31-Dec-2012

വര്‍ഷം വാടിവീഴുമ്പോള്‍കൊഴിഞ്ഞ വസന്തത്തിന്‍ 
ഗന്ധമിത്തിരിക്കൂടി
ഓര്‍മ്മയില്‍ സുഖം ത-
ന്നുരുമ്മിത്തൊട്ടു നിന്നേയ്ക്കും. 
പിന്നെപ്പൂതു വര്‍ഷത്തിന്‍ 
മൊട്ടുകള്‍ വിരിയുമ്പോള്‍ 
മറക്കും നാം 
പോയകാലത്തിന്റെ മണം 
ഗൂഢമര്‍മ്മരം.

പൊടിമണല്‍പ്പാതയില്‍ക്കാറ്റു
മായ്ക്കുമാ ദിനാന്തങ്ങള്‍,
മുടന്തന്‍ ചോടുവെപ്പിന്റെ
മങ്ങിയ കാല്‍പ്പാടുകള്‍.


30-Dec-2012

ജ്യോതി

ജ്യോതി
ജ്യോതി ജ്യോതി
ജ്യോതി ജ്യോതി ജ്യോതി
ജ്യോതി ജ്യോതി
ജ്യോതി
..................


29-Dec-2012

ഏകാന്തതയിലേയക്കുള്ള യാത്ര
കടലിലേയ്ക്കുള്ള യാത്രയില്‍ 
ഓരോ ചുവടും കടലിനെ അറിയാന്‍ തുടങ്ങുന്നു. 
കടലിന്റെ മണം, ഉപ്പ്, 
തിരയലപ്പുകളുടെ ശബ്ദം. 
അത് കൂടിക്കൂടി വരും. 
പക്ഷെ ഉപ്പുമണത്തിലോ 
തിരയടി ഒച്ചകളിലോ 
തണുത്ത കാറ്റടിയിലോ അവസാനിക്കില്ല 
കടലിലേയ്ക്കുള്ള യാത്ര. 
'
കടല്‍ത്തിരത്തേയ്ക്കുള്ള യാത്രയല്ല അത്. 
തീരത്തെ മുറിച്ചു കടന്ന് 
തിരമാലകളുടെ പ്രതിരോധങ്ങള്‍ മുറിച്ചു കടന്ന് 
ധീരമായി അതു മുന്നോട്ടു പോകുന്നു. 
കടല്‍ വെറും ആഴമല്ല,  
അഗാധതയാണത്. 
അഗാധതയിലേയ്ക്കുള്ള യാത്രയാണ് 
കടലിലേയ്ക്കുള്ള യാത്ര.

ആകാശത്തിലേയ്ക്കുള്ള യാത്ര 
മേഘമാലകള്‍ക്കിടയില്‍ ചുറ്റിത്തിരയുകയില്ല. 
ആകാശം വെറും ഒരുയരമല്ല. 
അപാരത,
അപാരതയിലേയ്ക്കുള്ള യാത്രയാണ് 
ആകാശത്തിലേക്കുള്ള യാത്ര.

ഏകാന്തത അഗാധതയുടെ പൊരുളാണ്. 
അപാരതയുടേയും. 
ഏകാന്തതയിലേയ്ക്കുള്ള യാത്ര 
ഒരിക്കലും അവസാനിക്കുന്നില്ല.

28-Dec-2012

ബാക്കിയുണ്ടാവരുത്


ബാക്കിയുണ്ടാവരുത് 
ഉണ്ടെഴുന്നേല്‍ക്കുമ്പോള്‍ 
ഇലയിലൊരു വറ്റ്, 
പറഞ്ഞു തീര്‍ന്നാല്‍പ്പിന്നെ 
ചങ്കിലൊരു വാക്ക്
പെയ്തുപെയ്താറിയാല്‍
ദുഖഘനമേഘം. 
വീടൊഴിഞ്ഞാല്‍പ്പിന്നെ
യയലില്‍,
അടുക്കളയില്‍, 
ഉറക്കറയില്‍
ഇറ്റുവേര്‍പ്പിന്‍ മണം, 
ഒരു മധുരക്കൊതി, 
പൊയ്ക്കിനാവിത്തിരി
ത്തൂവിയതിന്‍ കറ.


27-Dec-2012

വിലമതിപ്പ്


ഒരു പൂവുകണ്ടാല്‍ 
ഒരു മഞ്ഞക്കിളിയെ, കുരുവിയെ, 
പീലി വിടര്‍ത്തിയ ഒരു മയിലിനെ കണ്ടാല്‍ ,
ചൂളക്കാക്കയുടെ പാട്ടുകേട്ടാല്‍ 
ആദ്യം ഉയരുന്ന ചോദ്യം എന്താണ്? 
എന്തു വില എന്ന്, അല്ലേ...

ഒരു പാടമോ വയലോ 
തുറന്ന ഒരിടമോ 
പഴകിയ ഒരു വൃക്ഷമോ കണ്ടാല്‍,
ഒരു മല കണ്ടാല്‍, 
സുന്ദരിയായ ഒരു പെണ്‍കിടാവിനെക്കണ്ടാല്‍, 
ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനെക്കണ്ടാല്‍ 
ഉടന്‍ വരും ചോദ്യം ഇല്ലേ, 
എന്തു കൊടുക്കണമെന്ന്... 

എന്തു വില തരണം നിങ്ങളുടെയീ ചിരിക്ക്, 
ഈ പരിചരണ ശീലത്തിന്, 
ഈ മിനുസത്തിന്, 
ഈ മണത്തിന്, 
ഈ കാക്കപ്പുള്ളിക്ക,് ഈ നുണക്കുഴിക്ക്,
എന്തു വില കിട്ടിയാല്‍ വില്‍ക്കും ഈ ധൈര്യം? 
ഈ നട്ടെല്ല് ,ഈ ആനന്ദം, ഉത്സാഹം, 
ഓര്‍മ്മകള്‍ തളിര്‍ക്കുന്ന പുസ്തകം, 
ഈ സ്വരം...

എന്തു കിട്ടിയാല്‍ വില്‍ക്കും
ഈ തോരാമഴപ്രണയം...
അല്ലേ......അല്ലേ... അല്ലേ....


