28-Feb-2013

മെരുക്ക്കയറാല്‍ കുരുക്കിക്കെട്ടി 
പയ്യിനെ ആലേലാക്കാന്‍
കൊണ്ടുപോകും കണക്കിനെ 
കൊണ്ടുപോമാളെക്കാലം. 

കുട്ടിയായിരുന്നപ്പോള്‍ .
പൈക്കിടാവെന്നപോലാരും
കുതറും ഓടാന്‍ നോക്കും 
പിന്നെപ്പയ്യെപ്പയ്യെ 
മെരുങ്ങും, ശീലമായ്ത്തീരും 
വടക്കെട്ടും പിടിമുറുക്കവും. 
തഴങ്ങും ഒരിടത്തിരു-
ന്നനന്തമാമയവെട്ടല്‍...


27-Feb-2013

ജലരാശിജീവിത,മാദ്യമേതേതും
ജലത്തില്‍ തുടങ്ങുന്നു. 
ഒരു വെള്ളക്കുമിളയില്‍,
ഒഴുക്കില്‍, സമുദ്രത്തില്‍,
മിട്ടിലോ മീനോ ആയി.
മത്തിയോ മാന്തയോ ആയി. 

ആമയോ തവളോ പോലെ
കരയിലേയ്‌ക്കെത്തിനോക്കുന്നു.
ഉരഗമായിഴയുന്നു. 
പറന്നു പക്ഷിയാകുന്നു. 
പറത്തം തളരുമ്പോള്‍
നാല്‍ക്കാലിലിരുകാലി-
ലലങ്ങിങ്ങലയുന്നു. 
ഇരുത്തമുറയ്ക്കുമ്പോള്‍ 
വേരിട്ടു വൃക്ഷമാകുന്നു.

ജലത്തിസ്തമിക്കുന്നു 
ജീവിതമേതുമന്ത്യത്തില്‍.


25-Feb-2013

അഗ്നി
ജീവിതം സമ്മാനിക്കും 
സങ്കടം ഹോമാഗ്നിയാ-
ണതില്‍പ്പാകംചെയ്ക-
യാത്മാവിനന്നം പാനം.

24-Feb-2013

കവിതകൊണ്ടൊരു കാട്


കവിതകൊണ്ടെനിക്കൊരു 
കാടുണ്ടാക്കാനിഷ്ടം. 
പടരുന്ന, പൂക്കുന്ന, 
കൈചുറ്റിപ്പിടിക്കുന്ന, 
കാറ്റേറ്റുലയുന്ന,
പാടുന്ന കുറുകുന്ന, 
കരയുന്ന, മുരളുന്ന, 
മൂകമായിരിക്കുന്ന, 
രാത്രിയില്‍ വിരിയുന്ന, 
ഓടുന്ന, ഒഴുകുന്ന, 
വാനോളമുയരുന്ന, 
മണ്‍പറ്റിക്കിടക്കുന്ന,
കയ്ക്കുന്ന, പുളിക്കുന്ന,
തേനായ് മധുരിക്കുന്ന,
മരുന്നായ് മുറികൂട്ടുന്ന, 
വിഷമായ് മരിപ്പിക്കുന്ന,
നൂറുനൂറായിരം 
കവിതകള്‍... കവിതകള്‍....
എന്നിട്ടുള്ളിലേയ്‌ക്കൊരു
ശരപ്പക്ഷിയായിപ്പറ-
ന്നെന്നേയ്ക്കും നഷ്ടമാകണം,

കവിതകൊണ്ടെനിക്കൊരു 
കാടുണ്ടാക്കാനിഷ്ടം...


17-Feb-2013

കരച്ചില്‍
പല ചിരികള്‍ സാധ്യം,
സന്തോഷം വേണമെന്നൊന്നുമില്ല, 
ചിരിയഭിനയിക്കാന്‍ ഒരു വിഷമവുമില്ല, 
സ്‌നേഹമോ ഇഷ്ടമോ 
സന്തോഷമോ ഒന്നും വേണ്ട, 
ചിലപ്പോള്‍ ബോധം പോലും വേണ്ട,
അല്ലേ? 

