29-Dec-2007

അകലം

നിന്നിലെ മൗനത്തിനു
പിന്നില്‍നിന്നാരെപ്പോഴു-
മോടക്കുഴലിലൂതുന്നു
ജലം പോലുള്ള വാക്കുകള്‍.

നിന്റെ പൊട്ടിച്ചിരി-
ത്തൂവെയില്‍ മിന്നായങ്ങള്‍-
ക്കപ്പുറത്തേതോകാല
ക്കരച്ചിലിന്‍ മഴച്ചാറ്റല്‍?

നീയടുത്തെത്തുന്നേര-
മാരേയാത്രയാകുന്നു
മിണ്ടിത്തുടങ്ങുന്നേര-
മന്തരാ മൂകമാകുന്നു.

അകലത്തകലത്താ-
യിരിക്കനാമെപ്പോഴു-
മുള്ളിലെയാകാശങ്ങ-
ളുണ്മയായിരിക്കുവാന്‍.

18-Dec-2007

പ്രണയപര്‍വം

അതില്‍പ്പിന്നെ
ഖരമായിരുന്നതൊക്കെയും
ജലമായി.

ശത്രുവിനുനേരെ
ഉന്നം പിടിച്ച പടയാളി
തോക്കിന്‍ കുഴല്‍
സ്വന്തം നെഞ്ചിനുനേരെ
തിരിച്ചുവെച്ചു.

കൃഷിക്കാരന്‍
തന്നെത്തന്നെ
ഉഴുതുമറിക്കാന്‍ തുടങ്ങി.

വണ്ടിക്കാരന്‍
കാളകളെയഴിച്ചുമാറ്റി
നുകം തന്റെ തന്നെ
തോളിലേക്കേറ്റി വെച്ചു.
ചാട്ടവാര്‍ കൊണ്ട്‌
സ്വന്തം മുതുകിലടിച്ചു.

തഴമ്പിച്ച
പരുക്കന്‍ കാലുകളഴിച്ചുമാറ്റി
യാത്രികന്‍ പാതയിലിഴഞ്ഞു.

അതില്‍പ്പിന്നെ
കടലെന്നുഭയന്നൊഴുകാതിരുന്നില്ല.

ആകാശമെന്നറച്ചു
പറക്കാതിരുന്നില്ല.

അതില്‍പ്പിന്നെ
തനിക്കുതന്നെമേല്‍
അടയിരുന്നതേയില്ല.

14-Dec-2007

പകര്‍പ്പുകള്‍

വെയിലുമാകാശവും
തോടുമോലപ്പച്ചയും
വെറുതെയുലാത്തുന്ന കാറ്റും
നിലാവുകുടിച്ച കിളിയും
കൈതോലപ്പാ ചുമക്കും
അരിത്തേയിമുത്തിയും
മിനുപ്പും കറുപ്പും
കാലിമെയുന്ന പാടവും
തത്തയാട്ടാനിരിപ്പും
കൂട്ടിരിപ്പിന്റെ പ്രേമവും
പ്രേതവാഴ്‌വിന്‍ പറമ്പും
ചെളിമണക്കുന്ന പാട്ടും
കണ്ടിക്കേങ്ങിന്റെ കഞ്ഞിയും
തൊട്ടുകൂട്ടും പുളിപ്പും
നോക്കുകിങ്ങിതാ
നേര്‍പ്പകര്‍പ്പായി
നേരിനേക്കാള്‍
തെളിച്ചമിയന്നതായ്‌
ക്യാമ‍റക്കണ്ണില്‍.
ഇനിയിപ്പച്ചയൊക്കെയും
ധൈര്യമായി ഡിലിറ്റ്‌ ചെയ്യാം സര്‍...

13-Dec-2007

റൂബുപ്പാപ്പയുടെ പ്രണയ സമ്മാനങ്ങള്‍

നാടില്ലാണ്ടും വീടില്ലാണ്ടുമലഞ്ഞുനടക്കും
റൂബുപ്പാപ്പായ്കുണ്ട്‌ നാടൊട്ടുക്കും പ്രണയം.

പോക്കണ സഞ്ചി നിറച്ചും
പ്രണയിനിമാര്‍ക്കു കൊടുക്കാന്‍ സമ്മാനങ്ങള്‍.

വാളന്‍പുളിയും പീലിത്തുണ്ടും
കുന്നിക്കുരുവും കല്‍ക്കണ്ടത്തരി

മഴവില്‍പ്പൊടിയും
കുഞ്ഞമ്മിണിയുടെ കെറുവുകള്‍ മാറ്റാന്‍.

വീട്ടിലിരിക്കും മുത്തി പ്രണയത്തിന്നൊരു
വെറ്റില വട്ടം.

വാതം വിങ്ങിയകാലില്‍ തേച്ചുപുരട്ടാന്‍
ഏതോ വഴിയുടെ പച്ചില രക്തം.

ഓര്‍മ്മകള്‍ കോരിയൊഴിക്കാന്‍
സ്ഫടികക്കുപ്പി.

ആയിഷബീബിക്കള്ളാവിന്‍
തിരുവചനം കൊണ്ടൊരു ചെമ്പകമാല.

കാലു തളര്‍ന്നുകിടക്കും
സൗമിനിമിസ്സിന്നാശാന്‍ കവിത.

പുകയുമടുപ്പിനു
വിറകായസ്ടിക്കഷണം.

ഉപ്പുപിടിക്കാച്ചമ്മന്തി-
ക്കായിത്തിരി ദുഖം.

പൊക്കണസഞ്ചിയൊഴിഞ്ഞാലന്തിപരന്നാലാലിന്‍
ചോട്ടില്‍ കണ്ണുമടച്ചു മയക്കം.

04-Nov-2007

മീഡിയം

കൃഷ്‌ണനും കുചേലനും
ഒരേ മീഡിയത്തിലാണ്‌ പഠിച്ചത്‌.
വിറകു കൊണ്ടുവരാനും
ധാന്യം ശേഖരിക്കാനും
അവര്‍ ഒരുമിച്ചു പോയി.
ഗുരുവീട്ടില്‍
രാജാവ്‌ ഉപനിഷത്തും
വിശപ്പും പഠിച്ചു.
ഏതു മീഡിയത്തി-
ലഭ്യസിയ്‌ക്കയാലാണാവോ
ഒരു പിടിയവില്‍പ്പൊരിയുടെ പാഠം
അത്രയ്‌ക്കാഴത്തിലുള്ളിലുറച്ചത്‌?
മരണ ശാപത്തേയും
ഒരല്‌പഹാസത്തോടെ
കേട്ടു നിന്ന
ആ ജീവിത പാഠത്തിന്റെ
മീഡിയം..?