31-May-2012

പ്രേതം
പണ്ടീയതിരില്‍ക്കൂടെപ്പോകും 
ബസ്സിടനിന്നു കിതച്ചാലാരോ
കണ്ണു മുറുക്കി വിളിച്ചതുപോലി
ങ്ങാര്‍ക്കുമിറങ്ങിനടക്കാന്‍ തോന്നും.
ചുണ്ടില്‍ വെറ്റച്ചോപ്പ്.
ജമന്തിപ്പൂമണ,-
മുലയുന്നുണ്ട് നടത്തത്താലി-
ങ്ങീരേഴുലകം.
കൂന്തലഴിച്ചിട്ടുള്ളിലൊളിക്കാ-
മിരവും പകലും.
മൂളിമയക്കുമുണര്‍ന്നാല്‍ത്തീരും
ജന്മാന്തങ്ങളലഞ്ഞു നടന്ന കടച്ചില്‍.
പച്ചില പീഞ്ഞ മരുന്നില്‍ മാറും 
പത്തി ചതഞ്ഞ പിടച്ചില്‍.
പോറ്റിക്കളയാമെന്നുകൊതിച്ചാ
ക്കോപ്പയ്ക്കുള്ളിലടച്ചുപിടിച്ചാ
ലൊരുഞൊടികൊണ്ടവളാറ്റിലടങ്ങാ
താഴിയൊതുങ്ങാതത്ഭുതമത്സ്യം.
പ്രണയിച്ചിട്ടുണ്ടേറെ.
വേലിപൊളിച്ചു പുറത്തുകടന്നിട്ടുണ്ട്.
അന്തി മുറിച്ചു പുറപ്പെട്ടെങ്ങോ പോയിട്ടുണ്ട്.
വടക്കിനി വാതില്‍ സാക്ഷ തുറന്നി-
ട്ടന്യരെയാത്തു കടത്തീട്ടുണ്ട്.
ചത്തു മലച്ചുകിടക്കെപ്പോലും
പച്ചപ്പാലെ മദിപ്പിച്ചിവളൊരു 
മോഹിനി,യത്രയ്ക്കുന്മാദിനി-
യെന്‍ പഴയ സ്വദേശം.
അവളെച്ചുട്ടുകരിച്ചതിന്നസ്ഥി
പൊടിച്ചു മിനുക്കിയ പുതിയൊരു ദേശ
ത്തെന്നുടെ വാസം.
കാലം പുതിയത്. 
ദൂരമളന്നു മുറിച്ചത്.
കെട്ടുകളുണ്ട,് പേറുകളുണ്ട്, 
നേരാനേരം ദീനം, മരണം
കൃത്യത പാലിച്ചെത്താറുണ്ട.്
പ്രണയം പോലും പൂക്കാറുണ്ടി-
ങ്ങോണംപോല്‍ 
പുതുമോടിയിലിന്നും്.

എങ്കിലുമെങ്ങടെ കോണ്‍ക്രീറ്റുകളില്‍
കിളികള്‍ തൂറിയ വിത്തില്‍ പൊട്ടി
മുളയ്ക്കാറുണ്ടപ്പീലിക്കണ്ണുകള്‍. 
എങ്കിലുമിരവിന്നുള്ളടരുകളില്‍ 
ലാവു നനഞ്ഞുകുതിര്‍ന്നഴിയുമ്പോ-
ളാരോ മാടി വിളിച്ചതുപോലെ 
ക്കണ്ണുംചിമ്മിനടക്കാറുണ്ട.്‌

30-May-2012

പൂട്ടിത്തുറപ്പ്


പൂട്ടിയ പള്ളിക്കൂടമേയല്ല തുറന്നപ്പം.
മാങ്ങാക്കനംകൊണ്ട് 
ചില്ല പൊട്ടി വീണതക്കത്തിന് 
ഓഫീസ ്മുറിയുടെ
മൂലയ്ക്കു ചാരിവെച്ചിരുന്ന മഴു 
കുഞ്ഞിത്തൊള്ളയ്ക്കുമാത്രം മധുരിച്ചപോന്ന 
പുളിച്ചിക്കണ്ണിമാവിനെ കടവെച്ചു മുറിച്ചിട്ടു.  
മുറ്റത്തവിടിവിടെ 
ചില്ലകള്‍ വിറകാക്കി കൂട്ടിയിട്ടത്.
പറമ്പില്‍ മണ്ണുതിന്നോണ്ടിരുന്നു
കുഞ്ഞുകുട്ട്യേളും കൊമ്പന്മാരുമടക്കം
മരയാനക്കൂട്ടം.
തണലായിരുന്നിടത്ത് വെള്ളവെയില്‍.
ചിന്നമ്മൂന്ന് മറ്റാര്‍ക്കുമറിഞ്ഞുകൂടാത്ത
ഷീബ.ടിനായര്‍ അച്ഛന് സ്ഥലംമാറ്റം കിട്ടിയിട്ട്
ടി.സി. വാങ്ങിപ്പോയി. 
വെപ്പുകാരി പാറുവമ്മൂമ്മ 
മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചു മരിച്ചു. 
രണ്ടാംക്ലാസിലെ വാസന്തിടീച്ചര്‍ സ്‌ക്കൂളുമാറി.
ഇനി മരംകേറിക്കളിക്കും 
കുറ്റിപിടിച്ചുകളിക്കും പകരം വേറെക്കളികള്‍. 
പാഠപ്പടിപ്പിന്റെ കണ്ണുവെട്ടിച്ചുരുമ്മാന്‍ 
വാസനപ്പൗഡറിന്റെ മണത്തിനുപകരം 
മറ്റേതോ മണം. 
കഞ്ഞിവെള്ളം മുക്കിത്തരാന്‍ 
വേറൊരു കയ്യും കയ്യിലും.
ഇനി വേറെക്കൈകൊണ്ടുള്ള അക്ഷരങ്ങള്‍.
വേറെയൊച്ചകൊണ്ടുള്ള ഗുണകോഷ്ഠം.