26-Dec-2012

മെരുക്ക്
കാട്ടില്‍പ്പലപല വാരിക്കുഴികളില്‍
വീണു കിടക്കും നമ്മെക്കയറാല്‍
ക്കെട്ടി വലിച്ചും കാലില്‍ച്ചങ്ങല
ചുറ്റി വരിഞ്ഞും തീപ്പൊള്ളിച്ചും
കുന്തം കൊണ്ടും ചൂരലു കൊണ്ടും 
ആണി തറച്ചും ഭേദ്യം ചെയ്തും
പട്ടിണിയിട്ടും ദാഹിപ്പിച്ചും 
കാലം നമ്മെ വഴക്കി മെരുക്കി-
യൊടുക്കം നെറ്റിപ്പട്ടം കെട്ടി
ച്ചുമലില്‍ത്തേവരെയേറ്റിയിരുത്തി-
ത്തീവെയിലത്തെയനങ്ങാപ്പാറ
കണക്കൊരു നില്‍പില്‍
ക്കൊണ്ടു നിറുത്തി, 
കാലം നമ്മെ നടയ്ക്കലിരുത്തീ...


25-Dec-2012

ഒപ്പാര്കൂടംകുളംസമരത്തില്‍ പോലീസതിക്രമത്തെയും അറസ്റ്റിനേയും അന്യായമായ കള്ളക്കേസുചുമത്തലിനേയും പലവിധം പീഡനങ്ങളേയും തുടര്‍ന്ന് മരണപ്പെട്ട റോസ്ലിന്‍ അക്കയെ ഓര്‍മ്മിക്കുന്നു.

സാരമില്ലക്കാ, സാരമില്ല, 
ഇനികുറച്ചുനേരം  കണ്ണടച്ച് കിടന്ന് 
ഉറങ്കിക്കോളൂ അക്കാ. ഉറങ്കിക്കോളൂ
ഇടിന്തകരൈമണ്ണുപായില്‍ 
കാലുലര്‍ത്തിക്കിടന്ന് 
പാണ്ടിപ്പഴമ്പൊലിമൈ പാടും
അന്തിക്കടല്‍ക്കാറ്റില്‍ 
കാതു ചേര്‍ത്തുവെ
ച്ചുയിരുരടച്ചുവെച്ചൊറങ്കിക്കോളൂ അക്കാ, 
ഒറങ്കിക്കോളൂ.

ഉയിരിനുടെസത്യം ഉടമ്പിനുടെ തീരില്ലക്കാ.
നീതിയുടെ കണ്ണ് കാറ്റിനാലെകെടും
ഭൂമിയിലെ ചെറു ചീലത്തിരിയല്ലക്കാ, 
അതുതാന്‍് പെരിയ വാനത്തിലെ സൂരിയന്‍.
അന്തികൊണ്ട് മൂടമുടിയില്ലക്കാ
അതിനുടെ വെയില്‍, 

പോ അക്കാ, പോ,
കടലലൈയില്‍ മറഞ്ച് മറഞ്ച,് 
മുങ്കിമുങ്കിപ്പോ. 
ഉപ്പുപോലലിഞ്ചലിഞ്ച് പോ. 
തിരികൈ വരണമക്കാ, 
പട്ടാടചുറ്റിയൊരു പടകാളിത്തിരയായ്
്കരകേറി വരണമക്കാ. 

പോ അക്കാ പോ 
ഇടിന്തകരൈപ്പൂഴിമണ്ണില്‍
ചാരപ്പൊടിയായമര്‍ന്തമര്‍ന്തുപോ. 
തിരുമ്പി വരണമക്കാ, തിരുമ്പിവരണം
പഴയൊരു തായ് മരമായ് 
പെരിയൊരു പുളിമരമായ്.

24-Dec-2012

തൂക്കിലേറ്റുന്നുവെങ്കില്‍എല്ലാ ബലാല്‍സംഗങ്ങളും അവസാനിക്കണം. 
പുഴകളുടെ മേല്‍ 
ഡാമുകളുടെ പേരിലുള്ള ബലാല്‍സംഗം. 
മലകളുടേയും കാടുകളുടേയും മേല്‍ 
മൈനുകളുടേയും വ്യവസായങ്ങളുടേയും 
പേരിലുള്ള ബലാല്‍സംഗം. 
കൂടംകുളത്തൊക്കെ നടക്കുന്ന 
ജനാധിപത്യത്തിനുനേരെയുള്ള ബലാല്‍സംഗം. 
മനുഷ്യന്റെ യുക്തിബോധത്തിനുനേരെയുള്ളത്. 
നീതിക്കു നേരെയുള്ളത്. 
എല്ലാ ബലാല്‍സംഗങ്ങളും ഒന്നോടെയവസാനിക്കണം.

ഒരു പെണ്ണും ബലാല്‍സംഗത്തിനു വിധേയയായിക്കൂട. 
കുന്നുകളും വയലുകളും തണ്ണിര്‍ത്തടങ്ങളും 
നീരൊഴുക്കുകളും പെണ്ണുങ്ങളാണ്. 
മുലകളും ഗര്‍ഭപാത്രങ്ങളുമുള്ളവര്‍. 
ജീവന്റെ പേറ്ററകള്‍ ഉള്ളില്‍ വഹിക്കുന്നവര്‍.
പുഴകളുടേയും മണ്ണിന്റേയും നേരെ നടക്കുന്ന 
എല്ലാ അതിക്രമങ്ങളും 
ബലാല്‍സംഗങ്ങളായിത്തന്നെ പരിഗണിക്കണപ്പെടണം. 

തൂക്കിലേറ്റുകയാണു നിയരമെങ്കില്‍ 
എല്ലാ ബലാല്‍സംഗികള്‍ക്കുമൊപ്പം തൂക്കിലേറ്റണം 
അധികാരത്തിന്റെ എല്ലാ അടയാളങ്ങളേയും...
അധികാരം സത്യത്തിനു നേരെയുള്ള, 
സ്വാതന്ത്ര്യത്തിനുനേരെയുള്ള 
നിഷ്ഠുര ബലാല്‍സംഗമാണെന്നതുകൊണ്ട്...


കണ്ണുകള്‍വേണ്ടാ കാണാന്‍
എങ്ങാണ്ടുണ്ടൊരു 
ചാരക്കിളിയവള്‍ 
നീട്ടി വിളിക്കും 
തായ്‌മൊഴി കേള്‍പ്പാന്‍ 
കാതുകള്‍ വേണ്ടാ. 

