22 Dec 2013

മരണക്കളി



താമരക്കുളത്തിലെ കുഞ്ഞിമീ്‌നിന് 
വെള്ളത്തിന്റെ ഉപരിതലത്തില്‍ച്ചെന്ന് 
മേലോട്ടൊറ്റച്ചാട്ടം ചാടാന്‍ വല്യ ഇഷ്ടമായിരുന്നു. 

അത് വല്ലാത്തൊരു കളിതന്നെ. 
ജീവിത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള ഒരു ചാട്ടം. 
ഒരു പിടച്ചില്‍, ഒരവസാനിക്കല്‍... 
വീണ്ടും വെള്ളത്തില്‍ വന്നു വീണുമ്പോള്‍ 
പുതിയ ഒരു ജീവിതം പോലെ തോന്നി. 

തുള്ളലിന്റെ ആക്കം വര്‍ദ്ധിപ്പിച്ച് 
മരണാനുഭൂതിയുടെ ദൈര്‍ഘ്യം 
കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞിമീന്‍. 
ഒരു ചാട്ടത്തിനിയില്‍ തെറിപ്പു തെറ്റി
മേലോട്ടുയര്‍ന്നു നിന്ന താമരപ്പൂവിന്റെ 
പൂമ്പൊടിത്തട്ടിലാണ് ചെന്നു വീണത്. 

കളി കാര്യമായി ..
കുഞ്ഞി മീന്‍ തന്റെ ചെറിയ വായ 
വിസ്താരത്തില്‍ തുറന്നു പിടിച്ചു. 
കിടന്നേടത്തുനിന്ന് തുള്ളിപ്പിടഞ്ഞു. 

താമരപ്പൂവിന് പാവം തോന്നി. 
പക്ഷെ അവളെന്തുചെയ്യും..? 
കുഞ്ഞി മീനിന്റെ ചലനങ്ങള്‍ പതുക്കെയായി വന്നു. 
വികൃതിത്തരം മാറിയിട്ടില്ലാത്ത ആ കുഞ്ഞുമീനിന്റെ മരണം എനിക്കൊരിക്കലും താങ്ങാനാവില്ല. താമരപ്പൂ വിചാരിച്ചു. 
അരയന്നമേ, 
താമരപ്പൂവ് അരികിലൂടെ നീന്തിപ്പോവുകയായിരുന്ന 
ഒരരയന്നത്തോടു പറഞ്ഞു, 
നീയെന്റെ തണ്ടില്‍ ആഞ്ഞൊരു കൊത്തു കൊത്തുമോ? 
വിഡ്ഢിപ്പൂവേ, അരയന്നം പറഞ്ഞു, 
എന്റെ കൊക്കിന്റെ മൂര്‍ച്ച പരീക്ഷിക്കുകയാണോ..?
നിന്റെ തണ്ട് എത്ര മൃദുലമാണെന്ന് നിനക്കറിയുമോ? 
ഞാനൊന്നു പതുക്കെ കൊത്തിയാല്‍പ്പോലും 
അതപ്പോള്‍ത്തന്നെ മുറിയും..
നീ മരണമടയും...

സാരമില്ല, അരയന്നമേ, 
മറ്റൊരാളിന്റെ മരണത്തിന് 
കാരണമാവുന്നതിനെക്കാള്‍ എത്രയോ ഭേദം 
സ്വയം മരണം വരിക്കുകയാണെന്ന് എനിക്കു തോന്നുന്നു. 
നീയിതു ചെയ്തില്ലെങ്കില്‍ എന്റെ ജീവിതം 
ഒരു കുഞ്ഞു ജീവിതത്തിന്റെ ശ്മശാനസ്ഥലമായി മാറും. 
കാത്തിരിക്കാന്‍ സമയമില്ല, 
വേഗം എന്റെ തണ്ട് കൊത്തിമുറിക്കൂ...

അരയന്നം താമരത്തണ്ടില്‍ ആഞ്ഞൊരു കൊത്തു കൊത്തി. 
താമരപ്പൂവ് തണ്ടൊടിഞ്ഞ് ജലോപരിതലത്തിലേയ്ക്കു ചാഞ്ഞു. 
കുഞ്ഞുമീന്‍ തിരികെക്കിട്ടിയ പ്രിയപ്പെട്ട ജീവനും കൊണ്ട് 
ജലത്തിലേയ്ക്കു മടങ്ങി...

7 Dec 2013

വിരല്‍ത്തുമ്പുകളുടെ ഭാഷണം




എന്റെ കൈവിരല്‍ത്തുമ്പ് 
അവളുടെ കൈവിരല്‍ത്തുമ്പിനോട് 
ഞാനൊന്നു തൊടട്ടേ എന്നു ചോദിച്ചു. 

ഞാനരാനെന്നവള്‍ക്കോ 
അവളാരെന്നെനിക്കോ അറിയുക പോലുമില്ല. 
എന്നല്ല, അവളുടെ മുഖം ഞാനോ 
എന്റെ മുഖം അവളോ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല.

ഞങ്ങള്‍ പരസ്പരം പുറം തിരിഞ്ഞായിരിന്നു നില്‍പ് 
നല്ല തിരക്കുള്ള ഒരഞ്ചുമണി ബസ്സില്‍. 

