവിച്ച്‌
മാവുകുഴച്ച്‌..
പരത്തി ..
വേവിച്ച്‌...
ആലുപ്പൊറാട്ടയുണ്ടാക്കണം.

നിലാവു നോക്കിക്കിടന്ന്‌
ഈ കോണ്‍ക്രീറ്റും വീടിനും
വഴുക്കുന്ന മൂകതയ്‌ക്കുമൊക്കെ
മുമ്പാണെന്നപോലെ
നിങ്ങളൊരുദ്യാഗസ്ഥനും
ഞാനുദ്യാഗസ്ഥയും
ആയിക്കഴിഞ്ഞിട്ടില്ലെന്നതുപോലെ
നമ്മുടെ കുഞ്ഞുങ്ങള്‍
പിറന്നിട്ടേയില്ലെന്നപോലെ
അവര്‍ വീടുവിട്ടുപോയിട്ടില്ലെന്നപോലെ
ഒറ്റമുറിയുള്ള ഒരുവീടും
ചെറിയൊരാമ്പല്‍ക്കുളവും
അതിന്റെ കരയ്‌ക്കലെ
വെള്ളരിവള്ളികളും
സ്വപ്‌നം കാണണം.


4 Mar 2010

കൃഷ്‌ണഗാഥ

പോയതില്‍പ്പിന്നെ
ആ പുഴത്തീരത്തേയ്‌ക്കു
മടങ്ങിയതേയില്ല അയാള്‍.
മഥുരയില്‍
വലിയ വരായകളുണ്ടത്രെ.
ദാനവും ധര്‍മ്മവുമുണ്ടെന്ന്‌.
ഏതോ ഒരു കുചേലനെ
തൊട്ടു കൂട്ടി
കുബേരനാക്കിയെന്നും.
മഹായുദ്ധങ്ങളുടെ
ചരടുവലിക്കാരനാണെന്നും കേട്ടു.

വറ്റിയ നദികളുടേയും
അടിവേരുണങ്ങിയ
കദംബവൃക്ഷങ്ങളുടേയും
ആ കരിഞ്ഞ നാട്ടുമ്പുറത്ത്‌
പ്രണയം
അടുക്കളയ്‌ക്കൊറ്റു കൊടുത്ത
രാധിക
ഇപ്പോഴും പുകമുട്ടിയ സ്വരത്തില്‍
കൃഷ്‌ണാ ...കൃഷ്‌ണാ...
എന്നടുപ്പില്‍ തീയൂതുന്നു.

കഴുകിക്കമിഴ്‌ത്തിയ ഓട്ടുപാത്രങ്ങള്‍ക്ക്‌
ചാരംതൊടാതെയും കണ്ണാടിമിനുപ്പ്‌.
ചുട്ടെടുത്ത കാരയപ്പത്തിന്‌
ശര്‍ക്കരയരയ്‌ക്കാതെ മധുരം.

22 Feb 2010

അരങ്ങും അടുക്കളയും

അച്ഛനരങ്ങത്തായിരുന്നു ;
അമ്മ അടുക്കളയിലും.
അരങ്ങത്തെ വല്യായ്‌മകളുടെ പേരില്‍
അച്ഛനെ നെറ്റിപ്പട്ടം കെട്ടിച്ചുനടത്തുന്നതുകാണാന്‍
ഒരിക്കലും അമ്മ പോയിരുന്നില്ല.
ഞങ്ങള്‍ കുട്ടികള്‍
സിമന്റുതിണ്ണയുടെ തണുത്ത മുതുകില്‍ ആനകളിച്ചു.
വലുതായപ്പോള്‍ എന്നുള്ളിലെ ഇഷ്‌ടങ്ങള്‍
അമ്മ അച്ഛന്‍ അമ്മ എന്നൂഞ്ഞാലാടി.
ഉള്ളിലച്ഛനായിരിക്കെ
എന്റെ നടത്തം ഘോഷയാത്രയിലെ
എടുപ്പുകുതിര നടത്തമായി.
വാക്കുകള്‍ ചൊല്ലിപ്പഠിച്ചത്‌.
ചിരി,കരച്ചില്‍ ,സ്‌നേഹം ,അനുതാപം
ഒക്കെ ഒരപരന്റെ.
അപ്പോള്‍ ഞാനെന്നെ പേറുന്നവന്‍.
അമ്മയിലായിരിക്കെ
ചെമ്പരത്തിപ്പടര്‍പ്പുകള്‍ക്കപ്പുറം
ഒരിടവും എന്നെ മോഹംകാട്ടി വിളിച്ചില്ല.
ഇഞ്ചിയെരിവിലന്നം കുഴച്ചുചേര്‍ത്തതിലൊടുങ്ങി
ജഠരാര്‍ത്തി.
അപ്പോള്‍ കലണ്ടറോ ഘടികാരമോ
അലോസരപ്പെടുത്തിയില്ല.
തറവാട്ടു ചുവരില്‍ തൂക്കിയിടാന്‍
നീട്ടെഴുത്തുകളൊന്നും നേടിയില്ലെങ്കിലും
പൂമുഖത്തടുത്തടുത്തിരിക്കെ
അമ്മയുടെ കുറിയ ജീവിതത്തിന്‌
അച്ഛന്റെ വല്യായ്‌മകളിലും
വലിപ്പമുണ്ടെന്ന്‌ അച്ഛനുപോലുമറിയാം.
മണ്ണില്‍, ജലത്തില്‍, അഗ്നിയില്‍
അമ്മ വേഗമലിയും...

18 Feb 2010