27 Nov 2013

നല്ലോരു മനസ്സാന്നേ...

.

കുട്ടികളാരോ എടങ്കാലു വെച്ചു വീഴ്ത്തീട്ട് 
യാസിന്റെ കവിളത്ത് നെടുനീളത്തിലൊന്നു മുറിഞ്ഞു. 
മാഷമ്മാര് അതത്ര സാരായിക്കണ്ടില്ല. 
ഓപ്പീസ് മുറീല്‍ക്കൊണ്ടോയി 
ഇത്തറ മര്‌ന്നെന്തോ പഞ്ഞീലാക്കി പറ്റിച്ചു കൊടുത്തു ..
പൊരേല് വര്മ്പളയ്ക്കും മൊഖം കരുവാളിച്ചിരുന്നു. 
ഭാഗ്യത്തിനന്ന് മൂപ്പര് ന്തോ ഒരു പരവേശം തോന്നീട്ട് 
ഉച്ചയ്ക്കു തന്നെ കച്ചോടം നിര്‍ത്തി പോന്നീനു. 
കുട്ടീന്റെ മൊഖം കണ്ടപ്പോപ്പിന്നെ 
മൂപ്പരൊന്നും ചിന്തിക്കാണ്ട് കുപ്പായോം മാറ്റി 
കുട്ടീനേം തോളത്ത്ട്ട് ഒരു പാച്ചിലു പാഞ്ഞു. 
ബീച്ചാസ്പ്ത്രീലാ കൊണ്ടോയത്. 
ന്താ കുട്ടീനെ കൊണ്ടോരാന്‍ ത്ര വൈകിന്ന് ഡോക്ടറു ചോദിച്ചു.
 സ്‌ക്കൂളുപ്പോയപ്പപ്പറ്റിയതാന്ന് പറഞ്ഞു. 
ഒരു പരാതിയെഴുതിത്തരൂന്ന് പറ്ഞ്ഞപ്പോ, 
കുട്ട്യേളല്ലേ, ഓന്റെ മാഷമ്മാരും അല്ലേ, 
നിക്ക് പരാത്യൊന്നും ഇല്ലാന്നും സങ്കടേള്ളൂന്നും  പറയ്യേം 
മൂപ്പര്‌ടെ കണ്ണിന്ന് കുടുകുടാന്ന് കണ്ണീരൊലിച്ചു. 

പ്രായം മൂത്തപ്പണ്ടായ കുഞ്ഞനല്ലേ...
അല്ലേലും മൂപ്പരൊരു തോയനാ, 
പത്തിരൂപത്തഞ്ചുകൊല്ലം മരുഭൂമിക്കെടന്നുണ്ടാക്ക്യ 
സൊത്തും പണോം മുയ്മനും ഒരുത്തീം ഒരുത്തന്നും കൂടി
 തട്ടിപ്പീസാക്കീട്ടും മൂപ്പരെന്തേലും 
കേസിനോ കൂട്ടത്തിനോ പോയോ...
ഓലപ്പറ്റി എന്തേം പറഞ്ഞാത്തന്ന്യെന്താ പറയ്യാ..
ഒക്കേം പോട്ടെ,,, നിക്ക് ന്നേം മോനേം കിട്ടീല്ലേന്ന്..
വല്ലാത്തൊരു മനസ്സാന്നേ...
അതല്ലേ ആള്ളെന്തൊക്കെ കള്യാക്കീട്ടും നിക്ക് ത്രഷ്ടം...

12 Nov 2013

പെണ്ണടുപ്പം



മനസ്സ് മണല്‍പോലെ 
വരണ്ടുപോകുന്നേരം 
വെറുതേ പെണ്ണുങ്ങളെ 
നോക്കിക്കൊണ്ടിരുന്നാല്‍മതി..