അവളുടെ വിരല്‍ത്തുമ്പ് ഒന്നും മിണ്ടിയില്ല, 
അല്ലെങ്കില്‍ കേള്‍ക്കാത്ത ഒച്ചയില്‍ ഒന്നു മൂളി. 
അല്ലെങ്കില്‍ ങ്ഹും എന്നോ 
വേണ്ടെന്നോ വായിക്കാനാവാത്ത ഒരര്‍ഥത്തില്‍ ഒന്നിളകി. 

എന്റെ വിരല്‍ത്തുമ്പ് അവളുടെ വിരല്‍ത്തുമ്പില്‍ 
ഒരാള്‍ ഒരുവളുടെ നെഞ്ചില്‍ തലചായ്ക്കുന്നപോലെ അമര്‍ന്നു.
അവളുടെ വിരലിന്റെ ഹൃദയമിടിപ്പിനോട് 
എന്റെ വിരലിന്റെ വിരലിന്റെ ഹൃദയമിടിപ്പ് പറഞ്ഞു. 
ഞാന്‍ ഒരൊറ്റയാളാണ്.
എത്രയോ നാളായി ഞാന്‍ 
ഒരുവളെ സ്‌നേഹത്തോടെ ഒന്നുരുമ്മാന്‍ കൊതിക്കുന്നു...

ക്ഷമിക്കൂ, ഞാന്‍ തനിച്ചല്ല, മറുവിരല്‍ത്തുമ്പ് പറഞ്ഞു...
എനിക്കവകാശിയും അധികാരിയും ഉണ്ട്.
അതാണോ നിനക്കു ഭയം..
അതാണോ നിന്റെ ഹൃദയം 
ഇങ്ങനെ പടപടാന്ന് മിടിക്കുന്നത്. 

അല്ല.. 
ഇരുട്ടിന്റെ .ഈ അജ്ഞാത താവളത്തില്‍ 
ഞാനെന്തിന,് ആരെപ്പേടിക്കാനാണ്...!

നീ ഇസ്ലാമാണ് അല്ലേ...? 
പക്ഷെ നിന്റെ ഈ കറുത്ത ഉടുപ്പ് 
നിന്റെ കൂടുതല്‍ തുറന്നവളും 
കൂടുതല്‍ മോഹിനിയുമാക്കുന്നു.
എന്തു പ്രായമുണ്ടെന്നു പറയുമോ?
എന്റെ വിരല്‍ത്തുമ്പു ചോദിച്ചു.

മണ്ടത്തരം പറയാതെ..
അവളുടെ വിരല്‍ത്തുമ്പ് ചിരിച്ചോണ്ടു ശാസിച്ചു. 
വിരല്‍ത്തുമ്പുകള്‍ക്ക്  ജാതിയോ മതമോ ഇല്ല...
വിരല്‍ത്തുമ്പുകള്‍ക്ക് പഴക്കമില്ല, പ്രായമേറുന്നില്ല. 
വിരലുകള്‍ ആത്മവൃക്ഷത്തിന്റെ വേരുമുനകള്‍ ..
അവയെപ്പോഴും സ്‌നേഹത്തിന്‍ നനവുതേടി
 ആഴത്തിലാഴത്തിലേയ്ക്കുഴറിക്കൊണ്ടിരിക്കും. 

ഞാനൊന്നു ചുംബിക്കട്ടെ 
ബസ്സിറങ്ങാന്‍ സ്റ്റോപ്പടുക്കുന്നുവല്ലോ എന്ന വിഹ്വലതോടെ 
എന്റെ വിരല്‍ത്തുമ്പുചോദിച്ചു. 
ചൂംബിക്കൂ, 
ഇപ്പോള്‍ എന്റെ വിരലിലേയ്‌ക്കൊന്നു കൂടെയമമര്‍ന്നുകൊണ്ട് 
അവളുടെ വിരല്‍ത്തുമ്പു പറഞ്ഞു..
ചുംബനം വിരല്‍ത്തുമ്പുകളുടെ ആദിഭാഷയാകുന്നു...

ദുഖസംക്രാന്തി



നീയുണ്ട് ഞാനില്ലെ
ന്നായാലതു ദുഖം 
ഞാനുണ്ട് നീയില്ലാ
താവുന്നതും ദുഖം. 
നീയുണ്ട് ഞാനുമു-
ണ്ടപ്പ1ഴും തീരാ ദുഖം.
നിയില്ല ഞാനുമി
ല്ലെന്നായാലതും ദുഖം.

നീലോടകം



പിന്നേറ്റു 
ചെന്നുനോക്കുമ്പോള്‍
തൈത്തെങ്ങിന്‍ 
തടത്തില്‍ വെട്ടി
ക്കൂട്ടിയ വേലിപ്പച്ചേല്‍ 
മരിച്ചെന്നേ മറന്നുള്ള 
നിറന്ന നീലച്ചിരി ..

വരൂ വരൂ



വരു വരൂ നീ 
ഹരിതകാലത്തിന്റെ 
പ്രണയലോല
സ്മൃതിതന്‍ സുഗന്ധമേ....

മരം വെട്ട്



പലപാര്‍ട്ടിക്കോടാലികള്‍, 
മതക്കോടാലികള്‍ 
ചുറ്റോടു ചുറ്റും നിന്നു 
വെട്ടുന്നൂ ജീവവൃക്ഷത്തില്‍...