27 Jan 2013

മുളങ്കാട് പൂത്തു.




നോക്കൂ, 
വീട്ടുപറമ്പിലെ മുളങ്കൂട്ടം 
ആകെ പൂത്തിരിക്കുന്നു. 
കഴിഞ്ഞ ഒരാഴ്ചയായി 
ഇലപൊഴിക്കലോടു പൊഴിക്കലായിരുന്നു. 
ഇന്നിതാ അകെപൂത്ത്, 
ഞാനിതുവരെ കണ്ടിട്ടില്ലാത്ത വിധം...

നേര്‍ത്ത വെള്ള പൂവിന്റെ അലുക്കുകള്‍. 
കുറച്ചുമാത്രം അലങ്കരിക്കാനിഷ്ടമുള്ള 
പക്വമതികളായ പെണ്ണുങ്ങളെപ്പോലെ അവര്‍.

നാല്‍പതു കൊല്ലത്തിലൊരിക്കലല്ലേ മുളപൂക്കുന്നത്. 
മുമ്പൊരിക്കലും ഞാനാ കാഴ്ച കണ്ടിട്ടില്ല. 
നാല്പതുകൊല്ലം മുമ്പ് മുള പൂത്തതിന്റെ പുകിലുകള്‍ 
എന്റെ അയല്‍ക്കാരന്‍ പറഞ്ഞു. 
മുളയരിയടിച്ചൂട്ടാന്‍ മുളഞ്ചോട്ടില്‍ പാ വിരിച്ചതും. 
അരിയടിച്ചു കൂട്ടി പായസം വെച്ചതും 
എല്ലാ വീട്ടിലും മധുരം പരന്നതും എല്ലാം. 
അയാള്‍ക്കന്നു ചെറുപ്പമായിരുന്നു. 
താന്‍ രണ്ടുപ്രാവശ്യം മുള  പൂക്കുന്നതു കണ്ടെന്ന് 
അയാള്‍ അഭിമാനം കൊണ്ടു...

മോനെ വിളിച്ചോണ്ടു വന്നു കാണിച്ചു. 
അവനു പതിനൊന്നു വയസ്സായി. 
അടുത്ത മുളപ്പൂക്കലിന് 
അവന് അമ്പത്തൊന്നായിരിക്കും വയസ്സ്. 
നീ നിന്റെ ഭാര്യയോടും മക്കളോടും 
ചിലപ്പോള്‍ ആര്‍ക്കറിയാം 
കൊച്ചുമക്കള്‍ക്കു മൊപ്പമായിരിക്കും 
അപ്പോള്‍ എന്നു ഞാനവനോടു പറഞ്ഞു. 
അപ്പഴേയ്ക്കും ഇന്നു ഞങ്ങള്‍ നട്ട തൈമരങ്ങളെല്ലാം 
വലിയ വൃക്ഷങ്ങളായിരിക്കും. 
അവന്‍ അച്ഛനോടൊരുമിച്ചു മുളപൂത്തതു കണ്ടതിനെപ്പറ്റി 
അവരോടു പറയുമായിരിക്കും...
അതു കേട്ടപ്പോള്‍ അവനു സങ്കടമായി.
അച്ഛന്‍ അടുത്ത മുളപ്പൂക്കലും കാണുമെന്നവന്‍ 
ഉറപ്പിച്ചു പറഞ്ഞു. 

അതെ, 
എനിക്കു സന്തോഷം തോന്നി.. 
ഞാനൊരിക്കലും മരിക്കില്ല..
മുള പൂക്കുന്നതുകാണാന്‍ 
ഞാനെന്നും താഴെ വന്നു മോളിലോട്ടു നോക്കും...

26 Jan 2013

നിയമ പുസ്തകത്തിലെ അലേകകള്‍




നിയമവും മര്യാദയും ഉണ്ട്. 
നിയമങ്ങള്‍ക്ക്, 
ഏതു നിയമത്തിനും
ഓരാന്റിബയോട്ടിക്കിന്റെ വിഷമണം. 
ഒരു വെറിയന്‍ പോലീസുകാരന്റെ 
കാരിക്കേച്ചര്‍ ചെയ്ത ഭീകര മുഖം! 

മര്യാദയ്ക്ക് 
കയ്‌പോ ചവര്‍പ്പോ കാണുമെങ്കിലും 
അത് ഇത്തിരി ജീരകത്തിന്റെയോ 
അയമോദനത്തിന്റെ സുഖമുള്ള രസക്കേട്. 
കുരുമുളകുപോലെ വയറ്റിലെത്തിയാല്‍ 
മധുരമാകുന്ന എരിവ്. 