പെണ്‍കാക്ക 
പിടക്കോഴി
പെണ്‍കാറ്റ് 
വെയില്‍പ്പെണ്ണ്

അവരുടെ മുടി കോതല്‍.
അഴിച്ചിട്ട നീലത്തുകില്‍
പിടിവിട്ടുലയുന്നത്
കണ്ണിനെക്കറുപ്പിച്ച 
കരിമഷി പരക്കുന്നത് 
നെറ്റിയില്‍ത്തൊട്ടസിന്ദൂരം, ചന്ദനം 
വിയര്‍പ്പില്‍ക്കുതിരുന്നത്.  

മഞ്ഞില്‍ക്കുടകപ്പാല 
മരമായ് ക്കുതിരുന്നത്. 
നടത്തത്തിരക്കിന്നൊപ്പം
കാല്‍മണി കിലുങ്ങുന്നത്. 
കുപ്പിവള കുലുങ്ങുന്നത്. 
മഴയില്‍ത്തപംചെയ്ത 
മരമായ്ത്തഴയ്ക്കുന്നത്. 
അവരോരോ പണിക്കിടെ 
ഓരോന്നു മൂളുന്നത്, 

പെണ്ണുണ്ടടുത്തെങ്കില്‍ ഞാന്‍ 
ഉറവയുണ്ടടുത്തെന്നപോല്‍.

11 Nov 2013

കൊളുത്ത്



പലനിറം മിട്ടായികള്‍ അറ്റത്ത് കോര്‍ത്ത 
ചൂണ്ടക്കൊളുത്തുകള്‍ 
തമ്മില്‍ത്തല്ലുകയോ 
രഹസ്യച്ചാറ്റില്‍ മുഴുകുകയോ ചെയ്ത 
അമ്മേടേമച്ഛന്റേം ഒക്കത്തു നിന്ന് 
എല്ലാ അത്ഭുതങ്ങളുടെ നേരേം 
വാതുറന്നു പിടിച്ചിരുന്ന കുഞ്ഞുപിള്ളാരെ നോക്കി 
വാ വാ.. വന്നു കൊത്ത് 
എന്നു പ്രലോഭിപ്പിച്ചോണ്ടിരുന്നു. 
നീന്തിനീന്തിച്ചെന്ന് പിള്ളാരതു വിഴുങ്ങി, 
അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് 
മീന്‍പിടുത്തക്കാരന്‍ സായിപ്പ് ടപ്പേന്നു കയറു വലിച്ചു. 
ഷേര്‍മാര്‍ത്തറ്റില്‍ നിലവാരസൂചി 
റോക്കറ്റുകുതിപ്പു കുതിച്ചതുകണ്ട് അപ്പനുമമ്മേം
എന്റീശോയെന്ന്
മെഴുകുതിരി കത്തിച്ചു കുരിശു വരച്ചു..

8 Nov 2013

പാകം



പഴുത്തോ മധുരം വന്നോ? 
വെന്തോ ഉണ്ണാറായായോ? 
മരണം കൊത്തിക്കൊറി-
ച്ചിടയ്ക്കിടെപ്പാകം നോക്കും.

ഇരിപ്പ്




അക്കരേലിങ്ങും നോക്കി 
നീയൊറ്റയ്ക്കിരിക്കുന്നു. 
ഇക്കരേലങ്ങും നോക്കി 
ഞാനൊറ്റയ്ക്കിരിക്കുന്നു. 
ഒരേ പുഴയാല്‍ നമു
ക്കാത്മാവു നനയുന്നു.



4 Nov 2013

പുലിമറച്ചില്‍



പുലിയിറങ്ങുന്നൂ, പുലിയിറങ്ങുന്നൂ 
ഇടിച്ചകുന്നില്‍നിന്നെരിച്ചകാട്ടില്‍ നിന്നി
രുളില്‍ക്കത്തിച്ച കനല്‍ വിളക്കുമായ്
പുലിയിറങ്ങുന്നു പുലിയിറങ്ങുന്നു...