വേഗം കണ്ടെത്തണം 
പുതിയ വാസസ്ഥാനത്ത് 
പുതിയൊരൊളിയിടം.

29-May-2012

കിളി-മരം
കുരുവിയോ 
കുയിലോ 
പനം തത്തയോ 
അരിപ്രാവോ 
പൊന്മയോ കുളക്കോഴിയോ 
ചുട്ടിപ്പരുന്തോ 
ബലിക്കാക്കയോ 
അറിയില്ലല്ലോ പെണ്ണേ 
ആരാണു ഞാനെന്നത്! 


നെല്ലിയോ ഞാവലോ 
വെള്ളപ്പയിനോ 
മന്ദാരമോ 
പനയോ പാലയോ ചേരോ
താന്നിയോ മഞ്ചാടിയോ 
അത്തിയിത്തിയരയാലോ 
കൊന്നയോ 
മാവോ പ്ലാവോ 
അറിയില്ലല്ലോ ചെക്കാ, 
ആരാണു ഞാനെന്നത്!

28-May-2012

ഒരുമേംപലമേം
ഓട്ടങ്ങളോരോ വിധം
കുത്തിരിപ്പൊറ്റത്തരം.
പലേ നിറങ്ങള്‍ക്കു-
മൊളിക്കാന്‍ കറുപ്പൊന്ന്.
കാക്കത്തൊള്ളായിരം 
നുണകള്‍,
നേരായൊരേയൊന്ന്.
വേഷങ്ങള്‍ പലേ ഡിസൈന്‍
നഗ്നതയ്‌ക്കൊരു ഡിസൈന്‍
മിണ്ടാട്ടമോരോ ആള്‍ക്കും 
സ്വന്തമായൊരു ഭാഷ.
മിണ്ടാതിരിക്കുന്നേര
മെല്ലാര്‍ക്കുമൊരേ ഭാഷ
കടകള്‍ പലേ തരം 
കടത്തിണ്ണയൊരേ തരം
കുതറിച്ച പലേ വിധം 
ചങ്ങലയൊരേ വിധം.
ജീവിതം പല പോസില്‍
മരണമൊരൊറ്റപ്പോസില്‍.

27-May-2012

ഒറ്റകള്‍
ഒരുമിച്ചാവാന്‍ ശുണ്ഠിപിടിച്ചു
കിതയ്ക്കുന്നൂ നീ,
മുക്കിനു മുക്കിനു നടയും നിര്‍ത്തി
കാക്കുന്നൂ ഞാ-
നോര്‍മ്മിക്കുന്നോ അന്നീ വഴിയില്‍ 
തമ്മില്‍വേഗമലിഞ്ഞു നടന്നൂ 
നമ്മളൊരൊറ്റയൊഴുക്കില്‍
പെട്ടതുപോലെ. 
വഴിയിതുമാറീട്ടില്ലെന്നാലും 
യാത്രികര്‍ നമ്മള്‍ മാറിയതാവാം
നിന്നുടെ ചുവടിനു നിന്നുടെവേഗം
എന്റെ നടപ്പിന്നെന്‍ ശരവേഗം.


തമ്മില്‍ ചേര്‍ത്തു തെളിച്ചാലും സഖി, 
നമ്മുടെ കാലുകളോരോന്നിന്നും 
ഉണ്ടു നടപ്പാനോരോ വഴികള്‍. 
എത്രയടുക്കി വരച്ചെന്നാലും 
എത്ര പിണച്ചു പിടിച്ചെന്നാലു      ം 
ഒന്നു വിടുമ്പോളോരോന്നായവ-
യൊറ്റയ്ക്കാവും വേറെപ്പോവും.