മുരടിച്ച മനുഷ്യരുടെ നാട്ടില്‍ 
നിയമങ്ങള്‍ കൂടിക്കൂടി വരും. 
മര്യാദകള്‍ കുറഞ്ഞു കുറഞ്ഞു വരും. 

ഒരു ദേശം എത്രമാത്രം 
ദൈവത്തിന്നടുത്താണെന്നറിയാന്‍ 
അവിടുത്തെ നിയമ പുസ്തകത്തിന്റെ 
പേജെണ്ണി നോക്കിയാല്‍ മതി. 

പൂര്‍ണതയിലെത്തിയവരുടെ നാട്ടില്‍, 
ബോധത്തിലേയ്ക്കു നടക്കാന്‍ തുടങ്ങിയവരുടെ  നാട്ടില്‍, 
ഇത്തിരിയെങ്കിലുമൊക്കെ ആത്മീയത ബാക്കിയുള്ള നാട്ടില്‍,
നേരാണ് മതമെങ്കില്‍ ആ മതത്തിന്റെ നാട്ടില്‍, 
നിയമപുസ്തകത്തിലെ അലേകകളൊന്നൊന്നായി 
കാറ്റില്‍ പാറിപ്പാറിപ്പോകും. 
ഒടുവില്‍ ഒരു ദിനം 
നിയമ പുസ്തകത്തിലെ എല്ലാ പേജും 
വെളുത്ത ആകാശക്കീറുകള്‍ പോലെ 
ഒഴിഞ്ഞു കിടക്കും.

21 Jan 2013

അമ്മക്കുഞ്ഞ്



പുലര്‍ച്ചയ്‌ക്കെണീപ്പിച്ച്, 
പല്ലു തേപ്പിച്ച്, കുളിപ്പിച്ച്, 
അലക്കിയതുടുപ്പിച്ച,് 
പൊടിയരിക്കഞ്ഞിയിത്തിരി-
ച്ചമ്മന്തി കൂട്ടിത്തൊട്ട,്
്കാക്കേപൂച്ചേ പാടി-
പ്പലേകഥേം കാര്യോം ചൊല്ലി-
ക്കുടിപ്പിച്ചുറക്കപ്പായില്‍ 
കോസടി വിരിച്ചതില്‍ 
കിടത്തിച്ചേര്‍ന്നിരുന്നോരോ
പൂരാണം മൂളിയോമനി-
ച്ചുറക്കീ മോനമ്മയെ.

ജീവിതമന്തിയായപ്പോള്‍
മോനമ്മ കൈക്കുഞ്ഞായി!


18 Jan 2013

ദേശാഭിമാനം



അധികാര-
ക്കസേരകള്‍ക്കിളക്കം പറ്റുമ്പോള്‍  
പ്രജാപധിമാര്‍ 
യുദ്ധം യുദ്ധം എന്നലറുന്നു....
വിശക്കുന്നവന്, 
പട്ടിണി കിടക്കുന്നവന,് 
വീടില്ലാത്തവന,് 
അനാഥന്, 
അടിമയ്ക്ക് 
രാജ്യമില്ല, അഭിമാനവുമില്ല. 

17 Jan 2013

ഉച്ചക്കാറ്റ്



ചിറകുണ്ടായിരുന്നെങ്കില്‍ ഞാന്‍ 
പറക്കുമായിരുന്നിടങ്ങളില്‍ 
പറക്കുന്നൂ ഉച്ചക്കാറ്റ്. 

ചെയ്യുമായിരുന്നതൊക്കെയും
ചെയ്യുന്നു. മരച്ചില്ലയെ
ക്കൊടിയാക്കിയുലയ്ക്കുന്നു, 
തുറന്നിട്ട വാതില്‍പ്പോള-
യുക്കില്‍പ്പിന്നില്‍ച്ചെന്ന് 
ടപ്പേ ടപ്പേയെ-
ന്നടയ്ക്കുന്നൂ തുറക്കുന്നു, 
പിടികൊടുക്കാതോടുന്നു. 