വിശപ്പു ചോരയില്‍ 
പതഞ്ഞു പൊന്തുമ്പോള്‍ 
മറക്കുന്നൂ പുലി മുലപ്പാലിന്നൊപ്പം 
വനം പഠിപ്പിച്ചോരതിര്‍ത്തി ബോധവും 
കുലമര്യാദയും. 
വിശപ്പു തീയാണ്, 
മരണവും ഭ്രാന്തും ഇഴപിരിഞ്ഞതാം 
തലതിരിച്ചിലാണടിക്കയത്തിലേ-
യ്ക്കമര്‍ത്തിമുക്കുന്ന 
തിരച്ചുഴിയുമാണതില്‍ കുരുങ്ങിയാ-
ലസാധ്യമേ പിന്നെ 
വരും വരായ്കകള്‍ 
വരച്ച ബോധനം.   

പുലിയിറങ്ങിപോല്‍ 
പുലിയിറങ്ങിപോല്‍ 
പുലിയെ വീഴ്ത്തുവാന്‍ 
വിരിച്ച സാമര്‍ഥ്യക്കുരുക്കുഭേദിച്ചും. 
ഇവിടെ നില്‍ക്കുമ്പോള്‍ അവിടതാ പുലി, 
അവിടെയെത്തുമ്പോ-
ളിവിടിതാ പുലി. 
പുലിമറച്ചിലിന്‍ രഹസ്യമെന്തെന്നു 
മറന്നമാനവന്‍ കളിക്കുരങ്ങുപോ-
ലിടംവലംചാടി
ത്തുലഞ്ഞു തോല്‍ക്കുന്നു...

പുലിക്കൊളിക്കുവാനിടമനവധി. 
കരിയിലയ്ക്കുള്ളില്‍ കരിയിലയായും 
ചെളിവെള്ളക്കെട്ടില്‍ പായല്‍പ്പരപ്പായും 
ഉറുമ്പായും വെള്ളിവരച്ചിറകുള്ള 
ശലഭമൊന്നായും പുലിയൊളിക്കുന്നു.

കറച്ചുനേരത്തെക്കളിക്കവസാനം 
പലകുലങ്ങളെയെരിച്ചകൈകളാല്‍ 
പിടഞ്ഞുചാകുമീയൊരൊറ്റയാള്‍ സൈന്യം. 

പഴക്കമെത്രയെന്നളക്കുവാനാകാ
മലമുടികളില്‍ 
ഇരുളിനെക്കാളുമിരുണ്ടഘോരമാം 
വനത്തിനുള്ളിലായുറങ്ങുന്നുണ്ടൊരു 
രുധിരദാഹിയാം വിശന്നചെമ്പുലി.
പുറംകാടില്‍ വെടിയുതിര്‍ത്തുകൊല്ലുമ്പോ-
ലെളുപ്പമല്ലെന്നാലകക്കാടിന്നുള്ളില്‍
പുലിയുണരുമ്പോള്‍, പുലിമറയുമ്പോള്‍...

3 Nov 2013

കഥനം



തീരെച്ചെറിയ 
പിറുപിറുപ്പാ
ലൊക്കെയും കാലം 
കഥിച്ചു തീര്‍ത്തു.

അതിഥി



മുന്‍വാതിലൂടെ
യകത്തുവന്നു 
പിന്‍വാതിലൂടെ
ക്കടന്നുപോയി. 
എങ്കിലും വീടിന്റെ
യുള്ളിലിപ്പോള്‍ 
ഏതോ മലരിന്റെ
വന്യഗന്ധം.

വെളിച്ചമേ നമസ്‌കകാരം ഇരുട്ടിനും നമസ്‌ക്കാരം

ഖാണ്ഡവവനം ദഹിപ്പിച്ചത് 
ഇരുട്ടോ വെളിച്ചമോ?
ഹിരോഷിമ ഇരുട്ടോ ,
വെളിച്ചമോ?
മനുഷ്യനെ പ്രകൃതിയില്‍നിന്നകറ്റിയത്, 
മരുഭൂമികള്‍ സൃഷ്ടിച്ചത് 
ഹുക്കുഷിമയില്‍ 
പൊട്ടിത്തെറിച്ചത് 
കൂടങ്കളത്ത്  പൊട്ടിത്തെറിക്കാനിരിക്കുന്നത് 
ഇരുട്ടോ വെളിച്ചമോ.?