ഒന്നിച്ചിത്തിരിനേരം മണ്ണില്‍
കൊത്തോ കിളയോ ചെയ്തു രമിക്കാം.
ഒറ്റയടുപ്പില്‍ വേവാമുണ്ണാം. 
ഒരുമിച്ചിത്തിരി സന്തോഷങ്ങള്‍ ചൊല്ലാം. 
എന്നിട്ടൊടുവിലൊരൊറ്റപ്പായി-
ലുറക്കവുമാവാം. 
പിന്നെയിരുട്ടിന്നാഴക്കടലില്‍ 
തുഴയില്ലാച്ചെറു തോണികള്‍ നമ്മള്‍. 
നിന്നെയൊഴുക്കും തിരകള്‍ വേറെ
യെന്റെയൊഴുക്കിന്‍ ദിശകള്‍ വേറെ. 
നമ്മുടെ സ്വപ്നക്ഷീരപഥങ്ങളി
ലൊറ്റയ്ക്കലയുമനാഥര്‍, താരകള്‍ 
നീയും ഞാനുമിടയ്‌ക്കോ 
കല്പാന്തങ്ങളനേകം.

26-May-2012

അറിയ്യോ? അറിയില്ലേ?
അറിയാമോയെന്നൊരുവള്‍, 
കാലം വീണുപൊടിഞ്ഞതിണര്‍പ്പി
ന്നടരുകളൊറ്റക്കൊത്തി
നുടഞ്ഞുതകര്‍ന്നോ!, 
പെട്ടെന്നേതോ മാന്ത്രിവിദ്യ
പ്രവര്‍ത്തിച്ചതുപോല്‍ മുന്നില്‍. 
കത്തിയതീവെയിലാറി
നനുത്ത നിലാവില്‍ നില്‍പതുപോലായ്. 
പലവിധമുള്ളൊരെടുപ്പുകളോരോ 
കാട്ടു മരങ്ങള്‍, പല തളിരിലകള്‍
മൂടി നനുത്ത വസന്തം പോലെ.
പുകപടലങ്ങള്‍ കരിമേഘഛവി
പൂണ്ട വിഹായസ്സിന്‍ പ്രണ-
യാതുരഹൃത്തിന്‍ പലപലചിത്രം 
കോറിവരയ്ക്കും ബ്രഷുകള്‍പോലായ്. 
മാനുകള്‍ മുയലുകള്‍ 
കൂറ്റന്‍ പോത്തുക-
ളാനകളോട്ടംചാട്ടം...


അറിയില്ലെന്നോ 
തെല്ലുവിഷാദം പൂണ്ടവളാര്‍ത്തിക്കെ
അറിയാമറിയാമെന്നൊരു
ഭ്രാന്തന്‍കാറ്റു കണക്കെ
പ്പാളും മിന്നല്‍പ്പിണറുകണക്കെ 
അട്ടഹസിച്ചു ചിരിക്കാന്‍തോന്നി. 


പിന്നെയുറക്കനെയൊരുപെരുമഴപോ-
ലറിയില്ലറിയില്ലെന്നു 
കലമ്പിക്കരയാന്‍ തോന്നി.

25-May-2012

ചെന്നിനായകം
അമ്മയെ കയ്ക്കുന്നെന്ന് 
കുഞ്ഞുമോള്‍. 
കെര്‍വ്വിച്ചുംകൊ-
ണ്ടമ്മൂനുവേണ്ടീയമ്മെ-
യെന്നവളെന്നെച്ചുറ്റി-
പ്പടര്‍ന്നു പിടിക്കുമ്പോ-
ളൊളികണ്ണിട്ടു നോക്കി ഞാന്‍ 
അരച്ചിട്ട ചെന്നിനായക-
സൂത്രത്തിന്‍ ഫലപ്രാപ്തി-
യേകിയ സന്തോഷത്തിന്‍
കുസൃതിച്ചിരിയല്ലീ- 
ത്തൂവെള്ള പെണ്‍പിറാവിന്റെ
കണ്ണിപ്പോള്‍ തുളുമ്പിപ്പോകും 
ഇലവക്കിലുരുണ്ടുകൂടിയോ-
രൊരുപൊട്ടു വെള്ളത്തുള്ളി. 
ഇത്തിരിക്കയ്പ്പിച്ചപ്പോ-
ളമ്മയെമതിയായല്ലേ
യെന്നവള്‍ വിതുമ്പാതെ.
മിണ്ടീല ഞാനാമുന
ഗതിമാറിയാണെങ്കിലു-
മിത്തിരിയുള്ളില്‍ക്കൊണ്ട
നോവാല്‍ പൊള്ളിയെങ്കിലും.