ഉണ്ടൊരു നീലാകാശം. 
വെണ്‍മേഘങ്ങള്‍, 
സൂര്യന്‍, 
മഞ്ഞലമൂടല്‍. 
അങ്ങോട്ടേയ്ക്കു
പിടഞ്ഞു പറക്കാന്‍
ചിറകുകള്‍ വേണ്ടാ. 
അവിടെയുദിക്കും
പുലരൊളികാണാന്‍ 
കണ്ണുകള്‍ വേണ്ടാ.

ഉണ്ടൊരപാരസമുദ്രമഗാധം, 
ശാന്തമശാന്തം. 
അതിനുടെയക്കരെ-
യിക്കരെയെത്താ-
നോടം വേണ്ടാ.

ഉണ്ടൊരു പാത,
പര്‍വ്വതശീര്‍ഷം 
തേടിപ്പോവത്. 
കാലുകള്‍വേണ്ടാ-
പ്പാതയിലൂടെ 
നടപ്പാനാര്‍ക്കും.


23-Dec-2012

ഭാവയാമി രഘുരാമം


എന്നും ഒരേ പാട്ട.് 
ഉണര്‍ന്നാലുടനതു 
തുടങ്ങും ആലാപനം. 
പിന്നെ കുളി, അലക്ക,് 
അടിക്കലും തൂക്കലും ചോറും 
കറികളുമൊരുക്കലും 
ഒക്കെയുമതിന്റെയീണത്തില്‍. 
ഉണ്ണുന്നതും കേട്ട്. 
ഉറങ്ങുന്നതതില്‍ മുങ്ങി.

പാട്ടിന്‍ക്ഷീരസാഗരം.
ഒഴുക്ക,് തിരച്ചുഴി, നൃത്തം, 
ഉലയുമായിരം ഫണം.
ധ്യാനം, പ്രശാന്തത, 
ഗാഢമാം നിശ്ശബ്ദത...

ഹാ, എന്തൊരുസുഖമാണൊരു 
കരിയിലത്തോണിയായതി-
ലലയാനകം കുതിര്‍-
ന്നതിലേയ്ക്കില്ലാതാവാന്‍!


22-Dec-2012

പെണ്ണേ, നിന്നെവിളിപ്പാനല്ലോ


വാക്കുകള്‍
മുല്ലപ്പൂവു വിടര്‍ത്തത്, 
വാക്കുകള്‍ 
നീലപ്പീലി വിരിപ്പത,് 
പലപലയീണം
മൂളിയിരിപ്പത,് 
വിരലുകള്‍
കോര്‍ത്തൊരു 
കഥയാവുന്നത,്
പാട്ടാവുന്നത,് 
പെണ്ണേ നിന്നുടെ 
നീള്‍മിഴിയിന്നൊ-
ന്നിങ്ങോട്ടെന്നു 
വിളിപ്പാനല്ലോ!

21-Dec-2012

എവിടെയുമുണ്ട് വെളിച്ചം


എവിടെയുമുണ്ടു   വെളിച്ചം, 
തളിരിലയില്‍,-
പ്പൂവിന്‍ ചിരിയില്‍-
ചിതറിയ ചില്ലിന്‍ തുണ്ടില്‍. 

ചെറു കല്ലില്‍, 
പ്പൂഴിത്തരിയില്‍,  
ഇരുളില്‍ക്കൂടിയു-
മുണ്ടു വെളിച്ചം.

ജനലുകള്‍
പോള തുറന്നു വിളിപ്പൂ 
പൂമുഖവാതില്‍ 
തുറന്നു കിടപ്പൂ, 
മിന്നാമിന്നികള്‍
മിന്നി നിരപ്പൂ...

കാണുന്നില്ല വെളിച്ചം ,
ഇരുളിന്‍കടലില്‍ മറുകര,
ഞാനും നീയും 
കഷ്ടം...


20-Dec-2012

മഴ വരും..., വരും

.
.കൊടിയ വേനലാ
ലെരിഞ്ഞു ചാവുന്ന 
പകലിനെ നോക്കി-
ക്കരിഞ്ഞിരിപ്പു ഞാന്‍.                     

ഇലചുളിഞ്ഞൊക്കെ-
പ്പൊഴിഞ്ഞുവെങ്കിലും
കവരങ്ങളിരുള്‍
വരകളെങ്കിലും
മഴവരുമെന്നെത്തൊടും 
വിരലിനാ,-
ലുണരുമെന്നിലെ 
നവമുകുളങ്ങള്‍.                              


19-Dec-2012

കുട്ട്യേള്‍ടിഷ്ടം


അമ്മയും അപ്പനും മാത്രമുള്ള 
കുശുകുശുപ്പു പുകയുന്ന 
ഒരൊറ്റവിതാനക്കുടുംബവീടല്ല 
അപ്പൂപ്പനും അമ്മൂമ്മയും വല്യപ്പനും വല്യമ്മച്ചിയും 
മാമനും മാമിയും ഒക്കെയുള്ള 
പ്രപഞ്ചംപോലെ വിസ്തൃതമായൊരിടമാണ് 
കുട്ട്യേള്‍ക്കിഷ്ടം. 

തെക്കേവീടും വടക്കേവീടും
പടിഞ്ഞാറേവീടുമൊക്കെച്ചേര്‍ന്നൊ-
രൊറ്റവീടായിരുന്നെങ്കില്‍ 
അപ്പൂട്ടനോ അമ്മുച്ചേച്ചിക്കോ 
സന്ധ്യമയങ്ങുമ്പോഴേ-
യ്‌ക്കോടിപ്പോകേണ്ടായിരുന്നെങ്കില്‍ 
എന്നവരെന്തെന്നില്ലാതെ മോഹിക്കുന്നു. 
വന്നവരോടൊക്കെ പോകരുതേ പോകരുതേ 
ആരും ഒറ്റയ്ക്കാക്കിപ്പോകരുതേ എന്നവര്‍ കേഴുന്നു. 

