31 Aug 2012

നീലപ്പറവയുടെകൊക്ക്


പാതിനരച്ച ഇരുട്ടിന് നല്ലെണ്ണയുടെ മണം.
പാതിരാവിന്റെ കൊച്ചുജാലകം 
പാതയിലേയ്ക്കുതുറന്നുകിടന്നു. 
പാത വിജനതയിലേയ്ക്ക് നീട്ടിവരച്ചതായിരുന്നു. 

വഴിലുടനീളം പാല്‍ക്കാരിപ്പെണ്‍കുട്ടിയുടെ
ഉടഞ്ഞ മണ്‍പാത്രത്തില്‍നിന്നൊലിച്ച 
കൊഴുത്തനിലാവ് തൂവിയൊലിച്ചു കിടന്നു.

ഇത്തിരി മുടന്തുള്ള 
അന്ധനായ ഒരു വയസ്സന്‍ കാറ്റ് 
പാതയിലൂടെ 
ഉലഞ്ഞുലഞ്ഞുനടക്കുന്നുണ്ടായിരുന്നു.

നീലച്ചിറകുള്ള ഒരു പറവയുടെ ശരീരം 
സ്വപ്നത്തില്‍ എന്റെ കരയ്ക്കടിഞ്ഞു. 
അടയ്ക്കാത്ത വട്ടക്കണ്ണുകൊണ്ട് 
മരണത്തില്‍ നിന്ന് അതെന്നെ തുറിച്ചു നോക്കി. 
അതിന്റെ ചുവന്ന കൊക്കുകള്‍ 
എന്തോപറയാനോ 
അവസാനത്തെ കൊത്തുകൊത്താനോ വേണ്ടി 
തുറന്നു പിടിച്ചിരുന്നു. 

പനിപിടിച്ച കുഞ്ഞിനെയൊരമ്മയെന്നോണം 
ഞാനെന്റെ വേദനയെ ഞെഞ്ചോടമര്‍ത്തി 
വൃഥാ ഒരു കുട്ടിക്കാലസ്മരണയില്‍ 
അര്‍ജ്ജുനന്‍ പാര്‍ഥന്‍ എന്ന് കണ്ണടച്ചു കിടന്നു.


30 Aug 2012

ഒരുമിച്ചിരിക്കലാണോണം



എല്ലാരുമൊരുമി-
ച്ചിരുന്നൊത്തുപാടുന്ന പാട്ട്.
എല്ലാരുമൊരുമിച്ചുറങ്ങുന്ന വീട്. 
എല്ലാരുമൊരുമിച്ചു
കാണുംകിനാവിന്റെ പേര്.

എരിവുകള്‍ 
പുളിപ്പുകള്‍ 
മധുരങ്ങളൊക്കെയും
ചേര്‍ത്തുചേര്‍-
ത്തെല്ലാരുമൊരുമിച്ചു 
തീകൂട്ടി വേവി-
ച്ചിലവെച്ചു കഥ പറ-
ഞ്ഞുണ്ണുന്നൊരൂണ്.

എല്ലാരുമുണ്ടായിരിക്കണം, 
കുറിയവര്‍, നെടിയവര്‍, 
കറുത്തവര്‍, വെളുത്തവര്‍ 
മഞ്ഞച്ച തൊലിയുള്ളോര്‍,
തോളെല്ലു പൊങ്ങിയോര്‍, 
കാലടിപരന്നവര്‍... 

എല്ലാരുമുണ്ടായിരിക്കണം
മാനുഷര്‍ മാത്രല്ലുറുമ്പുകള്‍ 
പുഴുക്കളു-
മെണ്ണീയാല്‍ത്തീരാത്ത
പല ജീവജാതികളി-
ലെല്ലാരുമൊരുമി-
ച്ചിരുന്നൊറ്റയമ്മത-
ന്നൊറ്റയൊരച്ഛന്റെ 
മക്കളായരുമയായ് 
സ്‌നേഹമായമരുന്ന
കഥയാണ്
കാലമാണോണം...

29 Aug 2012

പുറത്തോണം




മുഖമൊട്ടു താഴ്ത്തിപ്പിടിച്ച് 
ദുഖിച്ച,് ഖേദിച്ച്, 
ശോഷിച്ച്, വൃദ്ധനായ,്
അലങ്കാരമൊക്കെയുപേക്ഷിച്ച്, 
മഴകൊണ്ട,് 
പഴങ്കഥപ്പരിവാരമില്ലാതെ, 
പായസക്കൊതിയറ്റ്, 
കേള്‍ക്കുന്നും കാണുന്നുമില്ലെന്ന മട്ടില്‍, 
ഞാനിവിടെയുണ്ടായിരുന്നൊരാ-
ളെന്നുപോലും മറന്നെന്ന മട്ടില്‍, 
ഓടഞരമ്പുകള്‍ പൊട്ടിയൊലിക്കുന്ന, 
കെടുചോരതൂവുന്ന 
കോണ്‍ക്രീറ്റുവഴിയിലൂ-
ടെന്നിട്ടുമന്നം പതയ്ക്കുന്ന
നേരമാമ്പേഴേയ്ക്കുമി-
ങ്ങെത്തുന്നു തിരുവോണം, 
നില്‍ക്കുന്നു മിണ്ടാതെ മുറ്റത്ത് 
വാതില്‍ തുറപ്പതും കാത്ത്.


28 Aug 2012

ആണറിവ്



മാന്ത്രികതയുള്ളൊരുപഴകാച്ചിരിയോടെ 
കണ്ണുകളിലേയ്‌ക്കൊന്നാഴത്തില്‍ നോക്കും. 
കൈത്തണ്ടയിലോ തോളിലോ 
ഒന്നു തട്ടിനോക്കിയെന്നുവരും. 
നാലാമര്‍ഥമുള്ളൊരു കടങ്കഥച്ചിരിച്ചോദ്യവും.
പിന്നെയാ ആണിനെക്കുറിച്ച് 
നാണിവല്യമ്മയുടെ തീര്‍പ്പ് 
ദൈവത്തിന്റെ തീര്‍പ്പുകള്‍ പോലെ 
ഒത്തു തീര്‍പ്പില്ലാത്തത്.

വലിയ ശമ്പളക്കാരനൊക്കെയായിട്ടെന്താ കാര്യം. 
നമ്മടെ കുട്ടിക്കവന്‍ വേണ്ട എന്നോ 
എടി പാര്‍വ്വത്യേ, അവനാളൊരു ഗന്ധര്‍വ്വനാ. 
മുറുക്കപ്പിടിച്ചോട്ടോ എന്നോ 
പിഴയ്ക്കാത്ത കല്‍പനകള്‍. 
തര്‍ക്കിക്കാന്‍ ചെന്നാല്‍ 
ചിരിയും കുശുമ്പും കലര്‍ത്തി ഒച്ചയുയര്‍ത്തും , 
എഡോ,രാഘവാ, 
എലുമ്പന്‍ ഗോയിന്നന്റെ മോനേ, 
ഈ നാണിവല്യമ്മയ്‌ക്കേ, 
ഏതാണിനേം പുറം തൊട്ടാ അകമറിയും. 
സംശയണ്ടെങ്കി നീ നിന്റെ 
ചാവാന്‍ കെടക്കുന്ന അച്ഛനോടു ചെന്നു ചോയിക്ക്, 
അല്ലെങ്കി ചുടുകാട്ടിച്ചെന്ന് അച്ഛാച്ഛനോടു ചോയിക്ക്...