ബാല്‍ക്കെണീല്‍ത്തൂങ്ങിക്കേറി
പുസ്തകം മടീല്‍ വെച്ചൊ-
ട്ടുറങ്ങിപ്പോയ നിന്റെ കാല്‍ വിരല്‍ 
പൂച്ചക്കുഞ്ഞിനെപ്പോലെ-
യരുമയായുമ്മ വെക്കുന്നു,
മേലാകെ മൂക്കുരയ്ക്കുന്നു.

അരൂപിയായിരുന്നെങ്കില്‍ ഞാന്‍
പടര്‍ന്നേറുമായിരുന്നപോല്‍ 
നിന്നിലൂടകം പുറം പടരുന്നൂ ഉച്ചക്കാറ്റ്.


16 Jan 2013

ഒപ്പം


പൂവു ചിരിക്കു-
മ്പോലതു പോലൊരു 
ചിരിയെന്നുള്ളില്‍ 
വിരിയുന്നു, 

ഒരു കിളിമൂളു
മ്പോളതിനൊപ്പം 
ഞാനും കൂടെ 
പാടുന്നു.

കാറ്റില്‍ മാമര-
മുലയുമ്പോളെന്‍ 
ചില്ലകളും വിറ
കൊള്ളുന്നു

മഴയില്‍പ്പാടം 
മുങ്ങുമ്പോളതി-
നൊപ്പം ഞാനും 
മുങ്ങുന്നു.


13 Jan 2013

സ...മ...രം


ഓണം വന്നപോലെയും 
ഉത്സവം വന്നപോലെയും 
ആനേം എഴുന്നള്ളത്തും 
തിറകെട്ടി വന്ന പോലെയും
ഹായ് പിന്നേം വന്നൂ 
ഒരൊഴിഞ്ഞ പുസ്തകക്കാലം 
സ്‌ക്കൂളില്ലാ സുഖക്കാലം 
മാഷില്ലാ മാങ്ങാക്കാലം
എന്നു നീളന്‍ പ്ലാവിക്കൊടി
തൂക്കിയാര്‍പ്പിട്ടു കുട്ടികള്‍


12 Jan 2013

സ്വന്തം



സര്‍വ്വേനമ്പറുള്ള 
അഞ്ചോ ആറോ സെന്റ് 
അല്ലെങ്കില്‍ 
പത്തോ നൂറോ ഏക്കര്‍ സ്ഥലം, 
ഒരു കിണര്‍, ഒരു കുണ്ടുകുളം,
ഒരു ജനാലയുടെ, 
വാതിലിന്റെ, മുറ്റത്തിന്റെ, 
മൈതാനത്തിന്റെ 
വലിപ്പത്തിലൊരു തുറസ്സ് 
മാത്രമാണ് നിങ്ങളെങ്കില്‍ 
നിശ്ചയം,
ആരെങ്കിലും പട്ടയമൊപ്പിച്ചെടുത്ത് 
മുള്‍വേലിയോ കമ്പിവേലിയോ കെട്ടി
അതിരു തിരിച്ച് 
സ്വന്തപ്പെടുത്തിയിരിക്കും നിങ്ങളെ. 

പക്ഷെ 
നിങ്ങളൊരു പുഴയാണെങ്കില്‍, 
ഒരുകാടെങ്കില്‍ 
ഒരു കടലെങ്കില്‍ 
ആകാശമെങ്കില്‍ 
നിങ്ങള്‍ എല്ലാവരുടേയുമായിരിക്കും 
എല്ലാ കാലത്തിന്റേതും.

നാളെ


ഇന്നലെ ഞാനൊരു നീരുറവ, 
ഇന്നോ ഞാനൊരു കുളിരരുവി, 
നാളെയിലെന്‍ സഖിമാരുടെ കൈകള്‍ 
കോര്‍ത്തു പിടിച്ചൊരു പുഴയാകും.

ഇന്നലെ ഞാനൊരു തരി വിത്ത്
ഇന്നോ ഞാനൊരു കൊന്നമരം 
നാളെയിലെന്‍പ്രിയ തോഴരൊടൊപ്പം 
നിരനിരയായൊരു വനമാകും.

ഒരു തിരയയൊരുമുകിലൊരു സങ്കല്‍പം
ഇന്നെന്നാലും ഞാനൊരുനാള്‍ 
ഒരു കടല്‍ നീലാകാശമൊരൊറ്റ-
ത്താരക, സത്യക്ഷീരപഥം.


