21-May-2015


ബുദ്ധനെ കൊല്ലേണ്ടതെങ്ങനെ?


ഒരു ഗ്രാമത്തില്‍ ഒരു ബുദ്ധനുണ്ടായിരുന്നു.
ആ ബുദ്ധന്‍ ആരുടെ ജീവിതത്തിലും ഇടപെടുമായിരുന്നില്ല.
ആരോടും ഒന്നും പറഞ്ഞിരുന്നില്ല.
എന്തെങ്കിലും ഉപദേശം നല്‍കുകയോ
പ്രസംഗിക്കുകയോ ഒന്നും ചെയ്‌തില്ല.

ആ ബുദ്ധന്‌ ഒരാസ്ഥാനമോ
അമ്പലമോ ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷെ ബുദ്ധന്‍ അവിടെയുണ്ട്‌ എന്ന്‌
എല്ലാവര്‍ക്കും അറിയാമായിരന്നു.
ഓരോരുത്തരും ഒരിക്കലെങ്കിലും ബുദ്ധനെ
നേരിട്ടു തന്നെയോ ശബ്‌ദത്തിലൂടെയോ അനുഭവിച്ചിരുന്നു.
ഒരമ്മ അധികം വന്ന ഭക്ഷണം
എറിഞ്ഞു കളയാന്‍ തുടങ്ങുമ്പോള്‍
തൊട്ടു മുന്നില്‍ ബുദ്ധന്റെ ഭിക്ഷാപാത്രം പ്രത്യക്ഷപ്പെടുന്നു.
ഒരാള്‍ സ്വന്തം ഹൃദയത്തിലേയ്‌ക്ക്‌ ആഴ്‌ത്താനായി
കത്തിയുയര്‍ത്തുമ്പോള്‍
ഒരാള്‍ മറ്റൊരാളെ കൊല്ലാനായൊളിഞ്ഞു നിന്നപ്പോള്‍,
കുറച്ചുപേര്‍ ഗൂഢമായൊരു മാരണകര്‍മ്മത്തിനുവേണ്ടി
ഒത്തു ചേരുമ്പോള്‍
പെട്ടെന്ന്‌ ബുദ്ധന്‍ അവിടെയെത്തുന്നു.
കുഞ്ഞ്‌ പാതിരായ്‌ക്കുണര്‍ന്ന്‌ നിലവിളിക്കുമ്പോഴോ
വൃദ്ധ കാഴ്‌ചപോയ കണ്ണുകൊണ്ട്‌
പച്ചിലമരുന്നു തിരയുമ്പോഴോ ബുദ്ധന്‍ അവിടെയുണ്ടാവുന്നു.

ചുവരില്‍ നിന്ന്‌ അസാധാരണനായ ഒരു പല്ലിയായി.
ഒരു കാക്കയായി,
ഒരു വെറും കല്ലായി
എവിടെനിന്നെന്നില്ലാതെ
കേള്‍വിപ്പെടുന്ന ഒരൊച്ചയായി ആ ബുദ്ധന്‍.
എന്നാല്‍ അതൊരു വെറും പല്ലിയാണെന്ന്‌
ഒരു കല്ലാണെന്ന്‌
ഒരു കാക്ക മാത്രമാണെന്ന്‌
ആയിരം ഒച്ചകളില്‍ ഒരൊച്ച മാത്രമെന്ന്‌
കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും തോന്നിയില്ലെങ്കില്‍
എന്തു ചെയ്യും?

ആ നോട്ടം , ആ നിശ്ശബ്‌ദത, ചൂടുള്ള ആ വെളിച്ചം,
ഹൃദയമുലയ്‌ക്കുന്ന ആ ഒച്ച
തന്നെയാണ്‌ ലക്ഷ്യമിടുന്നതെന്നു തോന്നിയാല്‍ എന്തു ചെയ്യും!

ഒരു കാക്കയെയോ മുഴുവന്‍ കിളികുലത്തെയുമോ
ഒരു പൗരാണിക വനത്തെയോ
ഇല്ലായ്‌മ ചെയ്യേണ്ടതെങ്ങനെയെന്ന്‌
ആളുകള്‍ക്കറിയാമായിരുന്നു.
പക്ഷെ ഒരു ബുദ്ധനെ മറവുചെയ്യേണ്ടതെവിടെ
ഒരു ബുദ്ധനെ എന്നെന്നേയ്‌ക്കുമായി
കൊന്നുവീഴ്‌ത്തുന്ന സാങ്കേതിക വിദ്യയെന്ത്‌ എന്ന്‌
അവരിതുവരെ കണ്ടുപിടിച്ചിരുന്നില്ല.  