കാര്യമെന്താകിലും 
വിഷം തീണ്ടിയ അശുദ്ധിയുടെ 
ഓര്‍മ്മകളൊക്കെ മാറ്റിവെച്ച് 
പെണ്ണിനെയൊരു കൂട്ടര്‍ 
കാണാന്‍ വരുന്നുണ്ടെന്നറിയിച്ചാല്‍ 
നാണിമുത്ത്യേ, 
മ്മടെ ശ്രീക്കുട്ടിക്കൊരാലോചന വന്നിട്ട്‌ണ്ടേ. 
ഉച്ചയ്ക്കവര് വരും. 
മുത്ത്യൊന്നങ്ങോട്ടെറങ്ങണം എന്ന് 
നാണിവല്യമ്മയുടെ അടുത്താളെത്തും. .  

അലക്കിമുക്കിയ തൂവെള്ളച്ചേലയുടുത്ത്,
നെറ്റിയില്‍ നെടുനീളത്തില്‍ ചന്ദനം  തൊട്ട് 
തലയുയര്‍ത്തിപ്പിടിച്ച് 
ആര്‍ക്കും ഏറ്റു വാങ്ങാവുന്നൊരു
 വെറ്റിലച്ചോപ്പന്‍ ചിരിയുമായി 
നേരം തെറ്റാതെയെത്തും. 
തിരികെ നടത്തത്തില്‍ 
ആരോടെങ്കിലുമായുറച്ചൊരൊച്ചയില്‍ 
ഒരു വട്ടമെങ്കിലും പറയും,
ങ്ഹും, കാലമെത്ര മാറിയാലെന്ത് ,
ആണിന്നൊരു മാറ്റോമില്ല. 


27 Aug 2012

അവകാശികള്‍


പുഴ മീനുകളുടേം 
ഒഴുക്കിന്റെ കൈപിടിച്ചോടുന്ന
ഒരുളന്‍ ചരല്‍ക്കല്ലുകളുടേം 
അടിപ്പായലുകളുടേം 
ഞണ്ടിന്റേം തവളേള്‍ടേം 
ആമപ്പെണ്ണാള്‍ന്റേം ആണാളിന്റേം 
ആമക്കുരുന്ന്വേള്‍ടേം ആണെന്നപോലെ 
ഓരങ്ങളുടേതുമാണ്. 

പുല്‍പ്പരപ്പിന്റെയും
തീരവൃക്ഷങ്ങളുടേം അപ്പുറത്തെ 
പച്ചക്കുന്നിനും 
അതിനമപ്പുറത്തെ ആകാശത്തിനും 
പുഴയില്‍ അവകാശങ്ങളുണ്ട്, 
സംബന്ധങ്ങളുണ്ട്. 

അത്രവിദൂരതയിലെ 
മരുമണല്‍ത്തരിക്കുപോലുമുണ്ട് 
പകല്‍ക്കിനാവിന്റെ ഒറ്റവേരറ്റമെങ്കിലും 
പുഴയില്‍...


26 Aug 2012

കരുതല്‍




എത്രമേല്‍ ചാഞ്ഞു നീ നിന്നു 
എനിക്കോടിനിന്‍ മൂര്‍ദ്ദാവിലെത്താന്‍, 
എത്രയ്ക്കുചില്ല നീ വീശി
എന്നാത്മാവു പൊള്ളാതിരിക്കാന്‍
എത്ര പതുക്കെയൊലിപ്പൂ 
എനിക്കോളം മുറിച്ചുകടക്കാന്‍ .
എത്രയടക്കിപ്പിടിച്ചു
എന്നോടമുലയാതിരിക്കാന്‍. 
എത്രമൃദുപ്പെട്ടുതന്നൂ 
എന്‍വേരിന്നു വെള്ളം കുടിക്കാന്‍ 
എത്രമേല്‍ തേനില്‍ക്കുഴച്ചു 
എന്‍ നാവിന്നു കയ്ക്കാതിരിക്കാന്‍.


25 Aug 2012

ഓര്‍മ്മ എന്ന കടല്‍



ഏതോര്‍മ്മയും ലഹരി,
ഉന്മാദം.
ഉപയോഗിച്ചോണ്ടേയിരിക്കയാല്‍ 
വിട്ടുപിരിയാനാവില്ല.

രക്ഷപ്പെടാനേറ്റവും പ്രയാസം 
ഓര്‍മ്മത്തടവറയില്‍നിന്ന്. 
ഏറ്റവും കൂടുതല്‍
കപ്പല്‍ച്ചേതങ്ങളുണ്ടായകടല്‍ 
ഓര്‍മ്മക്കടല്‍.

ഓര്‍മ്മ 
കാഴ്ചയല്ല മറയാണ്. 
അറിവല്ല, അജ്ഞതയാണ്. 
സാധ്യതയല്ല, അതിരാണ്. 
ഉത്തരവാദിത്‌ലമല്ല, ഒഴിഞ്ഞുമാറലാണ്!

ഓര്‍മ്മയിലെ മരം തളിര്‍ക്കില്ല പൂക്കില്ല, 
ഓര്‍മ്മപ്പുഴയില്‍ ഒഴുക്കില്ല ഓളങ്ങളും . 
ഓര്‍ക്കുളത്തില്‍ മീനിനോ തവളയ്‌ക്കോ 
പുലരാനാവില്ല. 
ഓര്‍മ്മയാകാശത്ത് ഉറഞ്ഞ.മേഘങ്ങള്‍ .
മരിച്ച നക്ഷത്രങ്ങള്‍.
ഓര്‍മ്മകള്‍ ചുറ്റിപ്പടര്‍ന്ന മരത്തിന്  
വെയിലില്ല, പടര്‍പ്പില്ല.

ഓര്‍മ്മയെ മറവികൊണ്ട് 
ചികിത്സിക്കാനാവില്ല.
എല്ലാമറവികളുടെയും 
ഇരുണ്ട കരിമ്പടത്തിനു ചോട്ടില്‍ 
ഒളിഞ്ഞിരിപ്പുണ്ട് 
ഓര്‍മ്മയുടെ ദുര്‍മ്മന്ത്രവാദിനി.

ഒരുമരം അതിന്റെ അപ്പന്‍മരത്തെയോ 
ഒരുകിളി അതിന്റെ അമ്മക്കിളിയെയോ 
ഓര്‍മ്മിക്കുന്നില്ല. 
എന്തെന്നാല്‍ ഒരു മരം അതിന്റെ 
അച്ഛന്‍മരവും മുത്തപ്പന്‍മരവും 
ഒരുകിളി അതിന്റെയമ്മക്കിളിയും 
അമ്മൂമ്മക്കിളിയും.