കോഴിക്കും പൂച്ചയ്ക്കും താറാവിനും 
കൂറയ്ക്കും പൂച്ചിയ്ക്കുമൊക്കെ
അവരുടെ പാര്‍പ്പിടത്തില്‍ അതാതിടങ്ങളുണ്ട്. 
എല്ലാവരും എപ്പോഴും അവിടവിടെയുണ്ടാവണം.
ഉണരുമ്പോള്‍ എന്നും കേള്‍ക്കാറുള്ള 
അണ്ണാന്‍ ചിലപ്പുകേട്ടില്ലെങ്കില്‍, 
കാക്കക്കരച്ചില്‍ കേട്ടില്ലെങ്കില്‍
ഊണെടുക്കുമ്പോഴേയ്ക്ക് 
മ്യാവൂ മ്യാവൂന്ന് തള്ളപ്പൂച്ചേം മക്കളുമെത്തിയില്ലെങ്കില്‍ 
വെള്ളമൊഴിക്കാന്‍ മറന്ന പൂച്ചെടിക്കമ്പുപോലെ 
അവരാകെ വാടുന്നു.


18-Dec-2012

പെണ്ണടുപ്പം


മനസ്സ് മണല്‍പോലെ 
വരണ്ടുപോകുന്നേരം 
വെറുതേ പെണ്ണുങ്ങളെ 
നോക്കിക്കൊണ്ടിരുന്നാല്‍മതി..

പെണ്‍കാക്ക 
പിടക്കോഴി
പെണ്‍കാറ്റ് 
വെയില്‍പ്പെണ്ണ്

അവരുടെ മുടി കോതല്‍.
അഴിച്ചിട്ട നീലത്തുകില്‍
പിടിവിട്ടുലയുന്നത്
കണ്ണിനെക്കറുപ്പിച്ച 
കരിമഷി പരക്കുന്നത് 
നെറ്റിയില്‍ത്തൊട്ടസിന്ദൂരം, ചന്ദനം 
വിയര്‍പ്പില്‍ക്കുതിരുന്നത്.  

മഞ്ഞില്‍ക്കുടകപ്പാല 
മരമായ്ക്കുതിരുന്നത്. 
നടത്തത്തിരക്കിന്നൊപ്പം
കാല്‍മണി കിലുങ്ങുന്നത്. 
കുപ്പിവള കുലുങ്ങുന്നത്. 
മഴയില്‍ത്തപംചെയ്ത 
മരമായ്ത്തഴയ്ക്കുന്നത്. 
കറിയ്ക്കരയ്ക്കുന്നേര- 
മോരോന്നു മൂളുന്നത്, 

പെണ്ണുണ്ടടുത്തെങ്കിലോ
ഉറവയുണ്ടടുത്തെന്നപോല്‍.


17-Dec-2012

നമ്മള്‍ പലപ്രാവശ്യം അവസാനിക്കുന്നുഎല്ലാം പെട്ടെന്ന,് 
അപ്രതീക്ഷിതമായി സംഭവിക്കുന്നു. 
ഒരുദിവസം അവിചാരിതമായി മൂകത നമ്മെ വിഴുങ്ങുന്നു. 
ചിലപ്പോള്‍ വലിയൊരുപ്രസംഗവേദിയില്‍ 
കയ്യടികളും ആര്‍പ്പുവിളികളും ഉണര്‍ത്തിവിട്ട 
ഒരു പ്രഭാഷണ ഘോഷത്തിനിടയിലായിരിക്കും. 
അല്ലെങ്കില്‍ ഒരുപ്രണയഭാഷണത്തിനു നടുവില്‍. 

മൂകതയുടെ ഇരുട്ട് 
അമാവാസിയിലെ ഇരുട്ടിനെക്കാള്‍ 
ഒരാളെ അദൃശ്യമാക്കിമാറ്റുന്നു. 
മൂകതയുടെ ചൂഴി 
ആഴക്കടല്‍ച്ചുഴികളെക്കാള്‍ വേഗത്തില്‍ 
നമ്മെ ആഴത്തിലേയ്ക്കു താഴ്ത്തുന്നു.

എല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നു. 
ഇന്നലെ അല്ലെങ്കില്‍ തൊട്ടുകഴിഞ്ഞ നിമിഷം 
നമ്മെ ഉണര്‍ത്തിയതൊന്നും 
നമ്മെ സ്പര്‍ശിക്കുകപോലും ചെയ്യാതാവുന്നു.
ഇന്നലെ താന്‍ കണ്ട, 
തന്നോടു സംസാരിച്ച, 
തന്നെകെട്ടിപ്പിടിച്ച, ഉമ്മവെച്ച ആളല്ല ഇയാളെന്ന്, 
ഒരു കാരണവുമില്ലാതെ പൊട്ടിരിക്കുകയും 
മുല്ലനസിദ്ദീന്‍ കഥപറഞ്ഞ് ഉല്ലസിപ്പിക്കുകയും ചെയ്ത 
ആ രസികന്‍ മനുഷ്യനേയല്ല ഇയാളെന്ന് 
കുറച്ചു സമയംകൊണ്ട് എല്ലാവര്‍ക്കും 
പിന്നീട് തനിക്കുതന്നെയും ബോധ്യമാവുന്നു. 

ഒരേ ജീവിതത്തില്‍ പലപ്രാവശ്യം നമ്മള്‍ 
എറിഞ്ഞുടയ്ക്കപ്പെടുന്നു.

16-Dec-2012

പ്രണയം ഒരു മഴവില്ലുവരയ്ക്കുന്നു
ജീവിതത്തിന്റെ സൂര്യന്‍ 
നടന്നു തളര്‍ന്ന് കടലില്‍, ഉപ്പുവെള്ളത്തില്‍ 
മുഖംപൂഴ്ത്തുന്നു.
രാത്രിവരുന്നു, ഇരുട്ടുമൂടുന്നു.
പ്രണയമോ, 
ഉടന്‍നക്ഷത്രങ്ങള്‍ വാരിനിരത്തുന്നു, 
നിലാവു പുരട്ടുന്നു. 
നിദ്രയുടെ ഇരുണ്ട കടലില്‍ 
സ്വപ്നങ്ങളുടെ 
പവിഴദ്വിപുകളുയര്‍ത്തുന്നു.

ജീവിതം വലിയപരാജയങ്ങള്‍ കൊണ്ടുവരുന്നു,  
രോഗവും മുറിവുകളും മാരണങ്ങളും.
പ്രണയം കൃത്യ സമയത്ത്
ഏതെല്ലാമോ പ;ച്ചമരുന്നുകളും പറിച്ച്
കോന്തയില്‍ക്കെട്ടി 
നനഞ്ഞവിരലുകളുമായി 
ഓടിയോടിത്തിരിച്ചെത്തുന്നു.
എല്ലാനീറ്റലുകളെയും മടിയില്‍ക്കിടത്തി ഉറക്കുന്നു. 