10 Jan 2013

ഒന്നാം തരം





മങ്ങിയ ഓര്‍മ്മകളുള്ള ഒരാളാണ് ഞാന്‍. 
എന്റെ ഒന്നാം തരത്തെക്കുറിച്ച് 
എനിക്ക് വലിയ തെളിച്ചമൊന്നുമില്ല. 
അന്നുനട്ട അയില്‍നിന്നും ഇയില്‍നിന്നും തന്നെയോ 
ഞാനിപ്പഴും മാങ്ങേം ചക്കേം പറിക്കുന്നതെന്നിക്കു നിശ്ചയമില്ല. 
പുസ്തകം പഠിപ്പിനെക്കുറിച്ചോ കൂട്ടപ്പാട്ടുകളെക്കുറിച്ചോ 
എനിക്കോര്‍മ്മയില്ല. 
കഥകളോ ഗുണപാഠങ്ങളോ ഓര്‍മ്മയില്ല. 
പക്ഷെ ഇപ്പഴും മങ്ങിച്ചയില്ലാതെ 
എന്റെ മനസ്സിന്റെ മണ്‍നിലത്ത് തൂവിക്കിടക്കുന്നുണ്ട് 
ക്ലാസ്മുറിയില്‍ നിരനിരയായി 
നീങ്ങിക്കൊണ്ടിരുന്ന വെയില്‍മുട്ടകള്‍. 

എന്റെയൊന്നാം തരം ടീച്ചറുടെ ഒച്ച എന്റെ മനസ്സിലില്ല. 
അവരുടെ സ്വരങ്ങള്‍ക്കും വ്യഞ്ജനങ്ങല്‍ക്കുംമേല്‍ 
വേറെയെത്രയോസ്വരങ്ങളും 
വേറെയെത്രയോ വ്യഞ്ജനങ്ങളും 
വന്നുമൂടിയിരിക്കും.
അവരുടെ മൂളലുകളുടെ നീരൊഴുക്കുകള്‍ 
മൂളക്കങ്ങളുടെ പുഴയില്‍, കടലില്‍ ഇല്ലാതായിരിക്കും.

അവരെന്നെ തൊട്ടിട്ടുണ്ടാവുമോ? 
എന്റെ സങ്കടങ്ങളെ സാരിത്തുമ്പ് കൊണ്ട് 
ഒപ്പാന്‍ ശ്രമിച്ചിട്ടുണ്ടാവുമോ? 
എപ്പഴെങ്കിലുമൊരിക്കല്‍ ഒരുച്ചപ്പനി വന്ന്, 
അല്ലെങ്കിലൊരമ്മവിചാരം സഹിക്കാനാവാതെ 
ഞാനവരുടെ കഞ്ഞിപ്പശ മണമുള്ള 
മടിയില്‍ കയറി ഇരുന്നിട്ടുണ്ടാവുമോ? 
കഥ എന്നത് കത എന്നു പറഞ്ഞതിന് 
മഴയെ വെറും മയയാക്കിയതിന് 
അവരെന്നെ നുള്ളിയിരിക്കുമോ? 
എന്റെ പോരായയ്കകളുടെ പേരില്‍ 
ആരോഗ്യക്കുറവിന്റെ പേരില്‍ 
ദുശ്ശീലങ്ങളുടെ പേരില്‍ സങ്കടപ്പെട്ടിട്ടുണ്ടാവുമോ? 
എപ്പോഴോ ഒരിക്കല്‍ ദൈവമേ, ഈ കുട്ടി 
എന്ന് പ്രാര്‍ഥിച്ചിരിക്കുമോ? 

എനിക്കറിയില്ല...
.എനിക്കോര്‍മ്മയില്ല, 
പക്ഷെ ഇപ്പഴും അതേപോലെ, 
ഒട്ടും മങ്ങിച്ചയില്ലാതെ എന്റെ മനസ്സിലുണ്ട് 
അവരുടെ എണ്ണ നിറമുള്ള, 
അന്തം വിട്ടതുപോലുള്ള,
പ്രായക്കൂടുതലുള്ള, 
ദുഖമൂകമായ മുഖം...



9 Jan 2013

ഒഴുക്ക്



പരിധികളില്ലാ-
തതിരുകളില്ലാ-
താന്ദത്തിന്നാകാശം. 

വെണ്‍ മേഘത്തിന്‍ 
കഥയെന്‍ ജന്മ-
മൊഴുക്കാണെന്നുടെ 
കര്‍മ്മപഥം.


8 Jan 2013

ഇരിപ്പുറപ്പ്




തോന്നിയ വഴികളി-
ലോളക്കുത്താ-
യൊഴുകാനാവുകി-
ലതുമാത്രം മതി.  