24 Aug 2012

അമ്മയില്‍കുതിര്‍ന്ന്





അമ്മയെ ഓര്‍മ്മവരുമ്പോള്‍ 
ഞാനുടനെ അടുക്കളയിലേയ്ക്കുപോവും. 
അമ്മചെയ്യാറുണ്ടായിരുന്ന 
അതേ സൂക്ഷ്മതയോടെ ശ്രദ്ധയോടെ 
നിലം തൂക്കുകയോ തുടയ്ക്കുകയോ ചെയ്യും. 
അല്ലെങ്കില്‍ പലകയില്‍ കാലുനീട്ടിയിരുന്ന് 
മഞ്ഞള്‍പ്പൊടിപ്പാത്രവും ഉപ്പുപാത്രവുമൊക്കെ 
തുടച്ചു മിനുക്കിയടുക്കും. 
ചൂടികൊണ്ട് വരിഞ്ഞ് ഒരുറിയോ 
ചിരട്ടയുരച്ച് ഒരു കയ്യിലോ ഉണ്ടാക്കും. 
ജനാലകള്‍ പൊടി തുടയ്ക്കും, മാറാല തട്ടും. 
പറമ്പിലൊക്കെ നടക്കും. 
ഈര്‍ക്കിലോ കവുങ്ങിന്‍പട്ടയോ കൊണ്ടൊരു 
ചൂലുമെടയും. 
തിണ്ടത്ത് പോയിനിന്ന് അലക്കിക്കൊണ്ടിരുന്ന 
അയല്‍ക്കാരിയേച്ചിയോട് 
ചോറും കൂട്ടാനുമൊക്കെയായോ എന്നന്വേഷിക്കും. 
മാവിനേം പ്ലാവിനേമൊക്കെ ഒന്നുതൊടും... 
മോനെപ്പറ്റി ഓര്‍ക്കും 
അവന് അട വല്യ ഇഷ്ടമല്ലേ 
വൈകുന്നേരം വരുമ്പോഴേയ്ക്ക് 
ഉണ്ടാക്കിവെയ്ക്കണമെന്നോ 
ഓ, എണ്ണമുറുക്കിയതു തീര്‍ന്നല്ലോ എന്നോ 
ആലോചിക്കും. 

അങ്ങനെയങ്ങനെ 
അകംകുതിരുവോളം
അമ്മയില്‍ 
മുടിയോളം മുങ്ങി നില്‍ക്കും.



23 Aug 2012

വിമൂകതകളുടെ വിപ്ലവം



ദാ, ഒരു പാവക്കുട്ടി പറയുന്നു, 
വേണ്ട. വേണ്ട, 
ഈ കുറുമ്പന്‍ കുട്ടിയുടെ കൂടെ ഞാനില്ല, 
അവന്റെ മുഖംകണ്ടാലറിയാം 
ഇവനൊരൊറ്റദിവസക്കൂറുകാരനാണെന്ന്. 
മൂന്നാംനാളിവനെന്നെ ചെളിയിലെറിയും. 
നീലനിറമുള്ളൊരു ഫ്രോക്ക് 
ഉലയാതെ നിന്ന് തീരുമാനമെടുക്കുന്നു, 
ഒന്നുകിലാ കൊലുന്നനെയുള്ള പെണ്ണിന്റെ കൂടെ, 
ഇല്ലെങ്കിലില്ല എനിക്കിനിയൊരു...

ചുമ്മാ ലഹളകൂടുന്ന ഈ പാര്‍പ്പുകാരിനി 
ഈ പടികയറേണ്ടെന്നു പൊറുതികെട്ടൊരു വീട്. 
എന്നിലിനി വേവണ്ട നിന്റെആര്‍ത്തിയൂണെന്നു മണ്‍കലം.
വിഴുപ്പലക്കാനെങ്കിലിങ്ങോട്ടിറങ്ങേണ്ടെന്ന് 
കുളം, കടവ്..
ഈ കുത്തിവരപ്പുകാരനിനി 
സ്വന്തം കൈവെള്ളയില്‍ കോറിവരഞ്ഞ്
കെറുവു തീര്‍ക്കട്ടേ, 
എനിക്കൊരു പൂമ്പാറ്റ വരപ്പുകാരിയുടെ 
ഉച്ചയാകാശമായാല്‍മതിയെന്നു ചിത്രപുസ്തകം.. 

22 Aug 2012

പ്രണയചുംബനത്തിന്റെ മുദ്രകള്‍



ഒരിടത്തൊരിടത്തൊരു മരമുണ്ടായിരുന്നു, 
അവന്റെ പഴമധുരത്തില്‍ 
ഒരിക്കല്‍ ഒരു മാലാഖ മോഹിതയായി. 
എന്നും പാതിരാകഴിയുമ്പോള്‍ 
പഴം പഴുത്തു പാകം വരും . 
അതിന്റെ ഗന്ധം പ്രസരിക്കും. 
മാലാഖ ഉറക്കമുണര്‍ന്ന് 
മരച്ചില്ലയിലേയ്ക്കു പറന്നിറങ്ങും, 
പ്രോമിത്യൂസ് ദേവന്റെ 
ഹൃദയം കൊത്തിയ കഴുകനെപ്പോലെ 
നിഷ്ഠൂരമായല്ല, 
പതുക്കെ, പ്രണയപൂര്‍വ്വം, കൊതിയോടെ, 
ചുവന്നു തുടുത്ത നനവാര്‍ന്ന ചുണ്ടുകള്‍കൊണ്ട് 
ഒരുമ്മവെയ്ക്കുന്നപോലെ 
മാലാഖ പഴം ഇറുത്തെടുക്കും 
അതിന്റെ മുറിവില്‍ ഒരുമ്മകൂടിവെച്ച് 
തിരിച്ചുപറക്കും.

ഹൃദയം ഇറുത്തെടുത്തപോലത്തെ 
വേദനയും സുഖവുമായി 
മരം പിന്നെയും 
ഒരു കനിയുരുട്ടിയുണ്ടാക്കാന്‍ തുടങ്ങും. 

പാതിരാത്രിയിലെ ചുംബനത്തിന്റെ ലഹരിയില്‍ 
പുതിയ ആകാശങ്ങള്‍ അന്വേഷിക്കാനോ 
പുതിയ തളിരും ചില്ലകളുംനീട്ടി
പടര്‍ന്നുയരാനോ മരം മറന്നു. 
അതിന്റെ ശ്രദ്ധമുഴുവന്‍ 
ഒരു പഴം പാകപ്പെടുത്തുന്നതിലായിരുന്നു. 
ഞരമ്പുകളുടെ ജലവും ലവണവും 
വെയിലിന്റെ അഗ്നിയും മുഴുവനായും അത് 
മധുരമാക്കി പാകംചെയ്തുവെച്ചു. 
കുറച്ചുകാലകൊണ്ട് 
ചില്ലയും ഇലകളും അടര്‍ന്ന് 
ക്ഷയിച്ച് ആ മരം  മരിച്ചു, 

പക്ഷെ ആ അകാലമരണത്തില്‍ 
അവനൊട്ടും ദുഖിച്ചില്ല, 
അവന്റെ ആത്മാവിന്റെ നെറ്റിയില്‍, 
കവിളില്‍, ചുണ്ടില്‍ 
പ്രണയ ചുംബനത്തിന്റെ 
ആയിരമായിരംമുദ്രകള്‍ 
മായാതെ കിടന്നു.