മയിലിന്റെ പീലിയായും കുയിലിന്നു പാട്ടായും 
പ്രണയം ജീവിതത്തെ കുറച്ചുകൂടി 
പച്ചയും നീലയുമുള്ളതാക്കുന്നു, 
ഇലകള്‍ മാത്രമല്ല പൂക്കളും എന്ന്, 
ഇത്തിരി മണംകൂടി, ഇത്തിരി മധുരം കൂടിഎന്ന്
പ്രണയത്തിന്റെ ഋതു. 

മഴയ്ക്കും വെയിലിനുമിടയില്‍
പ്രണയമൊരു മഴവില്ലു വരയ്ക്കുന്നു. 

ജീവിതം കരിശുമരണങ്ങളുണ്ടാക്കുന്നു, 
പ്രണയം പുരനരുത്ഥാനവും.

15-Dec-2012

ഒറ്റദിനക്കവിതഓരോ ദിവസത്തിനും എഴുതാനുണ്ട് 
ഒരൊറ്റദിനക്കവിത. 
ചിലതൊരുകുഞ്ഞുണ്ണിക്കുറുങ്കവിത.
ചിലതൊരു മഹാഭാരതം. 
സ്തീപര്‍വ്വവും യുദ്ധപര്‍വ്വവും കൊണ്ട് 
അയോധ്യാ കാണ്ഡവും 
ആരണ്യകാണ്ഡവും കൊണ്ട് 
തഴച്ചുതഴച്ചൊരു 
മഹാ കാലം തന്നെയായത്.

ഒറ്റദിനവന്യതയിലൊരുകാട്ടുപൂവായി, 
അതിന്റെ ഉള്‍ജലത്തില്‍ 
ആമ്പലോ താമരയോ 
നക്ഷത്രമത്സ്യമോ ആയി, 
ഓളവും അലയും അതിന്റെ നേര്‍ത്തഈണവുമായി
തരിശ്ശില്‍ ഞാങ്ങണപ്പുല്ലായി, 
കള്ളിച്ചെടിയായി
ഒരൊറ്റ ദിനത്തിന്റെ അടിപ്പള്ളയില്‍നിന്ന്
കവിത പിറന്നു വീഴുന്നു. 

ഒരു ദിവസത്തിന്റെ ഹൃദയം 
അതിന്റെ കവിതയില്‍ സ്പന്ദിക്കുന്നു. 
ഒരു ദിവസത്തിന്റെ 
പ്രണയവും സ്മൃതിയും 
വിരഹവും വിലാപവും 
അതിന്റെ കവിതയിലൂടെ മാത്രം 
വെളിച്ചപ്പെടുന്നു. 

ഇന്നിന്റെ കവിത ഇന്നു തന്നെ വായിക്കണം. 
നാളെയത് വാടിയ പൂവിതളുപോലെ അസുന്ദരം, 
പഴകിയ ഭക്ഷണംപോലെ വിഷം.


13-Dec-2012

ഉപേക്ഷിക്കപ്പെട്ടവള്‍


മണ്ണില്‍ നഷ്ടപ്പെട്ടവള്‍ 
തളിരായും പൂവായും 
തിരിച്ചുവരുന്നു. 
കാട്ടില്‍ നഷ്ടപ്പെട്ടവള്‍ 
ഒഴുക്കുകളായി. 
ആകാശങ്ങളില്‍ നിന്ന് 
മഴയായും കൊടുങ്കാറ്റുകളായും 
വെറുമൊരു തണുത്ത മൂളലായും 
തിരിച്ചുവരുന്നു.


പിഴച്ചത്


തെറ്റിയ വാക്കുകള്‍
പിന്നെപ്പിന്നെ 
പ്പുതിയൊരു പദമായ് 
മറ്റൊരു ജന്മം 
നേടിയെടുത്തു. 

കൃത്യത തെറ്റു
ന്നേടത്തൊക്കെ
പ്പൊട്ടി വിടര്‍ന്നത്
പൂതിയൊരു നിറവും 
പുതിയൊരു പൂവും. 
പുതിയൊരു തുമ്പി, 
ശലഭം. 
പുതിയൊരു മഴവി-
ല്ലവരെ വരയ്ക്കാന്‍ 
പുതിയൊരു നീലിമ. 

പുതുമകളൊക്കെയു-
മോരോ പിഴവില്‍ നിന്ന്. 

രാവിമിനുക്കിയ 
വാക്കുകളല്ല, 
പാതിയൊടിഞ്ഞവര്‍, 
പാതി മരിച്ചവര്‍, 
പൊരുതിത്തോറ്റവര്‍, 
എന്നിട്ടുംചെറു
തളിരുകള്‍നീട്ടി
യുണര്‍ന്നുവിടര്‍ന്നവര്‍
കവിതയില്‍ നീളെ, 
നിരക്കെ..


10-Dec-2012

ബന്ധത്തിലെ നിശ്ശബ്ദത


അവളില്‍നിന്ന് ഞാന്‍ പലതും പഠിച്ചിട്ടുണ്ട്.
മുമ്പൊരിക്കലും ഒരിക്കലും 
എനിക്കൂഹിക്കുവാനോ 
സങ്കല്‍പ്പിക്കാനോ ആവതില്ലാതിരുന്ന 
വിലപ്പെട്ട പലമൂല്യങ്ങളും. 

എറ്റവും പ്രധാനപ്പെട്ടത് 
നിശ്ശബ്ദമായിരിക്കാനുള്ള പാഠമാണ്. 
എനിക്കാവുന്നപോലെ നിശ്ശബ്ദതയെക്കുറിച്ച് 
ഏകാന്തതയെക്കുറിച്ച് ഒരു ഫിലോസഫി ഉദ്ദരിക്കനോ 
ഒരു കവിതകെട്ടിയുണ്ടാക്കാനോ ഒന്നും 
ഒരിക്കലും അവള്‍ ഇഷ്ടപ്പെടുകയില്ല, 
അതിനൊന്നും അവള്‍ സാധിക്കുകയുണ്ടാവില്ല, 
പക്ഷെ അകൃത്രിമവും സരളവും 
സ്വാഭാവികവുമായ നിശ്ശബ്ദത
ഞാനവളില്‍നിന്ന് അനുഭവിച്ചു. 
ഒരു പര്‍വ്വതത്തിന്റെയോ 
ഒരു കടലിന്റെയോ ഹൃദയാന്തരത്തിലെ 
ഗാഢമായ നിശ്ശബ്ദത. 