24-May-2012

ഊഞ്ഞാലാട്ടം
ഒരുവള്‍ മഴയ്ക്ക്
ക്ലാസിലേയ്ക്കു പിടിച്ചു കയറാന്‍ 
കൈ നീട്ടിക്കൊടുത്തു.
ഒരു തൊട്ടാച്ചിണുങ്ങിച്ചെക്കനോട് 
കരച്ചില്‍ കിടക്കപ്പായില്‍ 
വെച്ചുമറന്നുപോയി. 
അവനാകെ കുടുങ്ങി. 
സ്‌ക്കൂള്‍ ബസ്സ് 
വരാന്‍ വൈകീട്ടു പോലും 
അവനൊച്ച പൊങ്ങീല്ല.
ഉറുമ്പുകള്‍ക്ക് പിന്നാലെ ഒരുവള്‍് 
ഇരുട്ടറയിലേയ്ക്കു പോയി. 
നീയാണിനി ഇവിടുത്തെ രാജ്ഞി:
ഉറുമ്പു മുത്തശ്ശി പറഞ്ഞു 
വരി വരിവരിയായിച്ചെന്ന്  
യുകെജി മിസ്സിനെ  തിന്നു തീര്‍ക്കണം;
രാജ്ഞിയുടെ ആദ്യ കല്പന.
ഞാനെന്റെ ഊഞ്ഞാലും 
എന്റെ ആട്ടവുമാണ്, 
ഓലഞ്ഞാലി 
ഒരു പുറന്നോട്ടക്കാരനെ കൊതിപ്പിച്ചു .
ഒരുവള്‍ ഒരാശ്വാസത്തിന്
അമ്മയുടെ മുഖം ഓര്‍മ്മിച്ചു നോക്കി. 
സ്ലേറ്റിലെ പൂമ്പാറ്റച്ചിത്രംപോലെ 
എങ്ങനെയോ മയഞ്ഞു പോയി. 
ടീച്ചറുടെ 
പൂച്ചപ്പാട്ടിനെക്കാളുയരത്തില്‍ പറന്നു
അവളുടെ അളമുട്ടിയ നിലവിളി.

23-May-2012

വിത്തുകള്‍
1
കുഞ്ഞുമക്കള്‍ 
ഉറങ്ങിപ്പോയതുകൊണ്ട് 
മുഴുമിക്കാതെ മുറിഞ്ഞു പോയ 
എത്ര കഥനങ്ങളാണ് 
ഒച്ചയടപ്പില്‍ ഭ്രമിച്ച് മൂളാതെ സൂക്ഷിച്ച 
എത്ര ഈണങ്ങളാണ് 
പൂമ്പാറ്റച്ചിറകുള്ള 
എത്ര വ്യാമോഹങ്ങളാണ് 
എത്ര വെയില്‍ മങ്ങിച്ചകള്‍ 
എത്ര മഴക്കോളുകള്‍ 
എത്ര ചാറ്റല്‍ത്തരിപ്പുകള്‍ 
കള്ളറയില്‍ പിന്നെ പിന്നെ 
എന്നു സൂക്ഷിച്ചുറഞ്ഞു പോയ 
എത്ര മിണ്ടാട്ടങ്ങള്‍ 
ഒരോ വിത്തിന്റെ നെഞ്ചിലും.
2
സങ്കടത്തിനും സന്തോഷത്തിനും 
ചിരിപ്പിച്ചതിനും കരയിച്ചതിനും
എല്ലാ ഓണങ്ങള്‍ക്കും 
എല്ലാ മരണങ്ങള്‍ക്കും
അവളോരോ വിത്തു സമ്മാനിച്ചു.
അവയൊരു മണല്‍ ഭൂമിയില്‍ 
ചെറിയ ചെറിയ ഇരുട്ടുകള്‍ക്കകത്ത് 
സൂക്ഷിച്ചു വെച്ചു. 
മഴ നനവുകള്‍ക്ക് 
മുളപ്പിക്കാനാവാതെ പോയ 
കുഞ്ഞു പ്രണയങ്ങള്‍
ചിതയെരിച്ചിന്റെ ചൂടില്‍ തളിരിട്ടു.
അസ്ഥി നുള്ളാന്‍ ചെന്ന ഉണ്ണി 
മഴവില്ലു പെറുക്കി.

22-May-2012

പങ്ക്
പ്രണയമധുരമുള്ള 
കഥയും കിന്നാരങ്ങളും 
അവള്‍ കൊണ്ടു പോയപ്പോള്‍ 
ഏകാന്തമായ ആ ഒറ്റ വഴി 
എനിക്കു സ്വന്തമായിക്കിട്ടി.


കാടുംമലയും 
കടല്‍ത്തീരവും 
വേലികെട്ടിത്തിരി-
ച്ചാധാരപ്പെടുത്തിയപ്പോള്‍ 
ആകാശമെനിക്കു കിട്ടി. 


സത്രത്തിലെയുറക്കവും 
ഇളം ചൂടുള്ള സ്വപ്നങ്ങളും 
വീതം വെക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ 
നിലാവു വീണ തണുത്ത രാത്രി
എന്റെ സ്വന്തമായി.


പ്രാര്‍ഥനകള്‍ 
പകുത്തെടുക്കപ്പെട്ടപ്പോള്‍ 
നാല്‍ക്കവലയില്‍ 
ദിക്കു തിരിയാതെ 
അലയുകയായിരുന്ന 
ഇത്തിരിനൊസ്സനെന്നു തോന്നിക്കുന്ന 
ദൈവത്തെ 
എനിക്കു തന്നെ കിട്ടി.