വെയിലു പോലെ,
വെളിച്ചം പോലെ, 
ജാലകം ഒന്നു തുറന്നാല്‍ മാത്രം മതി.
എന്നാലിന്നുവരെ പറ്റിയില്ല 
ഒരുണ്ടാക്കിക്കരച്ചില്‍.

കരച്ചില്‍ മഴ പോലെ, 
വരുത്താന്‍ പറ്റില്ല, 
തന്നെത്തന്നെ ഹോമിക്കേണ്ടി വരും. 
അല്ലെങ്കില്‍ താന്‍സനെയൊക്കെപ്പോലെ 
പാടിപ്പാടിപ്പാട്ടായിപ്പെയ്യേണ്ടി വരും.

ഒരിക്കലും കരയാറില്ലാത്ത 
ആള്‍ക്കൊപ്പം ജീവിക്കുന്നത് 
മഴയില്ലാത്ത ഒരിടത്ത് 
ജീവിക്കുന്നതു പോലെ, വരണ്ടത്...

ചിരി ഉള്ളിലെത്തകരപ്പെട്ടിക്കുമേലും 
കരച്ചില്‍ അടിയിലും സൂക്ഷിച്ചതായിരിക്കും. 

മേല്‍പ്പരപ്പില്‍ നിന്നിത്തിരിപ്പായലെടുത്തു മാറ്റിയാലാ 
കുളത്തിലെ വെള്ളം 
ചിലപ്പോളറിഞ്ഞെന്നു തന്നെ വരില്ല. 
എന്നാല്‍ അടിയില്‍ നിന്നെന്തെങ്കിലും 
ഒന്നു വലിച്ചു നോക്കൂ,
ഏറെ നേരം ആകെ കലങ്ങി മറയും...


16-Feb-2013

മഴ വരും..., വരും.കൊടിയ വേനലാ
ലെരിഞ്ഞു ചാവുന്ന 
പകലിനെ നോക്കി-
ച്ചടഞ്ഞിരിപ്പു നാം.

ഇലകരിഞ്ഞൊക്കെ-
പ്പൊഴിഞ്ഞുവെങ്കിലും
കവരങ്ങള്‍ കരി-
വരകളെങ്കിലും
മഴവരും നമ്മെത്തൊടും 
വിരലിനാ,-
ലുണരുമുള്ളിലെ 
നവമുകുളങ്ങള്‍.                              


14-Feb-2013

നിഴല്‍

ഇതെന്താണ് 
നിങ്ങളെപ്പോഴും എന്റെ പിന്നാലെ? 
പോകുമ്പോഴും വരുമ്പോഴും? 
ഞാന്‍ നിങ്ങളുടെ അടിയാണോ? 
നിങ്ങളെന്റെ ഉടമസ്ഥനാണോ? 
ഒടുവില്‍ സഹികെട്ട് ഞാനാക്രോശിച്ചു, 
അയാളോ സമചിത്തത വിടാതെ 
സൗമ്യമായിത്തന്നെ പറഞ്ഞു, 
ക്ഷമിക്കൂ, 
ഞാന്‍ നിങ്ങളുടെ യജമാനനോ 
നിങ്ങളെന്റെ അടിമയോ അല്ല, 
പക്ഷെ എനിക്കു നിങ്ങളെ 
ഉപേക്ഷിക്കാനാവില്ല, 
വേര്‍ പിരിയാനാവില്ല
പിന്‍തുടരാതെ പറ്റില്ല, 
കാരണം ഞാന്‍ നിങ്ങളുടെ പകുതിയാണ് 
നിങ്ങളുടെ നിഴല്‍...