നോക്കൂ, ഒരു നീര്‍ച്ചാലി-
ന്നക്കരെയിക്കരെയോരത്താകെ-
പ്പച്ച, തഴപ്പുകള്‍,
വേനലുമില്ല, വിഷാദവുമില്ല.
  
ഏറെ വിദൂരമലഞ്ഞു നടക്കും 
ദാഹമതൊക്കെയുമോടിപ്പാഞ്ഞി
ങ്ങൊടുവിവിടെത്തും, 
വിശ്രമമണയും. 

പുഴയായാല്‍ മതി 
ചുമ്മാ പാട്ടും മൂളി-
പ്പായുമൊഴുക്കായാല്‍ മതി. 

ഒരു മരമായാല്‍ മതി. 
പൂക്കാലത്തിലതിന്റെ സുഗന്ധം 
പാരിടമാകെപ്പടരും, 
തേന്‍ കനി നിറയും കാലം വന്നാല്‍ 
ചിറകു കടഞ്ഞവിശപ്പുകളൊക്കെയു-
മമൃതംതേടിച്ചില്ലയിലണയും. 

മരമായാല്‍മതിയൊരിടത്തിങ്ങ-
നിരിപ്പില്‍ നില്‍പിലുറപ്പുണ്ടായാ-
ലതുമാത്രം മതി. 

7 Jan 2013

കപ്പല്‍ച്ചേതം


കവിതയാണെന്‍ 
വിരല്‍ത്തുമ്പ് 
ചുണ്ട,് നട്ടെല്ല്, നാഭി. 
കവിതയാണെന്റെ 
ചക്രവും ചിറകും.
കവിതയാകുന്നു
കുതിരയും കിളിയും.

കവിതകൊണ്ടെന്റെ 
ചുംബനം 
കവിതകൊണ്ടെന്റെ
കെട്ടിപ്പിടുത്തം.
കവിതയാണെന്റെ 
മേഘവും മഴയും. 
കവിതയാണെന്റെ 
വെയിലും നിലാവും
കവിതയാണെ-
ന്നൊഴുക്കുമിടര്‍ച്ചയും. 

കവിതയൊരു ദിനം 
കടലായി മാറും. 
അടിതകര്‍ന്നന്ന് 
ഞാനതില്‍ മുങ്ങും.


5 Jan 2013

മനുഷ്യന്റെ മുഖം




മനുഷ്യവംശത്തിന്റെ ശബ്ദം 
രാഷ്ടീയപ്രസംഗങ്ങളുടെ പരുപരുത്ത ശബ്ദമോ 
മതാനുശാസനങ്ങളുടെ വരണ്ട ഒച്ചയോ അല്ല, 
പല്‍്ച്ച ്രക ക്കറക്കത്തിന്റെയോ 
സൈറന്‍ വിളിക്കുന്നതിന്റെയോ 
ഒരു വെടിപൊട്ടുന്നതിന്റെയോ ഒച്ചയല്ല.
അത് ഒരു കുഞ്ഞ് 
ആദ്യമായ് കരയുന്നതിന്റെയോ 
എന്തോ ഒരു ചെറിയ സന്തോഷത്തെപ്രതി
ങ്‌ള..് ങ്‌ള്... എന്ന് ചിരിക്കുന്നതിന്റെയോ 
വാ... വാ എന്ന് 
കുരുവിയെ വിളിക്കുന്നതിന്റെയോ 
നേര്‍ത്ത ശബ്ദം.

മനുഷ്യവംശത്തിന്റെ മുഖം 
ഇരയുടെയോ വേട്ടക്കാരന്റെയോ മുഖമല്ല, 
ബലിമൃഗത്തിന്റെയോ പുരോഹിതന്റെയോ മുഖമല്ല, 
രാജാവിന്റെയോ പട്ടാളക്കാരന്റെയോ മുഖമല്ല, 
പ്രജയുടെ ദൈന്യം നിറഞ്ഞ, 
നിസ്സഹായമായ മുഖമല്ല, 
അത് മരണത്തിന്റെ തൊട്ടുമുമ്പ്, 
പുരാണക്കെട്ടഴിഞ്ഞ,് 
എല്ലാ കടങ്ങളും തീര്‍ത്ത്, 
എല്ലാ പിണക്കങ്ങളും തീര്‍ത്ത്
മക്കളോടും പ്രണയങ്ങളോടും യാത്രപറഞ്ഞ് 
അവസാനത്തെ മയക്കത്തില്‍ തെളിഞ്ഞ മുഖം, 
ഇത്തിിരിച്ചെരിച്ചുവെച്ച 
ഒരു മുത്തശ്ശിയുടെയോ മുത്തശ്ശന്റെയോ മുഖം.