21-May-2012

പെണ്‍മയംപെണ്‍പിരിഞ്ഞൊറ്റയ്ക്കു 
കഴിയുന്ന ഋതുവിലെന്‍ 
പുലരിയും പെണ്ണ്,
ഉച്ചയും സന്ധ്യയും 
രാത്രിയും പെണ്ണ്. 
കാര്‍മ്മുകില്‍ പെണ്ണുങ്ങള്‍.
കാറ്റുകള്‍ പെണ്ണുങ്ങള്‍. 
പെണ്‍ പൂക്കള്‍, 
പറവകള്‍ ,
തുമ്പികള്‍, 
ശലഭങ്ങള്‍... 
വാതില്‍ക്കലിടറുന്ന 
വാക്കുകള്‍ പെണ്‍മയം.
വിറകടുപ്പില്‍ വെന്ത
തോന്നലുകള്‍ പെണ്‍മയം.
പെണ്‍നനവ് മണ്ണില്‍ 
പെണ്‍ വിരിവ് മഴവില്ല് വാനില്‍. 
യാത്രകള്‍ വിളിപ്പതോ 
പെണ്ണിന്റെയൊച്ചയില്‍. 
ദൂരങ്ങള്‍,
ദൈവങ്ങള്‍,
സ്വപ്നങ്ങള്‍,
മായകള്‍, 
ഒക്കെയും അത്രമേല്‍ പെണ്‍മയം, 
മൃദുലം. 
പെണ്ണിന്നു ദാഹിച്ച 
ഋതുവില്‍ മരിക്കില്‍ 
പെണ്ണിന്റെ നാഭിയിലുറക്കം, 
നിതാന്തം...


20-May-2012

പിശാചിന്റെ മക്കള്‍എത്ര വായിച്ചോര്‍ നമ്മള്‍ 
പഠിച്ചോര്‍, വിജ്ഞാനികള്‍!
എത്രപേരെക്കേട്ടെത്ര 
പേര്‍ക്കൊപ്പം യാനം ചെയ്തു.
എത്ര ദൈവങ്ങളെ-
ക്കണ്ടെത്തി, പ്രതിഷ്ഠിച്ചു!
കാലമെത്രയായ് പലേ 
വിധത്തില്‍ പ്രാര്‍ഥിക്കുന്നു.
എത്രപേര്‍ നമുക്കായി 
ജീവനെത്തന്നെഹോമിച്ചു.
എത്ര ബുദ്ധന്മാരെത്ര
വാക്കുകള്‍, വെളിച്ചങ്ങ-
ളൊന്നും മറന്നിട്ടില്ലാ നമ്മ-
ളെന്നിട്ടും നാമിപ്പോഴു-
മന്നത്തെയതേ നമ്മള്‍, 
പിശാച സ്വരൂപന്മാര്‍. 
മറിയയെക്കൊല്ലാന്‍ കയ്യില്‍-
ക്കല്ലോങ്ങി നില്‍ക്കുന്നവര്‍! 
ആബേലിന്‍ ചുടുചോര 
കുടിക്കാന്‍ ദാഹിക്കുന്നോര്‍.

ഒരുക്കം
നിദ്രയ്ക്കുമുന്നേയെല്ലാം 
അടുക്കിപ്പെറുക്കി വെയ്ക്കുക, 
മോറിത്തുടച്ചൊക്കെയും 
മുന്നേപ്പോല്‍ മൂടി വെയ്ക്കുക. 
മനസ്സിന്റെ നിലത്തുറ്റു 
വാക്കിന്റെ ചോരക്കറ
മായാതെ ബാക്കിയുള്ളതു 
തുണി നനച്ചൊപ്പി മാറ്റുക.
ഓര്‍മ്മയില്‍പ്പൂട്ടിയിട്ടോരെ 
തുറന്നു വിട്ടേയ്ക്കുക. 
കാലടി കൈവെള്ളയു
മൊന്നൂടെ തുടയ്ക്കുക, 
ആരോടുമല്ലാതെന്നാ
ലാരോടുമാവാമെന്നു 
ഹൃദയത്തില്‍ ചിരിക്കുക. 
പിന്നെയെന്നേയ്ക്കുമാ
യെന്നപോല്‍ കണ്ണടയ്ക്കുക.

പൂവിറുക്കല്‍ഇനി നീ ഒറ്റയാവില്ല. 
ഇനി വേദനിക്കില്ല .
ഇനിയില്ല രോഗം, ദുഖം,
വേണ്ടി്‌നി ഭയപ്പാടുകള്‍. 
ഇനിമേലലയേണ്ട,
നാളകള്‍ നെയ്തു കൂട്ടേണ്ട.
ഇനി മത്സരിക്കേണ്ട, 
വെറുക്കേണ്ട, യുദ്ധം വേണ്ട. 
ഇനിയിന്നലെകള്‍ തന്ന 
ഭാരങ്ങള്‍ ചുമക്കേണ്ട.
ഓര്‍മ്മച്ചതുപ്പും താണ്ടി
സഞ്ചാരമിനി വേണ്ട. 
സ്വപ്നത്തില്‍ മായക്കൂട്ടില്‍
തലതല്ലിപ്പിടയേണ്ട.
ഇനി നീ നിസ്സാരനാം 
ഏഴയല്ലനാഥന-
ല്ലിനിനീയിരയല്ലല്ല-
ല്ലോട്ടംവേണ്ടൊളിക്കേണ്ട.