16-May-2015


ബന്ധനസ്ഥന്റെ മനോഗതം


രക്ഷപ്പെടുവാനുള്ള അവസരങ്ങള്‍
അനവധിയുണ്ടായിരുനനു.
വാതിലുകള്‍ പലപ്പോഴും
അശ്രദ്ധമായി തുറന്നു കിടന്നിരുന്നു.
കാവല്‍ക്കാര്‍ ഉറക്കം തൂങ്ങുന്നത്‌
എത്രയോവട്ടം കണ്ണില്‍പെട്ടിരുന്നു.
കാലിലെ കുരുക്ക്‌ ആദ്യമാദ്യം
ഒന്നും കുതറിയാല്‍
പൊട്ടുന്നതേയുണ്ടായിരുന്നുള്ളു,
പക്ഷെ ഞാന്‍ ഉണര്‍ന്നില്ല,
കുതിച്ചില്ല, ഓടിയില്ല, കുതറിയില്ല...
എനിക്കു തന്നെയറിഞ്ഞു കൂടാ,
ഈ വഴുക്കുന്ന ഇരുട്ടില്‍ നിന്ന്‌,
ഈ പഴകിയ മടുപ്പന്‍ ഗന്ധത്തില്‍ നിന്ന്‌,
ജീവിതമോ മരണമോ അല്ലാത്ത
ഈ അസ്വാതന്ത്ര്യത്തില്‍ നിന്ന്‌
ഞാനെന്തു കൊണ്ട്‌ എന്നെ രക്ഷിച്ചില്ല എന്ന്‌!
വിധി്‌ പ്രഖ്യാപനത്തിനുമുമ്പുള്ള
എല്ലാ വിചാരണകളിലും ആത്യന്തികമായി
ഞാനെന്തിന്‌ എന്നെ
കുരുങ്ങിക്കിടക്കലിന്നൊറ്റു കൊടുത്തൂ എന്ന...്‌ 

സ്ലോമോഷന്‍


ചെയ്‌തത്‌ തെറ്റായിരുന്നോ,
കളിച്ചത്‌ ഫൗളായിരുന്നോ
പറഞ്ഞത്‌ തെറിയായിരുന്നോ
എന്നറിയാന്‍
കാഴ്‌ച ഒന്നു കൂടി സ്ലോമോഷനിലാക്കി
സൗണ്‍ഡ്‌ ട്രാക്ക്‌ സാവാധാനത്തിലാക്കി നോക്കി.
കൈ, കാല്‍, ചുണ്ട്‌ അനക്കങ്ങളിലൂടെ
ഓരോ സ്വരത്തിലൂടെയും
അപ്പോള്‍ സഞ്ചരിക്കാന്‍ പറ്റി.
പറ്റിക്കൂടി നില്‍പിലെ അവ്യക്തത അപ്പോഴില്ലാതായി.
മോളില്‍ നിന്ന താഴോട്ടുള്ള വീഴ്‌ച
അപ്പോള്‍ പറത്തമായി.
അടി തലോടലായി.
സംഘട്ടനം പ്രണയലീലയായി.
ആക്രോശം താരാട്ടു പാട്ടായി.
ആ വലിയ ആള്‍ വീണ്ടും ശിശുവായി.
പടനായകന്‍ കോമാളിയായി.
അതെയതെ, സത്യത്തിലെത്താനുള്ള
ഏറ്റവും ശാസ്‌ത്രീയ മാര്‍ഗ്ഗം അതുതന്നെയാണ്‌ ,
ഇത്തിരി സ്ലോമോഷന്‍ പ്രയോഗിച്ചു നോക്കല്‍. 

05-May-2015


~ഒരു കിളിക്കൂക്കുപോലെ


ഒരു കിളിക്കൂക്കുപോലെ
എല്ലായിടത്തും ഉണ്ടായിരിക്കൂ.
ആക്കൊന്തില്‍നിന്നീക്കൊമ്പിലേയ്‌ക്ക്‌
ആ കുന്നില്‍നിന്നീക്കുന്നിലേയ്‌ക്ക്‌
ആ കരയില്‍നിന്നീക്കരയിലേയ്‌ക്ക്‌
ഏകാന്തകാനനയാത്രയുടെ
ഈ അറ്റം മുതല്‍
ഈ അറ്റം വരെ കേള്‍വിപ്പെടൂ.
വാതിലടച്ചുപടിക്കു
പുറത്താക്കപ്പെടുമ്പോള്‍
വെന്റിലേറ്ററിലൂടെ അകത്തേയ്‌ക്കു പടരൂ.
ഗാഢമായും നേര്‍മ്മയിലും
മൂര്‍ച്ചയുള്ളതും മൃദുലവുമായി.
ഉറക്കെ എന്നാല്‍ നിശ്ശബ്‌ദമായി
പകല്‍വെളിച്ചമോ പൂനിലാവോ പോലെ
വെയിലോ മഴയോപോലെ
പുല്‍ക്കൊടികള്‍ക്കു പോലും
പരിചിതനായിരിക്കൂ.
.എന്നാല്‍ അത്യന്തം അദൃശ്യവുമായിരിക്കൂ,
ഒരു കിളിക്കൂക്കുപോലെ... 