4 Jan 2013

ഒരു പൂവിനെ പ്രണയിക്കുമ്പോള്‍


ഒരു പൂവിനെ നോക്കുന്നതിനു മുമ്പ് 
കണ്ണുകള്‍ ഒന്നു കൂടെ തണുപ്പിക്കണം. 
അവളെ തൊടാന്‍ കൊതിക്കും മുമ്പ് 
ഒരു പൂമ്പാറ്റയായി മാറണം.
കാറ്റു കൊണ്ടു വരുമ്പോള്‍ മാത്രം 
അവളുടെ സുഗന്ധമെന്തെന്നറിയണം. 
ഒരു പൂവിനെ പ്രണയിക്കുന്നത്, 
അവളെ ചുംബിക്കുന്നത്
ഹൃദയത്തിന്റെ ശൈശവം കൊണ്ടായിരിക്കണം.


3 Jan 2013

പൂര്‍വ്വഭംഗി




യാത്രയെക്കാളെത്രയോ സുഖം 
യാത്രയ്ക്കായുള്ളൊരുക്കങ്ങള്‍ 
പലരെക്കണ്ടും യാത്ര ചോദിക്കല്‍ 
കടം തീര്‍ക്കല്‍ 
അല്ലങ്കില്‍ ബാക്കിയൊക്കെയും 
തിരികെ വന്നിട്ടെന്ന് ഇത്തിരിക്കാലം വാങ്ങല്‍. 
യാത്രയാണെന്നോതുമ്പോള്‍ 
എല്ലാരും കുറെക്കൂടി മയമുള്ളവരാകും ,
നനവുള്ളവരാകും, ക്ഷമയുള്ളവരാകും.

ഉത്സവത്തിരെക്കെക്കാള്‍ 
ക്കൗതുകമതിന്നായുള്ളോ-
രണിയല്‍ ഒരുക്കങ്ങള്‍.
വരവുകള്‍ വരുന്നത,് 
ചന്തകള്‍ വരുന്നത്, 
ആനവരുന്നത്, 
ചെണ്ടക്കാര്‍ വരുന്നത്. 

പ്രണയം പൂക്കും മുമ്പേ 
സുഗന്ധം പരക്കുന്നു. 
ഇങ്ങോട്ടുമുണ്ടാകുമോ ഇല്ലേ 
വെറുതേ തോന്നുന്നതോ-
യെന്നെക്കെയൊരുപാട് 
സംശയം തൂകിക്കൊണ്ടും 
ദുഖിച്ചും വിങ്ങിവിങ്ങിയും 
കഴിയും നാളുകളല്ലേ 
പ്രയണപ്രസ്താവിത
കാലത്തേക്കാളും തീവ്രം?

പുലരിപ്പൊട്ടലിന്റെയാ-
ഇത്തിരിത്തെളിച്ചങ്ങ-
ളുച്ചച്ചിരിയേക്കാ-
ളെത്രയോ മനോഹരം.

2 Jan 2013

വിട്ടുകൊടുക്കൂ





വിട്ടു കൊടുക്കൂ, 
വിട്ടു കൊടുക്കൂ, 
കയറാല്‍ കെട്ടി വരിഞ്ഞു 
പിടിക്കാതഴുകാന്‍, 
അലിയാന്‍
പൊടി പൊടിയായി
ദ്രവിക്കാന്‍ 
വിട്ടു കൊടുക്കൂ വിട്ടു കൊടുക്കൂ. 

വിട്ടു കൊടുക്കൂ കാറ്റിന്, 
കടലിനൊഴുക്കിന്, 
വിട്ടു കൊടുക്കൂ ചുടു വേനലിന,് 
മഞ്ഞിന്, തോരാമഴയുടെ
യരുളപ്പാടിന്.

പ്രണയത്തിന്ന,് വിയോഗത്തിന്നും 
ഓരോ ശാഠ്യങ്ങള്‍ക്കും. 
ഒരു വാക്കാലെ, 
വിതുമ്പലിനാലെ-
ക്കൈതടയാതെയയച്ചു
കൊടുക്കൂ മരണത്തിന്നും..