എന്റെ രോഷപ്രകടനങ്ങള്‍ക്കോ ആക്രോശങ്ങല്‍ക്കോ 
എന്റെ അല്പത്തരങ്ങള്‍ക്കോ അധാര്‍മ്മികതയ്‌ക്കോ 
അവളുടെ നിശ്ശബ്ദതയെ ഭഞ്ജിക്കാന്‍ കഴിഞ്ഞില്ല.
ശബ്ദങ്ങള്‍ കൊണ്ട് ഞാനവളെക്കാള്‍ 
എത്രയോ ചെറുതാവുകയും 
നിശ്ശബ്ദതകൊണ്ട് അവളെന്നെക്കാള്‍ 
എത്രയോ ബൃഹത്താവുകയുംചെയ്തു...


09-Dec-2012

പയ്യും കയറുംനേരു പറഞ്ഞാല്‍ 
ആകെമൊത്തം 
ഒരുപത്തുപതിന്നാലു ദിവസമാണൊരു 
പയ്യിന്റെ ജീവിതത്തിലെ 
സന്തോഷത്തിന്റെ കാലം. 
കഴുത്തില്‍ കെട്ടുവീഴുന്നതിനുമുമ്പുള്ള 
പറമ്പിലാകെ ചാടിത്തുള്ളി നടക്കാവുന്ന
എപ്പഴും ചെന്നമ്മിഞ്ഞ കുടിക്കാവുന്ന 
ഒരൊന്നര രണ്ടാഴ്ച. 

കഴുത്തില്‍ക്കെട്ടിയ കയറ് 
പയ്യിനെ പറമ്പിലേയ്ക്കും ആലയിലേയ്ക്കും 
കറവുശാലയിലേയ്ക്കും 
അറവുശാലയിലേയ്ക്കും വലിക്കുന്നു. 
പയ്യില്‍ കെട്ടിയ കയറ് 
അതിന്റെ വന്‍കരയുടെ ആരം നിര്‍ണയിക്കുന്നു. 

കെട്ടിയതിന്റെ ആദ്യദിവസങ്ങളില്‍ 
പൈക്കിടവിന്റെ കയറില്‍ക്കിടന്നുള്ള പിടച്ചില്‍ 
കണ്ടുനില്‍ക്കുകയാസാധ്യം. 
പിന്നെപ്പിന്നെ 
കയറുതെളിക്കുന്നിടത്തേയ്‌ക്കൊക്കെ പോകാനും 
കയറുനീളത്തിനപ്പുറത്തേയ്ക്കു 
കഴുത്തു നീട്ടാതിരിക്കാനും പയ്യ് ശീലിക്കുന്നു. 

ദൈവവും നെറ്റിയില്‍ച്ചുട്ടിയുള്ള 
അകിടില്‍ ഈ ഭൂഗോളത്തിന്റെ മുഴുവന്‍ 
നാവുനനയ്ക്കാന്‍ പാലുള്ള ഒരമ്മിണിപ്പയ്യ്.  
മതങ്ങള്‍, എല്ലാ മതങ്ങളും, 
കെട്ടിവലിക്കാനുള്ള കയറും...


08-Dec-2012

ഞാനെല്ലാമറിയുന്നുണ്ടായിരുന്നുനിലാവുള്ള രാത്രിയായിരുന്നതുകൊണ്ട്  
വെന്റിലേറ്റര്‍ വഴിക്ക് 
മുറിയില്‍ വെളിച്ചം വീണിരുന്നതുകൊണ്ട് 
ഉറക്കം നടിച്ചു കിടത്തത്തില്‍ 
ഞാനെല്ലാം അറിയുന്നുണ്ടായിരുന്നു. 
അവള്‍ അടുത്തുവന്നതും 
പുതപ്പുവലിച്ചിട്ട് ഉറങ്ങാന്‍ ശ്രമിച്ചതും 
തലയണയില്‍മുഖംപൊത്തി കരഞ്ഞതും 
ജനാലയ്ക്കടുത്ത് പോയി പുറത്തേയ്ക്കുനോക്കി 
കുറേനേരം നിന്നതും 
മോളുറങ്ങുന്ന കൊച്ചുകട്ടിലിന്നടുത്തുപോയി 
പിന്നെയും കുറേനേരം ഏങ്ങിയേങ്ങിക്കരഞ്ഞതും, 
-ഓ, ശരിക്കും ഉറങ്ങുകയായിരുന്നെങ്കില്‍ 
ഞാനപ്പോള്‍ ഉണര്‍ന്നുപോവുമായിരുന്നു. 
അത്ര ഉച്ചത്തിലായിരുന്നു 
മോളെ നോക്കിക്കൊണ്ടുള്ള അവളുടെ കരച്ചില്‍- 
ടേബിള്‍ ലാംബ് ഓണാക്കിയതും. 
കുറച്ചുനേരം മിണ്ടാതെയിരുന്നതും 
പേനയും കടലാസും തപ്പിയെടുത്ത് 
ഈ കത്ത് എഴുതിയതും 
അലമാറ തുറന്നതും 
പിന്നെയുമടച്ച്, 
പിന്നെയും മോളുടെ അരികില്‍പോയി 
വാതില്‍ ഒച്ചയില്ലാതെ ചാരി പുറത്തുപോയതും...
ഏറെനേരം ഉറക്കംവന്നില്ലെങ്കിലും 
എപ്പോഴോ ഞാനുറങ്ങി....
ഉറങ്ങിയിട്ടും 
ഞാനെല്ലാം അറിയുന്നുണ്ടായിരുന്നു...

കുറുവര


പരമാര്‍ഥം ചൊന്നാല്‍ 
ഇവനൊരു വെറും 
പരപ്രചാരകന്‍.
പകലിരവുകള്‍ 
ഉണര്‍ന്നിരുന്നെങ്ങോ 
മറഞ്ഞ കാലങ്ങള്‍ 
തകര്‍ന്നലോകങ്ങള്‍ 
ചിതലരിച്ചവ, 
കടലെടുത്തവ 
പകുത്തു നോക്കിയും 
പരതിനോക്കിയു
മെഴുത്തച്ഛന്‍മാരെ
പ്പകര്‍ത്തിവെയ്ക്കുന്നോന്‍. 