ചോദ്യം ചോദിക്കുന്ന കുട്ടി


സ്‌ക്കൂളിലൊന്നും പോകാത്ത
ഒരു കുട്ടിയുണ്ടായിരുന്നു.
നേരം വെളുത്താല്‍ പുരയില്‍ നിന്നിറങ്ങി
നാട്ടുവഴികളിലൂടെ ചുറ്റിക്കറങ്ങുകയും
അന്തിയോടെ വീട്ടില്‍ ചിരിച്ചെത്തുകയുമായിരുന്നു
അവന്റെ പതിവ്‌.
ഒരു മരം വെട്ടുകാരനെക്കണ്ടാല്‍
അവനതുനോക്കി കുറച്ചു നില്‍ക്കും.
അടുത്തു ചെല്ലും.
എന്നിട്ട്‌ അടക്കം പറയും പോലെ
എന്തിനാണ്‌ മരം വെട്ടുന്നത്‌ എന്നു ചോദിക്കും.

എന്തിനാണ്‌ വണ്ടിയുന്തുന്നത്‌?
എന്തിനാണീ ഭാരം ചുമന്നുകൊണ്ടുപോവുന്നത്‌?
എന്തിനാണ്‌ വയലുഴുന്നത്‌?
എന്തിനാണ്‌ കാളയെ ഉരച്ചു കുളിപ്പിക്കുന്നത്‌?
പുല്ലരിയുന്നതെന്തിനാണ്‌ ?
ഇലയടിച്ചൂ കൂട്ടുന്നതെന്തിനാണ്‌?
ഈ തുണികളൊക്കെ ഇങ്ങനെ അലക്കി
വെളുപ്പിക്കുന്നതെന്തിനാണ്‌?

ചോദ്യം ചോദിച്ച ശേഷം
അതിന്റെ ഉത്തരത്തിനായി ആ കുട്ടി
കാത്തു നില്‍ക്കുമായിരുന്നില്ല.
പുഴ ആരെയും കാത്തു നില്‍ക്കാത്തതുപോലെ
മേഘങ്ങള്‍ ആരെയും കാത്തുനില്‍ക്കാത്തതുപോലെ
കാറ്റ്‌ വാതിലോ ജനലോ അടക്കുകയോ
തുറക്കുകയോ അല്ലാതെ
ആരെയും കാത്തുനില്‍ക്കാത്തതു പോലെ... 

നര്‍ത്തകര്‍ക്കു നമസ്‌ക്കാരം


കാറ്റ്‌ ഇഷ്‌ടങ്ങളേടെന്നപോലെ
ഇഷ്‌ടക്കേടുകളോടും
ഒപ്പം നൃത്തം വെയ്‌ക്കുന്നു.
കാറ്റിനു നമസ്‌ക്കാരം...
പ്രണയത്തിനോടൊപ്പമെന്നപോലെ
ശത്രുതയോടൊപ്പവും നൃത്തം വെയ്‌ക്കുക.
രണ്ടഭിപ്രായങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍
ഏതു സ്വീകരിക്കപ്പെടണമെന്നു നോക്കാന്‍
രണ്ടഭിപ്രായങ്ങളോടും
കൈകോര്‍ത്തു നൃത്തം ചെയ്യാന്‍ പറയുക.
സത്യത്തിന്റെ സ്വരൂപം നൃത്തമാണെന്ന്‌
ആര്‍ക്കാണറിഞ്ഞു കൂടാത്തത്‌!
നിറങ്ങള്‍ കൈകോര്‍ത്തു നൃത്തംചെയ്‌കെ
പരസ്‌പരമലിഞ്ഞൊറ്റയായി,
നിറമേയില്ലായ്‌മയായി മാറുമെന്നും!
മലയോരദേശവും കടലോര ദേശവും,
ഒറ്റദൈവമതവും പലദൈവമതവും
രാജ്യങ്ങളും രാഷ്‌ട്രീയങ്ങളും
കൈകോര്‍ത്തു നൃത്തം ചെയ്യണം.
അപ്പനുമമ്മേം കൈകോര്‍ത്തു നൃത്തം ചെയ്യണം.
അങ്ങേ വീട്ടുകാരും ഇങ്ങേ വീട്ടുകാരും
ഉയിരുമുയിരും കോര്‍ത്തു നൃത്തം വെയ്‌ക്കണം.
നൃത്തം ജീവന്റെ വിളയാട്ടഭാഷയായതുകൊണ്ട്‌.
മരണംപോലും
വിമൂകനിശ്ചലതയിലേയ്‌ക്കുള്ള
താളബദ്ധമായ ഒരു ചുവടുവെപ്പ്‌ മാത്രമായതുകൊണ്ട്‌...