ഇനിനീയാകാശവു-
മതിലൊറ്റ നക്ഷത്രവും.
എന്നോതിയല്ലേമെല്ലെ
ജീവിതപ്പടര്‍പ്പില്‍നി-
ന്നനുതാപപൂര്‍വ്വം മൃത്യു-
വടര്‍ത്തീ മുല്ലപ്പൂക്കള്‍.


19-May-2012

ഏകാന്തത
ഏകാന്തതയ്ക്ക് പല മാനങ്ങളുണ്ട്. 
കടല്‍ത്തീരത്തെ ഏകാന്തത, 
കാടിന്റെ ഏകാന്തത, 
ഒരു മലയടിവാരത്തേത,് 
കുന്നിനുമോളിലെ, 
പാറയിടുക്കുകളിലെ, 
പുഴപ്പരപ്പില്‍ രാത്രിയില്‍ 
ഒരോടത്തില്‍ അലയുമ്പോഴത്തെ, 
ഒരൂടുപാതയിലെ, 
കോണ്‍ക്രീറ്റുവീടിന്നകത്തെ ,
ബാല്‍ക്കണിയിലെ, 
ഒഴിഞ്ഞ വരാന്തയിലെ. 
പ്രഭാതത്തിന്റെ തണുത്ത ഏകാന്തത, 
ഉച്ചയിലെ പരിക്ഷീണമായ ഏകാന്തത.
സായന്തനത്തിലെ ശോണഛവിയാര്‍ന്ന ഏകാന്തത.
ഒറ്റയാകുമ്പോഴെത്തേയും 
ഒരുമിച്ചായിരിക്കലിന്റെയും ഏകാന്തതകള്‍, 
പ്രണയത്തിന്റെ, ദുഖത്തിന്റെ, 
വേദനയുടെ, വേര്‍പാടിന്റെ,
മരണസാന്നിധ്യത്തിലെ ഏകാന്തതകള്‍.
ഋതുക്കള്‍ക്കൊത്ത് ഏകാന്തത 
പൂവണിയുകയും തളിര്‍ക്കുകയും 
ഇലപൊഴിക്കുകയും വരളുകയും 
വിങ്ങുകയും സാന്ദ്രമാവുകയും. 
ഏകാന്തത വൃക്ഷത്തെ ഒരു വനമാക്കിമാറ്റുന്നു. 
ഒരൊറ്റപ്പക്ഷിയെ ദൈവദൂതനാക്കുന്നു. 
സഞ്ചാരിയെ പ്രയാണിയാക്കുന്നു. 
ജീവന്മാര്‍, ദേശാടകര്‍  
ഏകാന്തതയുടെ ഒരുതീരത്തുനിന്നു 
മറ്റേതീരത്തേയക്ക്
പലചിറകുകളിലേറി പറക്കുന്നു.

18-May-2012

പ്രേതഭവനം.എന്തൊരു പുരയായിയിരുന്നു. 
ഓലയും വൈക്കോലും മേഞ്ഞത്.
 മണ്ണില്‍വേര്, 
മരംപോലത്തെ പടര്‍പ്പ്.
എത്രയിരുത്തമിരുന്നാലും 
ഇടമെത്രയോ ബാക്കി. 
വിശന്നോനുകഞ്ഞി. 
ദാഹിച്ചോനു വെള്ളം. 
തളര്‍ന്നോന് തണല്. 
ഇരുട്ടിലുഴലുമ്പം 
ചൂട്ടുകത്തിച്ചുനീട്ടും.്. 
കോലായില്‍ കൂടിയിരിപ്പ്,
കിസ്സപറച്ചില്‍,
കപ്പേംകണ്ടിക്കേങ്ങും കട്ടഞ്ചായേം.
നാടകോം, ഞാട്ടിപ്പാട്ടും.
എല്ലാ നന്മകള്‍ടേം അമ്മവീട്, 
അടുക്കളയിലണയാത്ത അഗ്നി.
കണ്ണും കാതുമുള്ള 
തൊട്ടാലറിയുന്ന 
വിളിച്ചാല്‍ കേള്‍ക്കുന്ന മൂര്‍ത്തി. 
ഇപ്പൊ നോക്ക്, 
ആസ്തി പെരുകി, ആളുമാറി.
കാലത്തിനൊത്ത് കൊട്ടാരമായി, 
അനന്തരവന്മാരേമാന്മാരായി. 
പടിഞ്ഞാറ്റയില്‍ പിശാച്. 
ഇന്നാളൊരച്ഛനെ അന്തിമടക്കത്തില്‍ 
വെട്ടിക്കീറി ചോരകുടിച്ചത്രെ..ഇടങ്ങളും വാക്കുകളും
പറയുന്ന ഇടങ്ങള്‍ക്കനുസരിച്ച് 
വാക്കുകളും
മാറിക്കൊണ്ടിരുന്നു. 
ഒരേ കാര്യം കിടപ്പുറിയിലും 
പൂന്തോട്ടത്തിലും വെച്ച് പറയുന്നത് 
ഒരേ പോലെയാവില്ല. 
ആള്‍ത്തിരക്കൊഴിഞ്ഞ 
വൃക്ഷഛായയില്‍
ഉച്ചരിക്കപ്പെടുന്ന വാക്കുകള്‍ക്കിടയില്‍
ധാരാളം ഇടം, ഏകാന്തത.
കടല്‍ത്തീരത്ത് നിന്നാണെങ്കില്‍ 
തിരമാലകളുടെ അലമുഴക്കം.
ആശുപത്രിവരാന്തയിലെ വാക്കുകളില്‍
ഞരക്കങ്ങളും വേദനയും പുരളും. 
ശവകുടീരത്തിനടുത്ത് 
വാക്കുകള്‍ നിശ്ശബ്ദരും 
ശാന്തരും ആയിമാറും,
പേടിപിടിച്ച കുട്ടികളെപ്പോലെ 
അമ്മ...അമ്മ എന്ന് 
വീട്ടില്‍പ്പോകാന്‍ വാശി പിടിച്ച്
വിതുമ്പും.