ഒടുവിലായതി
ന്നടിയില്‍ നീളത്തില്‍ 
 ഒരു കടും നീല, 
കരിംകറുപ്പുമാ-
മൊരുവരപോലെ
യൊരുകുറുവാക്കും 
വരച്ചു വെയ്ക്കുന്നു.


05-Dec-2012

മണ്ണ്ഇന്ന് ഡിസംബര്‍5. 
അന്താരാഷ്ട്ര മണ്ണുസംരക്ഷണ ദിനംമണ്ണില്‍ നിന്നു 
മുളയ്ക്കുന്നു നമ്മള്‍ 
മണ്ണില്‍ വിത്താ
യുറങ്ങുന്ന നമ്മള്‍. 

മണ്ണുതിന്നു 
തളിര്‍ത്തു പൂക്കുന്നു. 
മണ്ണുമൂക്കുന്നു
കായ്ക്കുന്നു നമ്മില്‍. 

മണ്ണിനാഴത്തില്‍ 
നമ്മള്‍ക്കുവേരുകള്‍ 
മണ്ണില്‍നമ്മള്‍
ക്കുറവയും ഉപ്പും. 

മണ്ണടരിന്‍
മണമുണ്ടുനമ്മില്‍
മണ്ണു നമ്മള്‍
മൃദുവാമൊരിക്കല്‍

ഞെട്ടുവാടി
ക്കരിഞ്ഞു പോകുമ്പോള്‍
മണ്ണിലേയ്ക്കൂര്‍ന്നു 
വീഴുന്നു നമ്മള്‍.

മണ്ണില്‍നിന്നു 
മുളയ്ക്കുന്ന നമ്മള്‍ 
മണ്ണിലേയ്ക്കു 
മടങ്ങുമൊടുക്കം.

04-Dec-2012

പൊടിമണ്ണ്ചെരിപ്പൊന്നുമില്ലാതൊട്ടു
പൊടിമണ്ണില്‍ ചവുട്ടിനില്‍ക്കണം. 
ദുഖം ഗാഢമാവുമ്പോള്‍ 
നനമണ്ണില്‍ കൈകള്‍രണ്ടും
അമര്‍ത്തിത്താഴ്ത്തി വെയ്ക്കും ഞാന്‍..

മണ്ണിലെന്‍ മിഴിപ്പുകള്‍
മണ്ണിലെന്‍തളിര്‍പ്പുകള്‍
മണ്ണിലെന്‍ തിടംവെയ്ക്കല്‍. 

മണ്ണിലെന്‍ പൂക്കാലങ്ങള്‍
ശിശിരം ശൈത്യം വേനല്‍.
മണ്ണിലെന്‍ കുട്ടിക്കാലം 
വരച്ചുപഠിച്ചത്.

മണ്ണാണെന്‍ മതം, ദൈവം, 
മണ്ണാണെന്‍ ,സത്യദര്‍ശനം 
മണ്ണാണെന്‍ ദേശം,രാഷ്ട്രം
മണ്ണിലെന്‍ പ്രേമം, രതി, . 
മണ്ണോടെന്‍ ജീവാസക്തി

ഞാനൊരു കുഴിയാന, 
ചിതല്‍, ഉറുമ്പ്, മണ്ണിരപ്പുഴു. 
മണ്ണെന്നൊളിത്താവളം.
മണ്ണിലെന്‍ ജനനം, ജന്മം.  
മണ്ണിലെന്‍ മരണവും.


03-Dec-2012

വേനലും വര്‍ഷവും


ഒരിക്കല്‍ കാലം വര്‍ഷം. 
നിലയ്ക്കാത്ത നിമന്ത്രണം,
ഇടറാത്തത്തപം, മേഘം,
തോരാത്ത പാരായണം.

ഒരിക്കല്‍ക്കാലം വെയില്‍ 
തീരാത്ത ജലദാഹം 
തീകൊണ്ടുള്ള ചുംബനം
ഇലയറ്റ നിഴല്‍മുദ്ര.


02-Dec-2012

പുലിമറച്ചില്‍പുലിയിറങ്ങുന്നൂ, പുലിയിറങ്ങുന്നൂ 
ഇടിച്ചകുന്നില്‍നിന്നെരിച്ചകാട്ടില്‍നിന്നി
രുളില്‍ക്കത്തിച്ച കനല്‍വിളക്കുമായ്
പുലിയിറങ്ങുന്നു പുലിയിറങ്ങുന്നു...

വിശപ്പുചോരയില്‍ 
പതഞ്ഞു പൊന്തുമ്പോള്‍ 
മറക്കുന്നൂ പുലി മുലപ്പാലിന്നൊപ്പം 
വനം പഠിപ്പിച്ചോരതിര്‍ത്തി ബോധവും 
കുലമര്യാദയും. 

വിശപ്പു തീയാണ്, 
മരണവും ഭ്രാന്തും ഇഴപിരിഞ്ഞതാം 
തലതിരിച്ചലാണടിക്കയത്തിലേ-
യ്ക്കമര്‍ത്തിമുക്കുന്ന 
തിരച്ചുഴിയുമാണതില്‍ കുരുങ്ങിയാ-
ലസാധ്യമേ പിന്നെ 
വരും വരായ്കകള്‍ വരച്ചബോധനം.   

പുലിയിറങ്ങിപോല്‍ 
പുലിയിറങ്ങിപോല്‍ 
പുലിയെ വീഴ്ത്തുവാന്‍ 
വിരിച്ച സാമര്‍ഥ്യക്കുരുക്കുഭേദിച്ചും. 
ഇവിടെ നില്‍ക്കുമ്പോള്‍ അവിടതാ പുലി, 
അവിടെയെത്തുമ്പോ-
ളിവിടിതാ പുലി. 
പുലിമറച്ചിലിന്‍ രഹസ്യമെന്തെന്നു 
മറന്നമാനവന്‍ കളിക്കുരങ്ങുപോ-
ലിടംവലംചാടിത്തുലഞ്ഞു തോല്‍ക്കുന്നു...

പുലിക്കൊളിക്കുവാനിടമനവധി. 
കരിയിലയ്ക്കുള്ളില്‍ കരിയിലയായും 
ചെളിവെള്ളക്കെട്ടില്‍ പായല്‍പ്പരപ്പായും 
ഉറുമ്പായും വെള്ളിവരച്ചിറകുള്ള 
ശലഭമൊന്നായും പുലിയൊളിക്കുന്നു.