ഒരാള്‍ക്കെത്ര വൈദ്യുതിവേണം



പറയൂ സാര്‍,
ഒരാള്‍ക്കെത്ര വൈദ്യുതി വേണം? 
ആദ്യത്തെ കരച്ചില്‍ തൊട്ട് 
യാത്ര പറഞ്ഞു കൊണ്ടുള്ള 
അവസാനത്തെ നനഞ്ഞ പുഞ്ചിരിയോളം 
എത്ര മെഗോവാട്ട്? 

കണ്ണു തുറക്കാന്‍, 
പിച്ച വെക്കാന്‍, 
ചിത്രശലഭങ്ങളോടൊപ്പം തേനുണ്ണാന്‍,
ദേശാടകപ്പറത്തങ്ങളോടൊപ്പം അതിരു കടക്കാന്‍ ,
പ്രണയിക്കാന്‍, 
രമിക്കാന്‍,
രോഗവും വേദനയും മാറ്റാന്‍, 
ശാന്തനായിരിക്കാന്‍, 
പാടാന്‍, 
നൃത്തം ചെയ്യാന്‍, 
ഉറങ്ങാന്‍, 
ദൈവത്തിലൂടെയും 
പിശാചിലൂടെയും യാത്രചെയ്യാന്‍ 
ശരിക്കും ഒരാള്‍ക്ക് വേണ്ടത്
എത്ര മെഗോവാട്ട് വൈദ്യുതി? 

എത്രമെഗോവാട്ട് വൈദ്യുതികൊണ്ട് പറ്റും
പറന്നുമറഞ്ഞ ഒരു കിളിക്കൂവല്‍
തിരികെക്കൊണ്ടുവരാന്‍! 
തളംകെട്ടിയ ജലത്തെ 
ഒരോളക്കുത്തിലേയ്ക്കു പരിണമിപ്പിക്കാന്‍! 
ഒരു തളിര്‍പ്പിനെ, 
പൂമൊട്ടിനെ ഊതിയൂതിയുണ്‍മവരുത്താന്‍!
പറയൂ എത്ര മെഗാവാട്ട് 
വൈദ്യുതി പ്രവഹിപ്പിച്ചാല്‍ പറ്റും 
ഒരാളുടെ വാടിക്കരിഞ്ഞതീച്ചുണ്ടില്‍ 
ഒരുകുഞ്ഞിന്റെ തണുത്ത 
നാണം പുരണ്ട, 
ഒരു ചിരി തിരികെ വിടര്‍ത്താന്‍? 
എത്രവേണം ഒരു നഗരജീവിയെ 
വിനയമുള്ളവനാക്കാന്‍? 
മര്യാദയുള്ളവനാക്കാന്‍? 
സ്‌നേഹമുള്ളവനാക്കാന്‍?
എത്രമെഗോവാട്ട് വൈദ്യുതികൊണ്ട് പറ്റും 
ഒരു പ്രസിഡന്റിനെ, 
മന്ത്രിയെ, 
രാഷ്ട്രീയക്കാരനെ 
മനുഷ്യത്വത്തിലേയ്ക്കു 
തിരികെക്കൊണ്ടുവരാന്‍?

20 Aug 2012

മധുരമുന്തിരി



എത്ര വിശപ്പുകളുയിരില്‍ പേറി-
യലഞ്ഞൂനടപ്പൂ 
കഷ്ടമിതെന്നുടെ ജംബുക ജന്മം!

കാട്ടില്‍പ്പൂത്തമരക്കൊമ്പിന്മേല്‍
ചുറ്റിയ മുന്തിരിവള്ളിയി-
ലൊരുമണിയിരുമണി-
യായിരമണിയെ-
ന്നെത്രമിനുത്ത പ്രലോഭന ചഷകം.

അരുതരുതെല്ലാ
ചാട്ടവുമൊടുവില്‍ 
തോറ്റു തുലഞ്ഞു മടങ്ങാനെന്നൊരു
പഴമക്കഥയുടെ
തൊണ്ണച്ചിരിയുടെ റാന്തല്‍ വെളിച്ച-
ത്തിരിയതു താഴ്ത്തിത്തുള്ളുന്നുണ്ടിവ-
നൊടുവിലെയൂര്‍ജ്ജ-
ത്തുള്ളിയുമുയിരിലൊടുങ്ങും വരെയും.

കയ്ചു പുളിക്കും 
മുന്തിരിയെന്നൊരു
കള്ളംമോന്തിമയങ്ങിയവായി-
ന്നാര്‍ത്തിയി-
ലേതുകിനാവിന്‍ ചില്ലയില്‍
നിന്നുമടര്‍ന്നു പതിപ്പൂ
പഴമുന്തിരിതന്‍ മാദക മധുരം.

19 Aug 2012

പ്രേമത്തിന്റെ മിടിപ്പുകള്‍


ആരാംക്ലാസില്‍ പഠിച്ചോണ്ടിരുന്നപ്പോല്‍ 
അധികമൊന്നും മിണ്ടാത്ത ഒരു പെണ്ണുമായി് 
ഞാന്‍ വല്യപ്രണയത്തിലായി. 
എന്തെങ്കിലും പറയാന്‍ തോന്നിയാല്‍ 
ഒരു വാക്കു പറയും മുമ്പേ 
അവളുടെ വല്യവട്ടക്കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. 
കവിളുകള്‍ ചുവന്നു തുടുക്കും. 
ചുണ്ടുകള്‍ കരയാനുള്ളതുപോലെ വിറയ്ക്കും. 
ഒന്നും പറയില്ല. 

പറയാനുള്ളതിനു പകരം 
അവള്‍ 
സമ്മാനങ്ങള്‍ കൊണ്ടത്തരാന്‍ തുടങ്ങി. 
കുഞ്ഞു ചിത്രങ്ങള്‍, 
വളപ്പൊട്ടുമാല 
മുത്തുമണികള്‍ 
കളര്‍പ്പെന്‍സില്‍ 
താക്കോല്‍ത്തൂക്കി
കൃഷ്ണന്റെ രൂപം... 

പിന്നീട് എന്റേയും അവളുടേയും
ജീവിതത്തിന്റെ കര 
പലപ്രാവശ്യം പ്രളയത്താല്‍ മുങ്ങി.
പക്ഷെ
ആ നേടിയിരിപ്പുകളിലൊരു 
വെള്ളാരം കല്ലുപോലും 
പോയ്‌പ്പോകാതെ സൂക്ഷിച്ചു.  
അതിലേരോന്നും കയ്യിലെടുത്തു 
കാതോടുചേര്‍ത്താല്‍കേള്‍ക്കാം 
എനിക്കവളുടെ നെഞ്ചിന്റെ മിടിപ്പ്, 
പനിച്ചൂട്.