വ്യയം
മുന്നിലുണ്ടപാരമാം കടല്‍ 
തീരത്തു തിരമാലകള്‍
പലേ ശ്രുതിയില്‍ക്കൊട്ടും 
താളത്തിന്‍ പടവുകള്‍.
വിദൂരസന്ധ്യാംബരം 
കൊളുത്തും നെയ്‌വിളക്കിന്റെ-
യിമചിമ്മും കുഞ്ഞുക്കണ്ണും
കത്തുന്ന മേഘങ്ങളും.
തീരത്തെച്ചന്തപ്പുര-
ക്കച്ചോടക്കലമ്പലില്‍ 
കുടുസ്സു പാത്രത്തിലെ
വെള്ളത്തില്‍പ്പിടയ്ക്കുന്ന
മീനുപോല്‍  പുളയുന്ന
കൗതുക സഞ്ചാരികള്‍.
ശബ്ദത്തിന്‍ തീര്‍ഥാടന
മാര്‍ഗ്ഗങ്ങള്‍ക്കേറെയപ്പുറം
ഇതളിട്ടു വിടരുന്ന
ഗാഢമാമാത്മവിശ്രാന്തി,
ഉലയാത്ത വിമൂകത...


കൗതുകക്കോപ്പുകള്‍ വാങ്ങി 
വെറുതേ തീര്‍ന്നു പോയല്ലോ
ജന്മങ്ങള്‍ തപം ചെയ്തു
നേടിയ സമയത്തിന്റെ 
ഇത്തിരി വെള്ളിനാണയം.

17-May-2012

പിറവി
കവിതയിലിപ്പോള്‍ 
രാവിലെയില്‍പ്പോല്‍ 
പല പല ശബ്ദം.
പൂച്ചക്കുഞ്ഞതിനമ്മേയെന്നു 
വിശന്നു വിളിപ്പത്.
പെയ്തതിനൊടുവിലെ-
യിലമഴ വേറെയൊ-
രിലയില്‍ വീഴ്‌വത്.
കൊട്ടയില്‍ മീനും 
കൂക്കും വിളിയും
പാതയിലൂടെ കറങ്ങി വരുന്നത്.
ഉച്ചക്കാറ്റാച്ചാരായക്കട
മോന്തി വരുന്നത്.
പല പല ചിറകടി.
കരിയില മീതേയിഴച്ചില്‍.
എന്റെ കുടുംബിനി
ചട്ടി കലത്തെച്ചീത്ത വിളിപ്പത്,
ഒച്ചകള്‍ ചെറു ചെറു
നാരുകളവയാല്‍
നെയ്തു പടുക്കും പക്ഷികൂടി-
ന്നമ്മച്ചൂടിലുറഞ്ഞു വരുന്നൂ
കാലം മന്ദഹസിക്കും മൗനം.