12-Feb-2013

കാലം പറയുന്നുണ്ട്


പലേ തിരക്കില്‍ നമ്മള്‍ 
ശ്രദ്ധിക്കാറില്ലെങ്കിലും 
കേട്ടുവെങ്കിലും കാര്യ-
മാക്കാറില്ലെന്നാലും 
പറഞ്ഞോണ്ടിരിക്കുന്നുണ്ട്
കാലം പ്രതിക്ഷണ-
മോരോ ജീവിതത്തോടു-
മോരോ സ്പന്ദത്തോടും
പതിഞ്ഞ സ്വരത്തില്‍, നീ-
രൊഴുക്കിന്നൊലിപ്പൊച്ചയില്‍, 
കരുണയില്‍, വിശ്രാന്തിയില്‍...


11-Feb-2013

മറ
മൂടിക്കെട്ടാനുള്ള 
കൊടിയേതു 
നിറമായാലും 
അന്ധത-
യ്‌ക്കൊരേ നിറ-
മിരുട്ടിന്‍ നിശ്ശൂന്യത. 

10-Feb-2013

പ്രതിയോഗികള്‍


ജീവിതത്തിന്റെ പക്കല്‍ 
ധാരാളം സാമര്‍ഥ്യങ്ങളുണ്ട,് 
ധാരാളം വഴികളുണ്ട് 
പോകാനും എത്താനും. 
മരണത്തിനോ 
ദുസ്വാമര്‍ഥ്യങ്ങളൊന്നുമില്ല, 

ജീവിതമൊരിക്കലും
പ്രതീക്ഷിക്കും പോലെ പെരുമാറില്ല. 
ഒരിക്കലും 
നേരെ ചൊവ്വേ ആയിരിക്കില്ല, 
പറയുന്നതിന്റെ അര്‍ഥം 
കേള്‍ക്കപ്പെടണമെന്ന് 
വാശിപിടിക്കില്ല. 

മരണമോ കൃത്യമാണ്, 
സൂക്ഷ്മമാണ്, 
നേര്‍രേഖയിലുള്ള നടത്തമാണ്. 
പറഞ്ഞിട്ടില്ലെങ്കിലും 
തെറ്റാതെ കേള്‍വിപ്പെടുന്ന 
അര്‍ഥശാഠ്യമാണ്. 

ജീവിതം അസമത്വങ്ങള്‍ സൃഷ്ടിക്കുന്നു, 
മരണം സമത്വവും.


08-Feb-2013

വെയില്‍ച്ചീള്
വിണ്ട 
മോന്തായത്തി-
ലൊലിച്ചു തൂവും 
ദൈവം.

ജാലകം 
തുറന്നാലുട
നകത്തേയ്ക്കാളും 
ദൈവം..

മരണത്തണല്‍പക്ഷികള്‍ 
മരത്തണലിലേയ്ക്കു 
മടങ്ങുന്നു, 
ജീവിതം 
മരണത്തണലിലേയ്ക്കും.

06-Feb-2013

ആള്‍മറ
അതേയതേ, 
ആ അളുതന്നെയാണു ഞാന്‍. 
അല്ലെങ്കില്‍ 
ഞാന്‍ തന്നെയാണാള്, 
ഞാനാ ആളുമാത്രമല്ലെന്നുമാത്രം. 
ആ ആളും 
ഞാന്‍ മാത്രമല്ലല്ലോ...

05-Feb-2013

ഒന്നും ബാക്കിയുണ്ടാവരുത്ദുഖം വരുമ്പോള്‍ ഉറക്കെ കരയൂ, 
സന്തോഷം വരുമ്പോള്‍ പൊട്ടിച്ചിരിക്കൂ. 
പ്രണയം തോന്നുമ്പോള്‍ 
കെട്ടിപ്പിടിക്കൂ, ഉമ്മവെയ്ക്കൂ, 

എല്ലാ നടത്തങ്ങളെയും 
ഉലഞ്ഞുലഞ്ഞ് ഒരോട്ടമാക്കൂ, 
എല്ലാ പറച്ചിലുകളേയും 
അയച്ചയച്ചീണപ്പെടുത്തിയൊരു പാട്ടാക്കൂ. 