18 Aug 2012

അടിപ്പള്ളയിലൊരു സ്വര്‍ണമുട്ട


വയസ്സായ മരം
കടവെച്ച് മുറിച്ചിട്ട്
മരംമുറിക്കാരന്‍ 
ഇലയ്ക്കിത്ര 
കൊമ്പിന,് തടിക്ക,് വിറകിന,് 
ഇത്രയിത്രയെന്ന് വിലയിട്ടു. 

വിരിയാനിരുന്ന വസന്തങ്ങള്‍ക്ക് 
വിലയിട്ടുവോ എന്ന് ഒരുച്ചക്കാറ്റ്.
ഇരുള്‍ച്ചിറകുകളുടെയന്തിച്ചേക്ക 
ഇനിയാരുടെ ശിഖരങ്ങളിലെന്ന്
താണുപറന്ന ഒരാകാശം, 
ഒരശരീരി.

തളിരിലച്ചുംബനങ്ങള്‍ക്ക്
എന്തുവിലമതിച്ചു എന്ന് വെണ്‍മേഘങ്ങള്‍. 
തളിര്‍ത്തും പൂത്തുമിരുന്ന 
ഏകാന്തതയ്ക്കും 
ഊരറ്റുപോയ കുലങ്ങള്‍ക്കുംവേണ്ടേ
കുറച്ചെങ്കിലും വിലയെന്ന് 
ഒച്ചവിങ്ങിയ ഒരുറുമ്പ്. 

കടലില്‍ത്താണുപോയ 
ഓര്‍മ്മകളുടെ പത്തേമാരിക്ക് 
ഇനിയെങ്ങനെ വിലയിടുമെന്ന് 
കരളുകൊത്തുന്ന ഒച്ചയില്‍
ഒരു ബലിക്കാക്ക.

മുറിച്ചിട്ട മരത്തിന്റെ അടിപ്പള്ളയില്‍
കണക്കില്‍പ്പെടാത്തൊരു സ്വര്‍ണമുട്ട. 

17 Aug 2012

ഓരത്തൊരുപെണ്‍കുടില്‍



മഴ കനത്തുപെയ്യുകയായിരുന്നു. 
എന്റെ കയ്യില്‍ കുടയുണ്ടായിരുന്നെങ്കിലും 
അത് പഴയത,് 
ചോര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. 
വലിയ കാറ്റുമുണ്ടായിരുന്നു. 
മുന്നിലെ പാത തല്‍ക്കാലം 
ഒരുകുളയായി വേഷം മാറിനിന്നു. 

പാതയോരത്തുകണ്ട 
പെണ്‍കുടിലിന്റെ ചായ്പില്‍
കുറച്ചുനേരം കയറിനില്‍ക്കാമെന്നു 
ഞാന്‍ കരുതി. 

അവള്‍ ശരിക്കും ഒരു സുഭദ്ര. 
വരൂ വരൂ കയറിയിരിക്കൂ എന്ന് 
കോലായ തുറന്നു. 
അകം നിറയെ ചൂട്. 
മയമുള്ള വെളിച്ചം, 
അന്നം. പാനം, കിടപ്പായ. 
ഉണര്‍ന്ന,് എഴുന്നേറ്റ് കുളിച്ചുമാറി.

പുറം മാറ്റിയപ്പോളകവും മാറി.
അവളെന്നെ പിന്നെയും പെറ്റമാതിരി
കാലടികള്‍ മൃദുവായി, 
നടത്തം പിച്ചവെപ്പായി..

പിന്നില്‍നിന്ന് കേള്‍ക്കാം,
ഭയക്കരുത്. 
കാലിടറുമ്പോള്‍
പാതതീരുമ്പോള്‍ 
ഏതുവഴിവക്കിലും കാണും 
എണ്ണവറ്റാത്ത ഒരോലക്കുടില്‍.
മടിക്കാതെ കേറിവന്നേയ്ക്കണം.

16 Aug 2012

കുളത്തിനടിയിലെ ലോകം



പെണ്‍കുട്ടി ദൂഷ്യസ്വഭാവമുള്ള
ഒരുവളാണെന്നും 
യക്ഷിബാധയുള്ളവളാണെന്നും 
ആളുകള്‍ പരഞ്ഞു പരത്തി. 

അവള്‍ ഉറക്കെയുറക്കെ ചിരിക്കുമായിരുന്നു, 
നടക്കുമ്പോള്‍ കാറ്റാടിമരം പോലെ
ഉലയുമായിരുന്നു. 
പലതരം വേഷങ്ങള്‍, 
രാജകുമാരിയുടെ, മദാമ്മയുടെ,
ഭ്രാന്തിയുടെ, പിച്ചക്കാരിയുടെ, 
ത്രേസ്യാമ്മ എന്ന അയല്‍ക്കാരിയുടെ. 

അവളുടെ ഏറ്റവും അടുത്ത ചങ്ങാതി 
ഒരു പായല്‍ക്കുളമായിരുന്നു. 
പായലിന്നിടയ്ക്കിടെ 
താമരപ്പൂക്കളുണ്ടായിരുന്നു. 

നീ എന്റെയുള്ളിലേയ്ക്കു പോരൂ. 
താമരക്കുളം ക്ഷണിക്കും. 
ഈ പായലുകള്‍ക്കടിയില്‍ 
നീയൊരിക്കലും കാണാത്തത്ര 
അത്ഭുതകരമായ ലോകങ്ങളുണ്ട്. 
കാടും മരങ്ങളും പൂക്കളും പഴങ്ങളും 
പറവകളും അവയുടെ കുറുകലുമൊക്കെയുണ്ട്. 

നിലാവുമുണ്ടോ?, പെണ്‍കുട്ടി ചോദിച്ചു, 
ആകാശവും നക്ഷത്രങ്ങളുമുണ്ടോ? 
നിലാവും ആകാശവും നക്ഷത്രങ്ങളുമുണ്ട്. 
കുളം പറഞ്ഞു.

പെണ്‍കുട്ടി പിന്നെ ഒന്നും ആലോചിച്ചില്ല...

15 Aug 2012

മുഖത്തെഴുത്ത്


ചിലരെ വാര്‍ത്തതേ 
നിലവിളിക്കും പോല്‍.
ചിരിച്ച നേരത്ത് കെറുവിപ്പില്‍ സ്വയം
ഘനീഭവിച്ചൊരു മുഖമൊരുത്തനു-
ണ്ടൊളിഞ്ഞുനോക്കുന്നോ-
ളിവളെന്നെപ്പൊഴും 
വെറുതെ തോന്നിക്കുമൊരുത്തി. 
വേദന കടിച്ചമര്‍ത്തിയ 
മുഖമൊരുത്തിയ്ക്ക്.

എന്തോമറച്ചുവെച്ചതിന്‍ പരുങ്ങലെപ്പൊഴു-
മൊരുത്തനോടൊപ്പം. 
ഒരുത്തനെക്കണ്ടാല്‍ മരിച്ചു നാഴിക 
കഴിഞ്ഞു നാലെന്നുമൊരുത്തനെക്കണ്ടാല്‍ 
തിരക്കിലെങ്ങോട്ടോ കുതിക്കയാണെന്നും. 