16-May-2012

ഉറക്കം
മോനുറങ്ങുന്നു, 
അവനെപ്പിടിച്ചൂട്ടിയമ്മയും. 
അവന്റെ പാവക്കുഞ്ഞും.
കട്ടിലും കിടക്കയും 
കാടിന്‍ചിത്രം വരച്ചിട്ട വിരിയും
പതുക്കെക്കറങ്ങിക്കൊ
ണ്ടുറങ്ങാന്‍ ശീലിച്ച ഫാനും 
കണ്‍തുറന്നും കൊ-
ണ്ടുറക്കറ വിളക്കും. 
ഉറങ്ങീ വരാന്ത, പടികള്‍, 
ചൂടാറാതടുക്കള. 
ജാലകം തുറന്നാല്‍ കാണാം 
തൊടിയില്‍ മരങ്ങളുറങ്ങുന്നത്. 
ഇരുട്ടുറങ്ങുന്നതും 
നക്ഷത്ര വെളിച്ചങ്ങളുറങ്ങുന്നതും. 
മണ്ഡലക്കാലമല്ലയോ
നേരത്തെയുണരേണ്ടേയെ-
ന്നുറങ്ങുന്നു നാട്ടുപാതകള്‍.
എല്ലാരു മുറങ്ങിയാല്‍
കാവും കുളവും ദൈവങ്ങളും.
പ്രണയങ്ങള്‍ പിണക്കങ്ങളെ 
ഉരുമ്മിച്ചേര്‍ന്നുറങ്ങുന്നു..
പേടികളിമപൂട്ടി-
യാഴത്തിലുറങ്ങുന്നു, 
നോവുകള്‍, പിടപ്പുകള്‍, കരച്ചില്‍, 
തീമൊട്ടുകള്‍, കനലുകള്‍... 
എല്ലാരും പയ്യെപ്പയ്യെ 
കണ്‍പോളയടയ്ക്കുന്നു.
ഉറക്കങ്ങള്‍ നോക്കിനോക്കി ഞാ-
നുറങ്ങാനേ മറക്കുന്നു...

15-May-2012

കടല്‍ത്തീരത്ത്
തീരത്തു വെയിലാറുമ്പോള്‍ 
ജലനൃത്തമയയുമ്പോള്‍ 
കാഴ്ക്കാരൊന്നൊന്നായി 
തീരം വിട്ടുപോകുമ്പോള്‍ 
കടലിന്‍മീതെ റാഞ്ചി
പ്പറക്കും കാക്കക്കൂട്ടം 
അജ്ഞാതവാസസ്ഥാന
ത്തടക്കം പിടിക്കുമ്പോള്‍ 
എല്ലാരുമുറങ്ങീട്ടും 
നിശ്ശബ്ദമെന്തൊക്കെയോ 
ചെയ്യും വീട്ടമ്മപോല്‍ 
ഒരു തിരമെല്ലെ വന്നു 
കോലായ വൃത്തിയാക്കുമ്പോള്‍ 
പകല്‍, ആകെത്തളര്‍ന്നെത്തും 
പഴകിയ കൃഷിക്കാരന്‍ 
പായയില്‍ ചായുന്നതും 
നിദ്രയിലാണ്ടുമുങ്ങുമ്പോള്‍ 
ഇരുട്ടിന്‍ പടര്‍പ്പാകെ- 
ത്തീമുല്ല വിരിയുമ്പോള്‍ 
ഞാനീ തീരത്തൊരു 
പ്രാര്‍ഥന വിരിച്ചെന്നെ 
പതുക്കെ കിടത്തുന്നു. 
കടലിന്‍ കാറ്റേ വന്നീ 
തിരിയൂതിക്കെടുത്തുക.

14-May-2012

നീറ്റംവീടുമാറ്റ
മെടുക്കാതുപേക്ഷിച്ച
ചേറുപറ്റി 
ച്ചെതുമ്പിച്ച വാക്കുകള്‍. 
കാഴ്ചമങ്ങി
ക്കലമ്പിച്ചകണ്ണിനാല്‍
കാലജാതകം 
കൊത്തുന്ന വാക്കുകള്‍.
പൂനിലാവിന്റെ 
പാടത്തിലന്തിയില്‍
തേവിയര്‍ഥം 
നനയ്ക്കുന്ന വാക്കുകള്‍.
തണ്ടുപൊട്ടിച്ച 
വാക്കിന്‍ കറപ്പറ്റ് 
ചുണ്ടിലിപ്പൊഴും 
പുണ്ണിന്റെ നീറ്റമായ്. 

13-May-2012

പുറംലോകം
വീട്ടിന്നുള്ളി-
ലൊളിച്ചു കടത്തി സൂക്ഷിച്ചു
ഞാനൊരു പുറംലോകം.
വഴികളും  ദൂരങ്ങളും.
മഴയും വെയിലും.
കാറ്റും മരങ്ങളും. 
പുഴയും ഒഴുക്കും.
കയറ്റം ഇറക്കം ആഴം.
ജനതയും വിജനതയും.
ഇന്നലെയും നാളെയും. 
മരിച്ചവരും പിറക്കാനിരിക്കുന്നോരും.
ജനനമരണത്തിനു പുറത്തെ മൂകതയും.
ബുദ്ധന്‍മാരും അതിക്രമികളും 
ഒരേകാട്ടിലെ 
സിംഹവും മുയലും പോലെ
പരസ്പരം ബന്ധിതരായി.
യേശുവിന്റെ കടലുനടത്തം. 
മണല്‍ യുദ്ധത്തിലെ നിലവിളി.


ദൈവവും ചെകുത്താനും 
ഇരുന്നിരുന്നുരുകിയേടത്ത് 
ഉറക്കുത്തിയതിന്റെ പൊടി.
ചൂലും കോരിയുമെടുത്ത്  
വീട്ടിനുള്ളില്‍ 
ഓടിയോടി നടന്നു
ഒരു പെണ്‍കാറ്റ്... 
.