കറച്ചുനേരത്തെക്കളിക്കവസാനം 
പലകുലങ്ങളെയെരിച്ചകൈകളാല്‍ 
പിടഞ്ഞുചാകുമീയൊരൊറ്റയാള്‍ സൈന്യം. 

പഴക്കമെത്രയെന്നളക്കുവാനാകാ
മലമുടികളില്‍ 
ഇരുളിനെക്കാളുമിരുണ്ടഘോരമാം 
വനത്തിനുള്ളിലായുറങ്ങുന്നുണ്ടൊരു 
രുധിരദാഹിയാം വിശന്നചെമ്പുലി.
പുറംകാടില്‍ വെടിയുതിര്‍ത്തുകൊല്ലുമ്പോ-
ലെളുപ്പമല്ലെന്നാലകക്കാടിന്നുള്ളില്‍
പുലിയുണരുമ്പോള്‍, പുലിമറയുമ്പോള്‍...

വാക്കുകളുടെ എണ്ണംതങ്കം എന്നും വൈകുന്നേരം കുറച്ചുനേരം 
എന്റെയടുത്തുവരും. 
ഞങ്ങള്‍  ചെറിയൊരു ചായക്കടയില്‍പ്പോയി 
അഞ്ചുമിനുട്ടു നേരത്തേയ്ക്ക് ഇരിക്കാന്‍ 
സമ്മതം കിട്ടും വിധത്തില്‍ 
ഒരു ഉഴുന്നുവടയോ ബോണ്ടയോ വാങ്ങും.
ഇന്ന്  തങ്കം അവളുടെ മാമന്‍മാരെപ്പറ്റി എന്നോടു പറഞ്ഞു. 
ശാന്തന്‍മാമല്‍, സുശീല്‍മമാമന്‍, സുധര്‍മ്മന്‍മാമന്‍ എന്നുമൂന്നുപേര്‍. 
മൂന്നുപോര്‍ക്കും തമ്മില്‍ ഒരു സാമ്യവുമില്ല, 
കുന്തീദേവി ചെയ്തമട്ടില്‍ 
മൂന്നുദേവതമാരെ പൂജിച്ചപോലെയെന്ന് 
അവളുടെ വെളിവില്ലാത്ത തമാശ.

ശാന്തന്‍ മാമന്‍ ധാരാളം പറയും. 
തീരെ ശാന്തതയില്ലാതെ. തിരക്കുപിടിച്ചാണ് പറച്ചില്‍. 
കേള്‍ക്കുന്നവര്‍ എന്തെങ്കിലും കേട്ടുവോയെന്നോ 
മനസ്സിലാക്കിയോ എന്നോ ഒരു ചിന്തയുമില്ല, 
സുധര്‍മ്മന്‍മാമനോ ഒന്നും പറയില്ല. 
മൂപ്പര്‍ പരീക്ഷയില്‍ തോറ്റെന്നോ ജയിച്ചെന്നോ ഒക്കെ 
അമ്മമ്മ അറിഞ്ഞിരുന്നത് 
അലക്കുമ്പോള്‍ കുപ്പായക്കീശയില്‍ ചുരുട്ടിമടക്കിവെച്ച 
ഉത്തരക്കടലാസുകണ്ട്.
മൂപ്പരുടെ വയറുവേദന ഡോക്ടറെക്കാട്ടാതെതന്നെ മാറണം. 
സുശീല്‍മാമനാണ് തങ്കത്തിന്റെ നോട്ടത്തില്‍ മാതൃക. 
അധികം ഒച്ചവെക്കില്ല എന്നാലെല്ലാം പറയും. 
ചീത്ത പറയില്ല ,അടിക്കില്ല, 
എന്നാല്‍ തൊട്ടടുത്തുണ്ടെന്നു തോന്നിപ്പിക്കും.
മാമന്‍മാരെപ്പറ്റിപ്പറഞ്ഞുനിര്‍ത്തി അവള്‍ വേഗം പോയി. 

ഇനിയെപ്പോഴെങ്കിലും വേറൊരാളോട് പറയുമ്പോള്‍ 
എന്നെക്കൂടിച്ചേര്‍ത്ത് അവള്‍ പറയുമായിരിക്കും 
നാലാമത്തെയാളൊരുത്തനുണ്ട്. 
ചിലപ്പോള്‍ മിണ്ടലോടെ മിണ്ടല്‍, 
ചിലപ്പോള്‍ മിണ്ടാട്ടമേയില്ല, 
ചുരുക്കം ചിലപ്പോള്‍മാത്രം 
ശരിയായ എണ്ണം വാക്കുകള്‍ എന്ന്, 
കേട്ടാല്‍ തീത്തിന്നപോലെ എന്ന് ....

01-Dec-2012

എട്ടുകാലി
ഫിലോസഫി, 
എല്ലാ ഫിലോസഫീം,
ഒരെട്ടുകാലിവല.

യാത്രകളുടെ, 
പറത്തങ്ങളുടെ, 
വിസ്മയങ്ങളുടെ,
ആകാംക്ഷകളുടെ, 
അന്വേഷണങ്ങളുടെ, 
സ്വാതന്ത്ര്യത്തിന്റെ, 
തുറന്ന വഴിയില്‍ 
വലിയ വലവിരിച്ച്. 
അവര്‍കാത്തിരിക്കുന്നു...

ജ്ഞാനദാഹികളായ കുട്ടികള്‍, 
വേഗത്തില്‍ പറക്കുന്നവര്‍, 
ഇത്തിരി തേനിന്നു വിശക്കുന്നവര്‍, 
ആകാശം മോഹിക്കുന്നവര്‍, 
വെളിച്ചം ദാഹിക്കുന്നവര്‍,
ഈച്ചകള്‍, 
പ്രാണികള്‍, 
തുമ്പികള്‍ പൂമ്പാറ്റകള്‍...
എല്ലാവരും വലയില്‍ വീഴുന്നു. 

ഫിലോസഫികള്‍ 
എട്ടുകാലുള്ള വിശപ്പുകൊണ്ട് 
ഈ ലോകത്തെ 
മുഴുവന്‍ തിന്നു തീര്‍ക്കുന്നു.