വെറുതെയാവുമീ മുഖപടങ്ങളില്‍ 
വരച്ചതൊക്കെയും വെറും വരപ്പുകള്‍, 
അകത്തെ സത്യത്തെ മറച്ചുവെയ്ക്കവാന്‍ 
ജഗന്നിയന്താവിന്‍ കറക്കുകമ്പനിപ്പരസ്യറേപ്പറാം.

ഒഴുക്കിനോടുരഞ്ഞുരഞ്ഞുമായണ-
മകത്തെഴുത്തുകള്‍ മുഖത്തെഴുത്തുകള്‍.


13 Aug 2012

ചിതറിപ്പോയവരില്‍ ഒരാള്‍



ഇന്നലെ വീട്ടില്‍ ഒരു ഭിക്ഷക്കാരന്‍ വന്നു. 
(ക്ഷമിക്കൂ, ഒരതിഥി വന്നു എന്നു പറയാതിരുന്നതിന്. 
മുന്നേ അറിയാത്ത ഒരാള്‍ എന്നതല്ല 
ഒരാളുടേ വേഷമോ ശരീരാവസ്ഥയോ ആണ് 
ഒരാളെ അതിഥിയെന്നോ 
ഭിക്ഷക്കാരനെന്നോ വേര്‍തിരിക്കുന്നത്, അല്ലേ? 
എനിക്കു ലജ്ജതോന്നുന്നു ആത്മ പുച്ഛം തോന്നുന്നു, 
ആദ്യത്തെ വാക്ക് ഭിക്ഷക്കാരന്‍ എന്ന് നാവില്‍ വന്നതില്‍!)

ഒരു വൃദ്ധന്‍, 
മരിച്ചുപോയ വല്യച്ഛനെക്കാള്‍ പ്രായം വരും. 
വല്യച്ഛനെ എനിക്കു പ്രിയമായിരുന്നു. 
അദ്ദേഹം ഒരു പഴയ കര്‍ഷകനായിരുന്നു. 
നടത്തക്കാരനായിരുന്നു. 
തക്കം കിട്ടിയാല്‍ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പൊയ്ക്കളയും. 
കണ്ണും കാതുമില്ലാത്ത പ്രായത്തില്‍ 
മണ്ണിലുറയ്ക്കാത്ത കാലുമായുള്ള കറങ്ങി നടപ്പിന്റെ പേരില്‍ 
ഞാനദ്ദേഹവുമായി തട്ടിക്കയറുമായിരുന്നു, 
അദ്ദേഹം ഇല്ലാതാവുന്ന ലോകത്ത് ജീവിക്കാന്‍ 
എന്റെ കുട്ടിക്കാലത്തെന്നപോലെ 
അപ്പോഴും ഞാന്‍ ഭയന്നിരുന്നതുകൊണ്ട്. 

ഇയാള്‍ അതിനെക്കാള്‍ അവശന്‍. 
അതിനെക്കാള്‍ കെട്ടുപോയ കണ്ണുകളും 
അടഞ്ഞുപോയ കാതുകളും. 
അതിനെക്കാള്‍ വേച്ചുവേച്ചുള്ള നടത്തം. 
കാലില്‍ മുഷിഞ്ഞ തുണികൊണ്ടുള്ള 
ചോരനിറമുള്ള കെട്ട്. 
ഒന്നും ആവശ്യപ്പെട്ടില്ല, ഒറ്റ നില്‍പു നിന്നു. 
ഉച്ചയായതുകൊണ്ട് 
ഉണ്ടാക്കിയ ചോറും ചമ്മന്തിയും രണ്ടാക്കിപ്പകുത്ത് 
മോന്തയില്‍ വെള്ളവുമെടുത്ത് 
വരാന്തയില്‍ പുല്‍പ്പായ വിരിച്ച്, 
ഞാനയാളെ കൈകഴുകാന്‍ ക്ഷണിച്ചു, 

കാലിലെ കെട്ട് എന്താണെന്നു ചോദിച്ചപ്പോള്‍ 
ഉണങ്ങാത്ത മുറിവ് എന്നയാള്‍ പറഞ്ഞു. 
അയാള്‍ കൈകഴുകുന്നതിന്റെ, 
തോര്‍ത്തുകൊണ്ടു തുടയ്ക്കുന്നതിന്റെ 
പലകയില്‍ ഇരിക്കുന്നതിന്റെ, 
ഓരോ അന്നത്തെയും ആദരവോടെ ഭക്ഷിക്കുന്നതിന്റെ 
രുചിക്കുന്നതിന്റെ,
ചിരിക്കുന്നതിന്റെ ഓമനത്തമുള്ള ചന്തം, 
അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കുള്ളിലെ
വെയില്‍ക്കറുപ്പും മിനുമിനുപ്പുള്ള ജീവിതം, 
ചുവടുവെപ്പിലേയും നില്‍പ്പിലേയും മര്യാദ, 
കണ്ണിലെ പുഴ, 
അയാളാരാണെന്ന് എന്നോടു പറഞ്ഞു. 

ബാക്കിയുള്ളവരെല്ലാം എവിടെ?, 
മക്കളും ഭാര്യയും സഹോദരങ്ങളും അയല്‍ക്കാരും? 
ഞാനയാളോട് ചോദിച്ചു, 
അന്തം വിട്ടപോലെ, 
മിണ്ടാനാവാതെ തെല്ലിട നിന്നു ,
ഏതോ ഗോത്രഭാഷയില്‍ എന്തോ പറഞ്ഞു, 
ചിതറിപ്പോയി എന്നാണയാള്‍ പറഞ്ഞതെന്ന് തീര്‍ച്ച.

12 Aug 2012

രണ്ടു കഴിവുകള്‍



അച്ഛന്റെ കൂടെയാണ് കുട്ടി വളര്‍ന്നത്.
കുറച്ചുവലുതായപ്പോള്‍ 
താന്‍ദൂരെയെവിടെയെങ്കിലും പോയി
പണിചെയ്യുന്നതാണ് നല്ലതെന്ന് അവന് തോന്നി.
അച്ഛന്‍ അവനെ തടഞ്ഞില്ല. 

വേര്‍പിരിയുന്നനേരം 
അച്ഛന്റെ മേലോടു ചേര്‍ന്നുനിന്ന് 
അവന്‍ചോദിച്ചു, 
ഞാനെന്താണ് അച്ഛാ, പഠിക്കേണ്ടത്? 
എന്താണെപ്പോഴും അറിഞ്ഞുവെക്കേണ്ടത്?
അവന്റെചോദ്യം അച്ഛനെ സന്തോഷിപ്പിക്കുകയും 
ദുഖിപ്പിക്കുകയും ചെയ്തു. 

കുറച്ചുനേരം ഓര്‍ത്തുനിന്നു.
എന്നിട്ട് പതുക്കെ പറഞ്ഞു, 
രണ്ടു കാര്യങ്ങള്‍ പഠിക്കണം, 
രണ്ടു കാര്യങ്ങള്‍ അറിഞ്ഞുവെക്കണം, 
ഒന്ന് എല്ലാം ഓര്‍മ്മിക്കുവാന്‍, 
പിന്നത്തേത് എല്ലാം മറക്കാന്‍.