പിണക്കം തോന്നുമ്പോള്‍ പിണങ്ങൂ, 
മുഴുവന്‍ രോഷത്തേയും 
പുറത്തെടുത്തുകൊണ്ട്,
സിംഹങ്ങള്‍ അലറുന്നപോലെ 
മേഘങ്ങള്‍ അലറുന്നപോലെ അലറൂ, 

മുഴുവനായും പെയ്തുതീരുംവരെ,
കത്തിത്തീരുംവരെ. 
ഒന്നും ബാക്കിയുണ്ടാവരുത്. 
പുളിച്ച ഓര്‍മ്മയുടെ 
ഒരസ്ഥിക്കഷണംപോലും...


03-Feb-2013

മുടിയിഴയുമ്മ
കാറ്റിലാടുന്ന 
ഞാങ്ങണപ്പുല്ലുകള്‍ 
ജ്ഞാനവൃദ്ധന്റെ താടിരോമങ്ങള്‍.
ആല്‍മരത്തിന്നിളംപൊന്നിലകള്‍ 
കാറ്റിലാറുവാനിട്ട തുണികള്‍... 

കെട്ടഴിച്ചിട്ട നിന്റെ കാര്‍കൂന്തല്‍
ഊയലാടിപ്പറന്നുവന്നെന്നെ
യുമ്മവെയ്ക്കുന്ന നീലനാഗങ്ങള്‍. 

02-Feb-2013

മൂകതയുടെ നിലവിളിഅലക്കിക്കൊണ്ടിരിക്കെ 
ഒരു പൊന്‍മ നേര്‍മുന്നില്‍ 
അയലില്‍ വന്നിരുന്നു. 
പിന്‍തിരിഞ്ഞാണിരുന്നത്.

മഴവില്ലിനോടുരുമ്മിപ്പറന്നുവോ, 
നീലമേഘത്തിലൂളിയിട്ടുകളിച്ചുവോ 
എന്നു തോന്നിക്കും നീലത്തൂവലും 
ഇരുണ്ട കുഞ്ഞു വാലും 
എന്നെ കാണിക്കാനെന്നോണം. 

തുലനം ചെയ്തുകൊണ്ട് 
ചൂടിഅയലിലിരിക്കാനുള്ള ചിറകിന്റെ പിടപ്പും 
വാലിന്റെ അനക്കവും നോക്കി 
അലക്കുപണി നിര്‍ത്തി
ഞാനവളെത്തന്നെ നോക്കി നിന്നു. 

പെട്ടെന്നവള്‍ ഇരുത്തം മുഖാമുഖമാക്കി. 
ഹൊ, ഒറ്റ ക്ഷണം കൊണ്ട്
ആ നീല സൗന്ദര്യം സമ്മാനിച്ച 
സന്തോഷമൊക്കെയും ആവിയായി. 
മൂര്‍ച്ചയുള്ള നീളന്‍കൊക്ക് 
ഒരു മീനിനെയോ പുഴുവിനെയോ 
പള്ളയ്ക്കിറുക്കിപ്പിടിച്ചിരുന്നു. 
അതിന്റെ രണ്ടറ്റങ്ങള്‍, 
വാലും തലയും, 
പിടയുന്നുണ്ടായിരുന്നു. 
നേര്‍ത്ത, എന്നാല്‍ തുളച്ചു കയറുന്ന ഒരൊച്ചയും. 

മീനോ പുഴുവോ ഒച്ചയുണ്ടാക്കുമോ, 
അവര്‍ മൂക ജീവികളല്ലേ! 
ഒരു പക്ഷെ മരണത്തിന്റെ ഘോര വേദനയില്‍ 
ഏതു മൂകതയും 
ഒന്നുറക്കെ നിലവിളിച്ചുപോവുമായിരിക്കും...