10 Aug 2012

പിഴച്ചനോട്ടം



്‌നീലാകാശത്തിന്റെ ഒരു കഷണം 
കത്രിച്ചെടുത്തതായിരുന്നു 
ടീച്ചറുടെ വോയില്‍ സാരി.
അതില്‍ വലിയൊരു മഞ്ഞപ്പൂവ് വിരിഞ്ഞുനിന്നു.
ചുവന്ന ചിറകുള്ള കൊച്ചു പൂമ്പാറ്റകള്‍ 
പൂവിന്നടുത്തേയ്ക്കു 
പറന്നു വരുന്നുണ്ടായിരുന്നു. 
ടീച്ചറുടെ കാതിലം
ചെറിയ ഒരുകൂടായിരുന്നു. 
ചുറ്റിലും വളയവും 
വളയത്തില്‍ ഒരു കിളിയും. 
ടീച്ചറുടെ മിണ്ടലിനും പാടലിനും 
ദേഷ്യം പിടിക്കലിനുമൊക്കെയൊത്ത് 
കിളിയും കൂടും വളയവും ആടിക്കൊണ്ടിരുന്നു. 
ടീച്ചറിന്റെ മൂക്കില്‍ നല്ല മിന്നിച്ചയുള്ള 
പച്ചക്കല്ലുവെച്ച ഒരു മൂക്കുത്തിയുണ്ടായിരുന്നു. 
അത് വെയിലുതട്ടി പച്ചത്തീനാളമായി. 
കുട്ടിക്ക് കണ്ണെടുക്കാനേ തോന്നിയില്ല, 

ങ്ഹും, ഒറ്റയൊന്നിനെ
വിശ്വസിക്കാന്‍ കൊള്ളത്തില്ല. 
മുട്ടേന്നു വിരിയും മുമ്പേ തൊടങ്ങും
പെഴച്ച നോട്ടം,
സ്റ്റാഫ് റൂമിലിരുന്ന്    
മധുരം കൂടിയ ചായമൊത്തിക്കൊണ്ടിരിക്കെ 
ടീച്ചര്‍ മാഷോട് കൊറിച്ചു.

8 Aug 2012

ഒരുചെറുപ്പക്കാരി മരം




എഴുത്തു മുറിയുടെ ജാലകം തുറന്നിട്ടാല്‍ 
പുലര്‍വെയിലില്‍ ആ നാട്ടുമാവ് 
അനങ്ങാതെനിന്ന് 
ധ്യാനം ചെയ്യുന്നതു കാണാം.
അടുക്കളഭാഗത്തെ വാതില്‍പ്പടിയില്‍
നിന്നു നോക്കുമ്പോള്‍ 
അത് ഉച്ചക്കാറ്റിന്റെ ചുംബനങ്ങളാല്‍ 
ത്രസിക്കുന്നു. 
ബാല്‍ക്കണിയില്‍ കയറി നിന്നു നോക്കൂ, 
അതൊരണ്ണാന്‍ കുഞ്ഞിനെ 
ഒക്കത്തേറ്റി താലോലിക്കുന്നത്.
പാതിരാക്കിനാവിന്റെ 
പുറന്തോടു പൊട്ടിച്ചുള്ള 
ഒരൊറ്റക്കണ്‍ നോട്ടത്തില്‍ 
അതിന്റെ മുകുളങ്ങളിലേയ്ക്ക്,
മണ്ണിനടിയില്‍ ഒളിപ്പിച്ചുവെച്ച 
വ്യസനങ്ങളിലേയ്ക്ക്, 
ദാഹങ്ങളിലേയ്ക്ക് 
നനഞ്ഞ ആകാശം ഉറ്റിയുറ്റി വീഴുന്നു...

6 Aug 2012

അരാഷ്ട്രീയം




എതിരര്‍ദ്ധഗോളത്തിലെ 
കാക്കയ്ക്ക് പൂച്ചയ്ക്കണ്ണാന് 
മിണ്ടാന്‍ മനുഷ്യരെപ്പോലെ 
വേറെ ഭാഷകാണുമോ? 


അവിടുത്തെ കാറ്റിന്‍ നട-
യിങ്ങേപ്പോലന്തിക്കള്ളു
മോന്തിയ മട്ടുതന്നെയോ? 


തിരത്തള്ളലാറ്റിന്നൊഴു
ക്കൊക്കെയും വ്യത്യസ്തമോ?
കുരുവിപ്പിടപ്പെണ്ണിന്‍
വാലിന്റെ ചാഞ്ചാടിക്കല്‍ 
കുളക്കോഴി, തവളപ്പേച്ച് 
ഒക്കെയും ഇതുതന്നെയോ? 


മഴയ്ക്കും വെയിലിന്നും 
മുദ്രകള്‍ വേറെയാകുമോ? 
കുഞ്ഞിക്കിടാത്തന്മാര്‍ 
മഞ്ചാടി പെറുക്കുമോ? 
പാവയെ കുളിപ്പിച്ചൂട്ടി-
പ്പിടിച്ചൂട്ടിയുറങ്ങുമോ? 


രാത്രിയില്‍ ഒറ്റപ്പെട്ട
പാതയില്‍ പിശാചുക്കള്‍ 
ദൈവങ്ങള്‍ സന്യാസിമാര്‍ 
നടക്കുന്നുണ്ടാവുമോ?
മരിപ്പിന്‍ കാവ്യനീതിക
ളങ്ങിങ്ങുമൊന്നുതന്നെയോ?


അറിയില്ലെനിക്കൊന്നും 
ഞാനിപ്പൊട്ടക്കുണ്ടില്‍ 
വിതയും കൊയ്ത്തും തീര്‍ത്തു
രമിക്കാന്‍ നേരമില്ലാത്ത 
പഴേ വയല്‍പ്പണിക്കാരന്‍.

5 Aug 2012

അകത്തേയ്ക്കുപോയ ആള്‍









ആ വീടു പൊളിക്കുകയാണ്.  
പഴയവീടുകളുടെ കൂട്ടത്തില്‍ അവസാനത്തേത്. 
ചില നിയമപരമായ തര്‍ക്കങ്ങളുണ്ടായിരുന്നു. 
വിഭജനസംബന്ധിയായ കൈയ്യവകാശത്തര്‍ക്കങ്ങള്‍. 
ഒടുവില്‍ സമര്‍ഥമായി ഇടപെട്ട് അത് പരിഹരിച്ചു. 
ഇതു പൊളിച്ചു തീര്‍ന്നാല്‍  
അവസാനത്തെ അടയാളവും മായ്ക്കപ്പെടുകയാണ്. 
തോട് കുളം ഒന്നു രണ്ടു കാവുകള്‍ 
കുറുക്കന്മാരും ചെന്നായ്ക്കളും 
പാര്‍ക്കുകയായിരുന്ന ഒരു കുന്നിന്‍ പുറം, 
(അവിടെ നിന്നും ഒരു പെണ്‍കടുവയെവരെ 
സ്വകാര്യമായി കശാപ്പുചെയ്യേണ്ടി വന്നിട്ടുണ്ട്.) 
ഇപ്പോള്‍ നിങ്ങളീക്കാട്ടുമൂല കണ്ടാല്‍ തിരിയില്ല. 
ഒന്നിനും പറ്റാതെകിടന്നിരുന്ന ആ ചതുപ്പ്, 
വെള്ളക്കെട്ട്. 
(ഞങ്ങളിലൊരാള്‍ 
അടുത്തപഞ്ചായത്തുതെരഞ്ഞെടുപ്പിനീ വാര്‍ഡില്‍നിന്നാാല്‍ 
മഹാഭൂരിപക്ഷമായിരിക്കും തീര്‍ച്ച.)
അതിനൊക്കെയിടയില്‍ 
ഈ പഴകിയ വീട് ഒരുണക്കവയസ്സനെപ്പോലെ 
കൂനിക്കൂടിയിരിക്കുകയായിരുന്നു. 


പൊളിപ്പുപണി തകൃതിയില്‍ നടക്കുന്ന ഒരുച്ചനേരത്ത് 
പടിക്കല്‍ വരെ ഒരു കാറു വരുന്ന ഒച്ചകേട്ടു. 
ഞങ്ങള്‍ പാര്‍ട്‌നര്‍മാര്‍ നാലാളുമുണ്ട്. 
ഒരു മുതുക്കി കയറിവന്നു. 
ഒരു തരം ചിലമ്പിച്ച ഒച്ചയില്‍ 
താന്‍ ഇവിടുത്തെയൊരു 
പഴയ അടിച്ചുതളിക്കാരിയുടെ മോളായിരുന്നെന്നും 
അമ്മയോടൊത്ത് സ്‌ക്കൂളില്ലാപകലുകളില്‍
 ഇവിടുത്തെ അടുക്കളച്ചയായ്പിലിരുന്നു 
കൊത്തങ്കല്ലുകളിയ്ക്കുമായിരുന്നെന്നും 
അവിടെയൊരിടത്ത് 
താനൊരു പാവക്കുട്ടിയെ ഒളിപ്പിച്ചിട്ടുണ്ടന്നും 
വീടു പൊളിക്കുന്ന വാര്‍ത്ത 
എങ്ങനെയോ കേട്ട് 
ഓടിപ്പിടിച്ചു വന്നതാണെന്നും പറഞ്ഞു. 
നല്ല തമാശതോന്നി. 
പണിക്കാര്‍ ഊണുകഴിക്കാന്‍ പോയ 
തക്കമായതുകൊണ്ട് 
കേറി നോക്കിക്കൊള്ളാന്‍ പറഞ്ഞു. 
അവര്‍ വളരെസ്ഥലപരിചയമുള്ള പോലെ 
അകത്തേയ്ക്കു കേറിപ്പോയി. 


നേരം കുറേ കഴിഞ്ഞു, 
പണിക്കാര്‍ ഊണു കഴിഞ്ഞു വന്നു. 
അതിനുള്ളിലൊരമ്മച്ചിയുണ്ട്. 
അവരെ പുറത്താക്കൂ എന്നു പണിക്കാരോടു പറഞ്ഞു. 
അവരുള്ളില്‍ ഒന്നൊന്നരമണിക്കൂര്‍ തിരഞ്ഞു, 
ആളെക്കണ്ടില്ല....

2 Aug 2012

കെട്ടിപ്പിടുത്തം




ഞാന്‍ പുഴയെ കെട്ടിപ്പിടിച്ചിട്ടുണ്ട്. 
വേറെവേറെയര്‍ഥങ്ങളില്‍. 
ഒന്നുമുടുക്കാത്ത നനമണ്ണില്‍, 
മഴയില്‍ കുതിര്‍ന്ന്, 
ചുട്ടമണ്ണില്‍ക്കിടന്ന് 
ഭൂമിയെ കെട്ടിപ്പിടിച്ചിട്ടുണ്ട്. 
കെട്ടിപ്പിടിച്ചിട്ടുണ്ട് പലമരങ്ങളെ.
പല ഋതുക്കളെ, പലേ കാലങ്ങളെ.




ഒരുത്തിയെ കെട്ടിപ്പിടിക്കുന്ന
അതേ മുറുക്കത്തോടെ, 
ഓമനിച്ചോമനിച്ച്, 
മദിച്ച,് രസിച്ച് 
എന്റെയെല്ലാ മുറുക്കിപ്പിടുത്തങ്ങളും. 
എഴുത്തു പേനയെ, 
മുറ്റമടിച്ചൂലിനെ. 
ചട്ടി, കലം ഗ്ലാസ,് കോപ്പയെ. 
ബസ്സിലെ കമ്പിക്കൊളുത്തിനെ. 
ചില വാക്കിനെ. 
വീണുകിട്ടുന്ന, വിരുന്നു വരുന്ന 
പ്രണയങ്ങളെ, ബന്ധങ്ങളെ.


ഏഴാംക്ലാസൊടുക്കമാകുമ്പോഴേയ്ക്ക് 
ഞാനെന്നെ കെട്ടിപ്പിടിക്കാന്‍ പഠിച്ചു. 
അമ്മയില്ലാപ്പായില്‍ 
ഒറ്റയ്ക്കുറങ്ങലിന്റെ ദുഖം അപ്പോള്‍മ ാറി. 
ഇപ്പഴും എന്നെ കെട്ടിപ്പിടിച്ചാണെന്റെ ഉറക്കം 
മരണം പാതിരയില്‍ വന്ന് 
ഞാനറിയാതെ എന്നില്‍നിന്നെന്റെ 
കൈപ്പിടി വിടുവിക്കും. 
ഉറക്കത്തൊഴുക്കിലേ-
യ്‌ക്കൊലിച്ചുപോയത് അറിയില്ല.

1 Aug 2012

വനയാത്ര




കാട്ടിലേയ്ക്കു നടപ്പതിന്‍മുമ്പി-
ക്കാലഭാരം പുറത്തുവെച്ചേയ്ക്കൂ.
പാദരക്ഷയഴിച്ചു വെച്ചേയ്ക്കൂ, 
പ്രാണനൂന്നി നടക്കാന്‍ പഠിക്കൂ.
എന്തിനിദ്ദിശാ സൂചകം കയ്യില്‍ 
കാടിനില്ലാ വടക്കും കിഴക്കും.
കേട്ടതെന്തേ കുയിലോ കുരുവിയോ 
എന്നു ചിന്തിച്ചിടറി നില്‍ക്കാതെ. 
ഒക്കെയൊറ്റ ഹൃദസ്പന്ദമാണി-
ക്കാടിനില്ലാ സ്വരസ്സര്‍ഗ്ഗ ഭേദം.
ഇല്ല വ്യാഘ്രവും മാനും മുയലുമേ-
യില്ലിരകളും വേട്ടയും കാട്ടില്‍...


ഉള്ളിലേയ്ക്കു നടക്കാന്‍ തുടങ്ങവേ- 
യെന്നില്‍ നിന്നു ഞാനൂര്‍ന്നൂ വീഴുന്നൂ. 
പിന്നെയില്ലാ വഴിയും നടത്തവു-
മുള്ളതേതോ നദിയുമൊഴുക്കും.